ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 8, 2017

ബാലി


വിധി അതിക്രൂരമായി ചതിയില്‍പ്പെടുത്തുന്ന ചില കഥാപാത്രങ്ങളുണ്ട് രാമായണത്തില്‍. രാമഭക്തനായ ബാലി അത്തരം കഥാപാത്രമാണ്. കലിയുഗത്തില്‍ മാത്രമല്ല, ത്രേതായുഗത്തിലും അധികാരത്തിനും സമ്പത്തിനും വേണ്ടി സഹോദരന്മാര്‍ യുദ്ധം ചെയ്തിരുന്നു.

സാക്ഷാല്‍ അവതാരമൂര്‍ത്തിവരെ സ്വന്തം കാര്യലാഭത്തിനുവേണ്ടി പക്ഷം ചേര്‍ന്ന് ചതി ചെയ്തിരുന്നു. എന്നെല്ലാം നാം അറിയുന്ന ചോരപുരണ്ട ചില സന്ദര്‍ഭങ്ങള്‍ രാമായണത്തിലും ഉണ്ട്. അതിലൊന്നാണ് ശ്രീരാമന്റെ ബാലിവധം. ഇന്ദ്രനും സൂര്യനും അരുണനിലുണ്ടായ മക്കളാണ് ബാലി സുഗ്രീവന്മാര്‍. കിഷ്‌കിന്ധ ഭരിക്കേണ്ടത് യഥാര്‍ഥത്തില്‍ ജ്യേഷ്ഠനായ ബാലി തന്നെ. പക്ഷേ, ബാലിയെ ആദ്യം ചതിച്ചത് മയപുത്രനായ മായാവിയാണ്. മായാവിയെ താന്‍ വധിച്ചാല്‍ ഗുഹാമുഖത്ത് പാല് കാണുമെന്നും മറിച്ചായാല്‍ ചോരകാണുമെന്നും പറഞ്ഞാണ് സുഗ്രീവനെ കാവലാക്കി ബാലി ഗുഹയില്‍ കടന്നത്. പക്ഷേ, മായാവിയുടെ ചതിപ്രയോഗം വഴി ഗുഹാമുഖത്ത് കണ്ടത് ചോരയായിരുന്നു. പറഞ്ഞ പ്രകാരം സുഗ്രീവന്‍ ഗുഹാമുഖം പാറകൊണ്ട് അടച്ച് കൊട്ടാരത്തിലെത്തി രാജാവായി. അധികാരത്തിന്റെ മധുരം നുണഞ്ഞ സുഗ്രീവന് പിന്നെയത് വിട്ടൊഴിയാന്‍ മനസ്സുവന്നില്ല. അതല്ലെങ്കില്‍ ബാലി തിരിച്ചുവന്നപ്പോള്‍ തെറ്റിദ്ധാരണ തിരുത്തി രാജ്യം തിരിച്ചേല്പിച്ചാല്‍ മതിയായിരുന്നു.


പക്ഷേ, രാവണ നിഗ്രഹത്തിന് വിധി ഒരുക്കിയ മറ്റു രണ്ട് കരുക്കളായിരുന്നു ബാലിയും സുഗ്രീവനും. സീതാദേവിയെ കണ്ടെത്താന്‍ വേണ്ടി സുഗ്രീവന്റെ സഹായം വേണ്ടിയിരുന്ന രാമന് അതിനായി ബാലിയെ വധിച്ച് ബാലിക്കര്‍ഹതപ്പെട്ട രാജ്യം സുഗ്രീവന് നല്‍കാം എന്നായിരുന്നു സുഗ്രീവനുമായുള്ള കരാറ്. ബാലുസുഗ്രീവന്മാര്‍ യുദ്ധം ചെയ്ത ആദ്യദിവസത്തിനുശേഷം സീതാന്വേഷണാര്‍ഥം സുഗ്രീവനുമായി രാമന്‍ സഖ്യം ചെയ്ത വൃത്താന്തം താര ബാലിയെ അറിയിച്ചപ്പോള്‍ 'രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കും' എന്നാണ് പാവം ബാലി പറഞ്ഞത്. രണ്ടാം ദിവസം തിരിച്ചറിയാനായി കഴുത്തില്‍ മാലയണിഞ്ഞ സുഗ്രീവനും ബാലിയും യുദ്ധം ചെയ്തുകൊണ്ടു നില്‍ക്കേ മരക്കൂട്ടത്തില്‍ മറഞ്ഞുനിന്ന് രാമന്‍ ഒളിയമ്പെയ്ത് ബാലിയെ വീഴ്ത്തി.



എന്തു ഞാനൊന്നു നിന്നോട് പിഴച്ചതു
മെന്തിനെന്നെ കൊല ചെയ്തു വെറുതേ നീ?

എന്നിങ്ങനെ ബാലി ശ്രീരാമനോട് ചോദിക്കുന്ന കുറേ ചോദ്യങ്ങളുണ്ട്. പകരം സഹോദര ഭാര്യയെ ഭാര്യയാക്കിവെച്ചു എന്ന അധര്‍മമാണ് രാമന്‍ ബാലിയില്‍ ആരോപിച്ചത്. തുടര്‍ന്ന് വിഷ്ണു ഭക്തനായ ബാലി രാമനെ സ്തുതിക്കുന്നു. നെഞ്ചില്‍ നിന്നും അമ്പ് പറിച്ചുമാറ്റി രാമന്‍ തൃക്കൈ കൊണ്ട് തന്നെയൊന്ന് തലോടണം എന്നു മാത്രമായിരുന്നു ബാലിയുടെ അവസാനത്തെ അപേക്ഷ. വായനക്കാരന്റെ ഉള്ളില്‍ നിശ്ശബ്ദമായ ഒരു നിലവിളിപോലെ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ബാലി.

No comments:

Post a Comment