ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 12, 2017

ലഹരി ധ്യാനത്തിന്റേതാകണം - സനാതനധർമ്മം


ലഹരി ക്ഷണികനേരത്തെ ആനന്ദത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ മനുഷ്യന്‍ മദ്യത്തോട്‌ ഇത്രയേറെ ആസക്തനാകുന്നത്‌. അത്‌ നമ്മുടെ സിരാതന്തുക്കളെ ഉത്തേജിപ്പിക്കുന്നു, രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കുന്നു, തലച്ചോറിലെ വൈദ്യുത പ്രവാഹത്തെ വ്യതിചലിപ്പിക്കുന്നു, താല്‍ക്കാലികമായെങ്കിലും ഓര്‍മ്മകളില്‍ നിന്ന്‌ മോചനം നേടാനിത്‌ സഹായിക്കുന്നു. അപ്പോള്‍ മദ്യപനായ ആള്‍ക്ക്‌ ഏറെ സന്തോഷം ഉളവാകുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത്‌ ക്ഷണികമായിരിക്കും. ഇത്‌ തന്നെയാണ്‌ ജീവിതത്തിലെ വിരസതയെ, ദുരിതത്തെ, ദുഃഖത്തെ മറികടക്കുന്നതിനായി നാം ചെയ്യുന്ന ഓരോ പ്രവൃത്തികളിലും സംഭവിക്കുന്നത്‌. സിനിമ കാണുക, സംഗീതം ആസ്വദിക്കുക ഇങ്ങനെ പലതിലും നാം ഏര്‍പ്പെടുന്നു. എന്നാല്‍ ഈ ഓരോ പ്രവൃത്തിക്ക്‌ ശേഷവും നാം വീണ്ടും പഴയ സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തും. ക്ലേശങ്ങളും ദുരിതങ്ങളും നിറഞ്ഞ ആ പഴയ വ്യക്തി അപ്പോഴും അവിടെയുണ്ടായിരിക്കും. ഒരു താല്‍ക്കാലിക മോചനം മാത്രമായിരിക്കും ബാഹ്യമായ ഇത്തരം വിനോദങ്ങളില്‍ നിന്നും നമുക്ക്‌ ലഭിക്കുക. ചിത്രങ്ങളും ചലനങ്ങളും വാര്‍ത്തകളും നമ്മുടെ ജീവിതം ശബ്ദമുഖരിതമാക്കുമ്പോള്‍ എന്താണോ നമ്മില്‍ അടിസ്ഥാനമായത്‌ അതിനെ കുറച്ചു നിമിഷത്തേക്ക്‌ മറക്കുവാന്‍ സാധിക്കുന്നു. ഒട്ടകപ്പക്ഷി ശത്രുവിനെക്കാണുമ്പോള്‍ മണ്ണില്‍ തലപൂഴ്ത്തുന്നതുപോലെയാണിത്‌ ശത്രു അപ്പോഴും തന്നോടൊപ്പമുണ്ട്‌. കണ്ണടച്ചതുകൊണ്ടോ തലപൂഴ്ത്തിയതുകൊണ്ടോ അത്‌ ഇല്ലാതാവുന്നില്ല.



അതുകൊണ്ട്‌ മനസ്സിലാക്കേണ്ട കാര്യം ക്ഷണികമായ മറവിയേക്കാള്‍, നിദ്രയേക്കാള്‍ ശാശ്വതമായ ഉണര്‍ച്ചയിലേക്ക്‌ നാം എത്തിച്ചേരുകയെന്നതാണ്‌. ഇതിന്‌ താല്‍ക്കാലിക വിനോദങ്ങള്‍ നമ്മെ സഹായിക്കുകയില്ല. പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്തെന്ന്‌ ആഴത്തില്‍ മനനം ചെയ്യുമ്പോള്‍ മാത്രമേ അതില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗം തെളിഞ്ഞുവരികയുള്ളൂ. അതിന്‌ ക്ഷമവളരെയേറെ ആവശ്യമാണ്‌. അത്‌ ഒരു ധ്യാനമാണ്‌. വെറുതെ നിരീക്ഷിക്കല്‍!

ബാഹ്യലോകത്തുനിന്നു തുടങ്ങി ആന്തരിക ലോകത്തിലേക്കുള്ള ജീവിതപ്രയാണത്തെ വ്യക്തമായി മനസ്സിലാക്കുക. അവിടെ ഒന്നിന്റെ വിപരീതമായി മറ്റൊന്ന്‌ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നുവെന്ന ശാശ്വത സത്യത്തെ നമുക്ക്‌ കാണുവാനാകും. ആ തിരിച്ചറിവ്‌ എല്ലാംമറന്നുള്ള ആഹ്ലാദത്തിലേക്കോ എല്ലാം ഒടുങ്ങുന്ന ദുഃഖത്തിലേക്കോ നമ്മെ എത്തിക്കുകയില്ല. കേവലം ഒരു സാക്ഷീഭാവത്തില്‍ നമുക്കീ അനുഭവങ്ങള്‍ക്കുമുന്നില്‍ നിലകൊള്ളുവാനാകും.


ഇതാണ്‌ ധ്യാനം. ധ്യാനത്തിലൂടെ കണ്ണടച്ച്‌ ഇരുട്ടാക്കുകയല്ല. മറിച്ച്‌ കണ്ണുതുറന്ന്‌ പ്രകാശത്തെ ഉള്ളില്‍ അനുഭവിക്കുകയാണ്‌. ഈ പ്രകാശം കാര്യങ്ങളെ വ്യക്തമായി തിരിച്ചറിയാന്‍ നമ്മെ സഹായിക്കും. നാം നമ്മോടുതന്നെ അഭിമുഖത്തിലാകുന്ന അവസ്ഥ നമ്മുടെ ഉള്ളത്തിലെ ശുദ്ധതയും അശുദ്ധതയും കണ്ടെത്തുന്ന നിമിഷങ്ങള്‍. അപ്പോള്‍ ഒരു കാര്യം നമുക്ക്‌ ബോധ്യമാകും. പ്രശ്നങ്ങളും പ്രതിസന്ധികളും പുറത്തെ ലോകത്തിലല്ല അകത്തെ ലോകത്തിലാണ്‌ നടക്കുന്നതെന്ന്‌.
അവിടം ശുദ്ധീകരിക്കുന്നതിലൂടെ എല്ലാം ശുദ്ധീകരിക്കപ്പെട്ടുതുടങ്ങും. അപ്പോള്‍ സംജാതമാകുന്ന ഊര്‍ജ വിന്യാസത്തിന്റെ സ്വാധീനം ഈ ലോകത്തെ തന്നെ പരിവര്‍ത്തിപ്പിക്കുവാന്‍ പോന്നതാണെന്ന്‌ നമുക്ക്‌ ബോധ്യമാകും. അവിടെയാണ്‌ രമണമഹര്‍ഷി പറഞ്ഞത്‌

 ‘ഈ ബാഹ്യ ലോകത്ത്‌ ഞാനായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ഒന്നും തന്നെയുണ്ടെന്ന്‌ തോന്നുന്നില്ല എന്ന്‌’ ഇത്‌ ഒരു സാമൂഹ്യ വിരുദ്ധതയുടെ ശബ്ദമല്ല. മറിച്ച്‌ വ്യക്തി ശുദ്ധതയുടെ പ്രകാശനമാണ്‌. ഈ പ്രകാശനമാണ്‌ ഓരോരുത്തരിലും സംഭവിക്കുന്നത്‌. അപ്പോള്‍ നമുക്ക്‌ മനസ്സിലാകും ശരിയായ ലഹരി ധന്യാത്മകനായിരിക്കുമ്പോള്‍ കൈവരുന്നതാണെന്ന്‌. അതിലേയ്ക്കുള്ള എളുപ്പമാര്‍ഗമാണ്‌ സൂര്യയോഗ്‌. അത്‌ മനസ്സിനെമാത്രമല്ല ശരീരത്തെയും രോഗമുക്തമാക്കുന്നു.



No comments:

Post a Comment