ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 11, 2017

അരവിന്ദ മഹര്‍ഷിയെ അറിയുക



1893 ചരിത്രത്തെ പുനഃസൃഷ്ടിച്ചതിന്റെ തുടക്കം സൂചിപ്പിക്കുന്ന വര്‍ഷമാണ്. ബിസി 210 (കലിംഗയുദ്ധം), എഡി 1857 (സ്വാതന്ത്ര്യസമരത്തുടക്കം) എന്നീ വര്‍ഷങ്ങളെപ്പോലെ. 1893ല്‍ ഭാരതത്തിലെ മൂന്നു മഹാത്മാക്കള്‍, ദൈവേച്ഛയെന്നോണം തങ്ങളുടെ സംരംഭം അന്യോന്യ ധാരണ കൂടാതെയും അസമാനമായ കര്‍മമാര്‍ഗത്തിലൂടെയും തുടങ്ങിവച്ചു. അതിന്റെ ഫലം ഒരു കോളനി രാജ്യത്തിന്റെ വിമോചനം അരനൂറ്റാണ്ടുകൊണ്ട് കൈവരികയും ചെയ്തു.

സ്വാമിജി പ്രായോഗിക വേദാന്തത്തിലൂടെ ഭാരത മനസ്സിലെ ആദിരൂപങ്ങളെ സജീവമാക്കി പുതിയൊരു പുരുഷസൂക്തം നമുക്കു നല്‍കി. ഗാന്ധിജിയാകട്ടെ, സ്വാതന്ത്ര്യലബ്ധിക്ക് സഹന സമരം – അഹിംസാമാര്‍ഗം എന്ന പുതിയ പന്ഥാവ് കണ്ടെത്തി അതിനെ ഭാരതത്തിന്റെ ആത്മാവെന്നു വിശേഷിപ്പിക്കാവുന്ന ഗ്രാമാന്തരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ‘ഭാരതമാതാവ്’ ജനജിഹ്വകളില്‍ കളിയാടി. ദേശീയതയെ മതമായി ഉയര്‍ത്തി, പൂര്‍ണസ്വരാജ് എന്ന ആശയം അസന്ദിഗ്ധമായി പ്രഖ്യാപിച്ച അരവിന്ദന്‍ സമ്പൂര്‍ണയോഗം എന്ന ദര്‍ശനം ലോകത്തിനുനല്‍കി. മനുഷ്യപരിണാമത്തിലെ അടുത്തപടിയായ അതീതമനസ്സിന്റെ സാക്ഷാത്കാരമാണിത്. നമ്മുടെ ഓര്‍മ്മ പുതുക്കാനായി അരവിന്ദന്റെ ആദ്യകാല ജീവിതവും സാമൂഹിക പശ്ചാത്തലവും കര്‍മമാര്‍ഗവുമാണ് ഇവിടെ ചുരുക്കിപ്പറയുന്നത്.

1872 ആഗസ്റ്റ് 15ന് ജനിച്ച അരവിന്ദന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഭാരത സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായത് യാദൃശ്ചികമല്ല. അതു തന്റെ കര്‍മരംഗത്തിന്റെ അംഗീകാരമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു. വിവേകാനന്ദനെക്കാള്‍ (ജനനം 1863) ഒമ്പതുവര്‍ഷത്തെ ചെറുപ്പം. സ്വാതന്ത്ര്യം എന്ന തീവ്രമായ ആവേശം ജനിപ്പിച്ചത് 1857ലെ സമരത്തിന്റെ ഉല്‍ക്കട ദൃശ്യം തന്നെ. പ്രവിശ്യകളിലെ രാജാക്കന്മാര്‍ അവരുടെ വ്യക്തിപരമായ അവകാശസംരക്ഷണത്തിനാണ് പട നയിച്ചതെങ്കിലും ഉത്തരഭാരതം ഒറ്റക്കെട്ടായി നടത്തിയ സായുധ കലാപമായിരുന്നു അത്. സമരസേനാനികള്‍ ബ്രിട്ടീഷുകാരെ ആക്രമിച്ച ഒരു പ്രധാന കേന്ദ്രം ലക്‌നൗവിലെ രാജമന്ദിരം ആയിരുന്നു. അടുത്തകാലത്ത് ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉഗ്രമായ പോരാട്ടത്തിന്റെ പാടുകള്‍ ഈ ലേഖകന്‍ കണ്ടു. ഇന്നും അത് ആവേശകരമാണ്. ഭിത്തികള്‍ നിറയെ സിപ്പായിമാര്‍ (ഇന്ത്യന്‍ യോദ്ധാക്കള്‍) പീരങ്കിപ്രയോഗം നടത്തിയതിന്റെ വിള്ളല്‍ സ്മാരകമെന്ന നിലയില്‍ അവിടെയുണ്ട്.

റസിഡന്‍സിയിലെ ആംഗലന്മാരും – ഭടന്മാര്‍ ഉള്‍പ്പെടെ – അവരുടെ സ്ത്രീകളും ഒക്കെ കൊലചെയ്യപ്പെട്ടു. മരിച്ചവര്‍ ധാരാളംപേര്‍ ആയതിനാല്‍ എല്ലാത്തിനെയും കൂട്ടി കുഴിച്ചുമൂടിയ വലിയൊരു കല്ലറ അവിടെയുണ്ട്. ഇതേസമയം മീററ്റില്‍ നടന്ന കലാപവും താന്തിയാത്തോപ്പി, ഝാന്‍സിറാണി എന്നിവരുടെ നേതൃത്വവും ചരിത്രപാഠങ്ങളാണ്. കലാപകാരികള്‍ ദില്ലിയിലേക്കു നീങ്ങി ബഹദൂര്‍ഷാ സഫറിനെ സുല്‍ത്താനായി പ്രഖ്യാപിച്ചു. റെഡ്‌ഫോര്‍ട്ട് അവരുടെ കൈയിലമര്‍ന്നു. എന്നാല്‍ മഹമദ് ഗോറിയുടെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നവിധം, ഭാരതീയര്‍ തന്നെ ഭാരതീയര്‍ക്കെതിരെ പടവെട്ടി വിദേശിയെ വാഴിച്ച ചരിത്രം ആണ് ആവര്‍ത്തിക്കപ്പെട്ടത്. ജയിച്ച യുദ്ധത്തെ തോല്‍പ്പിക്കുന്ന ദാരുണചിത്രം.

പുതിയ സൈനിക സജ്ജീകരണവുമായി,സിഖ് പഥാന്‍ റെജിമെന്റുമായി ബ്രിട്ടീഷുകാര്‍ തിരിച്ചെത്തി. രാഷ്ട്രീയ പിന്തുണ ഇല്ലാതിരുന്ന കലാപകാരികള്‍ക്ക് ജനകീയ സഹകരണവും ഇല്ലാതായി. ദേശീയതാ ബോധമില്ലാത്തപ്പോള്‍ സ്വന്തം നാട്ടുകാര്‍ക്കുനേരെ യന്ത്രത്തോക്ക് പ്രയോഗിക്കുന്നത് സിഖ് ഭടന്മാര്‍ തങ്ങളുടെ ഡ്യൂട്ടിയായിട്ടേ കരുതിയുള്ളൂ എന്ന് അര്‍ത്ഥം. ദശകങ്ങള്‍ക്കുമുമ്പ്, 1809ല്‍ വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ നേരിട്ടതും ഇതേ അവസ്ഥതന്നെയായിരുന്നു. രാഷ്ട്രത്തിന് ഇല്ലാതെപോയ ആ ഇച്ഛാശക്തി വീണ്ടെടുക്കണം. ദേശീയതയുടെ വികാരം രാഷ്ട്രനേതൃത്വത്തിലും ജനമനസ്സിലും വളര്‍ത്തണം. അതിനുവേണ്ട ജീവരക്തത്തിന്റെ സ്രോതസ്സ് എന്ന നിലയ്ക്കാണ് ഈ സമരത്തിന്റെ പ്രാധാന്യം.

അതിന്റെ രണ്ടു മുഖങ്ങള്‍ രംഗത്തെത്തി. ഒന്ന് വൈദിക സംസ്‌കൃതിയുടെ പുനഃസ്ഥാപനത്തിനായി പ്രവര്‍ത്തിച്ച ദയാനന്ദസരസ്വതിയുടെ ആര്യസമാജം. രണ്ടാമത്തേത് പാശ്ചാത്യ – പൗരസ്ത്യ സംസ്‌കൃതികളുടെ സമന്വയത്തിന് യത്‌നിച്ച ബ്രഹ്മസമാജം. ഇവ രണ്ടിനെക്കാളും ആഴത്തില്‍ ദേശീയതയുടെ വിശാലവീഥിയിലേക്കുള്ള പ്രവേശനത്തിന് വഴിതുറന്നത് സ്വാമി വിവേകാനന്ദനായിരുന്നു. അദ്ദേഹത്തിന് പ്രചോദനം നല്‍കിയത് സാമ്പ്രദായിക വിദ്യാഭ്യാസം ലഭിക്കാത്ത ബ്രഹ്മജ്ഞാനിയായ രാമകൃഷ്ണപരമഹംസനും.

ചിക്കാഗോ ലോകമത സമ്മേളനത്തിലെ മൂന്നര മിനിട്ട് പ്രസംഗം – വാക്കുകളും ആശയങ്ങളും – നൂറ്റാണ്ടിനുശേഷവും ഉജ്ജ്വലമായി പ്രതിധ്വനിക്കുന്നത് ഭാരതഹൃദയത്തില്‍ മാത്രമല്ല. മിഷേല്‍ ഡാനിനോയെപ്പോലെ ഭാരതീയപൗരത്വം സ്വീകരിച്ച് നമ്മുടെ കൂടെ ഇന്നും വിവേകാനന്ദ സന്ദേശവാഹകരായി അനേകരുണ്ട്; പല പ്രസ്ഥാനങ്ങളുണ്ട് – ശ്രീരാമകൃഷ്ണമിഷന്‍ ഉള്‍പ്പെടെ. നമ്മുടെ ഇന്നത്തെ ഭരണനേതൃത്വം സദാ അനുസ്മരിക്കുന്നതും ആ ധീരവാണികള്‍തന്നെ. “’ഉത്തിഷ്ഠത, ജാഗ്രത’.

ഇതേ ലക്ഷ്യപ്രാപ്തിക്കുതകുന്ന തന്റെ മൗലികമായ സമീപനം ഭാരത രാഷ്ട്രീയത്തിനു നല്‍കിയ അതീന്ദ്രിയ പ്രതിഭയാണ് അരവിന്ദ മഹര്‍ഷി.

ധര്‍മസംസ്‌കാരത്തിന്റെ മാര്‍ഗം, അതിലൂടെ മാത്രം സാധിക്കുന്ന രാഷ്ട്രബോധം, ലോകത്തു മറ്റെങ്ങുമില്ലാത്ത മാനസികോന്നതിയുടെ മാതൃകയായി സ്വരാജ്യത്തെ നിലനിര്‍ത്തേണ്ടതിന്റെ ചുമതല – ഇതാണ് ശങ്കരാചാര്യരുടെ കാലം (8-ാം ശതകം) തൊട്ട് നാം നേടിപ്പോന്ന ജീവിതാദര്‍ശം. അതിന്റെ 20-ാം ശതകത്തിലെ ശക്തനായ പ്രയോക്താവിന്റെ ഉദയമാണ് അരവിന്ദനില്‍ നാം കാണുന്നത്.

ദേശീയതയെ മതമായി ഉയര്‍ത്തി പൂര്‍ണസ്വരാജ് എന്ന ആശയം അസന്ദിഗ്ധമായി പ്രഖ്യാപിച്ച, ദേശീയതയുടെ സാക്ഷാത്കാരത്തിന് സായുധ സമരത്തിനു തുടക്കംകുറിച്ച അരവിന്ദന്‍ ആന്തരികമായ വികാസത്തിന്റെ പടികളിലൂടെ എത്തിച്ചേര്‍ന്നത് സമ്പൂര്‍ണയോഗം എന്ന മാനുഷിക ദര്‍ശനത്തിലാണ്. പരിണാമത്തിലെ അടുത്ത പടിയായ അതീതമനസ്സ് (സൂപ്പര്‍ മൈന്‍ഡ്) എന്ന തലത്തിലേക്ക് മര്‍ത്ത്യനെ ഉയര്‍ത്തുക – പതിവുഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യനെ ദേവനാക്കുക – അതായിരുന്നു ഈ ദേശീയ വിപ്ലവകാരിയായ യോഗി തന്റെ ജീവിതത്തിലെ 40 വര്‍ഷത്തോളം (1950ല്‍ സമാധിവരെ) ലക്ഷ്യമാക്കിയത്, തപസ്സിലൂടെ പിന്തുടര്‍ന്നത്.

യോഗദര്‍ശനം ഗ്രന്ഥങ്ങളിലൂടെ നല്‍കുക മാത്രമല്ല, അനുഷ്ഠാനത്തിലൂടെ പ്രായോഗികമായി സ്വയം അതീത മനസ്സിലേക്ക് ഉയര്‍ന്ന്, ആ വെളിച്ചത്തില്‍ മനസ്സിനെയും ശരീരത്തെയും പരിവര്‍ത്തനവിധേയമാക്കുന്ന ദൗത്യം നിര്‍വഹിക്കുകയും ചെയ്തു.

പോണ്ടിച്ചേരിയിലെ ഈ പരീക്ഷണശാലയില്‍ അരവിന്ദന്റെ സഹയാത്രികയായത് മീരാ റിച്ചാര്‍ഡ്‌സ് എന്ന ഫ്രഞ്ച് വനിതയായിരുന്നു. അവര്‍ അമ്മ എന്ന നാമത്തില്‍ ശിഷ്യര്‍ക്കിടയില്‍ പ്രിയപ്പെട്ടവരായി. അരവിന്ദദര്‍ശനം ഇന്ന് ലോകമാസകലം ഉല്‍പതിഷ്ണുക്കളായ അനേകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. ഇനിയും പൂര്‍ണമായി ലോകം ഉള്‍ക്കൊള്ളാത്ത പ്രപഞ്ചശാസ്ത്രം, ചരിത്രാതീതകാലത്തെ വ്യാസ ഭാരത ദര്‍ശനത്തിനുശേഷം, ഭാരതം അരവിന്ദദര്‍ശനത്തിലൂടെ സംഭാവന ചെയ്തിരിക്കുന്നു.

ഈ പൂര്‍ണയോഗം, മനുഷ്യനെ അടിസ്ഥാനപരമായി പുനരുദ്ധരിക്കുന്ന വിദ്യ, പാരമ്പര്യ ദര്‍ശനങ്ങളെ സ്വാംശീകരിക്കുന്നുണ്ടെങ്കിലും അവയ്ക്ക് പുതിയൊരു വ്യാഖ്യാനവും പ്രയോഗികപദ്ധതിയും നല്‍കുന്നുണ്ട്.

കെ.എന്‍. വിജു

No comments:

Post a Comment