അമൃതവാണി
ഓഫീസിലും മറ്റും ലഭിക്കുന്ന ഒഴിവുവേളകള്‍, മന്ത്രം ജപിക്കുന്നതിനും ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതിനും വേണ്ടി വിനിയോഗിക്കണം. ആദ്ധ്യാത്മിക വിഷയങ്ങള്‍ മാത്രം മറ്റുള്ളവരുമായി സംസാരിക്കാന്‍ ശ്രമിക്കണം. ചീത്ത കൂട്ടുകെട്ടുകളില്‍പ്പെടാതെ സൂക്ഷിക്കുകയും വേണം.
ദിവസവും കിടക്കുന്നതിന് മുന്‍പ് ഡയറി എഴുതുന്നത് നല്ല ശീലമാണ്. സാധനയ്ക്കുവേണ്ടി എത്ര സമയം ചെലവഴിച്ചു എന്ന് അതില്‍ കുറിക്കണം. നമ്മുടെ തെറ്റുകളും, കുറവുകളും കണ്ടെത്തി തിരുത്തുവാന്‍ ഉപയോഗിക്കത്തക്ക വിധമാകണം ഡയറി എഴുതേണ്ടത്. അല്ലാതെ അന്യരുടെ കുറ്റങ്ങളും, കൊടുക്കല്‍ വാങ്ങലുകളും എഴുതിവയ്ക്കാന്‍ മാത്രമാകരുത്.
ഉറങ്ങുവാന്‍ കിടക്കുന്നതിന് മുന്‍പ് അഞ്ചുമിനിട്ടെങ്കിലും കിടക്കയില്‍ത്തന്നെയിരുന്ന് ധ്യാനിച്ച് നമസ്‌കരിച്ച ശേഷമേ കിടക്കാവൂ. നമസ്‌കരിക്കുമ്പോള്‍ ഇഷ്ടമൂര്‍ത്തിയുടെ പാദങ്ങളില്‍ മുറുകെ പിടിക്കുന്നതായി ഭാവിച്ചുകൊണ്ട്, ആത്മാര്‍ത്ഥമായി ഇങ്ങനെ പ്രാര്‍ത്ഥിക്കണം. ഈശ്വരാ, ഇന്ന് അറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്ത തെറ്റുകളെല്ലാം അവിടന്ന് ക്ഷമിച്ചരുളണേ. ഈ തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തി തരണേ. ഇഷ്ടമൂര്‍ത്തിയുടെ (ഗുരുവിന്റെ) മടിയില്‍ അല്ലെങ്കില്‍ പാദത്തില്‍ തലവച്ച് കിടക്കുന്നതായി ഭാവന ചെയ്യണം.
അല്ലെങ്കില്‍ ഇഷ്ടമൂര്‍ത്തി നമ്മുടെ സമീപത്തിരിക്കുന്നതായി ഭാവന ചെയ്താലും മതി. മന്ത്രം ജപിച്ചുവേണം ഉറങ്ങുവാന്‍. ഇങ്ങനെ ഉറങ്ങുന്നതുമൂലം, ഉറക്കത്തിലും മന്ത്രസ്മരണ അഖണ്ഡമായി നിലനിര്‍ത്തുവാന്‍ സാധിക്കും. കുട്ടികളിലും ഈ ശീലം വളര്‍ത്തണം. കുട്ടികള്‍ക്ക് ഉറങ്ങാനും ഉണരാനും സമയനിഷ്ഠ വയ്‌ക്കേണ്ടത് ആവശ്യമാണ്.
No comments:
Post a Comment