ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 2, 2017

ഇതു ഞാനാണ്; അതു ഞാനല്ല! - ദര്‍ശന കഥകള്‍ - 16



ഒരാള്‍ തന്റെ വീടിന് ചുറ്റും മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കി. വളരെ ശ്രദ്ധയോടെ അയാള്‍ അതിനെ പരിപാലിച്ചു പോന്നു.

എന്നാല്‍ ഒരു ദിവസം ഒരു പശുക്കുട്ടി തോട്ടത്തില്‍ പലതും നശിപ്പിച്ചു. അത് കാണാനിടയായ തോട്ടക്കാരന് സഹിച്ചില്ല. വലിയ ഒരു തടിക്കഷ്ണമെടുത്തു പശുക്കുട്ടിയെ അടിച്ചു.

പശുക്കുട്ടി പാവം! പിടഞ്ഞുവീണു മരിച്ചു. അത്രയും അയാള്‍ കരുതിയിരുന്നില്ല. നടന്നതു ഗോഹത്യയല്ലേ? മഹാപാപം.


രക്ഷപ്പെടാന്‍ അയാള്‍ ന്യായം കണ്ടെത്തി. പശുക്കുട്ടിയെ കൊന്നത് ഞാനല്ല; വലതുകൈയാണ്. വലതുകൈയിന്റെ ദേവന്‍ ഇന്ദ്രനാണ്. അതിനാല്‍ പാപവും ഇന്ദ്രനുള്ളതാണ്!

വീട്ടുകാരന്റെ ന്യായചിന്ത ഇന്ദ്രന്‍ അറിഞ്ഞു. ഏതാനും നാള്‍ക്കുശേഷം കുലീനനായ ഒരു വൃദ്ധന്‍ വീട്ടുടമയുടെ വിരുന്നുകാരനായി എത്തി. തോട്ടത്തിലെ എല്ലാടവും നടന്നുകണ്ട അദ്ദേഹം വീട്ടുടമയെ നന്നായി പ്രശംസിച്ചു പറഞ്ഞു.


വീട്ടുടമയ്ക്ക് അളവറ്റ സന്തോഷം തോന്നി. അയാള്‍ തന്റെ പൊങ്ങച്ചം വിളമ്പുന്നതില്‍ മുഴുകി:

”നോക്കൂ. ഇവയെല്ലാം എന്റെ ഈ കൈകള്‍കൊണ്ട് വച്ചുപിടിപ്പിച്ചതാണ്. തൂമ്പയെടുത്തു കിളയ്ക്കാനും, വെള്ളമൊഴിക്കാനും വളം ചേര്‍ക്കാനുമെല്ലാം ഈ കൈകള്‍ വേണം. തഴമ്പു കണ്ടില്ലേ?”


”ശരിയാണ് കേട്ടോ! നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. പക്ഷെ, ഇതെല്ലാം ചെയ്തത് ഇന്ദ്രനാണെന്നും പ്രശംസയെല്ലാം അദ്ദേഹത്തിനുള്ളതാണെന്നുമല്ലേ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പറയേണ്ടത്?” വൃദ്ധന്‍ ചോദിച്ചു.


”എന്ത്? ഇന്ദ്രനോ?” വീട്ടുടമയ്ക്ക് കോപം വന്നു.
”അതെ.” വൃദ്ധനായ മനുഷ്യന്‍ പെട്ടെന്ന് ഇന്ദ്രന്റെ രൂപം ധരിച്ചുകൊണ്ടു പറഞ്ഞു:


”ഒരു പശുക്കുട്ടിയെ കൊല്ലാനിടയായപ്പോള്‍ നിങ്ങള്‍ പറഞ്ഞത് എന്തായിരുന്നു? കൊന്നത് വലതുകൈയാണ്. വലതുകൈയുടെ ദേവന്‍ ഇന്ദ്രനാണ്; അതിനാല്‍ ഗോഹത്യയുടെ പാപം ഇന്ദ്രനാണ് എന്നൊക്കെയല്ലേ?”

വീട്ടുടമയുടെ മുഖം വല്ലാതെ വിളറി. ഇന്ദ്രന്‍ തുടര്‍ന്നു:

”പ്രശംസ സ്വീകരിക്കേണ്ടി വരുമ്പോള്‍ ചെയ്തതെല്ലാം നിങ്ങള്‍; പാപമേല്‍ക്കേണ്ടിവരുമ്പോള്‍ ചെയ്തതെല്ലാം വേറൊരാള്‍! ഈ രീതി നന്നല്ല കേട്ടോ! സ്വന്തം പ്രവൃത്തികളുടെ ഫലം ഗുണമായാലും ദോഷമായാലും സ്വയം ഏറ്റെടുത്തേ പറ്റൂ.”

ഇത്രയും പറഞ്ഞു ഇന്ദ്രന്‍ അപ്രത്യക്ഷനായി.

No comments:

Post a Comment