പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ. അർജ്ജുനൻ. പാണ്ഡുപത്നിയായിരുന്ന കുന്തിയ്ക്ക് ദേവേന്ദ്രനിൽ ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. വില്ലാളിവീരനായ അർജ്ജുനൻ അക്കാലത്തുള്ള ധനുർധാരികളിൽ ശ്രേഷ്ഠനായിരുന്നു. വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു . അസുരനിഗ്രഹത്തിനും ധർമ്മരക്ഷണത്തിനും ഭഗവാൻ കൃഷ്ണന്റെ വലം കയ്യായി പ്രവർത്തിച്ചു. ദേവന്മാരുടെയും സജ്ജനങ്ങളായ മനുഷ്യരുടേയും രക്ഷയ്ക്കായി അധർമ്മികളായ അസുരന്മാരെ സ്വർഗ്ഗത്തിലും പാതാളത്തിലും പോലും സഞ്ചരിച്ചു അർജ്ജുനൻ നിഗ്രഹിച്ചിട്ടുണ്ടെന്നു വ്യാസഭാരതത്തിൽ പറയുന്നുണ്ട് . പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
ജനനം
മക്കളില്ലാത്തതിനാൽ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു. ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ. അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ. വായുദേവനിൽ നിന്നും ഭീമസേനൻ ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു. തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി. മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി. തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി ഇന്ദ്രപ്രീതിക്കായി തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു . കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വര്ഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിര്ദ്ദേശിക്കുകയുണ്ടായി.
പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു. ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു. ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും. ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും, ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു. തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു.തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസ്സാവ് മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു. മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു. അങ്ങനെ അർജ്ജുനൻ പിറന്നു .
അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. അല്ലയോ കുന്തീ. നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും. അജയ്യനായ ഇന്ദ്രൻ അദിതിക്ക് വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവവനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും. ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും. ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു. സർവ്വദേവന്മാരും, മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു.
വിദ്യാഭ്യാസം
കൗരവഗുരുവായ കൃപരുടെ കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർപിന്നീട് അർജുനന്റെ ഗുരുവായി. പഠനത്തിനിടെ ഒരു മുതലയിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായി. അർജ്ജുനന്റെ ഗുരുത്വവും അസ്ത്രവിദ്യയിലുള്ള താല്പര്യവും കണ്ടു പ്രസന്നനായ ദ്രോണാചാര്യർ ഇദ്ദേഹത്തിന് മഹത്തായ ബ്രഹ്മശിരസ്സ് എന്ന ദിവ്യാസ്ത്രം പ്രദാനം ചെയ്യുകയുണ്ടായി. ഗുരുദക്ഷിണയായി ദ്രോണാചാര്യരുടെ ശത്രുവായ ദ്രുപദ മഹാരാജാവിനെ അർജ്ജുനൻ കീഴ്‌പ്പെടുത്തി ദ്രോണർക്കു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ പാഞ്ചാലരാജ്യത്തെ രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലത്തിന്റെ അധിപതിയായി മാറുവാൻ ദ്രോണരെ സഹായിക്കുകയും ചെയ്തു.
ഭാര്യമാർ
പാഞ്ചാലരാജ്യത്തെ രാജകുമാരിയായിരുന്ന ദ്രൗപദി, കൃഷ്ണന്റെ സഹോദരി സുഭദ്ര, നാഗരാജകുമാരിയായിരുന്ന ഉലൂപി, മണലൂർ രാജകുമാരിയായിരുന്ന ചിത്രാംഗദ എന്നിവർ അർജ്ജുനന്റെ ഭാര്യമാരായിരുന്നു.
മക്കൾ
ഓരോ ഭാര്യമാരാരിലും ഓരോ ആൺമക്കൾ അർജ്ജുനനുണ്ടായിരുന്നു. സുഭദ്രയിൽ പിറന്ന അഭിമന്യുവാണ് ഇവരിൽ ശ്രദ്ധേയൻ. പാഞ്ചാലിയിൽ ശ്രുതസോമൻ, ഉലൂപിയിൽ ഇരാവാൻ, ചിത്രാംഗദയിൽ ബഭ്രുവാഹനൻഎന്നവരായിരുന്നു മറ്റു പുത്രന്മാർ.
No comments:
Post a Comment