ഹിന്ദുമതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ് ശംഖ് .
ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്.
ഹിന്ദുമതവിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ മുദ്രയാണ് ശംഖ്. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ ശംഖുവിളിക്കായി ഇതുപയോഗിക്കാറുണ്ട്.
പണ്ടുകാലത്ത് യുദ്ധഭേരിമുഴക്കാനും ഇതുപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമ്പദ്സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപമുക്തി നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.
ഹിന്ദു മതവുമായി ബന്ധപ്പെട്ട കലകളിൽ വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ശംഖ് ചിത്രീകരിക്കപ്പെടുന്നത്. സ്ത്രീകളുടെ പ്രജനനശേഷിയും സർപ്പങ്ങളുമായും ശംഖിനെ ബന്ധപ്പെടുത്താറുണ്ട്. ഇത് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നു.
ബുദ്ധമതവിശ്വാസമനുസരിച്ച് ശംഖ് ശുഭസൂചകമായ എട്ട് ബിംബങ്ങളിലൊന്നാണ്. ശംഖനാദം ബോധിധർമന്റെ ശബ്ദമായും കണക്കാക്കപ്പെടുന്നു. ടിബറ്റൻ ബുദ്ധമതത്തിൽ ഇത് "ഡങ് കാർ" എന്നാണറിയപ്പെടുന്നത്.
ശംഖിന്റെ പൊടി ആയുർവേദത്തിൽ മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്.
ഈ സ്പീഷീസിൽ പെട്ട ശംഖുകളുടെ ഇടത്തേയ്ക്ക് തിരിയുന്ന ഇനം "ഇടംപിരി ശംഖ്" എന്നാണറിയപ്പെടുന്നത്. "ഡെക്സ്ട്രൽ" എന്നാണ് ഇത്തരം ശംഖ് ശാസ്ത്രത്തിൽ അറിയപ്പെടുന്നത്. "വലംപിരി ശംഖുകൾ" ("സിനിസ്ട്രൽ") താരതമ്യേന അപൂർവ്വമാണ്.
കഥകളി പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ഠാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് ശംഖ്. കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവൻ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഭാരതീയാചാരപ്രകാരം പല മംഗളകർമങ്ങളും ശംഖുനാദത്തോടെയാണ്. മേളങ്ങൾ തുടങ്ങുന്നതിന് മുൻപും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. കൂടിയാട്ടത്തിൽ കഥാപാത്രം രംഗത്തുവരുന്നതിന് മുൻപ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുൻപ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു.
മറ്റ് തരങ്ങൾ
ദ്വാരമില്ലാത്ത വെളുത്ത ശംഖ്
ശംഖുകൾ ദ്വാരമില്ലാത്തവയും ഉണ്ടാകാറുണ്ട്. പക്ഷേ ദ്വാരമില്ലാത്ത ശംഖ് വാദ്യമായി ഉപയോഗിക്കാനാവില്ല. വൈദികകർമ്മങ്ങൾക്കാണ് ഈ തരം ശംഖുകൾ ഉപയോഗിക്കുന്നത്. ഹോമത്തിലും മറ്റുമായി തളിക്കുവാനുള്ള വെള്ളം ശേഖരിക്കാൻ ഈ തരം ശംഖുകൾ ഉപയോഗിക്കുന്നു.
No comments:
Post a Comment