വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ - 2
പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.
സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം.
പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.
”കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം
ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ!
നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ
ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!”
”വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും
ദധത് പത്മജഃ
താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ!
വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ
സമന്താത്സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം
മൃഡാനീപതിം!!”
”ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ-
വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച!
യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ
പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!”
ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു.
അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.
പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം….) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക.
പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.
ഗ്രഹങ്ങളുടെ പ്രീതിക്കുവേണ്ടിയുള്ളതാണ് ആഴ്ചവ്രതങ്ങള്‍. സൂര്യാദിഗ്രഹങ്ങളുടെ സ്വാധീനം മൂലമാണ് മനുഷ്യന്റെയും, പ്രപഞ്ചത്തിലുള്ള മറ്റു ജീവജാലങ്ങളുടെയും ചലനസംവേഗതയുള്ള നിലനില്‍പ് സാധ്യമാകുന്നത്. ആ സ്വാധീനം നമുക്ക് അനുകൂലമാക്കാന്‍ അഥവാ ശാന്തിയും സമാധാനവും ലഭിക്കാന്‍ ഗ്രഹങ്ങളെ നാം പ്രാര്‍ത്ഥിക്കുന്നു-പൂജിക്കുന്നു.
ആഴ്ചയിലെ ഓരോ ദിവസത്തിനും നാഥന്മാരായി ഓരോ ഗ്രഹങ്ങളുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും ദോഷപരിഹാരത്തിനായി അഥവാ പ്രീതി ലഭിക്കാന്‍ എല്ലാ ദിവസവും നവഗ്രഹസ്‌തോത്രം ജപിക്കുന്നത് ഉത്തമം. വാരവ്രതങ്ങള്‍ക്ക് തുടങ്ങുന്ന ദിവസത്തെ നിയമം ആയിരിക്കണം തീരുന്നതുവരെ പാലിക്കേണ്ടത്.
ഞായറാഴ്ച വ്രതം
സൂര്യന് പ്രാധാന്യമുള്ള ദിവസമാണ് രവിവാരം അഥവാ ഞായര്‍. സൂര്യഭഗവാനെ പ്രീതിപ്പെടുത്തുവാനാണ് ഞായാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. കര്‍മസാക്ഷിയായ സൂര്യഭഗവാനെ സാക്ഷിനിര്‍ത്തിയാണ് നമ്മുടെ ഓരോ കര്‍മവും. എല്ലാ ഊര്‍ജ്ജവും നമുക്ക് സൂര്യനില്‍നിന്നാണ് ലഭിക്കുന്നത്. സൂര്യന്‍ ഇല്ലാത്ത ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമോ. ഏതിനും സ്ഥിരത ഉണ്ടാവാന്‍ സൂര്യഭഗവാന്റെ അനുഗ്രഹം വേണം. അനാരോഗ്യം, ജോലിപരമായ അലട്ടലുകള്‍ ഇവയെല്ലാം സൂര്യദേവനെ പ്രാര്‍ത്ഥിച്ച് ഞായറാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ മാറിക്കിട്ടും.
ഞായറാഴ്ച ഒരിക്കല്‍ ആയി വേണം എടുക്കാന്‍ (ഒരു നേരം അരിഭക്ഷണം). രണ്ടുനേരം സ്‌നാനം, സൂര്യക്ഷേത്രദര്‍ശനം, സൂര്യകീര്‍ത്തനം ജപിക്കല്‍ ഇവ നടത്തണം. രാവിലെ കുളി കഴിഞ്ഞ് സൂര്യനെ നോക്കിനിന്ന് ‘ആദിത്യഹൃദയമന്ത്രം’ ജപിക്കുന്നത് ഉത്തമം. ഗോപൂജ ചെയ്ത് സൂര്യനെ നോക്കിനിന്ന് ‘ആദിത്യഹൃദയ മന്ത്രം’ ജപിച്ചാല്‍ സകല ആഗ്രഹങ്ങളും സാധിക്കും. ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ എണ്ണയും ഉപ്പും ഉപയോഗിക്കരുത്. സൂര്യനോട് ആരോഗ്യവും അഗ്നിയോട് ധനവും, ശിവനോട് ജ്ഞാനവും, വിഷ്ണുവിനോട് മോക്ഷവും ആഗ്രഹിക്കണം.
ഡോ. അംബിക
No comments:
Post a Comment