ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 23, 2016

വാമനമൂര്‍ത്തിയുടെ വിശ്വരൂപം – ഭാഗവതം (189)



മധുവ്രതസ്രഗ്വനമാലയാ വൃതോ രരാജ രാജന്‍ ഭഗവാനുരുക്രമഃ
ക്ഷിതിം പദൈകേന ബലേര്‍ വിചക്രമേ നഭഃ ശരീരേണ ദിശശ്ച ബാഹുഭിഃ (8-20-33)

പദം ദ്വിതീയം ക്രമതസ്ത്രി വിഷ്ടപം നവൈ തൃതീയായ തദീയമണ്വപി
ഉരുക്രമസ്യാങ്ഘ്രിരുപര്യുപര്യഥോ മഹര്‍ജ്ജനാഭ്യാം തപസഃ പരം ഗതഃ (8-20-34)


ശുകമുനി തുടര്‍ന്നു:

ഒരു നിമിഷം മൗനം പൂണ്ടശേഷം മനസ്സിനെ ഏകാഗ്രമാക്കി അന്തര്‍മുഖനായി ബലി ഇപ്രകാരം പറഞ്ഞു: പൂജനീയരായ മഹാത്മാക്കളേ, നിങ്ങള്‍ പറയുന്ന ഗൃഹസ്ഥാശ്രമധര്‍മ്മം ഞാന്‍ മനസ്സിലാക്കുന്നു . എന്നാല്‍ ഞാനിപ്പോള്‍ ഓര്‍ക്കുന്നത്‌ ഭൂമീമാതാവിന്റെ പ്രഖ്യാപനമാണ്‌. അസത്യത്തിലും വലിയ പാപമില്ല എന്നതത്രേ അത്‌. സമ്പത്ത്‌ ഒരുവനെ അവന്റെ മരണത്തോടെ കൈവിട്ട്‌ പോവുന്നു. എന്നാല്‍ എന്തു കൊണ്ട്‌ അവന്‍ സ്വയം നേരത്തെ തന്നെ സമ്പത്തിനെ ഉപേക്ഷിച്ചുകൂടാ? മഹാമനസ്കരായ ദദീചിയും ശിബിയും മറ്റുളളവര്‍ക്ക്‌ ജീവിക്കാനായി സ്വയം ബലികഴിച്ചവരാണല്ലോ. നമ്മുടെ പ്രഗത്ഭരും വീരന്മാരുമായ പൂര്‍വ്വപിതാക്കള്‍ ഉണ്ടാക്കിയ സമ്പത്തും, അവരുടെ ഉല്ലാസജീവിതവുമെല്ലാം ലോകം എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍
അവരുടെ ബഹുമതികള്‍ മാത്രം ജനങ്ങള്‍ ഓര്‍ക്കുന്നു. വലിയ നായകന്മാരെ കാണാന്‍ അത്ര പ്രയാസമൊന്നുമില്ല, എന്നാല്‍ തന്റെ സമ്പാദ്യം മുഴുവന്‍ മറ്റൊരാള്‍ക്ക്‌ വേണ്ടി നല്‍കുന്ന ഒരാളെ കാണുക ക്ഷിപ്രസാദ്ധ്യമല്ല തന്നെ. അത്‌ ഭഗവാന്‍ വിഷ്ണുതന്നെയോ നികൃഷ്ഠനായ ഒരു ശത്രുവോ ആണെങ്കില്‍ കൂടി ഞാന്‍ എന്റെ വാക്കു പാലിക്കുകതന്നെ ചെയ്യും. കുളളനായ ഈ ബ്രാഹ്മണന്‍ ചോദിക്കുന്ന ഭൂമി ഞാന്‍ നല്‍കുക തന്നെ ചെയ്യും. അയാളെന്നെ ബന്ധനസ്ഥനാക്കുകയാണെങ്കില്‍ പോലും ഞാനദ്ദേഹത്തെ ഉപദ്രവിക്കുകയില്ല. എന്റെ വാക്കില്‍നിന്നു പിന്മാറുകയുമില്ല.


ശുക്രാചാര്യന്‍, ബലിയുടെ ഗുരുവിന്റെ വാക്കുകളോടുളള ബഹുമാനമില്ലായ്മയിലും ധിക്കാരത്തിലും ക്രുദ്ധനായി അദ്ദേഹത്തെ ശപിച്ചു: 

‘നീ ഗുരുവിന്റെ വാക്കുകളെ ധിക്കരിച്ചതിനാല്‍ നിന്റെ പദവിയില്‍ നിന്നു്‌ നിഷ്കാസിതനായിത്തീരും.’ ഈ ശാപം പോലും ഭഗവദേച്ഛയില്‍ നിന്നുണ്ടായതത്രെ. ശാപം കിട്ടിയിട്ടും ചാഞ്ചല്യമേതുമില്ലാതെ ബലി ദാനകര്‍മ്മം യഥാവിധി നിര്‍വ്വഹിക്കാന്‍ പുറപ്പെട്ടു. സ്വര്‍ഗ്ഗ‍വാസികള്‍ ബലിയുടെ അപദാനം വാഴ്ത്തി. ഈ കുലീനന്‍ വളരെ ബുദ്ധിമുട്ടുളള ഒരു കാര്യമാണ്‌ ഇപ്പോള്‍ ചെയ്തത്‌. അയാള്‍ തന്റെ അധീനതയിലുളള മൂന്നു ലോകങ്ങളും തന്റെ ശത്രുവിന്‌ കൊടുത്തിരിക്കുന്നു. അതിന്റെ പരിണിതഫലങ്ങള്‍ മുഴുവനുമറിഞ്ഞിട്ടു തന്നെയാണീ പുണ്യാത്മാവങ്ങനെ ചെയ്യുന്നുതും.


അതേ സമയം ഭഗവാന്‍ വിശ്വത്തോളം വലുതായി, വിശ്വം മുഴുവനും നിറഞ്ഞു വിളങ്ങി. ബലി വിശ്വരൂപം നോക്കിക്കണ്ടു. ഉപ്പൂറ്റിയില്‍ നരകങ്ങള്‍. കാല്‍പ്പാദങ്ങളില്‍ ഭൂമി. കണങ്കാലില്‍ പര്‍വ്വതങ്ങള്‍. മുട്ടുകളില്‍ ആകാശം. തുടകളില്‍ കാറ്റ്‌. കൗപീനത്തില്‍ സന്ധ്യ. ആസനത്തില്‍ അസുരന്മാര്‍. ലിംഗത്തില്‍ സൃഷ്ടികര്‍ത്താക്കളായ ഋഷികള്‍. പൊക്കിളില്‍ ആകാശം. പാര്‍ശങ്ങളില്‍ സപ്തസമുദ്രങ്ങള്‍. മാറിടത്തില്‍ നക്ഷത്രങ്ങള്‍. ഹൃദയത്തില്‍ ധര്‍മ്മം. മുലകളില്‍ ഋതവും സത്യവും. മനസ്സില്‍ ചന്ദ്രനും. നെഞ്ചില്‍ ശ്രീദേവിയും. തൊണ്ടയില്‍ ശബ്ദവും. കൈകളില്‍ ദേവന്മാരും. ചെവികളില്‍ നാലു ദിക്കുകളും. കിരീടത്തില്‍ സ്വര്‍ഗ്ഗവും. തലമുടിയില്‍ മേഘവും. നാസികയില്‍ വായുവും. കണ്ണില്‍ സൂര്യനും. വായില്‍ അഗ്നിയും. നാവില്‍ വേദങ്ങളും. അണ്ണാക്കില്‍ ജലവും. പുരികങ്ങളില്‍ നീതിനിയമാദികളും. കണ്‍പീലികളില്‍ ദിനരാത്രങ്ങളും. നെറ്റിത്തടത്തില്‍ ക്രോധവും. ചുണ്ടില്‍ അത്യാഗ്രഹവും. സ്പര്‍ശത്തില്‍ പ്രേമവും. നിഴലില്‍ മരണവും. ചിരിയില്‍ മായയും. മുടിയില്‍ വൃക്ഷലതാദികളും. രേതസ്സില്‍ ജലവും. പുറത്ത്‌ അധര്‍മ്മവും. ധമനികളില്‍ നദികളും. നഖങ്ങളില്‍ ദേവന്മാരും ഋഷികളും ബലി ദര്‍ശിച്ചു.


ദിവ്യമായ വിശ്വരൂപം ദര്‍ശിച്ച്‌ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തികളെ ആയുധങ്ങളെന്നു ധരിച്ച്‌ രാക്ഷസന്മാര്‍ ഭയചകിതരായി. ഭഗവാന്‍ ഒറ്റ ചുവടുകൊണ്ട്‌ ഭൂമി മുഴുവന്‍ അളന്നു. ശൂന്യാകാശം മുഴുവനും ആ വിശ്വരൂപം നിറഞ്ഞുനിന്നു . ദിക്കുകള്‍, ഭഗവാന്റെ കൈകളായി. രണ്ടാമത്തെ ചുവടു കൊണ്ട്‌ സ്വര്‍ഗ്ഗങ്ങള്‍ മുഴുവനുമളന്നു. മൂന്നാമത്തെ ചുവടു വയ്ക്കാനിടമുണ്ടായിരുന്നില്ല.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment