അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപര്‍, പരശുരാമന്‍ എന്നിവരെ ചിരംജീവികളായിട്ടാണ് ഭാരതീയര്‍ കരുതുന്നത്. ഇവര്‍ അമരന്മാരായി ഭൂമിയില്‍ കഴിയുന്നുവെന്നാണ് വിശ്വാസം. മഹാബലി മാത്രം ആണ്ടിലൊരിക്കല്‍ ഭൂമിയില്‍ വരുന്നു. സൂക്ഷ്മശരീരികളായി ഭൂമിയിലും അന്തരീക്ഷത്തിലും സഞ്ചരിക്കുന്നുവെന്നോ, സ്ഥൂലരൂപമാണെങ്കിലും മനുഷ്യദൃഷ്ടി പതിയാത്തിടങ്ങളില്‍ ശ്രദ്ധയില്‍പ്പെടാത്തവിധം കഴിയുന്നുവെന്നോ ഇതിനെ വ്യാഖ്യാനിക്കാം.
ഈ കഥകളെ അര്‍ത്ഥവാദങ്ങളായി കാണുന്നതാണ് കൂടുതല്‍ നല്ലത്. ഇവരേഴുപേരും മനുഷ്യസ്വഭാവങ്ങളുടെ പ്രതിനിധികളാണെന്നും സകല മനുഷ്യരിലും ഇവരില്‍ ഒരാളുടെയോ പലരുടെയോ സ്വഭാവങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുവെന്നും പര്യാലോചനയില്‍ വ്യക്തമാകും. ചിരംജീവികളില്‍ ഏറ്റവും ഭര്‍ത്സിക്കപ്പെടുന്നത് വിഭീഷണനാണ്. സ്വജനദ്രോഹിയായും കുലംകുത്തിയായും കൂറുമാറ്റക്കാരനായും രാജ്യദ്രോഹിയായുമൊക്കെ വിഭീഷണനെ പരിഹസിക്കുന്ന പണ്ഡിതംമന്യന്മാര്‍ പോലുമുണ്ട്. എന്താണ് വിഭീഷണന്റെ സ്വഭാവഘടനയെന്നറിയാന്‍ ആ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്.
ബ്രഹ്മാവിന്റെ മാനസപുത്രനും സപ്തര്‍ഷികളിലൊരാളുമായ പുലസ്ത്യന്റെ മകനാണ് വിശ്രവസ്സ്.
ആ മഹര്‍ഷിക്ക് ഇളിബിളി എന്ന ബ്രഹ്മകന്യകയില്‍ ജനിച്ച മകനാണ് കുബേരന്‍ എന്നീ വൈശ്രവണന്‍. മകന് ലങ്കാരാജ്യാധിപത്യവും പുഷ്പകവിമാനം തുടങ്ങിയ വിശിഷ്ട സമ്മാനങ്ങളും നല്‍കിയശേഷം വിശ്രവസ്സ് തപസ്സിന് പോയി. മാല്യവാന്‍ എന്ന രാക്ഷസന്റെ മകള്‍ കൈകസിയെ പരിണയിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധിവിപര്യയം. അതില്‍ രാവണന്‍, കുംഭകര്‍ണന്‍, ശൂര്‍പ്പണഖ, വിഭീഷണന്‍ എന്ന് നാല് സന്താനങ്ങള്‍ ജനിച്ചു. ഇളയവനായ വിഭീഷണന്‍ മാത്രം അച്ഛന്റെ സ്വഭാവക്കാരനായിത്തീര്‍ന്നു. ബ്രഹ്മാവില്‍നിന്ന് വരം വാങ്ങിച്ചത് വിഷ്ണുഭക്തനായിരിക്കണമെന്നാണ്. മൂത്ത സഹോദരന്‍ രാവണന്‍ വിശ്വവിജയിയാണെങ്കിലും കാമദേവനോട് തോറ്റുപോയി. ദേവദാനവമാനവസ്ത്രീകളായിരുന്നു രാക്ഷസരാജാവിന്റെ ദൗര്‍ബല്യം. പതിവ്രതാരത്‌നമായ മണ്ഡോദരിയ്ക്കുപോലും ഈ കാമചാരിത്വം മാറ്റിയെടുക്കാനായില്ല. രാവണന്റെ സ്ത്രീലമ്പടത്വം തെറ്റാണെന്നറിയുന്നവനാണ് കുംഭകര്‍ണന്‍. പക്ഷേ ജ്യേഷ്ഠനോടുള്ള ഭക്ത്യാധിക്യത്താല്‍ ഒരു പരിധിക്കപ്പുറം അദ്ദേഹത്തെ ഉപദേശിക്കാനോ വിയോജിക്കാനോ അയാള്‍ക്കായില്ല. ജ്യേഷ്ഠന്റെ ദുഃസ്വഭാവങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയത് ശൂര്‍പ്പണഖയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ധര്‍മ്മമാര്‍ഗ്ഗം മുന്‍നിര്‍ത്തി ഗുണദോഷിക്കാനും വിഭീഷണന്‍ മുതിര്‍ന്നു. ഫലത്തില്‍ സഹോദരങ്ങളുടെയെല്ലാം അപ്രിയത്തിന് വിധേയനാവുകയും ചെയ്തു.
സീതാദേവിയെ ലങ്കയിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്നെ അതിന്റെ ആപത്ത് വിഭീഷണന്‍ കണ്ടറിഞ്ഞു. തെറ്റുതിരുത്തണമെന്ന് ജ്യേഷ്ഠനോട് കേണപേക്ഷിച്ചു. ശ്രീരാമദൂതനായ ഹനുമാനെ വധിക്കാതെ വിടണമെന്ന് അപേക്ഷിച്ചതും മറ്റാരമല്ല. രാക്ഷസികള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ സീതയ്ക്കാശ്വാസമായി ഭാര്യ സരമയേയും മകള്‍ ത്രിജടയേയും നിയോഗിക്കാനുള്ള വിശാലബുദ്ധി കാട്ടി. വാനരസേനയോടൊപ്പം രാമലക്ഷ്മണന്മാര്‍ ലങ്കയെ സമീപിക്കുന്നതറിഞ്ഞ് വീണ്ടും വീണ്ടും ജ്യേഷ്ഠനോട് കരഞ്ഞപേക്ഷിച്ചു. രാവണന്‍ അനുജനെ വധിക്കാനുദ്യമിച്ചു. ഈ ഘട്ടത്തില്‍ വിഭീഷണന്റെ മുന്‍പില്‍ മൂന്നു വഴികളേ ഉണ്ടായിരുന്നുള്ളൂ. കണ്‍മുന്നില്‍ നടമാടുന്ന പിടിച്ചുപറിയുടേയും സ്ത്രീ പീഡനത്തിന്റെയും തോത് എത്രയായാലും ജ്യേഷ്ഠനു കീഴടങ്ങി മിണ്ടാതിരിക്കാമെന്നു തീരുമാനിക്കലായിരുന്നു എളുപ്പമാര്‍ഗ്ഗം.
തനിക്കിതൊന്നും കാണാന്‍ കഴിയില്ലെന്ന് കരുതി എവിടേക്കെങ്കിലും മാറിക്കളയുകയായിരുന്നു മറ്റൊരു വഴി. പക്ഷേ ഇതു രണ്ടും അധര്‍മത്തിനും വംശനാശത്തിനും വഴിവക്കുന്നതായിരുന്നു. ധര്‍മത്തിനുവേണ്ടി ജ്യേഷ്ഠനെ ഉപേക്ഷിച്ച് മറുപക്ഷത്തെ ആശ്രയിക്കുകയായിരുന്നു മൂന്നാമത്തെ മാര്‍ഗ്ഗം. നിര്‍ണായകഘട്ടത്തില്‍ സ്വജനത്തെ തള്ളിക്കളഞ്ഞവന്‍, കൂറുമാറ്റക്കാരന്‍, വംശദ്രോഹി, ചാരന്‍ എന്നിങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നതാണ് ഈ പ്രവൃത്തി. പക്ഷേ താന്‍ ധര്‍മമെന്നു വിചാരിക്കുന്നത് തനിക്ക് അകീര്‍ത്തികരമാണെങ്കില്‍പ്പോലും സ്വീകരിക്കുകയെന്ന ധീരത വിഭീഷണനുണ്ടായി. എത്ര ഉന്നതാനായാലും ബന്ധുവായാലും ന്യായത്തിന്റെയും നീതിയുടെയും വിചാരണയ്ക്ക് വിധേയനാണെന്ന ധര്‍മനിഷ്ഠയുടെ ധീരത!
സ്വജനപക്ഷപാതംകൊണ്ട് തെറ്റിനെ മൂടിവക്കുകയോ ന്യായീകരിക്കുകയോ ചെയ്തില്ല എന്നതാണ് വിഭീഷണന്റെ മഹത്വം. ഭയംകൊണ്ടോ കിട്ടാവുന്ന ആനുകൂല്യങ്ങളില്‍ ഭ്രമിച്ചോ തെറ്റിനു കൂട്ടുനിന്നില്ലെന്നതാണ് അതിന്റെ മേന്മ. രാമരാവണയുദ്ധാനന്തരം ലങ്കയെ പുനര്‍നിര്‍മിക്കാനും അവശേഷിച്ച പ്രജകള്‍ക്ക് നല്ല ജീവിതം കൊടുക്കാനും കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ഫലം. ഇക്കാരണത്താലാണ് വിഭീഷണന്‍ ആദരണീയനാകുന്നത്. അഹങ്കാരികള്‍ക്കും സ്വാര്‍ത്ഥികള്‍ക്കും ഭീരുക്കള്‍ക്കും ധര്‍മത്തിന്റെ മുഖംമൂടിയണിഞ്ഞവര്‍ക്കും വഞ്ചനയില്‍ രസം കാണുന്നവര്‍ക്കും വിഭീഷണന്‍ ഗര്‍ഹണീയനാണ്. വിഭീഷണന്‍ അസ്വീകാര്യനാകുന്നുവെന്നതിന്റെയര്‍ത്ഥം സമൂഹം അധര്‍മ്മോന്മുഖമാണെന്നാണ്. ഏതു നികൃഷ്ടനും തനിക്ക് ന്യായം നിഷേധിക്കപ്പെടുന്ന ഘട്ടത്തില്‍ ഒരു വിഭീഷണഹസ്തം സഹായത്തിനെത്തിയെങ്കില്‍ എന്നാഗ്രഹിച്ചുപോകും. അതാണ് വിഭീഷണനെ ചിരംജീവിയാക്കുന്ന കാലസ്വഭാവം.
പ്രിയദര്‍ശന്‍ലാല്‍
No comments:
Post a Comment