ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 28, 2016

നിഷ്കളഭക്തനായ ഉപാസകൻ

നിഷ്കളഭക്തനായ ഉപാസകൻ ഭഗവാന്റെ മുമ്പിൽ സ്വയം അർപ്പിച്ചവനാണ്. അവന്റെ സമർപ്പണം സ്വയം പരിശുദ്ധമായ മനസ്സാണ്. 


മുറ്റമടിച്ചുവൃത്തിയാക്കി വിളക്കുവച്ചശേഷമാണ് ഗോപികമാർ തയിർ കടയാനാരംഭിച്ചത്. ബാഹ്യാഭ്യന്തരശൗചത്തോടെയുള്ള ധ്യാനമാണിത്. മുറ്റം മനസ്സല്ലാതെ മറ്റൊന്നല്ല! സച്ചിന്തയാകുന്ന ചൂലുകൊണ്ട്, സജ്ജനങ്ങൾ മനസ്സിലെ മാലിന്യങ്ങളകറ്റുന്നു. ആ സന്ദർഭവും ശ്രദ്ധേയമാണ്. 

ബ്രാഹ്മമുഹൂർത്തം! ബ്രഹ്മജ്ഞാനാർജ്ജനത്തിനുള്ള സമയമാണത്. പ്രശാന്തമായ പരിസരത്തിൽ ഉപശാന്തമായ മനസ്സിനെ ഭക്തന്മാർ ഈശ്വരചിന്തയാൽ നിർമ്മലമാക്കുന്നു. ആ ഭക്തന്മാർ ഗോപികമാരാണ്. ആ തയിർകടച്ചിൽ പോലും പ്രതീകാത്മകമാണ്. തയിർകലം മനസ്സാണ്. അതിൽ നിറച്ചിട്ടുള്ള അനുഭവമാകുന്ന പാലിൽ ഈശ്വരചിന്തയാകുന്ന ‘ഉറ’ യൊഴിച്ച് ബുദ്ധിയാകുന്ന കടകോൽ കൊണ്ട് ചിന്തയാകുന്ന മഥനം നടത്തുകയാണ്. ആദ്യന്തം തുടരുന്ന ‘കടച്ചിൽ’, ‘നറുവെണ്ണ’ ലഭിക്കുമ്പോഴും ഭക്തന്റെ ധ്യാനാവസ്ഥിതി സുചിന്തനയാകുന്ന മഥനത്താൽ ആനന്ദമാകുന്ന നവനീതലബ്ധിയിലെത്തി നിഷ്പന്ദമാകുന്നു! ആനന്ദനിർവ്വിതികൾക്കായുള്ള യത്നമാണ് മഥനം!

 ഗോപികമാർ (ഭക്തന്മാർ) തുടരുന്ന മഥനം ജീവിത യാത്രാന്ത്യത്തോളം ഉണ്ടാകും. അവസാനം മനോബുദ്ധ്യോദികളും ജ്ഞാനകർമ്മേന്ദ്രിയങ്ങളും മന്ദചേഷ്ടങ്ങളാവുകയും ജീവിതാനുഭവസാരമായി ഉയർന്നു നിൽക്കുന്ന ‘നവനീതത്തി’ൽ (ആനന്ദാനുഭൂതിയിൽ) വിലയിക്കുകയും ചെയ്യുന്നു! അപ്പോൾ ഭക്തമനസ്സ് ‘ശോകമോഹങ്ങൾ’ക്കതീതമാകുന്നു! ആ നിർവൃതിയെപ്പുകഴാൻ മനഃസങ്കൽപ്പത്തിനോ വാഗ്വൈഭവത്തിനോ കഴിയുകയില്ല. ‘ന മനോഗച്ഛതി, ന വാഗച്ഛതി’ എന്നുണ്ടല്ലോ? നിഷ്ഠയാർന്ന തപസ്സിലൂടെ മഹായോഗികൾ നേടുന്ന ഫലം നിഷ്ക്കളകർമ്മചരണത്തിലൂടെ ഭക്തരാർജ്ജിക്കുന്നു. സ്വസുഖനിരഭിലാഷികളായി, പരഹിതാനുവർത്തികളായി, പരമാത്മനിലീനമാനസരായി ഭക്തർ അമൃതാനന്ദമനുഭവിക്കുന്നു.

No comments:

Post a Comment