ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 28, 2016

അഹങ്കാരാവര്‍ത്തനം - ശ്രീമദ്‌ ദേവീഭാഗവതം. 4. 7. - ദിവസം 74.



ഇത്യാകര്‍ണ്യ വചസ്താസാം ധര്‍മ്മപുത്ര: പ്രതാപവാന്‍
വിമര്‍ശമകരോച്ചിത്തേ കിം കര്‍ത്തവ്യം മയാധുനാ
ഹാസ്യോfഹം മുനിവൃന്ദേഷു ഭവിഷ്യാമൃദ്യ സംഗമാത്
അഹങ്കാരാദിദം പ്രാപ്ത: ദുഃഖം നാത്ര വിചാരണാ



വ്യാസന്‍ പറഞ്ഞു: ദേവനാരിമാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ താന്‍ ഇനി എന്താണ് വേണ്ടതെന്നു നാരായണമുനി ആലോചിച്ചു. 'ഇവരുമായി സംഗമം ഉണ്ടായാല്‍ ഞാന്‍ മുനിമാരുടെ ഇടയില്‍ പരിഹാസപാത്രമാവും എന്നത് തീര്‍ച്ചയാണ്. അഹങ്കാരത്താല്‍ത്തന്നെയാണ് ഈ ആപത്ത് വന്നുചേര്‍ന്നത്! ധര്‍മ്മഭ്രംശം ചെയ്യാനുള്ള ആദ്യഹേതു അഹങ്കാരമാണ്. സംസാരത്തിന്റെ ബീജാവാപം തന്നെ അഹങ്കാരത്തില്‍ നിന്നാണെന്നു വിജ്ഞന്മാര്‍ പറയുന്നു. ദേവനാരിമാര്‍ വന്നതാണ് എന്റെ ദുഖത്തിന് കാരണം. ഞാനാണെങ്കില്‍ മൌനം ഭജിച്ച് ഇരിക്കാതെ തപോബലം കൊണ്ട് കുറെ പുതുനാരിമാരെ സൃഷ്ടിക്കുകയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍ വന്ന സ്ത്രീകള്‍ കാമാര്‍ത്തകളായി എന്നെ സ്വാധീനിച്ചിരിക്കുന്നു. എട്ടുകാലി സ്വയം താനുണ്ടാക്കിയ വലയില്‍ കുടുങ്ങിയത്പോലെയായി എന്റെ കാര്യം. ഇനി എനിക്കെന്തു ചെയ്യാന്‍ കഴിയും? ഇവരെ തീര്‍ത്തും ഉപേക്ഷിച്ചു പോയാലോ? ആശാഭംഗം വന്ന്‍ അവര്‍ വന്നവഴിക്കു മടങ്ങുമ്പോള്‍ എനിക്കെന്റെ തപസ്സു തുടരാം. കോപഭാവമാര്‍ജ്ജിച്ചുകൊണ്ട്  ഈ സുന്ദരിമാരെ ഉപേക്ഷിക്കുക തന്നെ!'



നാരായണമുനി വീണ്ടും ആലോചിച്ചു: 'ദുഖത്തിനുള്ള രണ്ടാമത്തെ കാരണം ക്രോധമാണല്ലോ! കാമത്തെക്കാളും ലോഭത്തെക്കാളും അപകടകാരിയാണിത്‌. ക്രുദ്ധന്‍ നികൃഷ്ടമായ എന്തും ചെയ്തുകൂട്ടും! നരകത്തീയുണ്ടാക്കുന്നത് ക്രോധമാണ്. മരക്കഷണങ്ങള്‍ തമ്മിലുരസി തീയുണ്ടാകുന്നതുപോലെ ഉള്ളില്‍ കോപമുയരുമ്പോള്‍ സ്വദേഹത്തെത്തന്നെ അത് തപിപ്പിക്കുന്നു.'


ഇങ്ങിനെ ചിന്തിച്ചുവശായ നാരായണമുനിയോട് അനുജനായ നരന്‍ ധര്‍മ്മാനുസാരം ഇങ്ങിനെ പറഞ്ഞു: 'നാരായണാ, കോപമരുതേ. അഹങ്കാരത്തെ ജയിക്കാന്‍ ശാന്തികൊണ്ടേ സാധിക്കൂ. അഹങ്കാരദോഷമാണല്ലോ നമ്മുടെ തപസ്സിനു വിഘ്നം വരുത്തിയത്! മുന്‍പ് ആയിരംകൊല്ലം നമ്മള്‍ പ്രഹ്ലാദനോടു യുദ്ധം ചെയ്തത് ക്രോധാഹങ്കാരങ്ങള്‍ വര്‍ദ്ധിച്ചപ്പോഴാണ്. അന്ന് നമ്മള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടല്ലോ! ശാന്തിയാണ് തപസ്സിനു ബീജമായുള്ളത്. അതുകൊണ്ട് ശാന്തനായാലും.' നരന്റെ വാക്കുകള്‍ നാരായണനെ ശാന്തനാക്കി.


അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: 'മുനിപുംഗവാ, എന്നില്‍ ഒരു സംശയം പൊങ്ങിവരുന്നു. പ്രഹ്ലാദന്‍ അസുരനാണെങ്കിലും മഹാത്മാവായിരുന്നു. ശാന്തനും ജ്ഞാനിയുമായിരുന്നു. അങ്ങിനെയുള്ള പ്രഹ്ലാദനോട് പ്രശാന്തശീലരായ ഈ മുനിമാര്‍ എന്തിനാണ് യുദ്ധം ചെയ്തത്? അസുരപുത്രനായ പ്രഹ്ലാദനുമായി അവരെങ്ങിനെ സന്ധിച്ചു? ആ സംഗരമുണ്ടാവാന്‍ കാരണമെന്താണ്? ധര്‍മ്മിഷ്ഠരായ രണ്ട് കൂട്ടര്‍ തമ്മില്‍പ്പോലും വൈരം ഉണ്ടായിരുന്നുവെന്നോ? എങ്കില്‍പ്പിന്നെ ഈ തപസ്സും ധര്‍മ്മവും ഒക്കെ പാഴ് വേലയല്ലേ? സത്യയുഗത്തിലെ ധര്‍മ്മിഷ്ഠര്‍ക്ക് പോലും ക്രോധവും അഹങ്കാരവും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അഹങ്കാരമാണല്ലോ ക്രോധത്തിന്റെ കാരണം? അനേകായിരം കൊല്ലം തപസ്സിരുന്നിട്ടും ഒരിക്കല്‍ അഹങ്കാരം നാമ്പെടുത്താല്‍ എല്ലാം പോയി! സൂര്യരശ്മിയില്‍ ഇരുട്ടെന്നപോലെ എത്ര പുണ്യമുണ്ടായാലും അത് അഹങ്കാരത്തിനു മുന്നില്‍ നിഷ് പ്രഭമാവുന്നു! പ്രഹ്ലാദന്‍ വിഷ്ണുവിനോടു യുദ്ധം ചെയ്യുക!  അവിശ്വസനീയം! സുകൃതംകൊണ്ട് യാതൊരു ഫലവും ഇല്ലെന്നോ? നരനാരായണന്മാര്‍ തപസ്സൊക്കെ നിര്‍ത്തി പോരടിക്കുക! എത്ര ബാലിശം! എവിടെയാണ് ശമം? എവിടെയാണ് പുണ്യം? ഈ മഹത്തുക്കളുടെ സ്ഥിതി ഇതാണെങ്കില്‍ എന്നെപ്പോലുള്ളവരുടെ കാര്യം പറയാനുണ്ടോ? മൂലോകത്തിലും അഹങ്കാരനിവൃത്തി കൈവന്നിട്ടുള്ളത് ആര്‍ക്കാണ്? അങ്ങിനെയുള്ള ആരും ഉണ്ടാവില്ല എന്ന് തോന്നുന്നു. ഇനി ഉണ്ടാകാനും പോകുന്നില്ല. ഇരുമ്പ്ചങ്ങലയുടെ കെട്ടഴിഞ്ഞു പോയെന്നു വന്നാലും അഹങ്കാരത്തിന്റെ കെട്ടഴിയുക ദുഷ്കരമത്രേ. ചരാചരമായ ജഗത്ത് മുഴുവന്‍ അഹങ്കാരമയമാണ്. മലമൂത്രങ്ങളാല്‍ മലീമസമായി ജീര്‍ണ്ണിച്ചു ജീവിക്കുന്നതിനിടയില്‍ ബ്രഹ്മജ്ഞാനത്തിനെവിടെയാണ് സ്ഥാനം? മീമാംസകന്മാര്‍ പറയുന്നത് കര്‍മ്മമാണ്‌ പ്രധാനമെന്നാണ്. ബ്രഹ്മജ്ഞാനം നേടുക എന്നതില്‍ വലിയ കാര്യമൊന്നുമില്ല. മഹാത്മാക്കള്‍ പോലും കാമക്രോധങ്ങള്‍ക്ക് വിധേയരായിയെങ്കില്‍ ഈ കലികാലത്ത് എന്നെപ്പോലുള്ളവരുടെ കാര്യം എന്തുപറയാന്‍!'


വ്യാസന്‍ പറഞ്ഞു:  'ഭരതകുലത്തില്‍ ജനിച്ച രാജാവാണല്ലോ അങ്ങ്. കാര്യത്തിന് ഒരു കാരണം വേണമെന്ന് അങ്ങേയ്ക്കറിയാം. സ്വര്‍ണ്ണമില്ലാതെ സ്വര്‍ണ്ണവളയോ തോടയോ ഉണ്ടാക്കാന്‍ പറ്റുമോ? ഈ ബ്രഹ്മാണ്ഡം തന്നെയുണ്ടായത് അഹങ്കാരത്തില്‍ നിന്നാണ്! നൂലിനാല്‍ നെയ്തെടുത്ത തുണിക്ക് നൂലില്ലാതെ നിലനില്‍പ്പുണ്ടോ? പുല്‍ക്കൊടിമുതല്‍ സകല ചരാചരങ്ങളും ഉണ്ടായത് മായാഗുണത്താലാണ്. എല്ലാമെല്ലാം സത്വ-രജ-സ്തമോ-ഗുണങ്ങളാല്‍ രചിച്ചവയാകയാല്‍ അതില്‍ ദുഖിക്കാന്‍ ഒന്നുമില്ല. ബ്രഹ്മാ വിഷ്ണു രുദ്രന്മാര്‍ വരെ എല്ലാവരും അഹങ്കാരബദ്ധര്‍ തന്നെയാണ്. വസിഷ്ഠാദി മുനിപുംഗവന്മാരും സംസാരത്തില്‍ വലയുന്നവരാണ്. എല്ലാ മായാബന്ധങ്ങളും അറ്റ് ആത്മാരാമനായി, പ്രശാന്തനായി, ദേഹമെടുത്തവരായി മൂന്നു ലോകത്തിലും ആരുമില്ല. അഹങ്കാരജന്യമായ കാമക്രോധലോഭമോഹങ്ങള്‍ ദേഹമുള്ളവനെ വിട്ടുപോവുകയില്ല. വേദശാസ്ത്രപഠനങ്ങള്‍, തപസ്സ്, ദേവാര്‍ച്ചനം, ജപം, ധ്യാനം, തീര്‍ത്ഥാടനം എല്ലാം ചെയ്തിട്ടും അഹങ്കാരം അവനെ വിട്ടുപോവുന്നില്ല. എന്നിട്ടവന്‍ കള്ളത്തരത്തില്‍ എന്നപോലെ എല്ലാ കര്‍മ്മവും ചെയ്യുന്നു. കാമത്തിന് വശഗതനായവന്‍ തന്റെ പൂര്‍വ്വസ്ഥിതിയെ അറിയുന്നില്ല. കൃത, ത്രേത, ദ്വാപര യുഗങ്ങളില്‍പ്പോലും ധര്‍മ്മത്തിന് പിഴവുണ്ടായിട്ടുണ്ട്. അപ്പോള്‍പ്പിന്നെ കലിയിലെ കാര്യം പറയാനുണ്ടോ? സ്പര്‍ദ്ധ, കോപം, ദ്രോഹം ലോഭം എന്നിങ്ങിനെയുള്ളവയെല്ലാം ചേര്‍ന്നതാണ് സംസാരം. ഇതിലത്ര ചിന്തിക്കാനൊന്നുമില്ല. എന്നാല്‍ ക്രോധമടക്കിയവര്‍ എന്ന് അറിയപ്പെടുന്ന ചിലര്‍ ദുര്‍ലഭമായി കണ്ടേക്കാം. അവര്‍ ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്.'


രാജാവ് പറഞ്ഞു: 'മദമോഹങ്ങള്‍ ഇല്ലാത്തവര്‍ ധന്യരാകുന്നു. ഇന്ദ്രിയങ്ങളെ ജയിച്ചവര്‍ മൂന്നുലോകത്തെയും ജയിച്ചവര്‍ തന്നെയാണ്. എന്റെ പിതാവ് ചെയ്ത പാപത്തെയോര്‍ത്ത് ഞാന്‍ വ്യസനിക്കുന്നു. മുനിയുടെ കഴുത്തില്‍ അദ്ദേഹം ഒരു ചത്ത പാമ്പിനെ ഇട്ടുകളഞ്ഞല്ലോ! അതിന് അദ്ദേഹം എന്തെല്ലാം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നോര്‍ത്തു ഞാന്‍ ആശങ്കാകുലനാണ്. ഞാന്‍ മോഹവലയത്തിലായതുകൊണ്ട് ഭാവിയെ കാണാന്‍ എനിക്കാവുന്നില്ല. മൂഢന്‍ മദ്യം കാണുന്നു, എന്നാല്‍ അത് കുടിച്ചാലുള്ള ഭവിഷ്യത്ത് എന്തെന്ന് കാണുന്നില്ല. ഏതായാലും അങ്ങ് നരനാരായണന്മാരുടെ യുദ്ധത്തിന്റെ കഥ പറഞ്ഞു തന്നാലും. പ്രഹ്ലാദന്‍ എന്തിനാണ് ബദരികാശ്രമം പ്രവേശിച്ചത്? എന്തിനാണ് അസുരരാജാവുമായി മുനിശ്രേഷ്ഠന്മാര്‍ യുദ്ധം ചെയ്തത്? പെണ്ണിനോ പോന്നിനോ വേണ്ടി യുദ്ധം ഉണ്ടാവാം. എന്നാല്‍ നിഷ്കാമന്മാരായ ഈ മാമുനിമാര്‍ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്തത്? സനാതനരാണീ മുനിമാര്‍ എന്ന് പ്രഹ്ലാദനും അറിവുണ്ടായിരുന്നില്ലേ? ഈ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ധൃതിയായിരിക്കുന്നു.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment