ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 24, 2016

കാവ്യസ്വരൂപത്തിന്റെ വിശ്വരൂപം - ഭാരതീയ കാവ്യമീമാംസ - 2


കാവ്യഹേതു

പ്രതിഭ, വ്യുല്‍പത്തി, അഭ്യാസം എന്നിവ ചേര്‍ന്ന ‘കവി നിമിത്ത’മാണ് കാവ്യഹേതുവായി മമ്മടന്‍ (കാവ്യപ്രകാശം) കണ്ടെത്തുന്നത്.


‘ശക്തിര്‍ നിപുണതാ ലോക
ശാസ്ത്ര കാവ്യാദ്യവേക്ഷണാത്
കാവ്യജ്ഞ ശിക്ഷയഭ്യാസ
ഇതിഹേതുസ്തദുദ്ഭവേ”


എന്ന കാരിക അതിന്റെ സൂക്ഷ്മവിചിന്തനത്താല്‍ ശ്രദ്ധേയമാണ്. ‘ശക്തി’ സര്‍ഗശക്തിയായ പ്രതിഭ തന്നെ. ‘കവിത്വബീജം പ്രതിഭതന്നെ’യെന്ന് ‘കാവ്യാലങ്കാര സൂത്ര’ത്തില്‍ വാമനനും വാദിക്കുന്നു. ജന്മാന്തര സംസ്‌കൃതിയാണ് പ്രതിഭയെന്ന് ആചാര്യന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. രുദ്രടനും പ്രതിഭയുടെ പ്രാധാന്യം വെളിവാക്കി ‘ശക്തിര്‍വ്യുല്‍പത്തിരഭ്യാസ’ എന്ന് നിര്‍വചിക്കുകയാണ്. പ്രതിഭയെ കാരയിത്രിയെന്നും ഭാവയിത്രിയെന്നും വിഭജിക്കുകയാണ് രാജശേഖരന്‍. കവി പ്രതിഭ ഒന്നുമാത്രമാണ് കാവ്യകാരണമായി ജഗന്നാഥന്‍ ‘രസഗംഗാധര’ത്തില്‍ രേഖപ്പെടുത്തുക. ഭട്ടതൗതനാകട്ടെ (കാവ്യകൗതുകം) പ്രതിഭയെ പ്രജ്ഞയുമായി ബന്ധപ്പെടുത്തുന്നു. അപൂര്‍വവസ്തു നിര്‍മാണക്ഷമമായ പ്രജ്ഞയാണ് പ്രതിഭയെന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. മഹിമഭട്ടന്‍ ശിവന്റെ മൂന്നാംകണ്ണായി പ്രതിഭയെ പ്രതീകവല്‍ക്കരിക്കുകയാണ്.


”നൈസര്‍ഗ്ഗികീ ച പ്രതിഭ
ശ്രുതം ച ബഹുനിര്‍മലം
അമന്ദശ്ചാഭിയോഗസ്യാഃ
കാരണം കാവ്യസമ്പദഃ”


എന്ന് ആചാര്യദണ്ഡി കാവ്യാദര്‍ശത്തില്‍ ദര്‍ശനമൊരുക്കുന്നു. നൈസര്‍ഗികമായ പ്രതിഭ, വ്യുല്‍പത്തി, അമന്ദമായ അഭ്യാസം എന്നിവ കാവ്യസമ്പത്തിന് ഹേതുവാണെന്ന് വിവേചിച്ചറിയുകയാണ് ആചാര്യന്‍. അന്തര്‍ജ്ഞാനത്തിന്റെയും അഗാധമായ അനുഭവാനുഭൂതിയുടെയും സാംസ്‌കാരികദര്‍ശനങ്ങളുടെയും ആവിഷ്‌കാരമാണ് കവിതയായി ഉത്ഭവംകൊള്ളുന്നത് എന്നാണ് ഭാരതീയാചാര്യന്മാരുടെ നിഗമനം. കാവ്യരൂപ പ്രഭവം രസാനുഭവമേഖലയിലാണെന്ന് മീമാംസകര്‍ നിരീക്ഷിക്കുന്നു. കാവ്യഹേതുവിന്റെ സങ്കീര്‍ണവും വിശദീഭൂതവുമായ അടിവേരുകള്‍ അന്വേഷിച്ച് കവിയും സഹൃദയനും വന്നെത്തുന്ന ദര്‍ശന സംസ്‌കൃതി ഭാരതീയമായ ഏകസത്തയെ കുറിക്കുന്നു.


കാവ്യപ്രയോജനം

യശസ്സ്, ധനം, വിശ്വവിജ്ഞാനം, മംഗളം, പരമാനുഭൂതി, ഉപദേശം എന്നിവയാണ് കാവ്യപ്രയോജനമായി മമ്മടന്‍ ഗണിക്കുന്നത്.
”കാവ്യം യശസേളര്‍ത്ഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ പര നിര്‍വൃതയേ
കാന്താസമ്മിതതയോപദേശയുജേ”

എന്ന് ‘കാവ്യപ്രകാശ’ത്തില്‍ ആചാര്യന്‍ കാരിക ചമയ്ക്കുന്നു.

 ഹിതോപദേശവും വിശ്രാന്തിയും നാട്യഫലമായെണ്ണുന്ന ഭരതന്റെ വീക്ഷണം ഇവിടെ സ്മരണീയമാണ്. ഭാമഹനും ദണ്ഡിയും വാമനനും ആനന്ദവര്‍ദ്ധനനും കുന്തകനും വിശ്വനാഥനും രുദ്രടനും മഹിമഭട്ടനും കാവ്യഫലത്തെ അന്വേഷിച്ച് വിവിധ സിദ്ധാന്തരാശിക്ക് ജന്മം നല്‍കിയവരാണ്. സഹൃദയഹൃദയപ്രീതിയാണ് കാവ്യപ്രയോജനമായി ആനന്ദവര്‍ദ്ധനന്‍ രേഖപ്പെടുത്തുന്നത്.


”ധര്‍മ്മാര്‍ത്ഥ കാമ മോക്ഷേഷു
വൈചക്ഷണ്യം കലാസുച
പ്രീതിം കരോതി കീര്‍ത്തിം ച
സാധു കാവ്യ നിബന്ധനം”


വാഗീശ്വരിയുടെ സാഫല്യമായി കവിതയെ ദര്‍ശിക്കുന്ന ഭാമഹന്‍ ധര്‍മാര്‍ത്ഥകാമമോക്ഷമായ പുരുഷാര്‍ത്ഥത്തിലും കലയിലും വിചക്ഷണതയരുളുകയാണ് കാവ്യധര്‍മമെന്ന് ‘കാവ്യാലങ്കാര’ത്തില്‍ കണ്ടെത്തുന്നു.

കവിത ലോകപ്രകാശമെന്നെണ്ണുന്ന ദണ്ഡി സര്‍വകാലത്തെയും സമന്വയിപ്പിക്കുകയാണ് കാവ്യപ്രയോജനമായി കരുതുന്നത്. ചരിത്രസങ്കല്‍പ വീക്ഷണങ്ങള്‍ക്ക് അനശ്വരത പകരുകയാണ് കവിതയെന്ന് ആചാര്യന്‍ പറയുന്നു. സത്കാവ്യം പ്രീതിക്കും കീര്‍ത്തിക്കും കാരണമാവുക നിമിത്തം ദൃഷ്ടാര്‍ത്ഥവും അദൃഷ്ടാര്‍ത്ഥവുമാണെന്ന് വാമനന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. കുന്തകനും വിശ്വനാഥനും പുരുഷാര്‍ത്ഥംതന്നെയാണ് കാവ്യപ്രയോജനമെന്ന് നിസ്സംശയം രേഖപ്പെടുത്തുകയായിരുന്നു. വിധിനിഷേധങ്ങളുടെ ബോധപ്രകാശനമാണ് കാവ്യപ്രയോജനമെന്ന് ചൂണ്ടിക്കാട്ടുന്ന മഹിമഭട്ടനും, കവി അര്‍ത്ഥവും അനര്‍ത്ഥോപശമവും കാവ്യത്തിലൂടെ നേടുന്നുവെന്ന് വീക്ഷിക്കുന്ന രുദ്രടനും കാവ്യാത്മാവിന്റെ സാംസ്‌കാരിക പ്രകാശത്തെ സ്പര്‍ശിക്കാതെ പോകുന്നു. ആഹ്ലാദവും ഗുരുരാജദേവതാ പ്രസാദവും കാവ്യത്തിന്റെ ഉപലബ്ധിയായി ജഗന്നാഥാചാര്യന്‍ സൂചിപ്പിക്കുന്നുണ്ട്. മനസ്സിന്റെ സംസ്‌കാര പ്രതിഷ്ഠയാണ് കാവ്യപ്രയോജനമെന്ന് വാല്മീകി രാമായണ കാവ്യത്തിലൂടെ സിദ്ധാന്തിക്കുകയാണ്. രാമായണ കാവ്യം ലവകുശന്മാര്‍ വായിച്ചുകേട്ടാണ് രാമന്‍ സ്വയം പൂര്‍ണമനുഷ്യനിലേക്കുയരുന്നത്. നൈമിശാരണ്യത്തിലെ അശ്വമേധരംഗം ധ്വന്യാത്മകമായി ഈ സത്യം അനശ്വരതയില്‍ അടയാളപ്പെടുത്തുന്നു.

സാഹിത്യത്തിന്റെ മാനവിക പ്രഭവത്തെയും സാംസ്‌കാരിക മൂല്യസങ്കല്‍പ്പത്തെയും കാലാതീതമായി സിദ്ധാന്തിക്കുകയായിരുന്നു ഭാരതീയ കാവ്യമീമാംസകന്മാര്‍. ധൈഷണിക പ്രഭാവത്തോടെ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യശാസ്ത്രത്തെ സൂക്ഷ്മനിര്‍ണയം ചെയ്യുകയായിരുന്നു ആചാര്യന്മാര്‍. രസം, ധ്വനി, വക്രോക്തി, അനുമാനം, ഔചിത്യം, രീതി, അലങ്കാരം എന്നീ സിദ്ധാന്ത മാര്‍ഗ്ഗം വിരചിക്കുകയായിരുന്നു



ജന്മഭൂമി
ഡോ.കൂമുള്ളി ശിവരാമന്‍

No comments:

Post a Comment