ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 31, 2016

ഗായത്രി മന്ത്രം

ഗായത്രീമന്ത്ര ശക്തിയും സിദ്ധിയും - 3

ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിലും ഓരോ വാക്കിലും ഉപവിഷ്ടസ്ഥാനത്തും ഗൂഢരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ഉപദേശങ്ങള്‍ ഒളിഞ്ഞിരിപ്പുള്ളതായി പണ്ഡിതന്മാര്‍ പറയുന്നു.

”മഹാമന്ത്രസ്യ ചാപസ്യ
സ്ഥാനേ സ്ഥാനേ പദേപദേ
ഗൂഢോ രഹസ്യഗര്‍ഭോ-
നന്തോപദേശ സമുച്ചയഃ”

ഗായത്രീഭാഷ്യകാരനായ ശ്രീശങ്കരാചാര്യരുടെ ഗായത്രീ സ്തുതി ഇങ്ങനെയാണ്:


”ഗായത്രൈ്യ ജഗതാം മാത്രേ
വേദമാത്രേ നമോ നമഃ
യസ്യാസ്തത്ത്വാനു സന്ധാനാത്
കൈവല്യം ലഭതേനരഃ
സച്ചിദാനന്ദസദന-
മനര്‍ത്ഥപരിഭര്‍ജനം
ധിയാം പ്രചോദനം ധ്യായാ-
മ്യാത്മാനം ബ്രഹ്മപാവനം”

ഗായത്രികൊണ്ട് സൂര്യോപാസനയും സര്‍വദേവോപാസനയും പരമാത്മാവിന്റെതന്നെ ഉപാസനയുമാണ് ചെയ്യുന്നത്.


”ഗായത്രീ വേദജനനീ
ഗായത്രീ പാപനാശിനീ
ഗായത്ര്യാസ്തുപരം നാസ്തി
ദിവി ചേഹ ച പാവനം”

എന്നിങ്ങനെ യാജ്ഞവല്ക്യ മുനി ഗായത്രീമന്ത്രത്തിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കുന്നു.

മനുസ്മൃതി പറയുന്നത്


”ത്രിഭ്യ ഏവതുവേദേഭ്യഃ
പാദം പാദമദൂദുഹത്
തദിത്യ ഋചോളസ്യഃ സാവിത്ര്യാഃ
പരമേഷ്ഠീ പ്രജാപതിഃ”

(പരമേഷ്ഠിയായ പ്രജാപതി ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയാല്‍ ഗായത്രിയുടെ മൂന്നുപാദങ്ങളെ ദോഹനം ചെയ്തു. ഗോവില്‍നിന്ന് ലഭിക്കുന്ന ദുഗ്ദ്ധം ഗോവിന്റെ സാരമാണ്. അതുപോലെ ശ്രുതിയാകുന്ന ഗോവില്‍നിന്ന് ഗായത്രിയെന്ന ശുദ്ധമായ ദുഗ്ദ്ധം കറന്നെടുത്തു. ഇത് വേദങ്ങളുടെ സാരമാണ്).


”സര്‍വേഷാം വേദാനാം 
ഗുഹ്യോപനിഷത്
സാരഭൂതാം തതോ 
ഗായത്രീം ജപേത്”

എന്ന് ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു.
(ഗായത്രി സര്‍വവേദങ്ങളുടേയും ഉപനിഷത്തുകളുടെയും സാരമാണ്. അതിനാല്‍ ഗായത്രീ മന്ത്രം നിത്യവും ജപിക്കണം)


”സര്‍വവേദസാരഭൂതാ ഗായ-
ത്ര്യാസ്തു സമര്‍ച്ചന
ബ്രഹ്മാദയോപി സന്ധ്യായാം തം-
ധ്യായന്തി ജപന്തിച”

എന്ന് ദേവീ ഭാഗവതത്തില്‍ കാണുന്നു.
(ഗായത്രി മന്ത്രം സമസ്തവേദങ്ങളുടെയും സാരാംശമാണ്. ബ്രഹ്മാവുമുതലുള്ള ദേവതകള്‍ പോലും സന്ധ്യാവേളയില്‍ ഗായത്രീ മന്ത്രോപാസന ചെയ്യുന്നു).


”സര്‍വവേദോദ്ഖൃതഃ സാരോ
മന്ത്രോയം സമുദാഹൃത
ബ്രഹ്മദേവാദി ഗായത്രീ-
പരമാത്മാ സമീരിതഃ”
(ഗായത്രീ മന്ത്രം)

(എല്ലാ വേദങ്ങളുടെയും സത്തയും സാരാംശവുമാണ് ഗായത്രി. ബ്രഹ്മാദി ദേവകളെങ്ങനെയോ അതുപോലെയാണ് പരമാത്മ സ്വരൂപയായ ഗായത്രി).

”ഏതദക്ഷരമേതാം ച
ജപന്‍ വ്യാഹൃതി പൂര്‍വകം
സന്ധ്യയോര്‍വ്വേദവിദ്വിപ്രോ
വേദപുണ്യേന യുജ്യതേ”

ഓങ്കാരത്തേയും വ്യാഹൃതി സഹിതമായ ഗായത്രിയെയും പ്രാതഃകാല സായംകാല സന്ധ്യകളില്‍ ജപിക്കുന്നതുകൊണ്ടുമാത്രം സര്‍വവേദങ്ങളും അധ്യയനം ചെയ്ത ഫലം ലഭിക്കും.


”ഗീതാ ഗംഗാ ച ഗായത്രീ
ഗോവിന്ദേതി ഹൃദിസ്ഥിതേ
ചതുര്‍ഗഗാര സംയുക്തേ
പുനര്‍ജന്മ നവിദ്യതേ”

ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും ആരുടെ ഹൃദയത്തിലാണോ സ്ഥിതി ചെയ്യുന്നത് അവര്‍ക്ക് ജനനമരണാദികളെ ഭയപ്പെടേണ്ടതില്ല.

ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നുചേര്‍ന്നതാണ് ഗായത്രീമന്ത്രമെന്ന് കാശീഖണ്ഡത്തില്‍ പറയുന്നു. ഗായത്രി സാക്ഷാല്‍ പരബ്രഹ്മം തന്നെയെന്ന് വേദവ്യാസന്‍. സര്‍വലോകങ്ങളെയും പവിത്രമാക്കുന്ന മന്ത്രമാണ് ഗായത്രി. ലോകജനനിയും ലോകപാവനിയുമായ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായ മന്ത്രമില്ല എന്നു കൂര്‍മപുരാണത്തില്‍ പറയുന്നു.

പ്രാതഃകാലത്തില്‍ ഗായത്രിയായും മധ്യാഹ്നത്തില്‍ സാവിത്രിയായും സായാഹ്നത്തില്‍ സരസ്വതിയായും സ്ഥിതിചെയ്യുന്ന ദേവിയാണ് സാവിത്രി. ജപകര്‍ത്താവിനെ രക്ഷിക്കുന്നതിനാല്‍ ഗായത്രിയെന്നും സവിതുര്‍ദ്യോതകമായതിനാല്‍ സാവിത്രിയെന്നും വാണീസ്വരൂപയായതിനാല്‍ സരസ്വതിയെന്നും പറയുന്നതായി ഛാന്ദോഗ്യോപനിഷത്തിലുണ്ട്. ഗായത്ര്യുപാസനയിലൂടെ ബ്രഹ്മപദപ്രാപ്തി ഉണ്ടാകുമെന്നു ബൃഹദാരണ്യകോപനിഷത്തില്‍ കാണുന്നു.

സര്‍വപാപവിമോചിനിയായ ഗായത്രീ മന്ത്രത്തെ പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും സാധകം ചെയ്യുന്നവരുടെ പൂര്‍വപാപവും പരപാപവും നശിക്കും. പത്തുപ്രാവശ്യത്തെ ജപംകൊണ്ട് രാവും പകലും ചെയ്ത ചെറിയ പാപങ്ങള്‍ ഇല്ലാതാകും. ഗായത്രി നൂറുരു ജപിച്ചാല്‍ അനേകപാപങ്ങള്‍ ശരിക്കും. സഹസ്രജപത്തിലൂടെ മഹാപാതകവും ഇല്ലാതാകും.

ജലത്തില്‍ മുങ്ങി മൂന്നുതവണ ഗായത്രി ജപിച്ചാല്‍ സര്‍വപാപമുക്തിയാണ് ഫലമെന്ന് ഗായത്രീ കല്‍പ്പത്തില്‍ പറയുന്നു. സര്‍വ ദുഃഖനിവാരണിയും സുധാമയിയും മോക്ഷദായിനിയും സത്യജ്ഞാനസ്വരൂപിണിയുമായ സാവിത്രീരൂപയായ ഗായത്രി. ഭാരതീയ ധര്‍മത്തിന്റെ മൂലമന്ത്രമായി ഗായത്രി വാഴ്ത്തപ്പെടുന്നു. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സല്‍ബുദ്ധിയുടെ സദാചാരത്തിന്റെ, ത്യാഗത്തിന്റെ, ശാന്തിയുടെ, നന്മയുടെ, ഐക്യത്തിന്റെ പ്രതീകങ്ങളാണ് ഗായത്രീമന്ത്രാക്ഷരങ്ങള്‍. സഹസ്രാബ്ദങ്ങളായി വരേണ്യയായ ഗായത്രിയുടെ ഭര്‍ഗതേജസ് ഭാരതത്തിന്റെ ഹൃദയധമനികളെ പവിത്രമാക്കിക്കൊണ്ട് അതിന്റെ തീര്‍ത്ഥയാത്ര തുടരുന്നു.

No comments:

Post a Comment