ദേവാ വിഷ്ണുവച: ശ്രുത്വാ സര്‍വ്വേ പ്രമുദിതാസ്തദാ
ദദുശ്ച ഭൂഷണാന്യാശു വസ്ത്രാണി സ്വായുധാനി ച
ക്ഷീരോദശ്ചാംബരേ ദിവ്യേ രക്തേ സൂക്ഷ്മേ തഥാ f ജരേ
നിര്‍മലം ച തഥാ ഹാരം പ്രീതസ്തസ്യൈ സുമണ്ഡിതം
വ്യാസന്‍ തുടര്‍ന്നു: വിഷ്ണുവിന്‍റെ നിദ്ദേശപ്രകാരം ദേവന്മാര്‍ അവള്‍ക്ക് ആയുധങ്ങളും കമനീയമായ ഉടയാടകളും ആഭരണങ്ങളും നല്‍കി. പാല്‍ക്കടല്‍ നല്‍കിയത് ചുവന്ന രണ്ടു പട്ടുവസ്ത്രങ്ങളും മുത്തുമാലയും ആയിരുന്നു. വിശ്വകര്‍മ്മാവ് അവള്‍ക്ക് നല്‍കിയത് സൂര്യനെപ്പോലെ ഉജ്ജ്വലപ്രഭയുള്ള ഒരു ചൂഡാമണിയും കൈവളകളും തോള്‍ വളയും ആയിരുന്നു. കാലിലണിയാന്‍ രത്നഖചിതമായ പാദസരങ്ങളും തിളക്കമേറിയ രത്നമോതിരങ്ങളും മാലകളുമെല്ലാം അദ്ദേഹം അവള്‍ക്കു സന്തോഷത്തോടെ നല്‍കുകയുണ്ടായി. വരുണന്റെ സമ്മാനം എന്നും നറുമണം പരത്തുന്ന ഒരിക്കലും വാടാത്ത ഒരു പൂമാലയായിരുന്നു. വണ്ടുകള്‍ ആ പൂമാലയ്ക്ക് ചുറ്റും മൂളിപ്പറന്നു. ഹിമവാന്‍ അവള്‍ക്ക് നല്‍കിയത് അനേകതരം രത്നങ്ങളും സഞ്ചരിക്കാന്‍ സിംഹവാഹനവുമായിരുന്നു. ദിവ്യാഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ ദേവി സിംഹാസനത്തില്‍ ഇരുന്ന് സര്‍വ്വമംഗളയായി പ്രശോഭിച്ചു.
അസുരനിഗ്രഹത്തിനു വേണ്ടി ഭഗവാന്‍ ഹരി തന്റെ ചക്രത്തില്‍ നിന്നൊരംശം ദേവിക്ക് നല്‍കി. ശങ്കരന്‍ ഭയനാശകവും ശത്രുസംഹാരകവുമായ തന്‍റെ ശൂലത്തില്‍ നിന്നൊരംശം നല്‍കി. വരുണന്‍ തന്റെ ശുഭനാദം പൊഴിക്കുന്ന ശംഖുകളില്‍ ഒന്ന് ദേവിക്ക് നല്‍കി. അഗ്നിഭഗവാന്‍ നല്‍കിയത് ശതഘ്നി എന്ന് പേരായ വേലാണ്. അതിബലവത്തായ, മേഘനാദം മുഴക്കുന്നൊരു വില്ലും ഒരിക്കലുമൊഴിയാത്തൊരാവനാഴിയും വായുദേവന്‍ നല്‍കി. ദേവേന്ദ്രന്‍ തന്റെ വജ്രായുധത്തില്‍ നിന്നും പണിതെടുത്ത മറ്റൊരു വജ്രായുധം കൂടാതെ തന്റെ ആനയായ ഐരാവതത്തിന്റെ കണ്ഠമണികളില്‍ നിന്നും ഉത്തമ നാദമുയിര്‍ക്കുന്ന മണിയൊരെണ്ണവും ദേവിക്ക് നല്‍കി. യമരാജന്‍ ഒരു കാലദണ്ഡാണു നല്‍കിയത്. ബ്രഹ്മാവ് ഗംഗാജലം നിറച്ചൊരു കമണ്ഡലുവും വരുണന്‍ ഒരു കയറും നല്‍കി. കാലന്‍ അവള്‍ക്ക് വാളും പരിചയും നല്‍കി. വിശ്വകര്‍മ്മാവ് നല്ലൊരു മഴുവും കൌമോദകി എന്നൊരു ഗദയും നല്‍കി. കുബേരന്‍ നല്‍കിയത് ഒരു സ്വര്‍ണ്ണപ്പാത്രം. വരുണന്‍ ഒരു താമരപ്പൂവു നല്‍കി. വിശ്വകര്‍മ്മാവ് വീണ്ടും അതിരമ്യങ്ങളായ നാനാതരം വസ്ത്രങ്ങളും പടച്ചട്ടയും മറ്റും നല്‍കി. സൂര്യന്‍റെ പ്രഭ അവള്‍ക്ക് ചുറ്റും ഒരു ദിവ്യവലയമുണ്ടാക്കി. ഇങ്ങിനെ പ്രഭാപൂരിതയായി സര്‍വ്വാലങ്കാരവിഭൂഷിതയായി കൈകളില്‍ ആയുധങ്ങളേന്തി ത്രിലോകസൌന്ദര്യമെല്ലാം ഒത്തുചേര്‍ന്ന ചൈതന്യവതിയായ ദേവിയെ, ആ മോഹനാംഗിയെ ദേവവൃന്ദം സ്തുതിച്ചു.
ദേവസ്തുതി: കല്യാണിയും ശിവയും ശാന്തിയും പുഷ്ടിയും നിത്യമംഗളയും ആയി വിളങ്ങുന്ന രുദ്രാണിയായ ദേവിയെ ഞങ്ങള്‍ നമസ്കരിക്കുന്നു. കാളരാത്രിയും, ഇന്ദ്രാണിയും അംബയും സിദ്ധി, ബുദ്ധി, വൃദ്ധി സ്വരൂപയും ആയ വൈഷ്ണവിയെ ഞങ്ങളിതാ കുമ്പിടുന്നു. വിശ്വത്തിന്‍റെ നിയന്താവും വിശ്വത്തില്‍ നിവസിക്കുന്നവളുമായ അവടുത്തെ അറിയാന്‍ വിശ്വവാസികള്‍ക്ക് കഴിയുന്നില്ല. മായയുടെ ഉള്ളില്‍ത്തന്നെ നിലകൊള്ളുമ്പോഴും അതേ മായയാല്‍ത്തന്നെ അവിടുന്നു മറ്റുള്ളവര്‍ക്ക് ദുര്‍ഭാവ്യയാണ്. അജയും കര്‍മ്മങ്ങള്‍ക്ക് പ്രേരകയും ആയി നിലകൊള്ളുന്ന ദേവിക്ക് ഞങ്ങളുടെ നമസ്കാരം. ശത്രുപീഡയാല്‍ വലയുന്ന ഞങ്ങളെ അവിടുന്നു തന്നെ തുണയ്ക്കണം. ദുഷ്ടനായ മഹിഷാസുരനെ അവിടുത്തെ തേജസ്സിനാല്‍ സമൂലം ഇല്ലാതാക്കണം. ദേവന്മാര്‍ക്ക് അവിടുന്നല്ലാതെ ആരും അഭയമായിട്ടില്ല. ഞങ്ങള്‍ക്ക് മംഗളമരുളിയാലും. സകല ദേവന്മാര്‍ക്കും ദുഖമുണ്ടാക്കുന്നവനും നാനാരൂപം ധരിച്ചു പീഡിപ്പിക്കുന്നവനുമായ ആ ദുഷ്ടനെ വധിച്ചു ഞങ്ങളെ രക്ഷിക്കണം.
ദേവന്മാരുടെ സ്തുതി കേട്ട് സുപ്രസന്നയായ ദേവി പറഞ്ഞു: ‘ആ മന്ദബുദ്ധിയെപ്പറ്റിയോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. അവനെ മോഹവലയത്തിലാഴ്ത്തി വധിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു’. എന്നിട്ട് നന്നായി ഉറക്കെ ചിരിച്ചുകൊണ്ട് ഇങ്ങിനെ മൊഴിഞ്ഞു: ‘ഈ ലോകം മുഴുവനും ഭ്രമമോഹത്താല്‍ വലയുന്നു. ത്രിമൂര്‍ത്തികള്‍ പോലും അവനെക്കുറിച്ചുള്ള ഭീതികൊണ്ട് ഉള്‍ക്കിടിലത്തോടെയല്ലേ കഴിയുന്നത്? സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കഴിവുള്ള ഈ മൂന്നു പേരും മഹിഷന്‍റെ ദ്രോഹത്തെ ഭയന്ന് മോഹിച്ചു കഴിയുന്നു. വിധിയെ തടുക്കുക ദുഷ്കരമാണ്. എല്ലാ സുഖദുഖങ്ങള്‍ക്കും ഹേതു കാലം ഒന്നുമാത്രമാണ്.’ ഇങ്ങിനെ പറഞ്ഞ് ദേവിയൊന്നു പൊട്ടിച്ചിരിച്ചു. അസുരന്മാര്‍ ആ ചിരികേട്ട് ഭയന്ന് വിറച്ചു. ഭൂമിയൊന്നു കുലുങ്ങി. സമുദ്രവും പര്‍വ്വതങ്ങളും ഇളകി. നാലുദിക്കും ആ ചിരിയൊച്ച മാറ്റൊലിക്കൊണ്ടു. മേരുപര്‍വ്വതം വിറച്ചു. ദാനവന്മാര്‍ ഭയചകിതരായി. ദേവന്മാര്‍ ഭഗവതിയെ ‘അമ്മേ ശരണം, അമ്മേ, വിജയിക്ക’ എന്നിങ്ങിനെ ആര്‍ത്തുവിളിക്കെ മഹിഷന്‍ തന്റെ കൊട്ടാരത്തിലിരുന്ന് അതുകേട്ട് ക്രുദ്ധനായി.
മഹിഷന്‍ പുതിയൊരാരവം ഉണ്ടാവാന്‍ കാരണമെന്തെന്ന് ദൂതരെ വിട്ട് അന്വേഷിച്ചു. ‘ഈ കര്‍ണ്ണഭേദ്യമായ നാദം മുഴക്കാന്‍ കഴിവുള്ളയാള്‍ ദേവനോ അസുരനോ? ആരാണെങ്കിലും ഇക്ഷണം എന്റെ മുന്നില്‍ അവനെ കൊണ്ടുവരിക’ എന്നയാള്‍ ആജ്ഞാപിച്ചു. ‘അങ്ങിനെ അലറുന്നവന്‍റെ ആയുസ്സ് ഇപ്പോള്‍ തീരും’ എന്നവന്‍ ഊറ്റം കൊണ്ടു. ‘അത് തോറ്റമ്പി ഓടിപ്പോയ ദേവന്മാര്‍ ആവാന്‍ വഴിയില്ല., അവര്‍ക്കിത്ര ഹുങ്കുണ്ടാവില്ല. അസുരന്മാരാണെങ്കില്‍ അവര്‍ എന്‍റെ പക്ഷവുമാണ്. അപ്പോള്‍ ആരാണീ ഹുങ്കാരത്തിന്‍റെ ഉടമ? ഏതായാലും അവന്‍റെ ആയുസ്സറ്റു എന്ന് നിശ്ചയം.’
വ്യാസന്‍ പറഞ്ഞു: ‘മഹിഷ ദൂതന്മാര്‍ പോയിക്കണ്ടത് സര്‍വ്വാംഗ സുന്ദരിയായ ദേവിയെയാണ്. പതിനെട്ടു കൈകളിലും ആയുധങ്ങള്‍ പ്രശോഭിക്കുന്നു. ആ ദിവ്യവനിത അനിതരസാധാരണമായ മട്ടില്‍ ഇടയ്ക്കിടയ്ക്ക് സുരപാനം ചെയ്യുന്നുണ്ട്. സര്‍വ്വലക്ഷണ സംയുക്തയും സര്‍വ്വാഭരണവിഭൂഷിതയും ആയ ദേവിയെക്കണ്ട് ഭയചകിതയായ ദൂതന്മാര്‍ മഹിഷനെ വിവരമറിയിച്ചു. ‘പ്രഭോ ആ ശബ്ദം മുഴക്കിയത് ഒരു സ്ത്രീയാണ്. ആ ദിവ്യനാരിയെ ഞങ്ങള്‍ കണ്ടു. ദേഹം മുഴുവന്‍ നാനാവിധങ്ങളായ ആഭരണങ്ങളും കൈകളില്‍ ആയുധങ്ങളും അലങ്കരിക്കുന്ന അവള്‍ മനുഷ്യസ്ത്രീയല്ല. ദാനവനാരിയുമല്ല. പതിനെട്ടു ബാഹുക്കള്‍. സിംഹത്തിനു പുറത്താണ് ഇരിക്കുന്നത്. ഇടയ്ക്ക് കുടിക്കുന്നത് മധുവാണ്. അവള്‍ക്ക് ഭര്‍ത്താവായി ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഉത്തമഗര്‍വ്വത്തില്‍ അവളാണ് ദിഗന്തം മുഴങ്ങുമാറ് ഗര്‍ജ്ജിക്കുന്നത്. ആ ദേവിയുടെ ലക്ഷ്യം അറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഉരിയാടാന്‍ പോയിട്ട് അങ്ങോട്ട് സൂക്ഷിച്ചു നോക്കാന്‍പോലും ഞങ്ങള്‍ അശക്തരായിപ്പോയി. ശൃംഗാരാദി രസങ്ങളും രൌദ്രഭാവങ്ങളും മാറി മാറി വെട്ടുന്ന ആ മുഖം നോക്കാന്‍ ഞങ്ങള്‍ അശക്തരായിപ്പോയി. എന്നാല്‍ ‘ദേവീ രക്ഷിക്കണേ എന്നവളെ വിളിച്ചു ദേവന്മാര്‍ സ്തുതിക്കുന്നത് ഞങ്ങള്‍ കേട്ടു. ഇനി ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് അങ്ങ് ആജ്ഞാപിച്ചാലും.'
മഹിഷന്‍ പറഞ്ഞു: 'മന്ത്രിസത്തമാ, അങ്ങ് സൈന്യവുമായി പോയി അവളെ ചെന്ന് കണ്ട് സാമദാനഭേദങ്ങളായ ഉപായങ്ങള്‍ കൊണ്ട് അനുനയിപ്പിച്ച് ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക. ഇനി ഈ മൂന്നുപായങ്ങളും നടന്നില്ലെങ്കില്‍ അവളെ കൊല്ലാതെ പിടിച്ചു കെട്ടിക്കൊണ്ടു വരിക. മര്യാദയ്ക്ക് നില്‍ക്കുന്നവള്‍ ആണെങ്കില്‍ ഞാനവളെഎന്‍റെ രാജ്ഞിയാക്കാം എന്ന് കരുതുന്നു. ഇവരുടെ വിവരണം കേട്ടിട്ട് അവളുടെ രൂപസൌകുമാര്യത്തില്‍ ഞാനല്‍പ്പം മോഹിതനായി എന്ന് സമ്മതിക്കുന്നു. അതുകൊണ്ട് രസഭംഗം ഇല്ലാതെയിരിക്കാന്‍ അവളെ പെട്ടെന്ന് തന്നെ അനുനയിപ്പിച്ചു കൂട്ടി കൊണ്ട് വരിക.
മന്ത്രിമുഖ്യന്‍ ചതുരംഗപ്പടയോടുകൂടി ദേവീ സവിധത്തിലെത്തി. അവളുടെ മുന്നില്‍ വിനയാന്വിതനായി കുറച്ചൊന്നു ദൂരെ നിന്ന് മാധുര്യസ്വരത്തില്‍ ഇങ്ങിനെ സംസാരിച്ചു: ‘തേന്മൊഴിയായ നീ ആരാണ്? ഇവിടെ വന്നു നില്‍ക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും പറയൂ. എന്‍റെ രാജാവ് ബ്രഹ്മാവിന്‍റെ വരം ലഭിച്ചതിനാല്‍ അവധ്യനായ ഒരു മഹാനാണ്. അദ്ദേഹമാണ് നിന്‍റെ ശബ്ദം കേട്ട് ആകൃഷ്ടനായി എന്നെ ദൂതുമായി നിന്‍റെയടുത്തെയ്ക്ക് അയച്ചത്. ആ വീരന്‍ ദേവന്മാരെ യുദ്ധം ചെയ്ത് തോല്‍പ്പിച്ചു. അദ്ദേഹം മഹാമായാവിയാണ്. ഇഷ്ടമുള്ള രൂപം ധരിക്കാന്‍ കഴിവുള്ള അദ്ദേഹം അജയ്യനാണ്. മനോഹരിയായ നീ ഇവിടെയുണ്ടെന്നു കേള്‍ക്കയാല്‍ അവനില്‍ നിന്നെ കാണാനുള്ള കൊതിയുണര്‍ന്നിരിക്കുന്നു. നിന്നെ കാണാന്‍ മനുഷ്യരൂപം ധരിക്കാന്‍ പോലും അദ്ദേഹം തയ്യാറാണ്. നിന്റെ ഹിതം ഞങ്ങള്‍ക്ക് സമ്മതം. എന്നാല്‍ നമുക്കങ്ങോട്ടു പുറപ്പെട്ടാലോ? അല്ലെങ്കില്‍ ഞാന്‍ പ്രേമലോലുപനായ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാം. നിന്‍റെ രൂപസൌന്ദര്യത്തെ വര്‍ണ്ണിച്ചു കേട്ടതുമുതല്‍ അദ്ദേഹം ആകാംഷാഭരിതനാണ്. പറയൂ സുന്ദരീ, എന്താണ് നിനക്ക് ഹിതം? ഞങ്ങള്‍ നീ പറയുന്നതുപോലെ കേള്‍ക്കാം’
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment