ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 21, 2016

നാരദന്റെ വ്രതകഥനം - ശ്രീമദ്‌ ദേവീഭാഗവതം. 3.30. - ദിവസം 67.




ഏവം തം സംവിദം കൃത്വാ യാവത്തുഷ്ണീം ബഭുവതു:
ആജഗാമ തടാകാശാന്നാരദോ ഭാഗവാന്നൃഷി:
ഗണയന്‍ മഹതിം വീണാം സ്വരഗ്രാമ വിഭൂഷിതാം
ഗായന്‍ ബൃഹദ്രഥം സാമ തദാ തമുപസ്ഥിവാന്‍  



വ്യാസന്‍ തുടര്‍ന്നു: രാമലക്ഷ്മണന്മാര്‍ ഇങ്ങിനെ സംസാരിച്ചു നില്‍ക്കവേ ആകാശത്തുനിന്നും നാരദന്‍ വന്നിറങ്ങി. തന്റെ വീണയായ മഹതിയില്‍ അതി സുന്ദരമായ ഗാനവും ആലപിച്ചാണ് അദ്ദേഹത്തിന്‍റെ ആഗമനം. മുനിയെക്കണ്ടപ്പോള്‍ ജ്യേഷ്ഠാനുജന്മാര്‍ അദ്ദേഹത്തെ അര്‍ഘ്യം നല്‍കി ആദരിച്ചു. ശ്രീരാമനോട് തന്റെ അരികില്‍ ഇരിക്കാന്‍ മുനി പറയുന്നതുവരെ അദ്ദേഹം കൈകൂപ്പി കാത്തു നിന്നു. മുനി രാമനോട് കുശലം ചോദിച്ചിട്ട് ഇങ്ങിനെ പറഞ്ഞു:. ‘സാധാരണക്കാരെപ്പോലെ എന്തുകൊണ്ടാണ് നീ ശോകാകുലനായി വര്‍ത്തിക്കുന്നത്? സീതയെ രാവണന്‍ ബലം പ്രയോഗിച്ചു കൊണ്ടുപോയ വൃത്താന്തം ഞാനും അറിഞ്ഞു. ആ ദശാനനന്‍ സ്വന്തം നാശത്തിലേയ്ക്കാണ് പതിച്ചത് എന്നറിയുന്നില്ലല്ലോ! രാമാ, നിന്റെ അവതാരോദ്ദേശം തന്നെ ആ പൌലസ്ത്യനെ വധിക്കുക എന്നതാണ്. സീതാപഹരണം അതിനൊരു കാരണമായി എന്നേയുള്ളു. വൈദേഹിയുടെ പൂര്‍വ്വവൃത്താന്തം കേള്‍ക്കൂ. ഒരിക്കല്‍ തപസ്സിലേര്‍പ്പെട്ടിരുന്ന ഒരു ഋഷികന്യകയെക്കണ്ട് മോഹിച്ച രാവണന്‍ അവളോട് തന്റെ ഭാര്യയാവണം എന്നഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവള്‍ അതിനു വശംവദയായില്ല ക്രോധത്തോടെ രാവണന്‍ അവളുടെ മുടിയില്‍ കടന്നു പിടിച്ചു. അന്യപുരുഷന്‍ തൊട്ട് ദേഹം അശുദ്ധമായതിനാല്‍ അവള്‍ അതിനെ ത്യജിക്കാന്‍ തീരുമാനിച്ചു. അതിനു മുന്‍പ് രാവണനെ ശപിക്കുകയും ചെയ്തു. ‘നിന്നെ വധിക്കാനായി ഞാന്‍ അയോനിജയായി ഈ മണ്ണില്‍ത്തന്നെ ഇനിയും പിറക്കും.’ സാക്ഷാല്‍ രമയുടെ അംശമായ സീതയെ രാവണന്‍ കട്ടത്, പൂമാലയെന്നു വിചാരിച്ചു സര്‍പ്പത്തെ കഴുത്തിലിട്ടതുപോലെയായി. വംശം മുടിക്കാന്‍ ഈയൊരു കര്‍മ്മം മതി. ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടാണല്ലോ അസുരനിഗ്രഹത്തിനായി അങ്ങ് ഈ ജന്മമെടുത്തിരിക്കുന്നത്. ധൈര്യമായിരിക്കൂ. സീത ലങ്കയില്‍ നിന്നെ സദാ മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ വിവശയെങ്കിലും പരിശുദ്ധയായി കഴിയുന്നു. ആ ദേവിക്ക് യാതൊരാപത്തും ഉണ്ടാവുകയില്ല. ഇന്ദ്രന്‍ കാമധേനുവിന്റെ പാല്‍ സീതയ്ക്കായി എത്തിച്ചു. അമൃതുപോലുള്ള ആ പാല്‍ അത് കുടിച്ചു ക്ഷുത്തടങ്ങിയ ദേവിയെ ഞാന്‍ ആകാശമാര്‍ഗ്ഗേ പോവുമ്പോള്‍  കണ്ടിരുന്നു.



ഇനി ആ ദുഷ്ട രാവണനെ വധിക്കാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം. അങ്ങ് തുലാമാസത്തില്‍ ശ്രദ്ധാപൂര്‍വ്വം ഒരു വ്രതമനുഷ്ഠിക്കണം. നവരാത്രോപവാസം, ദേവീ പൂജ എന്നിവ ജപഹോമങ്ങളോടെ അനുഷ്ഠിച്ച് സര്‍വ്വ സിദ്ധികളും സ്വായത്തമാക്കാം. ആ ചണ്ഡികാദേവിയ്ക്കായി ശുദ്ധമൃഗങ്ങളെ മന്ത്രപൂര്‍വ്വം ബലിയര്‍പ്പിച്ചു നിനക്കും ശക്തിയാര്‍ജ്ജിക്കാം. ത്രിമൂര്‍ത്തികളും ഇന്ദ്രനുമെല്ലാം പണ്ട് ഈ യജ്ഞം അനുഷ്ഠിച്ച് ദേവിയുടെ അനുഗ്രഹം നേടിയിട്ടുണ്ട്. സുഖിയായിരിക്കുന്നവരും ഈ യജ്ഞം അനുഷ്ഠിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ദു:ഖാകുലന് ഇത് ഒഴിച്ച് കൂടാത്തതാണ് എന്ന് നിശ്ചയം. വിശ്വാമിത്രന്‍,ഭൃഗു, കശ്യപന്‍, വസിഷ്ഠന്‍, ബൃഹസ്പതി എന്നിവര്‍പോലും ഈ വ്രതം നോക്കിയവരാണ്. അതിനാല്‍ രാവണവധാര്‍ത്ഥമായി അങ്ങും വ്രതം നോറ്റാലും. ഇന്ദ്രന്‍ വൃത്രനെ കൊന്നതും രുദ്രന്‍ ത്രിപുരാന്തകനായതും ഈ വൃതബലത്താലാണ്. വിഷ്ണു ഈ വ്രതം നോറ്റത് മേരുവില്‍ വെച്ചാണ്. അത് മധുവിനെ നിഗ്രഹിക്കാനായിരുന്നു.'



ശ്രീരാമന്‍ ചോദിച്ചു: 'ആരാണീ പൂജാര്‍ഹയായ ദേവി? അവളുടെ മാഹാത്മ്യം എന്തൊക്കെയാണ്? ആ ദേവിയുടെ രൂപം, ശക്തിവിശേഷം, മഹത്വം എല്ലാം എനിക്കറിയണമെന്നുണ്ട്. സര്‍വ്വജ്ഞനായ അവിടുന്ന് എനിക്കായി എല്ലാം വിശദമായി പറഞ്ഞു തരണം.'


നാരദന്‍ തുടര്‍ന്നു: 'നിത്യയും ശാശ്വതിയുമായ അവളാണ് ആദിശക്തി. അവളെ പൂജിക്കുന്നതുകൊണ്ട് സര്‍വ്വ കാമങ്ങളും സാധിക്കും. ബ്രഹ്മാവ്‌ മുതലുള്ള സകല ജീവജാലങ്ങള്‍ക്കും കാരണം അവളത്രേ. ആ ദേവിയുടെ പ്രാഭവമില്ലെങ്കില്‍ യാതൊന്നും അണുവിട ചലിക്കില്ല. എന്റെ പിതാവായ ബ്രഹ്മാവിന് സൃഷ്ടിശക്തി, വിഷ്ണുവിനു പരിപാലന ശക്തി, രുദ്രന് സംഹാരശക്തി, ഇവയെല്ലാം നല്‍കുന്നത് ശിവരൂപയായ ദേവിയാണ്. ബ്രഹ്മാദികളും ഭൂമിയും സൂര്യനുമൊന്നും ഇല്ലാതിരുന്ന അനാദിയില്‍ പരിപൂര്‍ണ്ണയായ പരാശക്തിയായി അവളുണ്ടായിരുന്നു. നിര്‍ഗുണാത്മികയും  മൂലപ്രകൃതിയുമായ അവള്‍ പരമപുരുഷനുമായി യുഗാദിയില്‍ വിഹരിച്ചുവന്നു. എന്നാല്‍ സഗുണയായ അവള്‍ ബ്രഹ്മാവുതൊട്ട് സകല ജീവജാലങ്ങളെയും സൃഷ്ടിച്ച് അവയ്ക്ക് ശക്തി നല്‍കി. മൂന്നു ലോകങ്ങളും സൃഷ്ടിച്ച് അവയ്ക്ക് ഉണ്മയുടെ ഭാവം നല്‍കി. ബ്രഹ്മസ്വരൂപിണിയായി ദേവിയെപ്പറ്റി അറിയുന്നതിലൂടെയാണ് സംസാരബന്ധനത്തിന്റെ കെട്ടറുക്കാന്‍ കഴിയുക, വേദാദികളുടെ കര്‍ത്താവും വേദവിഷയവും ദേവിയാണ്. ബ്രഹ്മാദികള്‍ അവള്‍ക്കായി എണ്ണമറ്റ നാമങ്ങള്‍ കല്‍പ്പിച്ചിട്ടുള്ളതില്‍ ഏതൊക്കെയാണ് ഞാനിപ്പോള്‍ പറയേണ്ടത്? ചരാചരമായി കാണപ്പെടുന്ന സകലതും അവളുടെ തന്നെ നാമരൂപങ്ങളാണ്. അകാരത്തില്‍ തുടങ്ങി ക്ഷകാരത്തില്‍ അവസാനിക്കുന്ന സ്വരവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന നാമങ്ങള്‍ എല്ലാം അവളുടേതാണ്. അതെല്ലാം ആര്‍ക്കും എണ്ണി തിട്ടപ്പെടുത്താനാവില്ല.'



ശ്രീരാമന്‍ പറഞ്ഞു: 'മഹാമുനേ, ആ വ്രതം എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വിവരിച്ചു തന്നാലും. ശ്രദ്ധാപൂര്‍വ്വം ശ്രീദേവീപൂജ ചെയ്യാന്‍ ഞാന്‍ മനസാ തയ്യാറായിക്കഴിഞ്ഞു.'



നാരദന്‍ തുടര്‍ന്നു: 'ദേവിയെ നല്ലൊരു പീഢത്തില്‍ ഉപവിഷ്ടയാക്കി ഒന്‍പതു നാളുകള്‍ ഉപവസിക്കുക. ഈ കര്‍മ്മത്തിലിപ്പോള്‍ ഞാന്‍ തന്നെ ആചാര്യനാവാം. ദേവ കാര്യം സാധിക്കാനായി ഞാനും ഉത്സാഹിക്കാം.'


വ്യാസന്‍ തുടര്‍ന്നു: മുനിയുടെ വാക്ക് മാനിച്ചു രഘുവരന്‍ നല്ലൊരു പീഢമൊരുക്കി ദേവിയെ അവിടെ പ്രതിഷ്ഠിച്ചു. അശ്വിനിമാസമായപ്പോള്‍ വിധിയാം വണ്ണം അംബികയെ രാമന്‍ പൂജിച്ചു. ഉപവാസത്തോടെ വ്രതമെടുത്തു. നാരദനിര്‍ദ്ദേശപ്രകാരം ബലി, ഹോമം, അര്‍ച്ചന എന്നിവയെല്ലാം രാമലക്ഷ്മണന്മാര്‍ യഥോചിതം ചെയ്തു. അഷ്ടമിയ്ക്ക് അര്‍ദ്ധരാത്രിയില്‍ ദേവി അവര്‍ക്ക് ദര്‍ശനം നല്‍കി. സംതുഷ്ടയായ ദേവി സിംഹത്തിന്‍മേലിരുന്നു പ്രത്യക്ഷയായി.


മേഘഗംഭീര സ്വരത്തില്‍ ദേവി ഇങ്ങിനെ അരുളി:  'മഹാബാഹോ, രാമാ, നിന്റെ വ്രതത്താല്‍ ഞാന്‍ തുഷ്ടയായിരിക്കുന്നു. നിനക്ക് ആവശ്യമുള്ള വരം എന്താണെങ്കിലും ചോദിക്കാം. ശ്രേഷ്ഠവംശത്തില്‍ ജനിച്ച നീ വിഷ്ണുവിന്റെ അംശമാണ്. ഇപ്പോള്‍ രാവണനിഗ്രഹത്തിനായി ദേവന്മാരുടെ അഭ്യര്‍ത്ഥനപ്രകാരം അവതരിച്ചിരിക്കുന്നു. പണ്ട് മത്സ്യരൂപത്തില്‍ വന്ന് അസുരനെ കൊന്ന് നീ വേദങ്ങളെ വീണ്ടെടുത്തു. കൂര്‍മ്മമായി വന്ന് താഴ്ന്നുപോയ്ക്കൊണ്ടിരുന്ന മന്ദരഗിരിയെ പൊക്കി നിര്‍ത്തി. അങ്ങിനെയാണ് ദേവന്മാര്‍ക്ക് പാലാഴി കടയാന്‍ സാധിച്ചത്. ഒരു പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട്‌ ഈ ധരയെ മുഴുവന്‍ താങ്ങി നിര്‍ത്തിയതും നീയാണ്. നരസിംഹത്തിന്റെ ആകാരമെടുത്ത് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദരക്ഷചെയ്തത് നീയാണ്. പിന്നീട് ഇന്ദ്രാനുജനായ വാമനനായി അവതരിച്ച് മഹാബലിയുടെ ഗര്‍വ്വടക്കി. എന്റെയും വിഷ്ണുവിന്റെയും അംശങ്ങള്‍ ചേര്‍ന്ന ജമദഗ്നിപുത്രനായ ഭാര്‍ഗ്ഗവരാമനായി നീ ക്ഷത്രിയകുലം മുടിച്ചു, ഭൂമി പിടിച്ചടക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അതുപോലെ ദശാസ്യനെ വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് നീയിപ്പോള്‍ ദശരഥപുത്രനായി പിറന്നിട്ടുള്ളത്. നിന്റെ സേവകരായ ഈ ബലിഷ്ഠവാനരന്മാര്‍ ദേവാംശഭൂതന്മാരാണ്. അവര്‍ക്ക് എന്റെ ശക്തിയുടെ സമാവേശമുണ്ടാവും. ശേഷാംശഭൂതനായ നിന്റെ അനുജന്‍ ലക്ഷ്മണന്‍ രാവണപുത്രനെ നിഗ്രഹിക്കും. ഹേ പാപരഹിതാ, സംശയലേശം വേണ്ട, എല്ലാം ഉചിതമായി കലാശിക്കും. വസന്തത്തിലും എന്നെ പൂജിക്കുന്നതില്‍ മുടക്കം വരുത്തരുത്. രാവണനെ നിഗ്രഹിച്ചു നീ സസുഖം വാഴുക. നിനക്ക് പതിനോന്നായിരം കൊല്ലം രാജാവായി വാഴാന്‍ യോഗമുണ്ട്. അതുകഴിഞ്ഞ് നിനക്ക് സ്വര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങാം.’


വ്യാസന്‍ തുടര്‍ന്നു: ഇത്രയും അരുളിച്ചെയ്ത് ദേവി അപ്രത്യക്ഷയായി. പത്താം നാളില്‍ വ്രതമവസാനിപ്പിച്ചു ദാനവും ചെയ്ത് ജ്യേഷ്ഠാനുജന്മാര്‍ യാത്രപുറപ്പെട്ടു. ഭഗവതിയുടെ വാക്കിനാല്‍ പ്രചോദിതനായ രാമന്‍ സാനുജനായി വാനര രാജാവായ സുഗ്രീവന്റെ സൈന്യത്തോടുകൂടി സമുദ്രതീരത്തെത്തി. പിന്നീട് ലങ്കയിലേയ്ക്ക് ഒരു പാലം തീര്‍ത്ത് അവിടെയെത്തി രാവണനെ വധിച്ച്‌ തന്റെ കീര്‍ത്തി എമ്പാടും പരത്തി. ദേവിയുടെ അദ്ഭുതചരിതം കേള്‍ക്കുന്നവര്‍ വിവിധസുഖഭോഗങ്ങള്‍ അനുഭവിച്ചശേഷം പരമപദം പ്രാപിക്കുന്നു. പുരാണങ്ങള്‍ അനേകമുണ്ട് എന്നാല്‍ ഈ ദേവീഭാഗവതത്തിന് തുല്യമായി മറ്റൊന്നില്ല എന്നാണ് എന്റെ അഭിപ്രായം.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment