ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 24, 2016

ഗംഗ

ഉത്തരാഖണ്ഡിന്റെ വടക്കേ അറ്റത്തുള്ള ഗംഗോത്രി എന്നപ്രദേശത്തുള്ള ഹിമപാളികള്‍ക്കിടയില്‍ ഗോമുഖ് എന്ന് അറിയപ്പെടുന്നതും 12,770 അടി ഉയരമുള്ളതുമായ ഒരു കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച് 2510 കി. മീ. ദൂരം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നു ലയിക്കുന്ന ഈ നദി ഹിന്ദുസ്ഥാന നിവാസികള്‍ക്കെല്ലാം ദേവിയാണ്. ഗംഗാമയ്യാ എന്ന ഉത്തരേന്ത്യന്മാരുടെ ഭക്തിനിര്‍ഭരമായ, മാതൃപൂജാപരമായ ആ സംബോധനതന്നെ ആ ജനതയ്ക്ക് ഗംഗയോട് എത്രമാത്രം പ്രിയവും ഭക്തിയുമുണ്ടെന്നു വെളിവാക്കുന്നു.



ചതുര്‍ധാമുകളില്‍ ഒന്നായ ബദര്യാശ്രമത്തിനു മുകളിലുള്ള നന്ദാദേവി, ത്രിശൂല്‍, കാമിത് എന്നീ കൊടുമുടികളില്‍നിന്ന് മഞ്ഞുരുകിയൊലിക്കുന്ന അളകനന്ദ ബദര്യാശ്രമത്തിലെ വിഷ്ണുപാദങ്ങളെ നമസ്‌കരിച്ച് താഴോട്ടൊഴുകി വിഷ്ണുപ്രയാഗയിലെത്തി ധൗളി ഗംഗയുമായി കൂടിച്ചേരുന്നു. തുടക്കത്തിലേ തുരിശുപോലെ പച്ചനിറം ഈ നദിക്കുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. അനന്തരം നന്ദപ്രയാഗയിലെത്തുമ്പോള്‍ നന്ദാകിനി നദിയുമായി കൂടിച്ചേരുന്നു. കര്‍ണപ്രയാഗയിലെത്തുമ്പോള്‍ അളകനന്ദയെ കാത്തുനില്‍ക്കുന്ന പിണ്ഡാര്‍ നദിയുമായി കൂടിച്ചേര്‍ന്ന് തന്റെ നിറം അപ്പോഴും നഷ്ടപ്പെടുത്താതെ ഒഴുകി രുദ്രപ്രയാഗയിലെത്തുന്നു.


ഗോമുഖത്തുനിന്ന് താഴേക്ക്, ഇടുങ്ങിയ മലയിടുക്കുകളില്‍ക്കൂടി ഓടിയും പലപ്പോഴും ചാടിയും ഒഴുകിവരുന്ന ഭാഗീരഥിയെ നാം മറക്കരുത്. ചതുര്‍ധാമുകളില്‍പെട്ട മറ്റൊരു ധാമമായ കേദാര്‍നാഥിന്റെ ശിരോമകുടങ്ങളില്‍ നിന്ന് വെറും നീര്‍ച്ചാലുപോലെ ഒഴുകിവരുന്ന മന്ദാകിനിക്ക് താഴോട്ടുചാടാന്‍ വളരെ ഇഷ്ടം പോലെയാണ്. കൊച്ചുകുട്ടിയാണവള്‍. അവള്‍ കേദാര്‍നാഥില്‍ നിന്ന് 20 കിലോമീറ്ററോളം താഴേക്ക് ഒഴുകിയെത്തുമ്പോള്‍ മറ്റൊരു ഭാഗത്തുനിന്നും ഒഴുകിവരുന്ന സോനു നദി പൊട്ടിച്ചിരിച്ചുകൊണ്ട് സോനുപ്രായഗയില്‍വച്ച് മന്ദാകിനിച്ചേച്ചിയെ പുണരുന്നു.


സോനു അവിടെവരെയേയുള്ളു. മന്ദാകിനി മലയിടുക്കുകളില്‍ക്കൂടിയാണ് ഒഴുകുന്നതെങ്കിലും പിന്നീട് കുറേക്കൂടി പുഷ്ടിപ്പെട്ട് രുദ്രപ്രയാഗയിലെത്തി ഗോമുഖില്‍ നിന്ന് വരുന്ന ഭാഗീരഥിയുമായി കൂടിച്ചേരുന്നു. ഇനി മന്ദാകിനിയില്ല; ഭാഗീരഥിയെയുള്ളൂ. ഭാഗീരഥി വീണ്ടും താഴോട്ടൊഴുകി ദേവപ്രായഗയിലെത്തുമ്പോള്‍, ഇത്രയും ദൂരം മലയിടുക്കുകളെ തട്ടിയും തടവിയും ഒഴുകിയതുകൊണ്ട് അല്‍പം മണ്ണിന്റെ നിറം കലര്‍ന്ന് മുഷിഞ്ഞിരിക്കും. എങ്കിലും ദേവപ്രായഗയിലെത്തിയ അളകനന്ദക്ക് അതൊന്നും അത്രകാര്യമല്ല. അവള്‍ ആ ദേവാംഗനയായ അമ്മയെ കെട്ടിപ്പുണര്‍ന്ന് അമ്മയില്‍ ലയിച്ചുചേര്‍ന്ന് സ്വന്തം വ്യക്തിത്വം സമര്‍പ്പിച്ച് സ്വയം ഇല്ലാതായിത്തീരുന്നു. ഇനി അളകനന്ദയില്ല. അവിടെനിന്ന് ഭാഗീരഥി നിയതിക്കു വഴിമാറി ഗംഗയായി ഒഴുകിത്തുടങ്ങുന്നു. ഇനിമുതല്‍ അവള്‍ ഗംഗയാണ്; ഗംഗമാത്രം.


ഗംഗോത്രിയ്ല്‍നിന്നാരംഭിച്ച ഒഴുക്ക് 200 കി. മീ. പിന്നിട്ട് ഗംഗ ആദ്യമായി ഒരു പട്ടണം കാണുന്നു-ഋഷികേശ്. ഋഷികേശില്‍വച്ച് ഗംഗയ്ക്ക് അതുവരെയുണ്ടായിരുന്നതിന്റെ നേരേ ഇരട്ടി വീതിയുണ്ടാകുന്നു. ഹിമാലയത്തിന്റെ മറ്റൊരു ഭാഗത്തുകൂടി ഒഴുകിവരുന്നവളും പുരാണപ്രസിദ്ധയുമായ ചന്ദ്രഭാഗാ നദി ഋഷികേശിലെ കല്യാണാശ്രമത്തിനു സമീപം വച്ച് ഗംഗയില്‍ ചേരുന്നു. മഴക്കാലമൊഴിച്ചുള്ള സമയമത്രയും ചന്ദ്രഭാഗ ശുഷ്‌കയായിരിക്കും. പിന്നീട് 30 കി. മീ. കൂടി സഞ്ചരിച്ച് ഗംഗ പുണ്യസങ്കേതമായ ഹരിദ്വാറില്‍ എത്തി ജനലക്ഷങ്ങളുടെ ആരതികള്‍ ഏറ്റുവാങ്ങി മുന്നോട്ട് കുതിക്കുന്നു.


അവള്‍ ഉടനെ തന്നിലെ ഏറ്റവും അഗാധതയാര്‍ന്ന ‘നീലധാര’യെന്ന ഒരു ഗര്‍ത്തത്തെ തീര്‍ത്ത് ജനകോടികളുടെ ഹൃദയം കവര്‍ന്ന്, അവരെ സേവിക്കാന്‍, അവര്‍ക്കെല്ലാം അന്നവും അനുഗ്രഹവും ആനന്ദവും കൊടുക്കാന്‍ മുന്നോട്ടു കുതിക്കുന്നു. ഗംഗാമയ്യ, മനുഷ്യര്‍ക്കും പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും അനുഗ്രഹദാതാവായി, അമ്മയായി, പുണ്യവാഹിനിയായി ഭാതചരിത്രത്തിന്റെയും സംസ്‌കാരങ്ങളുടെയും ഇടനാഴികളില്‍ നിത്യതയറിയിച്ച് കിഴക്കോട്ടൊഴുകിക്കൊണ്ടിരിക്കുന്നു.




No comments:

Post a Comment