ഒ.വി. ഉഷ
കലിയുഗം അഴുക്ക് മുറ്റിയതാവുമെന്ന് ഭാരതീയ പാരമ്പര്യം പ്രവചിച്ചിട്ടുണ്ട്. നമ്മള്‍ ഓര്‍ക്കേണ്ടത് ഈ അവസ്ഥ പൊടുന്നനെ ഈ കലിയുഗത്തിന്റെ അയ്യായിരത്തി ഒരുനൂറ്റി ശിഷ്ടം വര്‍ഷങ്ങള്‍ കൊണ്ടു മാത്രം ഉണ്ടായതാവാന്‍ വഴിയില്ല എന്നാണ്. പോയ മൂന്നു യുഗങ്ങളിലൂടെയും വളരെ പതുക്കെ ഉണ്ടായി വന്ന അപചയങ്ങള്‍ അടിഞ്ഞതായിരിക്കണം, യുഗാന്തരങ്ങളിലൂടെ മനുഷ്യരാശിയുടെ കര്‍മ്മങ്ങള്‍ ദുഷിച്ചെത്തിയതായിരിക്കണം, നമ്മുടെ വര്‍ത്തമാനകാലം.
എന്റെ ഗുരു കരുണാകര ഗുരു അനുയായികളോട് ചോദിച്ച ഒരു ചോദ്യവും മറുപടി കാക്കാതെ ഗുരുതന്നെ പറഞ്ഞ ഉത്തരവും ഇങ്ങനെയാണ്: ‘എന്താണു നിങ്ങള്‍ക്കാവശ്യം? ആത്മശുദ്ധീകരണം മാത്രം.’ ഒറ്റനോട്ടത്തില്‍ ലളിതമായി തോന്നാം. പക്ഷേ അതേപ്പറ്റി ചിന്തിക്കുമ്പോള്‍ ദുര്‍ഗ്രഹമായ ആഴങ്ങളുടെ മുന്നിലെത്തിയതുപോലെ. ഏതാനും പേരോടായി പറഞ്ഞതാണെങ്കിലും അതൊരു പൊതു ആവശ്യമായി, കാലത്തിന്റെ ആവശ്യമായി എനിക്ക് തോന്നുന്നു.
കലിയുഗം അഴുക്ക് മുറ്റിയതാവുമെന്ന് ഭാരതീയ പാരമ്പര്യം പ്രവചിച്ചിട്ടുണ്ട്. നമ്മള്‍ ഓര്‍ക്കേണ്ടത് ഈ അവസ്ഥ പൊടുന്നനെ ഈ കലിയുഗത്തിന്റെ അയ്യായിരത്തി ഒരുനൂറ്റി ശിഷ്ടം വര്‍ഷങ്ങള്‍കൊണ്ടു മാത്രം ഉണ്ടായതാവാന്‍ വഴിയില്ല എന്നാണ്. പോയ മൂന്നു യുഗങ്ങളിലൂടെയും വളരെ പതുക്കെ ഉണ്ടായി വന്ന അപചയങ്ങള്‍ അടിഞ്ഞതായിരിക്കണം, യുഗാന്തരങ്ങളിലൂടെ മനുഷ്യരാശിയുടെ കര്‍മ്മങ്ങള്‍ ദുഷിച്ചെത്തിയതായിരിക്കണം, നമ്മുടെ വര്‍ത്തമാനകാലം. മന്വന്തരകലണ്ടര്‍ അനുസരിച്ച് നമ്മള്‍ ഈ കല്‍പത്തിന്റെ പകുതിയിലാണ്, ഏഴാമത്തെ മന്വന്തരത്തില്‍.
ഈ മന്വന്തരത്തിന്റെയാകട്ടെ പകുതി ആയിട്ടില്ല. ഇരുപത്തിയെട്ടാമത്തെ ചതുര്യുഗത്തിന്റെ, കലിയുടെ തുടക്കമേ ആയിട്ടുള്ളൂ. കണക്കനുസരിച്ച് വളരെ നീണ്ട ഒരു കാലയളവാണ് ബാക്കി നില്‍ക്കുന്നത്. ഈ ചതുര്യുഗത്തിന്റെ ഈ അവസാനപാദത്തിനു നാലുലക്ഷത്തില്‍ പരം വര്‍ഷം ഇനിയുമുണ്ടെന്നാണ് കണക്ക്. അടുത്തത് സത്യയുഗമായിരിക്കുമല്ലോ. അങ്ങനെയെങ്കില്‍ ഈ കലിയുഗത്തില്‍ തന്നെ നടത്തുന്ന ശ്രമംകൊണ്ടു മാത്രമേ മനുഷ്യനു സത്യയുഗത്തിലെ പൗരനായി മാറാന്‍ ഒക്കുകയുള്ളൂ എന്നു വേണം കരുതാന്‍. സത്യയുഗമനുഷ്യര്‍ കളങ്കമില്ലാത്തവരായിരിക്കും എന്നാണല്ലോ പറയുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ആത്മശുദ്ധീകരണത്തിന്റെ വഴികള്‍ ഇപ്പോഴേ തേടാന്‍ തുടങ്ങുക തന്നെയാണ് മനുഷ്യന്റെ ആവശ്യം. മനസ്സിന്റെ പടിപടിയായുള്ള വിമലീകരണം മര്‍ത്ത്യപരിണാമത്തിന്റെ ഭാഗമാണ്. വിമലീകരണം വഴിതെളിക്കുന്നത് സഹജാവബോധത്തിന്റെ വികാസത്തിനാണ്. ബോധത്തിനു വികാസമുണ്ടാവുന്നു, തെളിച്ചം വര്‍ദ്ധിച്ചു വരുന്നു. നമ്മള്‍ ആന്തരികമായി ഉയരുന്നു.
പ്രകൃതി ഒരു പരിണാമചക്രത്തിലാണ് നമ്മെ അകപ്പെടുത്തിയിരിക്കുന്നത്. ലോകത്തില്‍ കിട്ടുന്ന അവസരം നമ്മുടെ കര്‍മ്മവിപര്യയങ്ങള്‍ കാരണം പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാറില്ല. ഉയരുന്ന മനുഷ്യന് വീഴ്ച പറ്റുന്നതിനും സാധ്യതകള്‍ ഏറെ. ഭാരതീയപാരമ്പര്യം പറയുന്നത് ഉയര്‍ച്ചതാഴ്ചകള്‍ വീണ്ടും ജനിക്കാന്‍ കാരണമാകുന്നു എന്നാണ്. ജീവിതത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൂടെ ഉയര്‍ന്നുയര്‍ന്ന് ജനിമൃതിചക്രത്തിന്റെ പുറത്തുകടന്ന് ജന്മവും കര്‍മ്മവും അറ്റാല്‍ മുക്തി കിട്ടുമെന്നാണല്ലോ വിശ്വാസം.
അടുത്ത ജന്മങ്ങളും മുക്തിയും സത്യയുഗത്തിലേക്കുള്ള ചുവടുവയ്പും മാറ്റിനിര്‍ത്തിയാലും നമുക്ക് ആത്മശുദ്ധിയുടെ ആവശ്യമുണ്ട്. നല്ല മനസ്സുകള്‍ക്കേ നല്ല സമൂഹം ഉരുവപ്പെടുത്താനാകൂ. ഭൗതികമായ മെച്ചങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനും സമൂഹത്തില്‍ ശാന്തമായ അന്തരീക്ഷം വേണ്ടതാണ്. രാഷ്ട്രത്തിന്റെ പുരോഗതിയും മനുഷ്യനന്മയിലും സന്തോഷത്തിലും അധിഷ്ടിതമാണ്.
പണത്തിനും അതുവഴി നേടാവുന്ന സൗകര്യങ്ങള്‍ക്കും വേണ്ടി മിടുക്ക് കാണിക്കാന്‍ മത്സരിക്കുന്ന ഈ ലോകത്തില്‍, ഇന്നത്തെ സ്ഥിതിവിശേഷത്തില്‍, വിമലീകരണത്തിന് നമുക്ക് മനസ്സു വരിക എന്നത് അസാധ്യം എന്നുതന്നെ പറയാം. എങ്കിലും ‘ഗുരൂപദിഷ്ട മാര്‍ഗ്ഗേണ മനഃശുദ്ധിം തു കാരയേത്’ എന്ന പൗരാണികമായ ഗുരുഗീതാവാക്യത്തിനു വലിയ പ്രസക്തിയാണുള്ളത്.
No comments:
Post a Comment