ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

ഭക്തിപ്രസാദം


ആത്മാന്വേഷണമാണ് ഭാരതത്തെ ‘ഗുരുഭാരത’മായി അടയാളപ്പെടുത്തുന്നത്. ‘ഞാന്‍ ആര്?’ എന്ന ചോദ്യത്തിന്റെ അനന്തയാത്ര ഭാരതീയ പൈതൃകത്തിന്റെ ശ്രീകോവിലിലേക്കാണ്. അതിനുള്ളിലെരിയുന്ന അനന്തമായ പ്രകാശം ‘ആത്മജ്യോതി’ തന്നെയെന്നറിയാന്‍ മനുഷ്യന്‍ പൂര്‍ണതയിലേക്ക് പ്രവേശിക്കണം. ആ പൂര്‍ണതയുടെ പ്രയാണപ്പടവാണ് ഭക്തി. സ്‌നേഹത്തിലൂടെ ഈശ്വരനെ സാക്ഷാത്കരിക്കാം എന്ന ഋഷിദര്‍ശനത്തിന്റെ പ്രത്യക്ഷവൈഭവമാണ് ഭക്തിസാധനയില്‍ ഉള്‍ച്ചേരുന്നത്.


ശാന്തം, ദാസ്യം, സഖ്യം, വാത്സല്യം, മധുരഭാവം എന്നീ പഞ്ചഭാവമുഖവും സ്‌നേഹത്തിന്റെ രൂപാന്തരമാണ്. സര്‍വസാമാന്യമായ ഈ വൈകാരികതലത്തെ സമൂര്‍ത്തമായി പ്രത്യക്ഷീകരിക്കുമ്പോള്‍ അത് ‘ഭക്തിയോഗം’ എന്ന വിളിപ്പേരിന് അര്‍ഹമാകുന്നു. ഈശ്വരനിലേക്കുള്ള ഏകാഗ്രമായ സ്‌നേഹസിദ്ധിയെ പരാഭക്തിയെന്ന് ഗുരുജനങ്ങള്‍ വിളിച്ചുവന്നു. പരാഭക്തിയുടെ പരമപദമാണ് ഋഷിത്വം. അവര്‍ ജന്മാന്തരങ്ങളിലൂടെ കയറിവന്ന സോപാനശിലയെ ഗൗണീഭക്തിയെന്ന് വ്യവഹരിക്കാം. അദ്വൈത വിചാരത്തില്‍ പരാഭക്തിയും ഗൗണീഭക്തിയും ഒന്നുതന്നെ. ഭക്തിയോഗപഥത്തില്‍ ഇതിന്റെ സാക്ഷാത്കാരമാണ് ക്ഷേത്രം ലക്ഷ്യം വയ്ക്കുന്നത്. ഭാരതക്ഷേത്രത്തിന് മുന്‍പില്‍ കാലം പണിത ഭണ്ഡാരം ജ്ഞാനത്തിന്റെ അനശ്വരമായ നിധിപേടകമാണ്. സംഹിത, ബ്രാഹ്മണം, ഉപനിഷത്ത്, വേദം, വേദാംഗങ്ങള്‍, പഞ്ചമവേദമായ പുരാണേതിഹാസങ്ങള്‍, അറിവിന്റെ സംഖ്യാതീതമായ അവാന്തരവിഭാഗങ്ങള്‍ എന്നീ അമൂല്യരത്‌നങ്ങളെ അന്നും ഇന്നും എന്നും കാത്തുപോരുന്ന കാവലാളാണ് ക്ഷേത്രങ്ങളും അവയുടെ ഭക്തിജ്ഞാനകര്‍മയോഗപദ്ധതികളും. പുരുഷാര്‍ത്ഥമെന്നെണ്ണുന്ന ധര്‍മാര്‍ത്ഥകാമമോക്ഷാദികള്‍ തന്നെയാണ് ഭക്തിമാര്‍ഗത്തിന്റെ വിശുദ്ധഫലം.


ഭഗവാനിലുള്ള അനന്യമായ ഭക്തികൊണ്ടുമാത്രമേ വിശ്വരൂപസത്തയെ അറിയാനും ആരായാനും കണ്ടെത്താനും പ്രാപിക്കാനുമാവൂ എന്ന് ഭഗവദ്ഗീത ദര്‍ശിക്കുന്നു. തത്വജ്ഞാനലബ്ധിയും ഭഗവത്പ്രാപ്തിയും ഭക്തിയിലൂടെ നേടിയെടുത്ത ഗുരുജനങ്ങളുടെ അനുഭവസാക്ഷ്യം ആലോചനാമൃതമാണ്. ജ്ഞാനവൈരാഗ്യത്തേയപേക്ഷിച്ച് ഭക്തിവൈരാഗ്യം നേടുക ക്ഷിപ്രസാധ്യമാണ്. യഥാര്‍ത്ഥ ഭക്തന് സ്വന്തം ഈശ്വരഭജനംപോലും ബോധത്തില്‍ അസ്തമിക്കുന്നു. ഹനുമാനും ശബരിയും ഇതിന് നിദര്‍ശനമാണ്. സാധകനില്‍ ‘അഹം’ നശിപ്പിച്ചാണ് ഭക്തി വളരുക. ‘ഇദം നമമഃ’ ‘ഇതൊന്നും എന്റെയല്ല’, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’- സത്യം ഏകമാണ്, അന്വേഷികള്‍ അത് പലതായി പറയുന്നു എന്ന മഹാദര്‍ശനത്തിന്റെ സത്യശിവസൗന്ദര്യം ഭക്തഹൃദയം സ്വാംശീകരിക്കുന്ന മുഹൂര്‍ത്തമാണിത്. ഇതുതന്നെ മോക്ഷലബ്ധി.


ഭക്തിക്ക് ലക്ഷ്യവും മാര്‍ഗവും ഉണ്ടെന്ന് ഉപാസകനറിയാം. ലക്ഷ്യതലത്തില്‍ ഭക്തിയുടെ നിര്‍വചനം ആചാര്യസ്വാമികള്‍ നല്‍കുന്നുണ്ട്- ”സ്വസ്വരൂപനുസന്ധാനം ഭക്തിരിത്യഭിധീയതേ” (വിവേകചൂഡാമണി). സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതുതന്നെ ഭക്തി. ആത്മാന്വേഷണം തന്നെ ഭക്തിയെന്ന് താല്‍പര്യം. മാര്‍ഗതലത്തില്‍ ഭക്തിയെ വിശദീകരിക്കുകയാണ് ‘നാരദഭക്തി സൂത്രം.’ ‘സാത്വസ്മിന്‍ പരമപ്രേമരൂപാ’-ഭക്തി ഇവനിലുള്ള പരമപ്രേമമാകുന്നു എന്നര്‍ത്ഥം. മുക്തിദമായ ഭക്തിയാണ് സാധകനെ നവധാഭക്തിയുടെ വിചിന്തനത്തിന് പ്രേരിപ്പിക്കുക. ഭക്തോത്തമനായ പ്രഹ്ലാദന്റെ ഭാഗവതവചനം കര്‍ണപീയുഷമാണ്.


‘വിഷ്ണുവിന്റെ ശ്രവണം, കീര്‍ത്തനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്ന് ഒമ്പതുപ്രകാരമാണ് ഭക്തിയുടെ സഞ്ചാരം.’ നാരദമഹര്‍ഷിയുടെ ഭക്തിശാസ്ത്രം ഭക്തിയുടെ പതിനൊന്ന് പ്രകാരത്തെയാണ് സൂത്രരൂപത്തില്‍ ഉപദേശിക്കുന്നത്. ഗുണമാഹാത്മ്യാസക്തി, രൂപാസക്തി, പൂജാസക്തി, സ്മരണാസക്തി, കാന്താസക്തി, വാല്‍സല്യാസക്തി, ആത്മനിവേദനാസക്തി, തന്മയാസക്തി, പരമവിരഹാസക്തി. ഭക്തിയോഗിയുടെ ആനന്ദം ബ്രഹ്മാനന്ദം തന്നെ. ഈ ബ്രഹ്മപദ പ്രാപ്തിതന്നെയാണ് ക്ഷേത്രഭക്തിയും പ്രദാനം ചെയ്യുന്നത്. ആര്‍ത്തന്റെ ഭക്തിയും ജിജ്ഞാസുവിന്റെ ഭക്തിക്കും, അര്‍ത്ഥാസത്തിയുടെ ഭക്തിയും, ത്രിധാഭക്തിയുടെ സ്വരൂപം വെളിവാക്കുന്നു.


‘ലോകഗുരോ, ഞങ്ങള്‍ക്ക് എന്നും എവിടെയും ആപത്തുകള്‍ ഉണ്ടാവണേ! അപ്പോള്‍ നിന്തിരുവടിയെ കാണാമല്ലോ. പിന്നെ സംസാരം കാണേണ്ടി വരില്ലല്ലോ’ എന്ന് പ്രാര്‍ത്ഥിക്കുന്ന കുന്തിയും, ‘ഈശ്വരാ, നിന്തിരുവടിയിലുള്ള പ്രേമമാകുന്ന ഭക്തി തന്നെയാണ് എന്നും എല്ലാറ്റിനേക്കാളും ഹൃദ്യവും സമ്പന്നവും’ എന്ന് പാടുന്ന നാരായണീയകാരനും ഭക്തിയുടെ സാന്ദ്രാനുഭൂതിയെ സാക്ഷാത്കരിക്കുകയാണ്. പരമാത്മവിചിന്തനത്തില്‍ നടത്തുന്ന ആത്മസമര്‍പ്പണമാണ് ഭക്തി. ഭക്തികൊണ്ടുതന്നെ ജ്ഞാനവും മുക്തിയും ലഭിക്കുന്നുവെന്ന ഗീതാശാസ്ത്രത്തെ സഫലീകരിക്കുന്നത് ക്ഷേത്ര സംസ്‌കൃതിയാണ്.


ഭാരതീയ പൈതൃകത്തിന്റെ ആന്തരശാന്തിയും ആന്തരനാദവും മഹാഗുരുക്കന്മാരും മഹാക്ഷേത്രങ്ങളും മാറ്റുരയ്ക്കുന്ന ഭക്തിയുടെ മഹാമാര്‍ഗം തന്നെ. ആര്‍ഷസംസ്‌കൃതിയുടെ ഈ സനാതന സഞ്ചാരവഴിയില്‍ വിഘ്‌നമായി വരുന്ന എന്തിനെയും നാം പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ‘മതേതര’മെന്ന നിരര്‍ത്ഥകപദം മുന്‍നിര്‍ത്തി ഹിന്ദുവിന്റെ ആരാധനാലയങ്ങളും ക്ഷേത്രസമ്പത്തും തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ ഇന്ന് സംവിധാനക്രമമുണ്ട്. നമ്മുടെ ആത്മവീര്യത്തെയും അധ്യാത്മവിദ്യയെയും ഭക്തിസംസ്‌കൃതിയെയും അപകടത്തിലാക്കാന്‍ നാം ആരെയും അനുവദിച്ചുകൂടാ.


അധിനിവേശ സംസ്‌കൃതികള്‍ക്കേകി വരുന്ന പരമസ്വാതന്ത്ര്യം ആര്‍ഷധര്‍മ സംസ്‌കൃതിക്ക് നിഷിദ്ധമാവുന്നതെങ്ങനെ? ക്ഷേത്രത്തിലെ കെടാവിളക്കുകള്‍ക്ക് നാം ഭക്തിശക്തി വിശ്വാസങ്ങളുടെ നറുനെയ് പകരുക. സംസ്‌കാര പ്രകാശം പ്രചുരിമയോടെ പ്രതിഫലിക്കട്ടെ.




No comments:

Post a Comment