അയമമൃതനിധാനം നായകോളപ്യോഷധീനാം
ശതിഭിഗനുയാതഃ ശംഭുമൂര്‍ധാവതംസഃ
പരിഹരതി ന ചൈ നം രാജയക്ഷ്മാ ശശാങ്കം
ഹതവിധി പരിപാകഃ കേന വാ ലംഘനീയഃ
വിധിയുടെ ദുര്‍നിവാരതയെക്കുറിച്ചുള്ള ആലോചനാമൃതമായ ഈ ശ്ലോകം മഹാകവിയായ ഭര്‍ത്തൃഹരിയുടേതാണ്. ചന്ദ്രനെ അമൃതത്തിന്റെ ആവാസസ്ഥാനമായാണ് പണ്ഡിതന്മാര്‍ കീര്‍ത്തിക്കുന്നത്. അദ്ദേഹം ഔഷധച്ചെടികളുടെ നാഥനാണ്. ശതഭിഷഗ് എന്നുപേരുള്ള ചതയം നക്ഷത്രം തൊട്ടുപിന്നിലുണ്ട്. (ഈ പദത്തിന് ശ്ലേഷംകൊണ്ട് നൂറു വൈദ്യന്മാര്‍ എന്ന അര്‍ത്ഥംകൂടി ധ്വനിക്കുന്നു). മൃത്യുവിനെ സംഹരിച്ച ശ്രീപരമേശ്വരന്റെ ശിരോലങ്കാരമാണ് ചന്ദ്രന്‍. ഈ മഹത്വമെല്ലാമുണ്ടെങ്കിലും അദ്ദഹം ക്ഷയരോഗം എന്ന മഹാവ്യാധിക്ക് വിധേയനാണ്. അമൃതമോ ഔഷധങ്ങളോ ശതഭിഷക്കിന്റെ സാമീപ്യമോ കാലകാലനും വൈദ്യനാഥനുമായ മഹാദേവന്റെ ശിരോഭൂഷണം എന്ന പദവിയോ ഒന്നും ചന്ദ്രനെ ഈ മഹാവിപത്തില്‍നിന്ന് രക്ഷിക്കാന്‍ പര്യാപ്തമാകുന്നില്ല. സര്‍വശക്തനായ നിയതിയുടെ മുന്‍പില്‍ ഈ മഹാശക്തികളൊക്കെ നിസ്സഹായമാകുന്നു. വിധിയുടെ അധൃഷ്യമായ പ്രഭാവത്തെ ആര്‍ക്കാണ് ജയിക്കാന്‍ കഴിയുക?
വിധിയുടെ അനിവാര്യത സംസ്‌കൃതസുഭാഷിതങ്ങളില്‍ സുലഭമായ പ്രമേയമാണ്. ”കരോതി വിമുഖേ കിം വിധൗ പൗരുഷം,” ”ഗരീയസി കേവലമീശ്വരേച്ഛാ”, ”വിധേര്‍ വിചിത്രാണി വിചേഷ്ടിതാനി” തുടങ്ങിയ ഉക്തികള്‍ സുഭാഷിത സാഹിത്യത്തില്‍ ധാരാളം കാണാന്‍ കഴിയും.
വിധിയെ ലംഘിക്കാന്‍ ആര്‍ക്കാണ് കഴിയുക? ആ വിധിയുടെ പോക്കാകട്ടെ വിചിത്രവുമാണ്. ‘തലയിലെഴുത്തു തലോടിയാല്‍ പോകുമോ’ എന്നെല്ലാം നിയതിയുടെ ദുര്‍നിവാരതയെ കവികള്‍ വര്‍ണിച്ചിരിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഈ പ്രപഞ്ചസത്യത്തിന്റെ ദൃഷ്ടാന്തമായി കവി ഉത്‌പ്രേക്ഷിക്കുന്നു. അവിച്ഛിന്നമായ ആയുരാരോഗ്യസൗഖ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ ഘടകങ്ങള്‍ ചന്ദ്രന് അനുകൂലമായുണ്ട്. അമൃതം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മരണമോ നാശമോ ഇല്ലാത്തത് എന്നാണ്. ആ സുധയുടെ നിവാസഭൂമിയാണ് ചന്ദ്രന്‍. അദ്ദേഹം സുധാകരനാണ്. നൂറു വൈദ്യശ്രേഷ്ഠന്മാരുടെ സാമീപ്യം അദ്ദേഹത്തിനുണ്ട്. ഔഷധ സസ്യങ്ങള്‍ക്കെല്ലാം അധിപനാണ്. സര്‍വോപരി ശിവന്റെ ശിരോരത്‌നമാണ്. പക്ഷേ, പ്രബലമായ ഈ അനുകൂലഘടങ്ങളൊക്കെ വിധിയുടെ മുന്‍പില്‍ നിസ്സാരങ്ങളാകുന്നു. വിധിവൈഭവം ജയിക്കുന്നു.
ഒരു കാര്യം ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ശാന്തമായും യുക്തിപൂര്‍വമായും ചിന്തിച്ച്, സാഹചര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം അവയെ തന്റേടത്തോടെ നേരിടുന്നതിനു പകരം, തീര്‍ത്തും പരാജയമനോഭാവം കൈക്കൊണ്ട് യാതൊരു എതിര്‍പ്പും കൂടാതെ തലയിലെഴുത്തിനെ പ്‌രാകിക്കൊണ്ട് വിധിക്കു കീഴടങ്ങണമെന്നല്ല ഇവിടെയെല്ലാമുള്ള വിവക്ഷ. നേരേ മറിച്ച്,
”ദൈവം വിഹായ കുരു പൗരുഷമാത്മ ശക്ത്യാ
യത്‌നേ കൃതേ യദിന സി ധൃതി കോളത്ര ദോഷഃ”
എന്നാണ്. പൗരുഷത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും സന്ദേശം നല്‍കുന്ന സുഭാഷിതങ്ങള്‍ അനവധിയുണ്ട്.
വിധി വരുത്തിക്കൂട്ടുന്ന ഭാഗ്യവിപര്യയങ്ങളെ യഥാശക്തി നേരിടാന്‍ ശ്രമിക്കുക. എന്നിട്ടും പരാജയമാണ് ഫലമെങ്കില്‍ തകര്‍ന്നുപോകാതെ, ആ ദൗര്‍ഭാഗ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക, അത് ഈശ്വരനിശ്ചയമാണന്ന് മനസ്സിലാക്കി സമാശ്വസിക്കുക, സമാധാനിക്കുക-അതാണ് വിവേകത്തിന്റെ മാര്‍ഗം. ഈ സാമാന്യതത്വത്തിന്റെ അനുബന്ധമായിട്ടു മാത്രമേ വിധിയുടെ അലംഘനീയതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ പാടുള്ളൂ.
No comments:
Post a Comment