ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

പ്രഹ്ലാദ നാരായണ സമാഗമം - ശ്രീമദ്‌ ദേവീഭാഗവതം. 4.8. - ദിവസം 75.



ഇതി പ്രഷ്ടസ്തദാ വിപ്രോ രാജ്ഞാ പാരിക്ഷിതേന വൈ
ഉവാച വിസ്തരാത്സര്‍വം വ്യാസ: സത്യവതീ സുത:
ജനമേജയോ fധര്‍മ്മാത്മാ നിര്‍വേദം പരമം ഗത:
ചിത്തം ദുശ്ചരിതം മത്വാ  വൈരാടി തനയസ്യ വൈ


 
സൂതന്‍ പറഞ്ഞു: പരീക്ഷിത്തിന്റെ മകനായ ജനമേജയന്‍ ഇങ്ങിനെ സംശയങ്ങള്‍ ചോദിച്ചപ്പോള്‍ സത്യവതീ സുതനായ വ്യാസന്‍ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. തന്റെ അച്ഛനെപ്പറ്റിയോര്‍ത്ത് രാജാവ്  ഖിന്നനായി. മുനിയെ അപമാനിച്ചതിന്റെ പാപഭാരത്തില്‍ നിന്നും അച്ഛനെ കരകയറ്റാന്‍ തന്നെ അദ്ദേഹം  തീരുമാനമെടുത്തു. ‘പും’ എന്ന പേരുള്ള നരകത്തില്‍ സ്വപിതാവിനെ കടക്കാനിടയാക്കാതെ  രക്ഷിക്കുക എന്നതാണല്ലോ പുത്രനെന്ന നിലയില്‍ ഒരുവന്റെ കര്‍ത്തവ്യം. സര്‍പ്പം കടിച്ചു മാളികമുകളില്‍ ഇരുന്നു കാലഗതി പൂണ്ട പരീക്ഷിത്തിനു സ്നാനദാനങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.  തന്റെ പിതാവിന്റെ ദുര്‍ഗ്ഗതിയെപ്പറ്റി ആലോചിച്ചു വിഷണ്ണനായ ജനമേജയന്‍ നരനാരായണന്മാരുടെ കഥ വ്യാസമുഖത്തു നിന്ന് തന്നെ കേട്ടു.


വ്യാസന്‍ പറഞ്ഞു: 'ഹിരണ്യകശിപുവിന്റെ നിഗ്രഹത്തിനു ശേഷം പ്രഹ്ലാദന്‍ രാജ്യഭാരം ഏറ്റെടുത്തു. ആ ധര്‍മ്മിഷ്ഠന്റെ രാജ്യത്ത് ഭൂമിയിലെ രാജാക്കന്മാര്‍ യാഗകര്‍മ്മങ്ങളെല്ലാം സമുചിതമായി ചെയ്തു പോന്നു. ബ്രാഹ്മണര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവര്‍ അവരവരുടെ കര്‍മ്മ മേഖലയില്‍ ഉചിതമായി വര്‍ത്തിച്ചു. പിന്നീട് നരസിംഹമൂര്‍ത്തി സ്വയം പ്രഹ്ലാദനെ പാതാളത്തിന്റെ അധിപതിയാക്കി. അവിടെയും പ്രജകള്‍ക്ക് പ്രിയങ്കരനായ രാജാവായി അദ്ദേഹം വാണു. ഒരിക്കല്‍ ഭൃഗുവിന്റെ പുത്രനായ ച്യവന മഹര്‍ഷി രേവാനദിയിലെ  ഓംകാരകുണ്ഡത്തിലേയ്ക്ക് സ്നാനത്തിനായി പുറപ്പെട്ടു. സ്നാനശേഷം കരയ്ക്ക് കയറവേ, അദ്ദേഹത്തിനു സര്‍പ്പദംശനം ഉണ്ടായി. പാമ്പിന്‍റെ കടിയേറ്റു പാതാളഗമനം ചെയ്യവേ അദ്ദേഹം ഭയചകിതനായി സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിച്ചു. വിഷ്ണുസ്മരണമാത്രയില്‍ പാമ്പിനെ വിഷം നിര്‍ വീര്യമായി. വിഷവീര്യത്തില്‍ നിന്നും രക്ഷപ്പെട്ടു രസാതലത്തിലെത്തിയപ്പോള്‍ മുനിക്ക് ലേശം പോലും ഖിന്നതയുണ്ടായിരുന്നില്ല. സര്‍പ്പമാണെങ്കില്‍ മുനിശാപം ഭയന്ന് അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. നാഗ കന്യകകള്‍ മുനിയെ പൂജിച്ചു ബഹുമാനിച്ചു. അങ്ങിനെ ഒടുവില്‍ അദ്ദേഹം മഹാപുരത്തില്‍ എത്തിച്ചേര്‍ന്നു. നാഗദാനവന്മാരുടെ പ്രമുഖ നഗരമാണ് മഹാപുരം.


ഒരു ദിനം ആ നഗരത്തില്‍ അലയുന്ന ച്യവനമുനിയെ പ്രഹ്ലാദന്‍ കണ്ടു. ആചാരോപചാരങ്ങളോടെ അദ്ദേഹം മുനിയോട് പാതാളത്തില്‍ എത്താനുള്ള കാരണം അന്വേഷിച്ചു. 'ദൈത്യന്മാരോട് വിരോധമുള്ള ഇന്ദ്രന്‍ എന്റെ നാടെങ്ങിനെ എന്നറിഞ്ഞു വരാന്‍ അങ്ങയെ ഏര്‍പ്പാട് ചെയ്തതാണോ? സത്യം പറയൂ,' എന്നായി രാജാവ്.


ച്യവനന്‍ പറഞ്ഞു:  'അങ്ങയുടെ രാജ്യത്തേയ്ക്ക് എന്നെ ദൂതിനയക്കാന്‍ തക്കവണ്ണം ഞാനും ഇന്ദ്രനും തമ്മില്‍ എന്താണ് ബന്ധം? ഒന്ന് മനസ്സിലാക്കുക. ഭൃഗുവിന്റെ പുത്രനായ ഞാന്‍ സര്‍വ്വ സ്വതന്ത്രനാണ്. എനിക്ക് ദേവേന്ദ്രന്റെ ദൂത് പണിയൊന്നുമില്ല. നര്‍മ്മദാ നദീ തീരത്ത് സ്നാന സമയത്ത് വലിയൊരു സര്‍പ്പം എന്നെ പിടികൂടി. വിഷ്ണുവിനെ സ്മരിക്കയാല്‍ ആ പാമ്പിന്റെ വിഷം നിര്‍വീര്യമായി. അതെന്നെ കൈവിടുകയും ചെയ്തു. ഇപ്പോള്‍ ഇതാ അങ്ങയെ കാണാനും യോഗം വന്നു. ഞാനും അങ്ങയെപ്പോലെ വിഷ്ണുഭക്തനാണ് എന്നറിഞ്ഞാലും.'


മഹര്‍ഷിയുടെ മധുരവചനം കേട്ട് സന്തുഷ്ടനായ പ്രഹ്ലാദന്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും പാതാളത്തിലും ഇങ്ങിനെ മൂന്നു ലോകത്തുള്ള പുണ്യതീര്‍ത്ഥങ്ങളെപ്പറ്റി മുനിയോട് ചോദിച്ചു.


ച്യവനന്‍ പറഞ്ഞു: 'സംശുദ്ധമായ മനസ്സ്, വാക്ക്, കര്‍മ്മം എന്നിവയുള്ളവര്‍ക്ക്  ഓരോ പദവും തീര്‍ത്ഥം തന്നെ. ദുഷ്ചിന്തയുള്ളവര്‍ക്ക് സാക്ഷാല്‍ ഗംഗയും പൊട്ടക്കുഴിയാണ്. മനസ്സ് പാപപങ്കമില്ലാതെയാണെങ്കില്‍ എല്ലായിടവും പുണ്യ തീര്‍ത്ഥങ്ങളായിത്തീരും. ഗംഗാ തീരത്ത് പലതരം ആളുകള്‍ ജീവിക്കുന്നു. അവരുടെ കുടിലുകളും കൊട്ടാരങ്ങളും ജനപദങ്ങളും  എല്ലാം ഓരോരോ ജനങ്ങളുടെ പാര്‍പ്പിടങ്ങള്‍ ആണല്ലോ. ആ ജനങ്ങള്‍ ഗംഗാ ജലമാണ് കുടിക്കുന്നത്. മൂന്നുനേരം കുളിക്കുന്നതും അതിലാണ്. മ്ലേഛന്മാര്‍, കാട്ടുവര്‍ഗ്ഗക്കാര്‍, വണിക്കുകള്‍, രാജാക്കന്മാര്‍ എല്ലാം ആ കൂട്ടത്തിലുണ്ട്. അവരില്‍ ആര്‍ക്കാണ് ശുദ്ധമാനസമുള്ളത്? മനസ്സാണ് എല്ലാറ്റിന്റെയും ഹേതു. സംശുദ്ധി ആഗ്രഹിക്കുന്നവര്‍ ആദ്യം തന്നെ മനസ്സ് ശുദ്ധമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മനസ്സില്‍ കാപട്യവുമായി പുണ്യ തീര്‍ത്ഥത്തില്‍ വിഹരിക്കുന്നവര്‍ ചെയ്യുന്ന പാപങ്ങള്‍ അനന്തമായി പെരുകുന്നു. കാട്ടുവെള്ളരിക്ക എത്ര പാകം വന്നാലും സ്വാദിഷ്ടമാവുകയില്ല. പാപികളെത്ര തീര്‍ത്ഥങ്ങളില്‍ കുളിച്ചാലും അവരുടെ പാപക്കറ ഇല്ലാതാവുകയില്ല. ശുഭേച്ഛയുള്ളവര്‍ മനസ്സ് നിര്‍മ്മലമാക്കി വയ്ക്കണം. അതില്‍ നിന്നേ ദ്രവ്യശുദ്ധിയുണ്ടാവൂ. അപ്പോള്‍ കര്‍മ്മ ശുദ്ധിയും താനേ സംജാതമാവും. അപ്പോള്‍ തീര്‍ത്ഥാടനത്തിനു ഫലപ്രാപ്തിയായി. ഇങ്ങിനെയല്ലാതെ വെറുതെ പുണ്യതീര്‍ത്ഥങ്ങളില്‍ പോയതുകൊണ്ട് പ്രയോജനമില്ല. ഭൂതകരുണ, നീചസംസര്‍ഗ്ഗം ഇല്ലാതിരിക്കുക, എന്നിവയും അനിവാര്യമാണ്.


പുണ്യ തീര്‍ത്ഥങ്ങള്‍ ഏതെല്ലാമെന്ന് ഇനി ഞാന്‍ പറയാം. ആദ്യ, നൈമിഷം, പിന്നെ പുഷ്കരം, ചക്രതീര്‍ത്ഥം. പിന്നെ അനവധി തീര്‍ത്ഥങ്ങള്‍ ഭൂമിയിലുണ്ട്. പുണ്യസ്ഥാനങ്ങളും അങ്ങിനെ തന്നെ.'


വ്യാസന്‍ തുടര്‍ന്നു: ച്യവന മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് നൈമിഷത്തില്‍ പോകണം എന്ന് പ്രഹ്ലാദന്‍ തീരുമാനിച്ചു. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ രാജഭടന്മാരെ ഏര്‍പ്പാടാക്കി. ‘മഹാന്മാരെ, നമുക്ക് മഞ്ഞപ്പട്ടുടുത്ത ആ അച്യുതനെ കാണാന്‍ ഉടനെ പുറപ്പെടാം’


വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പ്രേരണയാല്‍ ദൈത്യര്‍ രാജാവിനോടൊപ്പം പാതാളം വിട്ടു നൈമിഷത്തിലെയ്ക്ക് പുറപ്പെട്ടു. അവിടെയെത്തി ഭക്തിയോടെ സ്നാനം ചെയ്തു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒടുവില്‍ അവര്‍ മഹാ പുണ്യനദിയായ സരസ്വതീതീര്‍ത്ഥത്തില്‍ എത്തിച്ചേര്‍ന്നു. തെളിഞ്ഞ ജലം ശാന്തമായി ഒഴുകുന്ന ആ സരസ്വതീ തീര്‍ത്ഥത്തില്‍ പ്രഹ്ലാദന്‍ വിധിയാം വണ്ണം സ്നാനം കഴിച്ചു. പ്രസന്നമായ മനസ്സോടെ ദാനാദി കര്‍മ്മങ്ങള്‍ ചെയ്ത് പ്രഹ്ലാദന്‍ ആ പുണ്യഭൂമിയില്‍ കഴിഞ്ഞു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment