ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 21, 2016

ഭഗവാന്‍ ബലിയോട് മൂന്നടി ഭൂമി യാചിക്കുന്നതും ശുക്രമുനിയുടെ വിരോധവും – ഭാഗവതം (188)



യാവന്തോ വിഷയാഃ പ്രേഷ്ഠാസ്ത്രിലോക്യാമജിതേന്ദ്രിയം
നശക്നുവന്തി തേ സര്‍വേ പ്രതിപൂരയിതും നൃപ (8-19-21)
തസ്മാത്‌ ത്രീണി പദാന്യേവ വൃണേ ത്വദ്വരദര്‍ഷഭാത്‌
ഏതാവതൈവ സിദ്ധോഽഹം വിത്തം യാവത്‌ പ്രയോജനം (8-19-27)



ശുകമുനി തുടര്‍ന്നു:

ഭഗവാന്‍, ബലിയുടെ വാക്കുകളില്‍ അതീവ സന്തുഷ്ടനായി ഇങ്ങനെ മറുപടിയരുളി. മഹാരാജന്‍, അങ്ങയുടെ പ്രപിതാമഹാന്മാരുടെ യശസ്സിനുതകുംവിധമാണങ്ങു സംസാരിക്കുന്നത്‌. മുത്തച്ഛനായ ഭക്തോത്തമന്‍ പ്രഹ്ലാദന്റെ യശസ്സിനും ചേര്‍ന്ന വിധമാണവിടുന്നു് നല്‍കിയ സ്വീകരണം. അങ്ങയുടെ കുലത്തില്‍ പിറന്ന ആരും ഒരു ഭിക്ഷാംദേഹിയെ വെറുംകയ്യോടെ പറഞ്ഞയക്കുകയോ ഏതെങ്കിലും യുദ്ധത്തില്‍ നിന്നു പിന്മാറുകയോ ചെയ്തിട്ടില്ല. വിഷ്ണു, ഹിരണ്യാക്ഷനെ വധിച്ചുവെങ്കിലും അതിനുശേഷം ഏറെക്കാലം തന്റെ ശത്രുവിന്റെ അപദാനങ്ങള്‍ ഭഗവാന്‍ തന്നെ പറഞ്ഞിരുന്നു. സഹോദരന്റെ വധത്തെപ്പറ്റി അറിഞ്ഞ ഹിരണ്യകശിപു വിഷ്ണുസവിധത്തില്‍ പ്രതികാരത്തിനായി ചെന്നു. വിഷ്ണുവിന്‌ അവനെ നേരിടണമെന്നുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഭഗവാന്‍ സ്വയം ചെറിയ രൂപമെടുത്ത്‌ അസുരന്റെ നാസികകളിലൂടെ കയറി അവന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഹിരണ്യകശിപു പുറമെയെല്ലാം തിരഞ്ഞുവെങ്കിലും വിഷ്ണുവിനെ കാണായ്കയാല്‍ വിഷ്ണു ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലെത്തി തിരച്ചില്‍ അവസാനിപ്പിച്ചു. ശത്രുത നിലനില്‍ക്കുന്നത്‌ ശ്മശാനം വരെ മാത്രമെയുളളു. നിങ്ങളുടെ കുലത്തില്‍ വിരോചനന്‍ ദേവന്മാര്‍ക്കു വേണ്ടി സ്വയം ബലികഴിച്ചു. താങ്കള്‍ ഈ കുലത്തിന്റെ യോഗ്യതയ്ക്കു ചേര്‍ന്ന അനന്തരാവകാശിയെന്നറിവുളളതിനാല്‍ എന്റെ മൂന്നു കാലടിയാല്‍ അളക്കാവുന്നത്ര ഭൂമിയാണ്‌ ഞാന്‍ ദാനമായി ചോദിക്കുന്നുത്‌.


തന്റെ പ്രപിതാമഹാന്മാരുടെ അപദാനങ്ങള്‍ അതിഥി പറയുന്നത്‌ കേട്ട്‌ ബലി സന്തുഷ്ടനായി. എന്നാല്‍ കുറച്ചുകൂടെ എന്തെങ്കിലും ദാനം ആവശ്യപ്പെടാന്‍ വാമനനോടഭ്യര്‍ത്ഥിച്ചു. എന്റെയടുത്തു നിന്നും പോവുന്നവര്‍ പിന്നീട്‌ യാചിക്കാനിടവരരുത്‌. അതിനു മറുപടിയായി ഭഗവാന്‍ ഇങ്ങനെ പറഞ്ഞു: മൂന്നു ലോകങ്ങളിലെയും വസ്തുവകകള്‍ കൊണ്ടുപോലും ഇന്ദ്രിയനിയന്ത്രണമില്ലാത്ത ഒരുവന്‌ സംതൃപ്തിയുണ്ടാക്കുക അസാദ്ധ്യം. കൂടുതല്‍ കിട്ടുന്തോറും ഇനിയും കൂടുതല്‍ വേണമെന്ന ആഗ്രഹം അവനുണ്ടാവുന്നു. അസംതൃപ്തിയും അത്യാഗ്രഹവും ജീവാത്മാക്കളുടെ ദേഹാന്തരപ്രാപ്തിക്കിടവരുത്തുന്നു. സംതൃപ്തി, മുക്തി ലഭിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട്‌ ഈ മൂന്നടി ഭൂമികൊണ്ട്‌ ഞാന്‍ സംതൃപ്തനാണ്‌. വാമനന്റെ അപക്വതയില്‍ പരിഹാസപൂര്‍വ്വം ചിരിച്ച്‌ വാമനന്‌ ഭൂമി നല്‍കാന്‍ ബലി എഴുന്നേറ്റു.

എന്നാല്‍ ശുക്രമുനി ബലിയെ തടഞ്ഞു. രാജാവേ, ഈ കുളളന്‍ ബ്രാഹ്മണന്‍ ഭഗവാന്‍ വിഷ്ണു തന്നെയാണ്‌. അങ്ങയുടെ ആധിപത്യം നശിപ്പിക്കാനായി ഇങ്ങനെയൊരു ദാനമാവശ്യപ്പെടുകയാണ്‌. ക്ഷണനേരം കൊണ്ട്‌ വിശ്വരൂപം പൂണ്ട്‌ വിശ്വം മുഴുവനും രണ്ടു ചുവടുകൊണ്ടളന്നാല്‍ മൂന്നാമത്തെ ചുവടിനു സ്ഥലം കൊടുക്കാന്‍ അങ്ങേയ്ക്കാവുമോ? അങ്ങയുടെ ഈ ദാനപ്രതിജ്ഞയെ ഞാന്‍ അംഗീകരിക്കുന്നില്ല. ഒരു ഗൃഹസ്ഥന്‍ തന്റെ സമ്പാദ്യം ഉപയോഗിക്കേണ്ടത്‌ ധാര്‍മ്മികപുണ്യം, അഭിമാനം, ധനസമ്പാദനം, വിനോദം എന്നിവയ്ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കുവേണ്ടിയും ആണ്‌. താങ്കള്‍ സ്വയം ഉപജീവനമാര്‍ഗ്ഗം കൊടുത്തു കളയരുത്‌. എല്ലാ ഭിക്ഷാംദേഹികളോടും ‘ഓം’ എന്നുച്ചരിച്ച്‌ ദാനം ചെയ്യുന്നുവരുടെ സ്വത്ത്‌ നശിക്കുകയും അവരുടെ ശേഷകാലം അസംതൃപ്തമായിരിക്കുകയും ചെയ്യും. എന്നാല്‍ സ്വത്തുളളപ്പോള്‍ ‘ഇല്ല’ എന്നു പറയുന്നവന്‍ തന്റെ അഭിമാനം കളഞ്ഞു് -ചത്തതിനോക്കുമേ ജീവിച്ചിരിക്കിലും- എന്ന മട്ടിലുളള ജീവിതം നയിക്കുന്നു. എന്നാല്‍ സ്വരക്ഷയ്ക്കു വേണ്ടിയും അക്രമമില്ലാതാക്കാന്‍ വേണ്ടിയും, സ്ത്രീകളോടും, തമാശയായിട്ടും, വിവാഹത്തിനും, ജീവരക്ഷയ്ക്കും, അത്യാപത്തിലും, ഗോരക്ഷയ്ക്കും, മഹാത്മാക്കളുടെ രക്ഷയ്ക്കും, പ്രതിജ്ഞാ ലംഘനം ആകാം. കളളത്തരം അങ്ങനെ ജീവരക്ഷ നല്‍കുമ്പോള്‍ ജീവവൃക്ഷത്തിന്റെ ഫലം സത്യം തന്നെയത്രെ.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment