ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 30, 2016

ശിവഗിരിയിലേക്ക് വീണ്ടും

മഹാഗുരുവിന്റെ സാന്നിദ്ധ്യംകൊണ്ട് പാപഹാരിണിയായി മാറിയ ശിവഗിരിയില്‍ ഉത്തമഭക്തന്‍ എത്തിച്ചേരുമ്പോള്‍ രണ്ട് സാഗരങ്ങളുടെ സംഗമത്താല്‍ അവിടെ എത്തിച്ചേരുന്ന ആര്‍ക്കും ആത്മാനന്ദത്താല്‍, ഉയര്‍ന്നുപൊങ്ങുന്ന ഭക്തിയുടെ തിരമാലകളാല്‍ ആത്മാനന്ദാനുഭൂതി നുകരാനാവുന്നു. ഇതാണ് ഉത്തമഭക്തന്റെ ശിവഗിരി പ്രവേശനത്തിലൂടെ സംഭവിക്കുന്നത്.
sivagiri
തീര്‍ത്ഥീകുര്‍വ്വന്തിതീര്‍ത്ഥാനി 
സുകര്‍മ്മികുര്‍വ്വന്തി കര്‍മ്മാണി 
സച്ഛാസ്ത്രീ കുര്‍വന്തി ശാസ്ത്രാണി

ഉത്തമരായ ഭക്തന്‍മാര്‍ തീര്‍ത്ഥങ്ങളെ പവിത്രമാക്കുന്നു. കര്‍മ്മങ്ങളെ സത്കര്‍മ്മങ്ങളാക്കുന്നു. ശാസ്ത്രങ്ങളെ പ്രമാണ ഭൂതങ്ങളാക്കുന്നു.

ശരിയായ ഭക്തന്‍മാരാണ് തീര്‍ത്ഥസ്ഥാനങ്ങളെ പവിത്രമാക്കുന്നത്. വ്രതം ഒരുവനെ ഭഗവാന്റെ ഭക്തനാക്കുകമാത്രമല്ല ഭക്തിക്കും ജീവിതത്തിനും വേണ്ട സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവനെ നിപുണനാക്കുകയും ചെയ്യുന്നു. സ്വയം സാത്വികനായവന്‍ പോകുന്നിടമെല്ലാം മംഗളമാക്കുന്നു. തന്നേയും തന്റെ കൂടെയുള്ളവരേയും താന്‍ ചെല്ലുന്ന സ്ഥലങ്ങളേയും ഒക്കെ പവിത്രീകരിക്കുവാന്‍ തക്ക ആന്തരികശുദ്ധി വ്രതംകൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്നവനാണ് പരമഭക്തന്‍. തീര്‍ത്ഥാടകനും പദയാത്രികനുമൊക്കെയാകാനുള്ള യോഗ്യതയും അര്‍ഹതയും ഇത്തരം ഭക്തന്‍മാര്‍ക്ക് മാത്രമേയുള്ളൂ.

കഴിഞ്ഞ വര്‍ഷം ശിവഗിരിയിലേയ്ക്ക് നടന്നുവന്ന ഒരാള്‍ താമസസൗകര്യം കുറഞ്ഞുപോയതില്‍ എത്ര പ്രശ്‌നമാണ് ഉണ്ടാക്കിയത്. ഞാനവരോട് ചോദിച്ചു: എന്തിനാണ് അന്ന് പ്രശ്‌നമുണ്ടാക്കിയതെന്ന്. അവര്‍ പറഞ്ഞു: സ്വാമി മഴകാരണം വല്ലാത്ത ബുദ്ധിമുട്ടായതുകൊണ്ടാണെന്ന്. പദയാത്രികരാവാന്‍ മഠം ആവശ്യപ്പെടുന്നില്ല. തീര്‍ത്ഥയാത്രികരാവാനും, തൃപ്പാദ ഭക്തരായ വല്ലഭശ്ശേരിയും കിട്ടന്‍ റൈട്ടറും തീര്‍ത്ഥാടകരായി വരാന്‍ അവിടത്തോട് ചോദിച്ച് അനുവാദം വാങ്ങുകയാണുണ്ടായത്. ശരിയായ തീര്‍ത്ഥാടകന് കല്ലുംമുള്ളും കഷ്ടപ്പാടും അസൗകര്യങ്ങളുമൊന്നും പ്രശ്‌നമല്ല. അസൗകര്യങ്ങളില്‍ ക്ഷുഭിതരായി പ്രശ്‌നം സൃഷ്ടിക്കുകയല്ല വേണ്ടത്. ഓരോവര്‍ഷവും പദയാത്ര ചെയ്യുന്ന ഭക്തന്‍ യഥാര്‍ത്ഥത്തില്‍ മഹാത്മാവ് തന്നെയാണ്. അതുകൊണ്ടാണ് അയാള്‍ തീര്‍ത്ഥങ്ങളെ മംഗളമാക്കുന്നത്. അഹംഭാവം ഉപേക്ഷിച്ച് പ്രതികൂല കാലാവസ്ഥകളെ അവഗണിച്ച് മിതമായി ആഹാരം കഴിച്ച് എവിടെയെങ്കിലും വിശ്രമിച്ച് ശിവഗിരിയിലേക്ക് നടക്കുന്നത് സ്വാമിമാരുടെ അംഗീകാരത്തിനോ, പ്രീതിക്കോ വേണ്ടിയല്ല. അത് ഓരോ പദയാത്രികന്റേയും ആന്തരിക ശുദ്ധിക്കുള്ള പ്രാര്‍ത്ഥനയും സാധനയുമാണ്.

അതിന്റെ ഫലം അവനുള്ളതാണ്. അല്ലാതെ പദയാത്ര സംഘടിപ്പിക്കുന്ന സംഘാടകര്‍ക്കുള്ളതല്ല. അഹങ്കാരം ദൂരെ ത്യജിച്ച് സുജനാനാം ചാരത്ത് വസിക്കാനാഗ്രഹിച്ച് വരുന്ന യഥാര്‍ത്ഥ ഭക്തന്റെ വെറും പ്രവൃത്തികള്‍പോലും സത്കര്‍മ്മങ്ങളായി മാറുന്നു. കാരണം അത്രയ്ക്ക് അവന്‍ ഭഗവാനോട് അടുക്കുന്നവനായിത്തീരുന്നു. ഒരുവേള അവന്‍ ഭഗവാന്‍ തന്നെയായിത്തീരുന്നു.

ഭഗവദ്ഗീത പറയുന്നു
തേഷാമേവാനുകമ്പാര്‍ത്ഥം 
അഹമജ്ഞാനജംതമഃ
നാശയാമ്യാത്മഭാവസ്ഥോ
ജ്ഞാനദീപനേ ഭാസ്വതാ

ഭക്തന്‍മാരോടുള്ള പ്രേമത്താല്‍, അനുകമ്പയാല്‍ ഞാന്‍ അവന്റെ ഹൃദയത്തിലെ അജ്ഞാനമാകുന്ന തമസ്സിനെ നശിപ്പിച്ചിട്ട് അവന്റെ ഉള്ളില്‍ ജ്ഞാനദീപമായി പ്രകാശിക്കും. ഇവിടെ ഉത്തമ ഭക്തന്‍ ജ്ഞാനസ്വരൂപനായ ഭഗവാന്‍ തന്നെയാണ്. ഇപ്രകാരം തീര്‍ത്ഥാടകന്‍ ഭഗവാന്‍തന്നെയാകുമ്പോള്‍ തീര്‍ത്ഥാടകര്‍ക്കായി നാം ചെയ്യുന്ന സേവകള്‍ ഭഗവത്‌സേവയായി പരിണമിക്കുകയാണ്.

മഹാഗുരുവിന്റെ സാന്നിദ്ധ്യംകൊണ്ട് പാപഹാരിണിയായി മാറിയ ശിവഗിരിയില്‍ ഉത്തമഭക്തന്‍ എത്തിച്ചേരുമ്പോള്‍ രണ്ട് സാഗരങ്ങളുടെ സംഗമത്താല്‍ അവിടെ എത്തിച്ചേരുന്ന ആര്‍ക്കും ആത്മാനന്ദത്താല്‍, ഉയര്‍ന്നുപൊങ്ങുന്ന ഭക്തിയുടെ തിരമാലകളാല്‍ ആത്മാനന്ദാനുഭൂതി നുകരാനാവുന്നു. ഇതാണ് ഉത്തമഭക്തന്റെ ശിവഗിരി പ്രവേശനത്തിലൂടെ സംഭവിക്കുന്നത്.

കുലംപവിത്രം ജനനീ കൃതാര്‍ത്ഥാ
വസുന്ധരാ പുണ്യവതീ ച തേന 
അപാരസച്ചിത്‌സുഖസാഗരേളസ്മിന്‍ 
ലീനം പരേ ബ്രഹ്മണിയസ്യചേതഃ

സച്ചിദാനന്ദ സ്വരൂപനായ പരമേശ്വരനില്‍ ഒന്നായിത്തീര്‍ന്ന മഹാത്മാവിന്റെ കുലം പവിത്രമാകുന്നു. അവന്റെ അമ്മ കൃതകൃത്യയാകുന്നു. അവന്‍ പിറന്ന പാരിടം പവിത്ര തീര്‍ത്ഥമാകുന്നു. ഇടറുന്ന തൊണ്ടയോടെ പുളകം പൂണ്ട ഗാത്രത്തോടെ ആനന്ദാശ്രു പൊഴിച്ച് ഭക്തന്‍മാരുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് ഭഗവാന്‍ ശ്രീനാരായണ പരമഹംസ ദേവന്റെ ജീവിതലീലകള്‍ സ്തുതിക്കുമ്പോള്‍ ഭക്തന്‍ സ്വയം ധന്യനാകുക മാത്രമല്ല അവന്റെ കുലവും നാടും സഹജാതരുംകൂടി ധന്യരാവുകയാണ്.

ശ്രീകൃഷ്ണ ഭഗവാന്‍ ഭാഗവതത്തില്‍ പറയുന്നു- മഹാഭക്തന്‍മാരുടെ പാദധൂളികളേറ്റ്, സ്വയം പരിശുദ്ധനാവാന്‍ വേണ്ടി ‘അനുവ്രജാമ്യഹം’ ഞാന്‍ ആ ഭക്തന്‍മാരുടെ പിന്നാലെ പോകുന്നു. ഇവിടെ മഹാഭക്തനെ കാണുമ്പോള്‍ ശ്രീനാരായണ ഗുരുദേവന്‍ അണികരമേകി അണയുകതന്നെ ചെയ്യും. ഭക്തനെ കാരുണ്യപൂര്‍വ്വം ആ തൃക്കരങ്ങളാല്‍ തഴുകിത്തലോടും. അങ്ങനെയുള്ള ഏതെങ്കിലും ഭക്തന്‍ ഓരോ തീര്‍ത്ഥാടനത്തിലും ശിവഗിരിയിലെത്തുമായിരിക്കും. ആ ഭക്തനെ പ്രതീക്ഷിച്ച് ഗുരുദേവന്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ശാന്തമായ കടാക്ഷത്താല്‍ ഭക്തന്‍മാരുടെ ദുഃഖത്തെ ഇല്ലാതാക്കുന്ന മഹാഗുരുവിന്റെ നോട്ടം നമുക്കും ലഭിക്കും. അതുകൊണ്ടുതന്നെ പരമഭക്തനായി ശിവഗിരിയിലേക്ക് നമുക്ക് എത്താം.

84- തീര്‍ത്ഥാടനം സമാഗതമാകുമ്പോള്‍ നമുക്ക് വ്രതശുദ്ധരാകാം, ഭക്തനാവാം, ശിവഗിരിയിലേക്ക് പുറപ്പെടാന്‍ തയ്യാറാവാം. വ്രതവും തീര്‍ത്ഥാടനവും പകര്‍ന്നുതരുന്ന ശ്രദ്ധ ഭക്തനെ ആന്തരികമായും ബാഹ്യമായും ജാഗ്രതയുള്ളവനാക്കുന്നു. ജാഗ്രത അഗ്നി പോലെയാണ്. അത് ജീവിതത്തെ തെളിച്ചത്തോടെ നേരിടാന്‍ നമ്മെ തയ്യാറാക്കും. ശിവഗിരി തീര്‍ത്ഥാടനം ഒരുവനില്‍ നിറയ്ക്കുന്ന ഊര്‍ജ്ജം അകത്തെളിച്ചം മാത്രമല്ല. പുറത്തെ സാഹചര്യങ്ങളെ അതിജീവിക്കാനും അവനെ തയ്യാറാക്കുന്നു. തൃപ്പാദങ്ങള്‍ നമുക്ക് നല്‍കിയ എട്ട് ലക്ഷ്യങ്ങളില്‍ രണ്ടാമത്തേതായ ശുചിത്വം എന്ന സന്ദേശത്തെ ഭാരതസര്‍ക്കാരിന്റെ സ്വച്ഛഭാരത് എന്ന ആശയത്തോട് ചേര്‍ത്ത് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം മാലിന്യ പ്ലാസ്റ്റിക് വിമുക്ത തീര്‍ത്ഥാടനമായി ആഘോഷിക്കാം.

തീര്‍ത്ഥാടന യാത്രയിലും പദയാത്രകളിലും തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. ഗുരു അത് നമ്മോട് ആവശ്യപ്പെടുന്നു. ‘ശുചിത്വം ശുചിത്വം സര്‍വ്വത്ര.’അതായിരിക്കട്ടെ ഇത്തവണത്തെ നമ്മുടെ മുദ്രാവാക്യം. ശിവഗിരിയിലെത്തുന്ന ഭക്തര്‍ ഗുരുസന്നിധിയില്‍ മാലിന്യങ്ങള്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ചും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍. പദയാത്രകള്‍ വരുന്ന വഴികള്‍ ശുദ്ധമായിരിക്കട്ടെ. കടന്നുപോകുന്ന ഇടവും ശുദ്ധമായിരിക്കട്ടെ. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നവര്‍ പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസ്സുകളും കഴിയാവുന്നത്ര ഒഴിവാക്കി സഹകരിക്കുവാന്‍ കൂടി ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

സ്വാമി ശിവസ്വരൂപാനന്ദ

No comments:

Post a Comment