ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 27, 2016

മാരീച നിഗ്രഹം - ആരണ്യക തീര്‍ത്ഥയാത്ര



പുഷ്പിതകാനനഭൂമി, വനവായുവില്‍ സൗമ്യമായ സുഗന്ധം. മനസ്സ് രാമപദങ്ങളിലൂന്നി മാരീചന്‍ തപസ്സനുഷ്ഠിച്ചു. ബന്ധുവായ രാക്ഷസ ചക്രവര്‍ത്തി പര്‍ണശാലയിലെത്തി. സദുദ്ദേശമല്ല. രാമപത്‌നിയെ അപഹരിക്കുകയാണ് ലക്ഷ്യം. ജനസ്ഥാനത്തില്‍നിന്ന് ശൂര്‍പ്പണഖ വികൃതവദനയായി ലങ്കാധിപന്റെ സവിധത്തിലെ അമാത്യമധ്യത്തില്‍ വച്ചുതന്നെ പറഞ്ഞു. രാവണന്റെ ദുര്‍ബലത മനസ്സിലാക്കി. രാമപത്‌നിയുടെ ലാവണ്യം വര്‍ണിച്ചു.


മഹീതലത്തില്‍ ഈവിധം രൂപം കണ്ടിട്ടില്ല. ദേവിയുമല്ല, ഗന്ധര്‍വസ്ത്രീയല്ല. വനദേവതയെപ്പോലെ. കൂടുതലായി പിന്നൊന്നും പറയേണ്ടിവന്നില്ല. മഹാപ്രാജ്ഞനെങ്കിലും കാമകിങ്കരനായ രാവണന്‍ മാരീചാശ്രമത്തിലെത്തി. രാവണന്‍ ആജ്ഞാപിച്ചു. മായാമൃഗരൂപേണ രാമപത്‌നിയെ പ്രലോഭിപ്പിക്കണം. മാരീചന്‍ ഉപദേശിച്ചു. രാവണാ, നിനക്കെത്രയോ പത്‌നിമാര്‍. പ്രിയവദികളാകട്ടെ സുലഭം. അവരുടെ ഉപദേശം കേട്ട് നാനാരത്‌നവിഭൂഷിതമായ ലങ്ക നശിക്കും. അപ്രിയം ഞാന്‍ പറയുന്നു. പക്ഷേ അത് ഹിതകരവും പഥ്യവുമാണ്.


ദുശ്ചിത ത്യജിക്കണം. പൈതൃകമായ ലങ്കാനഗരം സംരക്ഷിക്കണം. ത്യാഗവിഗ്രഹമാണ് രാമന്‍. രാമന്‍ അഗ്നിയാണ്. നിന്നേയും നിന്റെ രാജ്യത്തേയും ഭസ്മമാക്കും. നിന്റെ ഉദ്യമം വ്യര്‍ത്ഥം.
രാവണന്‍ ക്രോധാലുവായി. ഒരു പ്രവൃത്തിയുടെ ഗുണവും ദോഷവും ഒന്നും ഇവിടെ വ്യാഖ്യാനിക്കരുത്. സഹായമാണിവിടെ ആവശ്യം. ധര്‍മോപദേശമല്ല. ആവശ്യപ്പെടുന്നത് നടന്നിരിക്കണം. എന്റെ ചന്ദ്രഹാസത്തിന് ഇരയാവരുത്. മാരീചന്‍ മൃത്യുവിനെ തൊട്ടടുത്തു കണ്ടു. ഒന്നുകില്‍ രാവണന്റെ ചന്ദ്രഹാസം അതല്ലെങ്കില്‍ രാമന്റെ ബാണം. രണ്ടായാലും ജീവനൊടുങ്ങും. രാമശരമേറ്റു വീഴാം. ജന്മസംസാരചക്രം നിറുത്താം. മടങ്ങിവരാത്ത ലോകത്തേക്കുള്ള യാത്രയാകട്ടെ.


മാരീചന്‍ മായാമൃഗമായി. വിസ്മയകരമായ സൗന്ദര്യം. സീത ആകൃഷ്ടചിത്തയായി. ചൈത്രരഥത്തിലും നന്ദനത്തിലും പൃഥ്വിവിയിലും ഇതിന് സമം മൃഗമില്ല. പിടി തരുന്നില്ലെന്ന് മനസ്സിലാക്കി സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ച് രാമന്‍ മായാമൃഗത്തെ അനുധാവനം ചെയ്തു. രാക്ഷസമായയാണതെന്ന് ലക്ഷ്മണന്‍ ഓര്‍മിപ്പിച്ചിരുന്നുവെങ്കിലും, അത് രാമന്‍ വിസ്മരിച്ചതുപോലെ. സംഭവിക്കേണ്ടത് സംഭവിച്ചേ മതിയാകൂ. കാലം സദാ ജാഗരൂകമായിരിക്കുന്നു. ഭവിതവ്യം ഭവിഷ്യതി.


മാരീച നിഗ്രഹം കഴിഞ്ഞ് രാമന്‍ തിരക്കിട്ടു തിരിച്ചെത്തി. സീത നഷ്ടപ്പെട്ടിരിക്കുന്നു. സീതയെ വിഭ്രമിപ്പിക്കാനും, ലക്ഷ്മണനെ അകറ്റാനുമായി മായാമൃഗം ഉയര്‍ത്തിയ ആര്‍ത്ത സ്വരം രാമന്റെതാണെന്ന് സീത കരുതി. അതിസ്‌നേഹം ആപത്ശങ്കയ്ക്കിടമൊരുക്കി. രാമന്‍ ആര്‍ത്തനായി വിലപിക്കുകയില്ലെന്ന സത്യം സീത സ്വീകരിച്ചില്ല. ലക്ഷ്മണനെ നിന്ദാവചനങ്ങള്‍ പറഞ്ഞ് ആട്ടിയോടിച്ചു. ഒരു വഞ്ചകനോ നീ- നിന്റെ ഉദ്ദേശ്യം ഫലിക്കുകയില്ല. ഞാന്‍ ഗോദാവരിയില്‍ ചാടും. ഈ അതിര് കടന്ന വാക്കുകള്‍ക്ക് അനന്തര ജീവിതത്തില്‍ സീതയ്ക്ക് അത്യന്തം ദുഃഖം അനുഭവിക്കേണ്ടതായി വന്നുവല്ലോ.



സീതാപഹരണം

വനദേവതകളെ, ദേവിയെ സംരക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, ലക്ഷ്മണന്‍ ഗത്യന്തരമില്ലാതെ പോയി. സീതയെ ഏതവസ്ഥയിലും സംരക്ഷിക്കണം എന്ന ഗുരുവചനം പാലിച്ചില്ല. ആ സമയം പാഴാക്കാതെ രാക്ഷസചക്രവര്‍ത്തി കൃഷ്ണാജനവും ജടാവല്‍ക്കലവും ധരിച്ച് ഭിക്ഷു വേഷത്തില്‍ സീതയുടെ പര്‍ണശാലയിലെത്തി. സന്യാസിയെ സീത സല്‍ക്കരിച്ചുവെങ്കിലും, നിമിഷങ്ങള്‍ക്കകം, കപടം ബോധ്യമായി. സീതയുടെ പരിദേവനം ആരും കേട്ടില്ല. രാവണന്‍ ബലാല്‍ക്കാരേണ കൊണ്ടുപോകയും ചെയ്തു.


രാമന്‍ ശോകഹതനായി, വിലപിച്ചു നടന്നു. ബുദ്ധിയിലെ വെളിച്ചം കെട്ടു. ലക്ഷ്മണന്റെ സാന്ത്വനവചനം അസ്ഥാനത്തായി. ഗതകാല സ്മൃതി ശക്തമായി. പൂത്തുമറിഞ്ഞ കര്‍ണ്ണികാരവനം കണ്ട് മന്ദഹസിച്ചതു തൊട്ട്, പ്രിയാമുഖത്തിലെ പ്രിയഭാവങ്ങളോര്‍മ്മിച്ചു. രാമന്‍ ശോകസംവിഗ്നമാനസനായി. കൈകേയി മാതാവിന്റെ സ്വാര്‍ത്ഥകര്‍മ്മം പരിത്യാഗ ജീവിതത്തെപ്പോലും കലുഷമാക്കിയതറിഞ്ഞു. സീതാന്വേഷണ മാര്‍ഗത്തില്‍ പക്ഷമൊടിഞ്ഞു കിടക്കുന്ന മഹാകായനായ ഗൃധ്രരാജനെ കണ്ടു. ജടായു സര്‍വശക്തിയും ഉപയോഗിച്ച് രാവണനെ നേരിട്ടു. രഥം തകര്‍ന്നു. രാവണന്‍ ഭൂമിയില്‍ പതിച്ചു. പക്ഷെ, പൂര്‍വാധികം ശക്തിയോടെ രാവണന്‍ ഭീമപരാക്രമനായ ജടായുവിനെ നേരിട്ടു. പക്ഷം മുറിച്ചു.


ജടായു രോഷാകുലനായി. നീ അടുത്തുതന്നെ മൃത്യു അടയും രാവണാ, നിന്റെ അന്ത്യം അടുത്തു. അകാലത്തില്‍ ഇരുട്ടുവന്നതുപോലെ. ഭൂമി കേഴുന്നപോലെ. സ്ത്രീരൂപത്തിലുള്ള മൃത്യുവിനെയാണ് നീ ബലാല്‍ കടത്തുന്നത്. സീതയുടെ മുടിയിലണിഞ്ഞിരുന്ന പൂക്കള്‍ കൊഴിഞ്ഞുവീണു. രാവണന്റെ പ്രതാപൈശ്വര്യങ്ങള്‍ കാലമെത്തുന്നതിന് മുന്‍പ് പൊലിയും എന്ന അശുഭസൂചനയെന്നോണം സീതയുടെ വിലാപം പ്രതിധ്വനിച്ചു. പിതൃപ്രിയനും സീതയാല്‍ അനുഗ്രഹിക്കപ്പെട്ടവനുമായ ഭൃക്തനായ ജടായുവിന് അന്ത്യോപചാരങ്ങള്‍ പുത്രനെന്നപോലെ രാമന്‍ അനുഷ്ഠിച്ചു.


എന്നെ വിശ്വസിച്ച് പോന്നവളെ ഞാന്‍ കാണുന്നില്ലല്ലോ എന്നു ദുഃഖിക്കുന്ന രാമന് കൂട്ടംകൂടി പോകുന്ന മാനുകള്‍ വഴി ഏതാണെന്ന് കാട്ടി. സീതയുടെ ശ്ലഥമായ കേശത്തില്‍നിന്ന് ചിതറി വീണ പൂക്കള്‍ സീതാസ്മരണ ഉയര്‍ത്തി.



കബന്ധഗതി

കബന്ധനു ഗതി നല്‍കി. അവന്റെ പൂര്‍വരൂപം കണ്ട് രാമലക്ഷ്മണന്മാര്‍ സ്വസ്ഥരായി. കബന്ധന്‍ ചൂണ്ടിക്കാണിച്ച പാതയിലൂടെ പമ്പാ സരസ് തീരത്തില്‍ എത്തി. വിശ്രുതമായ മതംഗാശ്രമത്തില്‍ സിദ്ധയും സിദ്ധസമ്മതയുമായ ശബരി രാമനെ കാത്തുകാത്തിരിക്കുകയായിരുന്നു. ശബരി ‘സായുജ്യ ദീപ്തി’ കൈവരിച്ചു. രാമന്റെ ആശിസ്സോടെ ജടിലയും വൃദ്ധയുമായ ശബരി തന്റെ ജീര്‍ണദേഹം പാവകനില്‍ സമര്‍പ്പിച്ചു സുകൃതം നേടി. ശുഭദര്‍ശനയായ പമ്പയുടെ തീരത്തുകൂടെ രാമനും ലക്ഷ്മണനും യാത്രയായി ദണ്ഡകാനനത്തിലെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്.


പ്രൊഫ. ബി. സുലോചന നായര്‍
ജന്മഭൂമി:

No comments:

Post a Comment