ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

ഗുരുദേവന്റെ ശുചിത്വ സങ്കല്‍പ്പം

1928 ജനുവരിയില്‍ കോട്ടയം നാഗമ്പടം മഹാക്ഷേത്രാങ്കണത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ അവസരത്തില്‍ ഗുരുദേവന്‍ ഒരു കാര്യം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണം. തീര്‍ത്ഥാടകര്‍ പുതിയ അറിവുകളുമായി തിരിച്ചുപോകണമെന്നും ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിവുള്ളവരാകണമെന്നും ഗുരു ആഗ്രഹിച്ചു.

ഗുരുദേവന്റെ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു. 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ ഒരു വലിയ സാമൂഹ്യമാറ്റത്തിന് തുടക്കംകുറിച്ചു. ജനങ്ങളില്‍ ഈശ്വരവിശ്വാസവും ശുചിത്വബോധവും വളര്‍ത്തുവാന്‍ ഗുരു ക്ഷേത്രങ്ങളെ ഉപയോഗിച്ചു. എല്ലാ ഹൃദയങ്ങളിലും എല്ലാ ഭവനങ്ങളിലും ഈശ്വരവിശ്വാസം എത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. അയിത്താചരണം അവസാനിക്കണമെങ്കില്‍ ജനങ്ങളില്‍ ശുചിത്വബോധം വളര്‍ത്തണമെന്ന് ബോദ്ധ്യപ്പെട്ട ഗുരു നാടെങ്ങും ശിഷ്യന്‍മാരെ അയച്ച് കുളി സംഘങ്ങള്‍ രൂപീകരിച്ചു. കുളിക്കുന്ന ആളുകളുടെ സംഘടനയക്ക് ഇന്നു വലിയ പ്രസക്തിയാണുള്ളത്. ‘ഈ ന്യൂജനറേഷന്‍കാര്‍ ഒന്നുകുളിച്ചിരുന്നെങ്കില്‍’ എന്ന ശീര്‍ഷകത്തില്‍ മുന്‍ ചീഫ്‌സെക്രട്ടറി എഴുതിയ ലേഖനം ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്.

മലയാളികള്‍ എപ്പോഴും അവകാശപ്പെടുന്നത് അവര്‍ വലിയ ശുചിത്വബോധം ഉള്ളവരാണെന്നാണ്. മലയാളിക്ക് വ്യക്തിശുചിത്വം ഉണ്ട്, എന്നാല്‍ പരിസര ശുചിത്വമില്ല. ഒരാള്‍ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയ്ക്കാണ് ശുചിത്വം എന്നു പറയുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളി, തന്റെ വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി അയല്‍ക്കാരന്റെ പറമ്പിലേക്കോ പൊതുനിരത്തുകളിലേക്കോ വലിച്ചെറിയുന്ന വളരെ ദയനീയമായ അവസ്ഥയാണ് ഇന്നുള്ളത്. വഴിനീളെ മാലിന്യകൂമ്പാരങ്ങളാണ്. ദുര്‍ഗന്ധം വമിക്കുന്ന പൊതുസ്ഥലങ്ങളും വൃത്തിഹീനമായ വീടുകളും മാര്‍ക്കറ്റുകളും ആശുപത്രികളും റെയില്‍വേസ്റ്റേഷനുകളും ഇന്ന് സര്‍വ്വ സാധാരണമാണ്. മണ്ണും ജലവും അന്തരീക്ഷവും മലിനീകരിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും കോട്ടയത്തെ വടവാതൂരും തൃശ്ശൂരിലെ ലാലൂരും മലയാളിക്ക് കമ്മിയായ ശുചിത്വബോധത്തിന്റെ തിരുശേഷിപ്പുകളാണ്.

ജനങ്ങളുടെ തെറ്റായ ശുചിത്വബോധവും സാമൂഹ്യബോധമില്ലായ്മയുമാണ് ഇതിന് കാരണം. മാലിന്യം ഉണ്ടാക്കുന്നവന്‍ അത് ഇല്ലാതാക്കണമെന്ന് പഠിച്ചിട്ടില്ല. ശുചിത്വം ദൈവീകമാണെന്നാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്. പഞ്ചശുദ്ധിയെക്കുറിച്ചുള്ള ഗുരുദേവന്റെ പ്രബോധനങ്ങള്‍ ഒരു നൂറ്റാണ്ടിനുമുമ്പ് നാം കേട്ടതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശുചിത്വാചരണ പ്രചാരണവുമായി രംഗത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാം നിര്‍മ്മാര്‍ജ്ജനം ചെയ്ത മാരകമായ പല പകര്‍ച്ച വ്യാധികളും ഇപ്പോള്‍ അതിശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആറുകളും തോടുകളും തണ്ണീര്‍ത്തടങ്ങളും ഇന്ന് മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഇനിയും ഒരു ലോകയുദ്ധം ഉണ്ടാകുമെങ്കില്‍ അത് ശുദ്ധജലത്തിന് വേണ്ടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വര്‍ദ്ധിച്ചുവരുന്ന രോഗാതുരതയും ആവര്‍ത്തിക്കപ്പെടുന്ന പകര്‍ച്ചവ്യാധികളും കിട്ടാക്കനിയാവുന്ന ശുദ്ധജലവും നമ്മുടെ ഉറക്കംകെടുത്തുന്നു.

മലയാളിയുടെ പരിസരശുചിത്വമില്ലായ്മയാണ് ഇതിനു കാരണം. തന്‍മൂലം പരിസ്ഥിതിയും ജീവജാലങ്ങളും കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. മനുഷ്യരാശിയ്ക്ക് വലിയ ഭീഷണിയായി മാറിയ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇല്ലാതാകണമെങ്കില്‍ നാം ഗുരുവിന്റെ ആഹ്വാനങ്ങളെ ചെവിക്കൊള്ളണം.’മരങ്ങള്‍ നട്ടു വളര്‍ത്തൂ, തണലുമായി പഴവുമായി.’ ശീനാരായണ ധര്‍മ്മത്തില്‍ ഗുരു ഉപദേശിക്കുന്ന പഞ്ചശുദ്ധി (ശരീര ശുദ്ധി, ഇന്ദ്രിയശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഗൃഹശുദ്ധി) കര്‍ശനമായി അനുഷ്ഠിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകണം. 100 ശതമാനം സാക്ഷരത നേടിയ കേരളത്തിന്റെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് പിറകില്‍ പോലും മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നഗരവാസികളെ വീര്‍പ്പുമുട്ടിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ഓരോ ശിവഗിരി തീര്‍ത്ഥാടനവും കഴിയുമ്പോള്‍ ശുചിത്വത്തിലേക്ക് കൂടുതല്‍ അടുക്കുവാന്‍ നമുക്ക് കഴിയണം.

‘ശുചിത്വം ഒരു ശീലമാക്കൂ’ അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.’ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങണം’ എന്ന ഗുരുവരുള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.


ഡോ. എം. ജയരാജു
(ലേഖകന്‍ ശിവഗിരിതീര്‍ത്ഥാടന കമ്മിറ്റിയുടെ മീഡിയ ചെയര്‍മാനാണ്)




No comments:

Post a Comment