ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 30, 2016

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം




ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ കാലടികള്‍ പതിഞ്ഞതും അവിടുത്തെ ധന്യമായ ജീവിതം കൊണ്ടു പവിത്രമായതും തൃപ്പാദങ്ങളുടെ തിരുശരീരം അടക്കം ചെയ്തിരിക്കുന്നതുമായ ശിവഗിരി മഠം 84-ാമത് തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണ്.


1928ലാണ് നാഗമ്പടം ക്ഷേത്രത്തില്‍ വിശ്രമിച്ചിരുന്ന തൃപ്പാദങ്ങള്‍ വല്ലഭശേരി ഗോവിന്ദന്‍വൈദ്യരുടെയും ടി.കെ. കിട്ടന്‍ റൈട്ടരുടെയും അപേക്ഷപ്രകാരം ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ജനുവരി ഒന്നിന് ആയിക്കൊള്ളട്ടെ ശിവഗിരി തീര്‍ത്ഥാടനം എന്നാണ് ഗുരു അരുളിയത്. ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടെ പത്തുദിവസത്തെ വ്രതം എടുത്താല്‍ മതിയെന്നും തൃപ്പാദങ്ങള്‍ കല്‍പിക്കുകയുണ്ടായി. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി, എന്നിവയാണ് അവ.


ജീവന്‍ വസിക്കുന്ന ശരീരം ക്ഷേത്രമെന്നാണ് ഹൈന്ദവശാസ്ത്രം ഉദ്‌ഘോഷിക്കുന്നത്. ആഹാരശുദ്ധിയോടുകൂടിയ ക്ഷേത്രശുദ്ധി മനഃശുദ്ധിക്ക് കാരണമാവുകയും തദ്വാരാ വാക് കര്‍മ്മങ്ങളെ സംയമനം ചെയ്യാന്‍ ഉപകരിക്കുകയും ചെയ്യും. ഇതില്‍ പരമ പ്രധാനമായത് മനഃശുദ്ധിയാണ്. അതുണ്ടായാല്‍ മറ്റ് നാല് ശുദ്ധികളും സ്വാഭാവികമായി അയാളില്‍ സമ്മേളിക്കുക തന്നെ ചെയ്യും. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും വസ്ത്രമായ മഞ്ഞവസ്ത്രം തീര്‍ത്ഥാടകര്‍ ഉപയോഗിക്കണമെന്നും അവിടുന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.


ഉത്സവങ്ങള്‍പോലെ തീര്‍ത്ഥാടനം ആഡംബരങ്ങളുടെയും ആര്‍ഭാടങ്ങളുടെയും അരങ്ങാക്കി മാറ്റരുതെന്നും പഴനി, ശബരിമല മുതലായ തീര്‍ത്ഥാടനം പോലെയല്ല ശിവഗിരി തീര്‍ത്ഥാടനമെന്നും ഈ തീര്‍ത്ഥാടനത്തിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം എന്നും ഗുരുദേവന്‍ കല്‍പിക്കുകയുണ്ടായി. വല്ലഭശേരിയും കിട്ടന്‍ റൈട്ടറും ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങള്‍ തീര്‍ത്ഥാടന ദിവസം ചര്‍ച്ച ചെയ്യപ്പെടണമെന്ന് വ്യവസ്ഥപ്പെടുത്തി.


ഒരു സമൂഹത്തിന്റെ സര്‍വവിധ പുരോഗതിക്കും അടിസ്ഥാനമായിരിക്കുന്നത് വിദ്യാഭ്യാസമാണ്. വ്യക്തിയുടെ പൂര്‍ണതയ്ക്ക് വഴിയൊരുക്കേണ്ടത് വിദ്യാഭ്യാസമാണെങ്കിലും ഇന്നത്തെ വിദ്യാഭ്യാസം വ്യക്തിയെ സ്വാര്‍ത്ഥനാക്കി മാറ്റുകയാണ് ചെയ്യുന്നത്. മതഭ്രാന്തുകളിലും വിഭാഗീയതകളിലും നമ്മെ തളച്ചിടാത്ത ശുദ്ധമായ ഒരാദ്ധ്യാത്മിക പദ്ധതി കൂടിയായിരിക്കും വിദ്യാഭ്യാസം. എങ്കിലേ ആ വ്യക്തിത്വത്തിന് വിദ്യാഭ്യാസം കൊണ്ടുള്ള പൂര്‍ണതയും നിസ്വാര്‍ത്ഥതയും സംഭവിക്കുകയുള്ളൂ.


അനുഭവങ്ങള്‍ അദ്ധ്യാപകരാവാത്തിടത്തോളം കാലമത് സാദ്ധ്യമല്ല. ശരിയായ വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായുള്ള ഹൃദയത്തിന്റെ സമഗ്ര വികാസത്തിന് രണ്ടുതരം കാര്യങ്ങള്‍ കൂടിയേ കഴിയൂ. ശുചിത്വവും ഈശ്വരഭക്തിയും. തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ പ്രധാനമായ ഇവ രണ്ടും ഒരാളില്‍ പൂര്‍ണമായി പ്രകാശിക്കുമ്പോഴാണ് അയാളിലൂടെ വിദ്യയുടെ വെളിച്ചം സമൂഹത്തിലെ അന്ധകാരത്തെ അകറ്റുന്നത്.


മാറിമാറി വരുന്ന സാഹചര്യത്തിനനുസരിച്ച് വ്യക്തിയോ സമൂഹമോ കാലോചിതമായി സ്വീകരിക്കേണ്ടതും ആര്‍ജിക്കേണ്ടതുമാണ് മറ്റ് അഞ്ച് ലക്ഷ്യങ്ങള്‍. ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ ലോകത്തിന്റെ എക്കാലത്തേയും നിലനില്‍പ്പിനും ഐക്യത്തിനും അനിവാര്യമാണ് സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവ. എന്നാല്‍ വ്യക്തിയുടെ സമ്പൂര്‍ണ വികാസത്തിന് അടിത്തറയായിരിക്കേണ്ടത്  വിദ്യയും ശുചിത്വവും ഈശ്വരഭക്തിയുമാണ് എന്ന് മറക്കരുത്.


ഇന്ന് ലോകം നേരിടുന്ന ഭീകരവാദവും മതവിദ്വേഷവും യുദ്ധവും അസഹിഷ്ണുതയും ഇല്ലാതാകണമെങ്കില്‍ വിദ്യാഭ്യാസത്തിലൂടെയുള്ള തെളിച്ചം പരമപ്രധാനമാണ്. വിദ്യയില്‍നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ദൈവസങ്കല്‍പം തീവ്രവാദവും മതഭ്രാന്തും കൊണ്ടുവരും. ‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ’. ജ്ഞാനത്തേക്കാള്‍, അറിവിനേക്കാള്‍ പവിത്രമായി ഇവിടെ മറ്റൊന്നില്ലായെന്ന് ഭവഗത്ഗീത പറയുന്നു. നീ സത്യം ജ്ഞാനം, ആനന്ദം.


ദൈവമേ നീ തന്നെയാണ് സത്യമായും ജ്ഞാനമായും ആനന്ദമായുമിരിക്കുന്നത് എന്ന് ഗുരുവും പറഞ്ഞിരിക്കുന്നു. അന്ധമായ ഈശ്വരവിശ്വാസവും മതഭ്രാന്തും മതംമാറ്റവും ദൈവത്തിന് വേണ്ടിയുള്ള യുദ്ധവും വര്‍ത്തമാന ലോകത്തെ അശാന്തമാക്കുന്ന സാഹചര്യത്തില്‍ മനുഷ്യനായി മാറാന്‍, മനുഷ്യനെ മനുഷ്യനാക്കി മാറ്റാന്‍ ശിവഗിരി തീര്‍ത്ഥാടനം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യനാണ് പരമപ്രധാനം. ദൈവമല്ല. ഇന്ന് ദൈവവും മതവും പ്രശ്‌നമാവുകയാണ്.


ആരോഗ്യപരമായി ചിന്തിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ ഒരു മതത്തിലേക്ക് ആളെ ചേര്‍ക്കുന്നുവെങ്കില്‍ ആ മതത്തിന് എന്തോ കുഴപ്പമുണ്ടെന്ന ധാരണ പ്രബലമായി വരും. ശരിയായ മതത്തിന് ആളെചേര്‍ത്ത് ഭൗതികബലം ഉണ്ടാക്കേണ്ട ആവശ്യമില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരെയെന്ന് ഗുരുവിനെപ്പോലെയുള്ള ഋഷിമാര്‍ നമ്മോട് ചോദിക്കുമ്പോള്‍ ആദ്ധ്യാത്മികതയില്ലാത്ത മതവിശ്വാസിക്ക് ഈ ഗുരുവാക്യം മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടായിരിക്കാം ഈശ്വരഭക്തിക്ക് ഗുരു മൂന്നാം സ്ഥാനം കൊടുത്തത്.


ആദ്യം വേണ്ടത് വിദ്യയാണ്. വിദ്യയും വിദ്യാഭ്യാസവും ഇല്ലാത്ത ജനതയ്ക്ക് ദൈവം എന്നത് ലോകത്തെ മുഴുവന്‍ നശിപ്പിക്കുന്ന ആയുധമായി മാറും. വിദ്യ ഇല്ലാത്തവന്റെ മതം എത്ര പാരമ്പര്യം ആവശ്യപ്പെട്ടാലും എന്ത് പ്രയോജനം. ദാരുണമായി മരിച്ചുവീഴുന്ന കശാപ്പുശാലകളായി മനുഷ്യവംശം മാറുന്ന കാഴ്ച നാം കാണുകയാണ്. സാഹചര്യങ്ങളെ അനുകൂലമാക്കി വളരാനും വികസിക്കാനും നമുക്ക് കഴിയണമെന്നും ഒരു വ്യക്തിയിലെ ഈശ്വരനെ കണ്ടെത്താനുമുള്ള അറിവും ആഹ്വാനവുമാണ് ഗുരുദര്‍ശനത്തിന്റെ കാതലായ സന്ദേശമെന്നും നാം മനസ്സിലാക്കണം. പദയാത്രകളും തീര്‍ത്ഥാടനങ്ങളും ഉത്സവമായി മാറുമ്പോള്‍ നാം ഗുരുവിന്റെ തീര്‍ത്ഥാടന മഹാസങ്കല്‍പത്തെ കാണാതെ പോകുകയാണ് ചെയ്യുന്നത്.


ആനുകൂല്യങ്ങള്‍ക്ക് വേണ്ടി വ്യക്തിപൂജ നടത്തുന്ന വേദിയായി തീര്‍ത്ഥാടനത്തെ മാറ്റാതെ അറിവും യോഗ്യതയുമുള്ള പണ്ഡിതന്മാര്‍ക്ക് മനുഷ്യനെ അഭിസംബോധന ചെയ്യാനുള്ള അറിവിന്റെ വേദിയാക്കി മാറ്റുമ്പോഴാണ് ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥവത്താകുന്നത്. ഈ വര്‍ഷം ഗുരുവിന്റെ നമുക്ക് ജാതിയില്ലായെന്ന വിളംബരത്തിന്റെ ശതാബ്ദി സര്‍ക്കാര്‍ ഔദ്യോഗികമായി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ജാതിയില്ലാ വിളംബരത്തിന്റെ അര്‍ത്ഥമായി നമുക്ക് സ്വീകരിക്കാം.


മനുഷ്യനും ദൈവവും ജാതിയും ഒന്ന്. ജാതി, മതം, പാര്‍ട്ടി, ദൈവം ഇതൊന്നും മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ സ്വാധീനം ചെലുത്തരുത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന എല്ലാവിധ സ്വാധീനതകളില്‍നിന്നും നമ്മെ മോചിപ്പിക്കാന്‍ സഹായിക്കുന്നതായിരിക്കണം ശിവഗിരി തീര്‍ത്ഥാടനം. എന്തെന്നാല്‍ ജാതിമതഭേദമന്യേ ശിവഗിരി മാനവസമുദായത്തിന്റെ മടിത്തട്ടായി നിലകൊള്ളുന്നു എന്നതുതന്നെ.


സ്വാമി ശിവസ്വരൂപാനന്ദ

No comments:

Post a Comment