ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 24, 2016

ഭാരതീയകാലഗണനാ സമ്പ്രദായം

കാലം അനാദിയും നിത്യപ്രവാഹശീലമുള്ളതുമാണ്. ആര്യഭടാചാര്യന്‍ പറയുന്നു- ‘കാലോയമനാദ്യന്തോ ഗ്രഹഭൈരനുമീയതേ ക്ഷേത്രേ’ (ആര്യഭടീയം 3-11). എണ്ണല്‍ എന്നര്‍ത്ഥമുള്ള ‘കല് സംഖ്യാനേ’ എന്ന ധാതുവില്‍ നിന്നാണ് കാലശബ്ദം ഉണ്ടായിട്ടുള്ളത്. ‘കലയതി ആയുഃ (ആയുസ്സിനെ ഗണിക്കുന്നത്) ഇതികാലഃ’ എന്നു നിര്‍വചനം. സമയം, ശിവന്‍, യമന്‍ തുടങ്ങിയ നിരവധി അര്‍ത്ഥങ്ങള്‍ കോശങ്ങളില്‍ കാണാം.



‘അനാദിനിധനഃ കാലോ രുദ്രഃ
സങ്കര്‍ഷണഃ സ്മൃതഃ
കലനാത് സര്‍വഭൂതാനാം സ കാലഃ
പരികീര്‍ത്തിതഃ’



(അനാദിനിധനമായ കാലം ശിവനായും വിഷ്ണുവായും അറിയപ്പെടുന്നു. എല്ലാ ഭൂതങ്ങളുടെയും തിട്ടപ്പെടുത്തല്‍കൊണ്ട് അത് കാലമെന്ന് പ്രസിദ്ധമാകുന്നു) ‘കാലഃ കലയതാമഹം’ (ഗണിക്കുന്നവര്‍ക്കു ഞാന്‍ കാലമാകുന്നു) എന്ന് ഭഗവദ്ഗീത (10-30)യിലും കാണാം.

ഓരോ രാഷ്ട്രത്തിനും അതിന്റേതായ കാലഗണനാപദ്ധതി ഉണ്ടായിട്ടുണ്ട്. ഇതാകട്ടെ, ആ രാഷ്ട്രത്തിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയുമിരിക്കും. സ്വസംസ്‌കാരത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഏതു രാഷ്ട്രവും അതിന്റെ പരമവൈഭവത്തിലെത്തുകയുള്ളൂ. രാഷ്ട്രത്തിന്റെ ഓരോ കണത്തിലും ചിന്തയിലും ഈ സാംസ്‌കൃതികമായ അംശം അന്തര്‍ലീനമായി കാണാം. ഭൂതം, വര്‍ത്തമാനം, ഭാവി ഈ മൂന്ന് വിഷയങ്ങളെക്കുറിച്ചും സാംസ്‌കൃതികമായ കാഴ്ചപ്പാട് രാഷ്ട്രത്തിനുണ്ടാകും. ഭാരതത്തെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇത് സത്യമാണുതാനും. ഇവിടെ സെക്കന്റിനെ തന്നെ എത്രയോ ചെറിയ അംശമായ ത്രുടി മുതല്‍ നൂറ്റാണ്ടുകളുടെ സങ്കേതമായ മഹാപ്രളയംവരെ കാലത്തെ വിഭജിച്ച് ക്രമീകരിച്ചിരിക്കുന്നതായി കാണാം. ഈ ക്രമീകരണത്തിന്റെ സൂക്ഷ്മതയും ശാസ്ത്രീയതയും കണക്കിലെടുക്കുമ്പോള്‍ ഭാരതീയ കാലഗണനാസമ്പ്രദായം ഉപേക്ഷിച്ച് പാശ്ചാത്യ കാലഗണനയ്ക്ക് പിന്നാലെ ചെല്ലുകയും വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് നമുക്ക് ഭൂഷണമാകാന്‍ തരമില്ല. മാത്രവുമല്ല, ഇന്ന് കാണുന്ന പാശ്ചാത്യകലണ്ടര്‍, തികച്ചും അശാസ്ത്രീയവും കേവലമായ പ്രഖ്യാപനത്തിലൂടെ നിലവില്‍വന്നതുമാണ്.



1) ഇത് ജ്യോതിര്‍ഗോളങ്ങളെയോ യാതൊരു പ്രകൃതി പ്രതിഭാസത്തെയോ കേന്ദ്രികരിച്ചുള്ളതല്ല.

2) ക്രിസ്തുവിനെ കേന്ദ്രീകരിച്ചാണ് എന്നത് അവകാശവാദം മാത്രം. കാരണം ക്രിസ്തു ജനിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഇത് നിലവില്‍ വന്നത്. ക്രിസ്തുജനനം ഡിസംബര്‍ 25 ആണെന്ന് പറയുന്നു. എന്നാല്‍ വര്‍ഷാരംഭം ജനുവരി ഒന്നും. ഇത് എന്തടിസ്ഥാനത്തില്‍?

3) 1739 ല്‍ പോപ്പ് ഗ്രിഗോറി, സപ്തംബര്‍ രണ്ടിനുശേഷം 14 ആണെന്ന് വിശ്വസിക്കാനും ഫെബ്രുവരി 29 ഉണ്ടെന്ന് കല്‍പ്പിക്കുവാനും ആജ്ഞാപിച്ചു. 24 മണിക്കുറിനുള്ളില്‍ 11 ദിവസം എങ്ങനെ കടന്നുപോയി.

4) ശബ്ദാര്‍ത്ഥംകൊണ്ടുതന്നെ, സപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നിവ ക്രമേണ 7, 8, 9, 10 മാസങ്ങള്‍ ആണ്. പത്താംമാസമായ ഡിസംബര്‍ എങ്ങനെ 12-ാം മാസമായി.

5) ജൂലിയസ് സീസറും അഗസ്റ്റസ് സീസറും തങ്ങളുടെ പേരില്‍ ഓരോ മാസത്തെ കൂട്ടിച്ചേര്‍ത്തു. ജൂലായ് എന്നും ആഗസ്റ്റ് എന്നും മാറിമാറി വരുന്ന ഭരണകര്‍ത്താക്കളൊക്കെ മാസങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ, കുറയ്ക്കുകയോ ചെയ്താല്‍ കാലത്തിന്റെ ഗതി എന്താകും?

6) സാമ്പത്തികാദിവര്‍ഷങ്ങള്‍ ഇന്നും മാര്‍ച്ചിനോട് (യുഗാദിയോട്) ചേര്‍ന്നുകണക്കാക്കുന്നത് എന്തുകൊണ്ട്?

7) സര്‍വോപരി, ഋതുക്കള്‍, സൂര്യചന്ദ്രാദി സഞ്ചാരങ്ങള്‍ എന്നിവയുമായി ഇംഗ്ലീഷുമാസങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നതിനാല്‍ ഇത് ഭാരതത്തിന്റെ പരിതസ്ഥിതിക്കും സംസ്‌കാരത്തിനും അനുകൂലമല്ല. ഇതുകൊണ്ടുതന്നെ ക്രിസ്ത്വബ്ദത്തെ മാറ്റിനിര്‍ത്തി, യുഗാബ്ദത്തെക്കുറിച്ച് ചിന്തിക്കേണ്ട കാലം സമാഗതമായിരിക്കുന്നുവെന്ന് വ്യക്തം. നാം ഓരോ പൂജാവേളയിലും ഉപയോഗിക്കുന്ന ‘മേരോരുത്തരഭാഗേ ജുംബു ദ്വീപേ പരശുരാമക്ഷേത്രേ ബ്രഹ്മണോ ദ്വിതീയേ പരാര്‍ദ്ധേ ശ്രീശ്വേതവരാഹ കല്‍പേ വൈവസ്വത മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ വിരോധിനാമ സംവത്സരേ ഫാല്‍ഗുനമാസേ ശുക്ലപഞ്ചമ്യതിഥൗ…..’ എന്നിങ്ങനെയുള്ള സങ്കല്‍പവാക്യത്തെ നിത്യനൈമിത്തിക വ്യവഹാരത്തില്‍ ഉപയോഗിക്കാന്‍ കാലമായെന്നു സാരം.


സമയമെന്നും അര്‍ത്ഥമുള്ള കാലത്തെ ഭാരതീയര്‍ എത്ര സൂക്ഷ്മതയോടെയാണ് ഗണിച്ചിരിക്കുന്നത്. ‘ത്രുട്യാദി പ്രളയാന്തകാലകലനാത്’ എന്ന സിദ്ധാന്തശിരോമണി വാക്യത്തില്‍നിന്ന് ത്രുടിമുതല്‍ പ്രളയം വരെ കാലഗണന സുലഭമെന്ന് വ്യക്തമാണ്. ത്രുടി, ലവം, നിമിഷം, ഗുര്‍വ്വക്ഷരം, കാഷ്ഠം, അസു, വിനാഴികാ, നാഴികാ, മുഹൂര്‍ത്തം, ഹോര, യമം, അഹോരാത്രം (ദിവസം), സപ്താഹം, പക്ഷം, മാസം, ഋതു, അയനം, വര്‍ഷം, പൈത്ര്യം, ദിവ്യം, യുഗം, മഹായുഗം, മന്വന്തരം, കല്‍പം, പരാര്‍ദ്ധം, മഹാകല്‍പം (പ്രളയം) എന്നിങ്ങനെയാണ് കാലത്തിന്റെ ആഴവും പരപ്പും.


ത്രുടി: നൂറു താമരദളങ്ങള്‍ ഒരുമിച്ചുവച്ച്, കൂര്‍ത്ത സൂചികൊണ്ട് തുളച്ചാല്‍ ഒരു ദളത്തില്‍നിന്ന് മറ്റൊന്നിലേക്ക് സൂചി കടത്താന്‍ ആവശ്യമായ സമയമാണ് ത്രുടി. ഒരു സെക്കന്റിന്റെ 1/112500 ഭാഗം.


ഹോര: രണ്ടരനാഴികയാണ് ഒരു ഹോര. അതായത്, ഒരു മണിക്കൂര്‍. ത്രുടിക്കും, ഹോരയ്ക്കുമിടയ്ക്ക് ലവം, നിമിഷം, ഗുര്‍വ്വക്ഷരം, കാഷ്ഠം, പ്രാണന്‍, വിഘടിക (വിനാഴിക),ഘടിക (നാഴിക) മുഹൂര്‍ത്തം തുടങ്ങി നിരവധി അംശങ്ങളുണ്ട്. (ഇത് പട്ടിക നോക്കി മനസ്സിലാക്കുക)ഓരോ ഹോരയ്ക്കും സപ്തഗ്രഹങ്ങളില്‍ നിന്ന് അധിപതിയേയും കണക്കാക്കുന്നു. അര്‍ക്കന്‍, ശുക്രന്‍, ബുധന്‍ ചന്ദ്രന്‍, മന്ദര്‍ (ശനി) ജീവന്‍ (വ്യാഴം), ധരാസുതന്‍ (ചൊവ്വ) എന്നിവര്‍ ക്രമേണ ആദ്യത്തെ ഏഴു ഹോരങ്ങളുടെ പതികള്‍. ഉദയം തൊട്ടെടുത്ത് ആദ്യോഹോരയ്ക്ക് അന്നത്തെ ദിനാധിപന്‍ നാഥന്‍. തുടര്‍ന്ന് മേല്‍പ്പറഞ്ഞ ക്രമത്തില്‍ ഓരോ ഗ്രഹം നാഥന്‍. 25-ാം ഹോരയുടെ (അടുത്ത സൂര്യോദയം) പതി അടുത്ത ദിനത്തിന്റെ നാഥനാകുന്നു. ഇതിന് കാലഹോരാക്രമം എന്നു പറയും.



ഓരോ രാഷ്ട്രത്തിനും അതിന്റേതായ കാലഗണനാപദ്ധതി ഉണ്ടായിട്ടുണ്ട്. ഇതാകട്ടെ, ആ രാഷ്ട്രത്തിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയുമിരിക്കും. സ്വസംസ്‌കാരത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഏതു രാഷ്ട്രവും അതിന്റെ പരമവൈഭവത്തിലെത്തുകയുള്ളൂ.


ഇ.എന്‍. ഈശ്വരന്‍

1 comment: