വാസവേയ മുനിശ്രേഷ്ഠ സര്‍വ്വജ്ഞാനനിധേനഘ
പ്രഷ്ടുമിച്ഛാമ്യഹം സ്വാമിന്നസ്മാകം കുലവര്‍ദ്ധന
ശൂരസേന സുത: ശ്രീമാന്‍ വാസുദേവ: പ്രതാപവാന്‍
ശ്രുതം മയാ ഹരിര്‍ യസ്യ പുത്രഭാവമവാപ്തവാന്‍
ജനമേജയന്‍ ചോദിച്ചു: മഹാനുഭാവനും സര്‍വ്വജ്ഞനുമായ വേദവ്യാസാ, ഞങ്ങളുടെ കുലത്തിനുതന്നെ മംഗളം ഭവിക്കുന്നത് അങ്ങയുടെ കൃപയാലാണ്. ശൂരസേനന്റെ പുത്രനാണല്ലോ വസുദേവര്‍. അദ്ദേഹത്തിന്‍റെ പുത്രനായി ശ്രീവിഷ്ണു സ്വയം അവതരിച്ചു എന്ന് കേട്ടിട്ടുണ്ട്. ആനകദുന്ദുഭി എന്ന് പുകള്‍പെറ്റ വസുദേവര്‍ കംസന്റെ കാരാഗ്രഹത്തില്‍ എങ്ങിനെയെത്തി?
ദേവന്മാര്‍ക്ക് കൂടി പൂജ്യനായിരുന്നല്ലോ അദ്ദേഹം? തന്റെ ഭാര്യയായ ദേവകിയോടോപ്പം കാരഗ്രഹവാസം ചെയ്യാന്‍ തക്കതായ എന്ത് കുറ്റമാണവര്‍ ചെയ്തത്?
ദേവകിയുടെ ആറുമക്കള്‍ എന്തിനായാണ് കൊല്ലപ്പെട്ടത്? യയാതിയുടെ വംശത്തില്‍പ്പിറന്ന കംസന്‍ ഇത്തരം ക്രൂരതകള്‍ ചെയ്യാനിടയായതെന്തുകൊണ്ടാണ്? അവരുടെ പുത്രനായി ശ്രീഹരിയെങ്ങിനെയാണ് പിറവിയെടുത്തത്? എങ്ങിനെയാണാ കോമളശിശു ഗോകുലത്തിലെത്തിയത്? എന്തിനാണദ്ദേഹം അവതരിച്ചത്? ജഗസൃഷ്ടിക്ക് ശക്തിയുള്ള ശ്രീഹരി എന്തുകൊണ്ടാണ് തന്റെ മാതാപിതാക്കളെ കാരാഗ്രഹത്തില്‍ നിന്നും മോചിപ്പിക്കാതിരുന്നത്? അതോ അവരുടെ മുജ്ജന്മകര്‍മ്മങ്ങള്‍ അവരെ പിന്തുടര്‍ന്നതാണോ? കംസന്റെ കൈകൊണ്ട് മരിച്ച ആറുപേര്‍ ആരൊക്കെയാണ്? കംസന്‍ പാറയില്‍ അടിച്ചു വധിക്കാനായി എടുത്തപ്പോള്‍ ആകാശത്തേയ്ക്ക് രക്ഷപ്പെട്ട ആ ബാലിക ആരായിരുന്നു? കൃഷ്ണന്‍ ബഹുഭാര്യനായിരുന്നല്ലോ, അദ്ദേഹത്തിന്‍റെ ഗാര്‍ഹസ്ത്യം എങ്ങിനെയുള്ളതായിരുന്നു? അദ്ദേഹത്തിന്‍റെ മറ്റുള്ള പ്രവൃത്തികളെപ്പറ്റിയും തിരോധാനത്തെപ്പറ്റിയും പലവിധത്തിലുള്ള കഥകള്‍ ഞാന്‍ കേട്ട് ഞാനാകെ മോഹിച്ചു വശായിരിക്കുന്നു. ആ വാസുദേവന്റെ ചരിതം ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.
നരനാരായണന്മാര്‍ പണ്ട് ധര്‍മ്മപുത്രന്മാരായി ജനിച്ച് ബദരികാശ്രമത്തില്‍ ഉത്തമമായ തപസ്സനുഷ്ഠിച്ചു. കാമാക്രോധാദി ഷഡ് ഗുണങ്ങളെ വെന്ന വിഷ്ണ്വംശഭൂതരായ അവര്‍ ലോകകല്യാണാര്‍ത്ഥമാണല്ലോ ആഹാരം പോലും വെടിഞ്ഞ് തപസ്സുചെയ്തത്. അര്‍ജുനനും കൃഷ്ണനും ആ നരനാരായണന്‍മാരുടെ അംശാവതാരങ്ങളാണെന്ന് നാരദാദി മാമുനിമാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ അവരും നരനാരായണന്മാരും ഒരേസമയം സശരീരരായി എങ്ങിനെയാണ് നിലകൊള്ളാനിടയായത്? ഉഗ്രതപസ്സിന്റെ പ്രഭാവത്താല്‍ യോഗനിലയിലെത്തിയ നരനാരായണന്‍മാര്‍ വീണ്ടും ദേഹമെടുക്കാനിടയായതെങ്ങിനെയാണ്? സ്വധര്‍മ്മനിരതനായ ശൂദ്രന്‍ മരിച്ചാല്‍ ക്ഷത്രിയനായും അയാള്‍ ആചാരവിശുദ്ധനാണെങ്കില്‍ ബ്രാഹ്മണനായും ജനിക്കും. അനാസക്തനായ ബ്രാഹ്മണന് സംസാരത്തില്‍ നിന്നും മുക്തിയും കിട്ടുമെന്നാണല്ലോ? അപ്പോള്‍പ്പിന്നെ നരനാരായണന്‍മാരുടെ അനുഭവം എങ്ങിനെ മറിച്ചായി? തപസ്സ് ചെയ്ത് നിര്‍മനാവസ്ഥയിലെത്തിയ അവര്‍ വീണ്ടും ക്ഷത്രിയരായി മാറാന്‍ അവര്‍ എന്ത് കുറ്റമാണ് ചെയ്തത്? വിപ്രശാപത്താല്‍ യദുവംശനാശം സംഭവിച്ചതായി ഞാനും കേട്ടിട്ടുണ്ട്. ഗാന്ധാരീശാപവും അതിനു കാരണമായിട്ടുണ്ടാവും. ശംബരാസുരന്‍ പണ്ട് പ്രദ്യുമ്നനെ കട്ടുകൊണ്ടു പോയതെങ്ങിനെയാണ്? ദേവദേവനായ ശ്രീകൃഷ്ണന്‍ ഇരിക്കുമ്പോള്‍ സൂതികാഗൃഹത്തില്‍ നിന്നും ശിശുവിനെ കൊണ്ടുപോയി എന്നത് വിസ്മയകരം തന്നെ. ശ്രീഹരി ത്രികാലജ്ഞാനല്ലേ? അദ്ദേഹമറിയാതെ ഇത് നടക്കുമോ? എപ്പോഴാണ് കൃഷ്ണഭഗവാന്‍ സ്വര്‍ഗ്ഗസ്ഥനായത്? വാസുദേവന്റെ പത്നിമാരെ കൊള്ളക്കാര്‍ പിടിച്ചുകൊണ്ടുപോയില്ലേ? ഈ കഥകള്‍ എല്ലാം എന്നില്‍ സന്ദേഹങ്ങള്‍ നിറച്ചിരിക്കുന്നു.
ഭൂമിയുടെ ഭാരം തീര്‍ക്കാന്‍ വിഷ്ണുവിന്റെ അംശമായിപ്പിറന്ന ശ്രീകൃഷ്ണന്‍ ഭയപ്പെട്ടു മഥുരയില്‍നിന്നും പാലായനം ചെയ്തുവത്രേ! അങ്ങിനെയാണല്ലോ ബന്ധുമിത്രാദികളോടു കൂടി ദ്വാരകയില്‍ പോയി പാര്‍പ്പു തുടങ്ങിയത്. ധര്‍മ്മസംസ്ഥാപനം, ദുഷ്ടമര്‍ദ്ദനം, എന്നിവയ്ക്കായി പിറവിയെടുത്ത കൃഷ്ണന് സ്വന്തം പത്നിമാരെ രക്ഷിക്കാന്‍ ആ കള്ളന്മാരെ നേരെത്തെ അറിഞ്ഞു വകവരുത്താന്‍ സാധിക്കാത്തതെന്തുകൊണ്ട്? സര്‍വ്വജ്ഞനായ അദ്ദേഹം സദേഹനായിരിക്കുമ്പോള്‍ത്തന്നെ അക്കൂട്ടരെ നശിപ്പിക്കേണ്ടിയിരുന്നു. ഭൂഭാരം തീര്‍ക്കാനാണെങ്കില്‍ എന്തിനാണ് ഭീക്ഷ്മരെയും ദ്രോണരെയും വധിച്ചത്? യുധിഷ്ടിരന്‍ മുതലായ പാണ്ഡവന്മാര്‍ കൃഷ്ണഭക്തരും രാജസൂയം വേണ്ടപോലെ നടത്തിയവരും ബ്രാഹ്മണര്‍ക്കായി ദാനങ്ങള്‍ അനവധി ചെയ്തവരുമാണ്. എന്നിട്ടും കൃഷ്ണനെ ആശ്രയിച്ച അവര്‍ക്ക് ഘോരദുരിതങ്ങളാണല്ലോ അനുഭവമായത്! അവരുടെ സുകൃതം എങ്ങിനെ ഇല്ലാതെയായി? അവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന പാപം എന്താണ്?
ദ്രൌപദിയുടെ കാര്യമെടുക്കുക. മഹാസാധ്വിയും കൃഷ്ണഭക്തയുമായ ദ്രൌപദി യജ്ഞവേദിയില്‍ നിന്നും ജനിച്ചവളാണ്. അവളെ ഏകവസ്ത്രയായി സഭയില്‍ വെച്ച് കൌരവര്‍ അപമാനിച്ചില്ലേ? വിരാടനഗരത്തില്‍ അവള്‍ക്ക് ദാസിയായി കഴിയേണ്ടിവന്നു. കീചകനില്‍ നിന്നും അപമാനം നേരിട്ടു. ജയദ്രഥന്‍ അവളെ തട്ടിക്കൊണ്ടുപോയി. പിന്നീട് അവളുടെ മഹാരഥന്മാരായ ഭര്‍ത്താക്കന്മാര്‍ അവളെ മോചിപ്പിച്ചു എങ്കിലും ദേവാംശസംഭൂതരായ ആളുകള്‍ക്ക് ഈദൃശാനുഭവങ്ങള്‍ എങ്ങിനെയാണ് ഉണ്ടാവാനിടയായത്? അവരുടെ മുജ്ജന്മപാപങ്ങള്‍ അത്ര കഠിനമായിരുന്നോ? രാജസൂയമൊക്കെ ചെയ്ത എന്റെ പൂര്‍വ്വികരായ പാണ്ഡവന്മാര്‍ക്ക് ഇത്യധികം തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നല്ലോ! ജഗത്തിന്റെ മിഥ്യാസ്വഭാവം നന്നായി അറിയുന്ന അവര്‍ എങ്ങിനെയാണ് ഭീഷ്മാദികളെ ചതിച്ചു കൊലചെയ്തത്? ഇത്തരം ഘോരപാപങ്ങള്‍ അവരെക്കൊണ്ടു ചെയ്യിച്ചത് സാക്ഷാല്‍ കൃഷ്ണനുമാണ് എന്ന് കേട്ടിരിക്കുന്നു. ഉത്തമരെ വധിച്ചു ജീവിക്കുന്നതിലും ഭേദം ഭിക്ഷയെടുത്തോ കൂലിവേലചെയ്തോ വരിനെല്ല് വെച്ചുണ്ടോ ജീവിതം നയിക്കുന്നതാണ്. മുനിസത്തമാനായ അങ്ങാണ് വിധവമാരില്‍ പുത്രന്മാരെ ജനിപ്പിച്ച് വംശം കുറ്റിയറ്റ് പോകുന്നതില്‍ നിന്നും കുലത്തെ രക്ഷിച്ചത്. കുറച്ചുകാലം മുന്പ് എന്റെ പിതാവ് ശമീകമുനിയുടെ കഴുത്തില്‍ ഒരു ചത്ത പാമ്പിനെയിട്ടല്ലോ. ക്ഷത്രിയവംശത്തില്‍പ്പിറന്ന ഒരാളും ഉത്തമനായ ഒരു ബ്രാഹ്മണനെ നിന്ദിക്കുക എന്നത് കേട്ട്കേള്‍വിയില്‍പ്പോലും ഉണ്ടായിട്ടില്ല. എന്നാല്‍ എന്റെ പിതാവായ പരീക്ഷിത്ത് മൌനിയായ ആ മുനിശ്രേഷ്ഠനെ ഇങ്ങിനെ ദ്വേഷിക്കാന്‍ എന്താണ് കാരണം?
ഇങ്ങിനെയുള്ള അനേകം ചോദ്യങ്ങള്‍കൊണ്ട് എന്റെയുള്ളം കലുഷിതമായിരിക്കുന്നു. സര്‍വ്വജ്ഞനായ അങ്ങ് തന്നെ എന്നിലെ സംശയങ്ങള്‍ ഇല്ലാതാക്കി എന്റെ മനശ്ചാഞ്ചല്യം തീര്‍ത്ത് തരണം.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment