ഏകത്വം ആസ്ഥിതഃ – സമാധിസ്ഥിതനായ യോഗി, ഭൗതിക പ്രകൃതിയുടെ പ്രവര്‍ത്തനഫലമായി കാണപ്പെടുന്ന സമമല്ലാത്തതും പരസ്പരവിരുദ്ധവുമായ നിലയിലാണ് സര്‍വജീവജാലങ്ങളും എന്ന നമ്മുടെ അവബോധത്തിന് അതീതനായി സ്ഥിതിചെയ്യുന്നു. വസുദേവ പുത്രനും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് സര്‍വഭൂതങ്ങളിലും അന്തര്യാമിയായി എല്ലായിടത്തും വ്യാപിച്ച് നില്‍ക്കുന്നതെന്ന ഏകത്വബോധത്തില്‍ യോഗി ഉറച്ചിനില്‍ക്കുന്നു.
”ഏകോപി സന്‍ ബഹുധായോവിഭാതി” എന്ന് ഗോപാലതാപന്യുപനിഷത്തില്‍ പ്രതിപാദിക്കുന്ന ഏകത്വജ്ഞാനം തന്നെയാണിത്. ഭഗവാന്‍ ഒരു വ്യക്തിയാണെങ്കിലും ഒരേസമയം വിവിധ രൂപത്തിലും ഭാവത്തിലും വിളങ്ങുന്നു. ഇതാണ് ഏകത്വബോധം. യോഗി ഈ ഏകത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു, സര്‍വഭൂതങ്ങളിലും ഈ രീതിയില്‍ വിളങ്ങുന്നതായിട്ടും കാണുന്നു. സര്‍വജീവന്മാരും ഭഗവാന്റെ അംശങ്ങളാണെന്നും പക്ഷേ മായാബദ്ധരായി അജ്ഞാനത്തില്‍ മൂടിക്കിടക്കുന്നു എന്ന വസ്തുതയും യോഗി അറിയുന്നു; ദര്‍ശിക്കുന്നു. താന്‍ സ്വയം ഭഗവാന്റെ അംശമാണെന്നും അറിയുന്നു, ദര്‍ശിക്കുന്നു.
യോ മം ഭജതി – ആ യോഗി, മറ്റുള്ളവരെയും ജന്തുക്കളെയും വൃക്ഷാദികളെയും പ്രദക്ഷിണം വെക്കുന്നതും നമസ്‌കരിക്കുന്നതും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നതും കണ്ടാല്‍ നമുക്ക് തീരുമാനിക്കാം ആ യോഗിയുടെ ദര്‍ശനത്തില്‍ എല്ലാ വസ്തുക്കളും സച്ചിദാനന്ദ രൂപങ്ങളാണെന്ന്. തീക്കനല്‍ കൂമ്പാരത്തില്‍ മൂടിവച്ച ഇരുമ്പുദണ്ഡ്, പഴുത്തു കഴിഞ്ഞാല്‍ അഗ്നിയെപ്പോലെ തന്നെ ചൂടും പ്രകാശവും പ്രവഹിപ്പിക്കും. ഏതാണ് ഇരുമ്പുദണ്ഡ് എന്ന് മനസ്സിലാവുകയില്ല. ആ അവസ്ഥയിലാണ് യോഗനിഷ്ഠന്‍. എല്ലാം ഭഗവന്മയമായിക്കാണുന്നു.
സര്‍വഥാ വര്‍ത്തമാനഃ
ആ യോഗിക്കു വിധിയും നിഷേധവും ബാധിക്കുകയില്ല. ചിലപ്പോള്‍ കുളിച്ചേക്കാം; ചിലപ്പോള്‍ കുളിച്ചില്ലെന്നും വരും. ആഹാരം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യും. യാജ്ഞവല്‍ക്യ മഹര്‍ഷിയെപ്പോലെ സര്‍വ കര്‍മങ്ങളെയും ഉപേക്ഷിച്ചേക്കാം. ജനക രാജാവിനെ പോലെ വിനീത കര്‍മങ്ങള്‍ ചെയ്‌തേക്കാം. ദത്താത്രേയനെപ്പോലെ കര്‍മങ്ങള്‍ ചെയ്‌തേക്കാം.
സ യോഗീ മയി വര്‍ത്തതേ
അങ്ങനെയൊക്കെയാണെങ്കിലും സമാധിനിഷ്ഠന്‍ എന്നില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. ശ്രീശങ്കരാചാര്യര്‍ പറയുന്നത് ”മയി = വൈഷ്ണവെ പരമേ പദേ വര്‍ത്തതേ” ആ യോഗി ഭഗവത്പദത്തില്‍ വൈകുണ്ഠത്തില്‍ത്തന്നെ എത്തിച്ചേരുന്നു എന്നാണ്.
No comments:
Post a Comment