ഉദ്ധവര്‍ തുടര്‍ന്നു: "വൃന്ദാവനത്തില്‍നിന്നും ശ്രീകൃഷ്ണന്‍ ബലരാമനോടൊപ്പം മധുരയിലെത്തി. പരദ്രോഹിയായ കംസനെ സിംഹാസനത്തില്‍നിന്നും വലിച്ച് താഴെയിട്ട്, അവിടെനിന്നും നിലത്തുകൂടെ ശക്തിയോടെ വലിച്ചിഴച്ച് കാലപുരിക്കയച്ചു. പിന്നീട് തന്റെ മാതാപിതാക്കളെ കാരാഗ്രഹത്തില്‍നിന്നും മോചിതരാക്കി. കൃഷ്ണന്‍ സാന്ദീപനിമഹര്‍ഷിയില്‍നിന്നും സകലവേദങളും ഉപനിഷത്തുക്കളും വളരെപ്പെട്ടെന്നുതന്നെ പഠിച്ചിരുന്നു. ഒരുമാത്ര തന്റെ ഗുരുവില്‍ നിന്നും ശ്രവിക്കുന്നതോടെ അവയൊക്കെ അവന് ജ്ഞേയമാകുന്നു. തുടര്‍ന്ന് മൃതിയടഞ ഗുരുപുത്രനെ പഞ്ചജനനില്‍നിന്നും പിടിച്ചെടുത്ത് ഗുരുദക്ഷിണയായി ഗുരുവിന് നല്‍കി. ഭീഷ്മകരുടെ പുത്രിയായ രുഗ്മിണിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ കൊട്ടാരത്തിലെത്തി അവളുടെ സ്വയംവരത്തിനായെത്തി ആ സൗഭാഗ്യവും കാത്തിരിക്കുന്ന നിരവധി രാജകുമാരന്‍മാരുടെ ഇടയിലൂടെ, ഗരുഡന്‍ പണ്ട് അമൃതം റാഞ്ചിക്കൊണ്ടുപോയതുപോലെ, ഭഗവാന്‍ കൃഷ്ണന്‍ രുഗ്മിണിയെ കടത്തിക്കൊണ്ടുപോയി.
പിന്നീടൊരു സ്വയംവരാവസരത്തില്‍ ഏഴ് കാളക്കൂറ്റന്‍മാരെ പരാജയപ്പെടുത്തി നാഗ്നാജിതി രാജകുമാരിയെ പാണിഗ്രഹണം ചെയ്തു. എതിര്‍ക്കാന്‍ വന്ന മൂഢരായ രാജാക്കന്‍മാരെ യഥാവിധി യുദ്ധത്തില്‍ യമപുരം ചേര്‍ക്കുകയും ചെയ്തു. ഒരു സാധാരണ മനുഷ്യനെപ്പോലെ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തുവാനെന്നോണം സ്വര്‍ഗ്ഗത്തില്‍ നിന്നും പാരിജാതത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഇന്ദ്രന്‍ തന്റെ ഭാര്യയാല്‍ പ്രലോഭിതനായി ഒരു പെണ്‍കോന്തനെന്നോണം ഇതിന്റെ പേരില്‍ ഭഗവാനോട് യുദ്ധത്തിന് പുറപ്പെട്ടു.
ധരിത്രിയുടെ മകന്‍ നരകാസുരന്‍ ആകാശം മുഴുവന്‍ പിടിച്ചടക്കുവാനുള്ള പരിശ്രമത്തിനിടയില്‍ ഭഗവാന്റെ സുദര്‍ശനചക്രത്താല്‍ വധിക്കപ്പെട്ടു. പിന്നീട് ഭൂമീദേവിയുടെ പ്രാര്‍ത്ഥനെയെ മാനിച്ച് നരകാസുരന്റെ രാജ്യത്തെ അയാളുടെ പുത്രന് തിരികെ നല്‍കി. അങനെ ഭഗവാന്‍ അസുരന്‍മാരുടെ കോട്ടയ്ക്കകത്ത് പ്രവേശിച്ചു. അവിടെ നരകാസുരന്‍ കാരാഗൃഹത്തിലടച്ചിരുന്ന അനേകം രാജകുമാരിമാര്‍ ദീനവത്സലനായ ഭഗവാനെ കണ്ടതും നാണത്തോടെ, സന്തോഷവതികളായി, ഭഗവാനെ പതിയായി സ്വീകരിക്കുവാനുള്ള അത്യാര്‍ത്തിയോടെ ആ കരുണാമയനെ നോക്കി. ഭഗവാന്‍ ആത്മമായയാല്‍ ഒരേവേളയില്‍ ഓരോ സ്ത്രീകള്‍ക്കും അനുയോജ്യമാം വിധം അനേകം ദിവ്യശരീരങള്‍ കൈക്കൊണ്ട് നിരാലംബരായ ആ രാജകുമാരിമാരെ വേളികഴിച്ചു. ഓരോരുത്തരേയും വേവ്വേറെ ഭവനങളില്‍ താമസിപ്പിച്ചു. ഭഗവാന്‍ ഇവര്‍ക്കോരോരുത്തര്‍ക്കും തനിക്കുസമമായ പത്തു സന്തതികളെ വീതം നല്‍കിയനുഗ്രഹിച്ചു.
അന്ന് സാല്വനും, മഗധയുടെ രാജാവ് കാലയവനനുമൊക്കെ മധുരയെ ആക്രമിച്ചു. അവര്‍ തങളുടെ സൈന്യങളോടൊപ്പം രാജ്യത്തെ വളഞു. എങ്കിലും അവരെ വധിക്കുന്നതില്‍ നിന്നും ഭഗവാന്‍ ഒഴിഞുമാറിനിന്നുകൊണ്ട് തന്റെ സേനയുടെ യുദ്ധകുശലതയെ ശത്രുക്കള്‍ക്ക് കാട്ടിക്കൊടുത്തു. ശംബരന്‍, ദ്വിവിദന്‍, ബാണന്‍, മുരന്‍, ബല്വന്‍, തുടങിയ രാജാക്കന്‍മാരും, അസുരന്‍മാരയ ദണ്ഡവക്രാദികളും ഒക്കെ ഭഗവാനോട് പോരിനുവന്നു. പക്ഷേ അവരില്‍ ചിലരെ അവന്‍ നേരിട്ടു വധിക്കുകയും, മറ്റുചിലരെ മറ്റുള്ളവരാല്‍ കൊല്ലിക്കുകയും ചെയ്തു.
ഹേ വിദുരരേ!, കുരുക്ഷേത്രത്തില്‍ ശത്രുപക്ഷത്തുനിന്നും, അങയുടെ പക്ഷത്തുനിന്നും അനേകം പേര്‍ അതിഘോരമായി യുദ്ധം ചെയ്തു. അവര്‍ യുദ്ധഭൂമിയിലൂടെ കൂകിവിളിച്ചുകൊണ്ട് തലങും വിലങും ഒടുമ്പോള്‍ ഭൂമിദേവി വിറയ്ക്കുകയായിരുന്നു. ഇങനെ അതിശക്തന്‍മാരയ അനേകം യോദ്ധാക്കളുടെ മൃതുവിന് ഭഗവാന്‍ കാരണക്കാരനായി. കര്‍ണ്ണന്റേയും, ദുഃശ്ശാസനന്റേയും, സൗബലന്റേയും, തെറ്റായ ഉപദേശങള്‍ സ്വീകരിച്ചതിന്റെ ഫലമായി ദുര്യോധനന് തന്റെ ജീവിതദൈഘ്യവും, സൗഭാഗ്യങളുമെല്ലാം നഷ്ടപ്പെട്ടു. തന്റെ അനുയായികള്‍ക്കൊപ്പം യുദ്ധഭൂമിയില്‍ തുട തകര്‍ന്നുകിടന്ന ദുര്യോധനെ കാണാന്‍ ഭഗവാന് ഒട്ടും തന്നെ താല്പ്പര്യമുണ്ടായിരുന്നില്ല.
ഹേ വിദുരരേ!, കുരുക്ഷേത്രയുദ്ധം അവസാനിച്ച വേളയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞു - "ഭൂമിക്ക് ഭാരമായിരുന്ന പതിനെട്ട് അക്ഷൗഹിണികളെ ഇതാ ദ്രോണരും, ഭീഷ്മരും, അര്‍ജ്ജുനനും, ഭീമനുമൊക്കെ ചേര്‍ന്ന് ഇല്ലാതാക്കിയിരിക്കുന്നു. പക്ഷേ, എന്റെ കുലമായ യഥുക്കളുടെ ഭാരം ഇപ്പോഴും ഭൂമിദേവിക്ക് താങാനാകാത്തവിധം വളര്‍ന്നുവലുതായിര്‍ക്കുന്നു. അവരെക്കൂടി ഇവിടെനിന്നും ഉന്‍മൂലനലനം ചെയ്യേണ്ടിയിരിക്കുന്നു. അവര്‍ മധുമത്തരായി, കണ്ണും ചുവപ്പിച്ച്, തമ്മില്‍ കലഹിച്ചു, തനിയെ ഇല്ലാതാകുന്നതാണ്. എന്റെ അഭാവത്തില്‍ ഇത്യര്‍ത്ഥം ഇതല്ലാതെ ഒരു വഴി വേറേ ഇല്ലതന്നെ."
പിന്നീട് ഭഗവാന്‍ ചിന്തിച്ചുറപ്പിച്ചുകൊണ്ട് ധര്‍മ്മാധിഷ്ഠിതവും ശ്രേഷ്ഠവുമായ ഒരു ഭരണം കാഴ്ചവയ്ക്കുവാനായി യുധിഷ്ഠിരനെ ലോകാധിപതിയായി വാഴിച്ചു. പുരുവംശത്തിന്റെ അനന്തരാവകാശി പിന്നീട് മഹാനായ അഭിമന്യുവിന്റെ പുത്രനായി ഉത്തരയുടെ ഗര്‍ഭത്തില്‍ പിറന്നു. ആ ഭൂണം ദ്രോണപുത്രന്റെ ബ്രഹ്മാസ്ത്രത്താല്‍ ദഹിക്കാന്‍ തുടങിയപ്പോള്‍ ഭഗവാന്‍ ഉത്തരയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അവനേയും പരിരക്ഷിച്ചു. ധര്‍മ്മപുത്രര്‍ രാജ്യഭരണമേറ്റുകഴിഞപ്പോള്‍ ഭഗവാന്‍ അദ്ദേഹത്തെക്കൊണ്ട് അശ്വമേധയാഗം ചെയ്യിച്ചു. ശ്രീകൃഷ്ണഭക്തനായ യുധിഷ്ഠിരന്‍ സഹോദരന്‍മാര്‍ക്കൊപ്പം തന്റെ രാജ്യത്തെ സകല സൗഭാഗ്യങള്‍ക്കൊപ്പം പരിപാലിച്ചുരക്ഷിച്ചു.
അതേസമയം ഭഗവാനാകട്ടെ, വേദവിധികള്‍ക്കനുസരിച്ച്, തികച്ചും അനാസക്തനായി, സാംഖ്യശാസ്ത്രാദിവിധികള്‍ പ്രമാണമാക്കി ദ്വാരകയില്‍ വാണു. അവിടെ, ഭഗവാന്‍ തന്റെ അന്തരാത്മാവില്‍ പരമാനന്ദാനുഭവരസം നുകര്‍ന്നുകൊണ്ട്, ഭക്തന്‍മാര്‍ക്ക് അമൃതവചസ്സുകളരുളിക്കൊണ്ട്, സകലൈശ്വര്യങളോടെ, അത്ഭുതചരിതനായി ആ അദ്ധ്യാത്മികശരീരത്തില്‍ കുടികൊണ്ടു. യഥുക്കളോടൊപ്പം ഇഹത്തിലും പരത്തിലും, അവന്‍ തന്റെ ലീലകളാടി. വിശ്രമവേളകളില്‍ ഭഗവാന്‍ തന്റെ ഭാര്യമാര്‍ക്കൊപ്പം ക്ഷണസൗഹൃദം പങ്കിട്ടു. ഇങനെ അനേകദിവ്യസംവത്സരങള്‍ കൃഷ്ണന്‍ ഒരു ലൗകികനെപ്പോലെ ജീവിച്ചു. ഒടുവില്‍ പൂര്‍ണ്ണവിരക്തനായി.
സകലജീവജാലങളും ഈശ്വരാധീനരാണ്. ആ ജഗദീശ്വരനോട് യോഗം കൂടാന്‍ ഭക്തന്‍മാര്‍ക്ക് മാത്രമേ സാധിക്കുന്നുള്ളൂ. ദ്വാരകയില്‍ ഒരിക്കല്‍ കുറെ യഥുരാജകുമാരന്‍മാരും, ഭോജകുമാരന്‍മാരും കൂടിചേര്‍ന്ന് ഒരുകൂട്ടം ഋഷികളെ പരിഹസിച്ച് അവരെ കോപാകുലരാക്കി. ഭഗവാന്റെ ഇച്ഛാനുസൃതം സംഭവിച്ച ഈ ക്രീഡയില്‍ ക്രോധിതരായ മുനികള്‍ അവരെ ശപിച്ചു. തതനന്തരം ശ്രീകൃഷ്ണനാല്‍ പരിഭ്രാന്തരായ കുറെ യഥുക്കളും, ഭോജന്‍മാരും, അന്തകവംശജരും കൂടി അത്യുത്സാഹത്തോടെ തങളുടെ രഥങളില്‍ കയറി പ്രഭാസതീര്‍ത്ഥത്തിലേക്ക് തിരിച്ചു. എന്നാല്‍ കുറെ കൃഷ്ണഭക്തന്‍മാര്‍ ദ്വാരകയില്‍ ഭഗവാനോടൊപ്പംതന്നെ കഴിഞു. അവിടെയെത്തി കുളികഴിഞ് ഇവര്‍ തങളുടെ പിതൃക്കള്‍ക്കളുടേയും, ദേവന്‍മാരുടേയും, ഋഷികളുടേയും പരിതൃപ്തിക്കുവേണ്ടി ബലിതര്‍പ്പണം ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണര്‍ക്ക് പശു, സ്വര്‍ണ്ണം, പൊന്‍ നാണയങള്‍, ശയ്യകള്‍, വസ്ത്രങള്‍, മാന്തോല്‍, കംബളം, കുതിര, ആന, കന്യകമാര്‍, ഭൂമി എന്നിവ ദാനമായി നല്‍കി അവരുടെ അനുഗ്രഹത്തിന് പാത്രമായി. പിന്നീടവര്‍ രുചിയേറിയ ഭക്ഷണങളുണ്ടാക്കി ആദ്യം ഭാവാന് സമര്‍ച്ചതിനുശേഷം ഈ ബ്രാഹ്മണര്‍ക്ക് ഊട്ടുനടത്തി. അവര്‍ തങളുടെ ശിരസ്സ് ഭൂമിയില്‍ തട്ടിച്ച് അവരെ നമസ്ക്കരിച്ചു. അങനെ ഗോക്കളേയും ബ്രാഹ്മണരേയും പരിരക്ഷിച്ചുകൊണ്ട് അവര്‍ യഥോചിതം വാണു.
ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം മൂന്നാമധ്യായം സമാപിച്ചു.
*ഓം തത് സത്*
No comments:
Post a Comment