ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

ഗീതാദർശനം - യോഗാരൂഢന്റെ രണ്ടാമത്തെ അവസ്ഥ -30


യോഗാരൂഢനായ ആ സമദര്‍ശിയുടെ ദര്‍ശനം ഒന്നുകൂടി വ്യക്തമാവുന്നു. സര്‍വത്ര ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് മൃഗങ്ങള്‍, പുഴുക്കള്‍ വരെയുള്ള എല്ലാ ജീവവസ്തുക്കളിലും ജീവനില്ലാത്ത വസ്തുക്കളിലും എന്നെ കാണുന്നു.



സര്‍വത്രമാം പശ്യതി മാം
എന്നതിന് വസുദേവ പുത്രനായ എന്നെ എന്നാണ് അര്‍ത്ഥമെന്ന് ശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. സര്‍വഭൂതങ്ങളിലും വസിക്കുന്നതും അവയെ പ്രവര്‍ത്തിപ്പിക്കുന്നതും ഈ വാസുദേവന്‍ തന്നെയാണ്. ഈ രീതിയില്‍ സ്ഥിതിചെയ്യുന്ന എന്നെ ദര്‍ശിക്കാന്‍ ആ യോഗിക്കു കഴിയുന്നു.


സര്‍വം ച മയി പശ്യതി
യോഗി ബ്രഹ്മാവ് മുതല്‍ സ്ഥാവരങ്ങള്‍ വരെയുള്ള സകല പദാര്‍ത്ഥങ്ങളെയും എന്നില്‍-ഈ കൃഷ്ണനില്‍- നിലനില്‍ക്കുന്നതായി കാണുന്നു. ഭൗതികവസ്തുക്കളെല്ലാം യഥാര്‍ത്ഥത്തില്‍ ഭഗവച്ചൈതന്യമയമാണെന്ന് നാം മനസ്സിലാക്കണം.



മഹാബലിയുടെ ദര്‍ശനം
തന്റെ ശരീരമുള്‍പ്പെടെ സര്‍വസ്വവും വാമനമൂര്‍ത്തിക്ക് സമര്‍പ്പണം ചെയ്ത മഹാബലി, വളര്‍ന്ന് വലുതായ ത്രിവിക്രമന്റെ ഓരോ അവയവത്തിലും പതിന്നാലു ലോകങ്ങളെയും അവയിലെ സര്‍വവസ്തുക്കളെയും സ്വന്തം കണ്ണുകള്‍കൊണ്ട് അദ്ഭുതപ്പെട്ടു.കൂട്ടത്തില്‍ ഭഗവാന്റെ കടല്‍മൂട്ടില്‍ ‘സുതലം’ എന്ന ലോകത്തെയും ആ ലോകത്തില്‍ അസുരരാജാവായി വാഴുന്ന തന്നെയും (ഭാവി സംഭവം) കാണുകയുണ്ടായി. ഇതാണ് ”സര്‍വം ച മയി പശ്യതി” എന്ന് പറഞ്ഞത്.


സമാധി സിദ്ധനായ ധ്യാനയോഗിയുടെയും ഭഗവാനുമായി നിരന്തരം നാമജപാദികളിലൂടെ ബന്ധപ്പെടുന്ന ഭക്തിയോഗിയുടെയും സര്‍വകര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്യുന്ന കര്‍മയോഗിയുടെയും കണ്ണുകളുടെ മുന്നില്‍നിന്ന് ഒരിക്കലും ഈ കൃഷ്ണന്‍ പിന്‍മാറുകയില്ല എന്നു ഭഗവാന്‍ പറയുന്നു. അവര്‍ക്ക് എപ്പോഴും എന്നെ കണ്ടുകൊണ്ടിരിക്കാം നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും. കണ്ണുകളടച്ചാലും തുറന്നാലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവര്‍ക്ക് എന്നെ കണ്ടുകൊണ്ട് ആനന്ദിക്കാന്‍ കഴിയും.


സ ച മേ ന പ്രണശ്യതി
എല്ലാം ഉപേക്ഷിച്ച്, സന്യാസിച്ച്, എന്നെ മാത്രം കണ്ടുകൊണ്ട് എന്നില്‍ മാത്രം മനസ്സുറപ്പിച്ച് ജീവിക്കുന്ന ആ യോഗി എന്റെയും മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. ഞാന്‍ എപ്പോഴും ആ യോഗിയെ കണ്ടുകൊണ്ടിരിക്കുന്നു. ആ യോഗിക്കുവേണ്ട സഹായങ്ങള്‍ ഞാന്‍ നല്‍കിക്കൊണ്ടിരിക്കുന്നു.



പ്രഹ്ലാദന്റെ അനുഭവം നോക്കൂ!

അച്ഛനായ ഹിരണ്യകശിപു, എന്റെ ഭക്തനായ പ്രഹ്ലാദബാലനെ വധിക്കാന്‍ എന്തെല്ലാം ഉപായങ്ങള്‍ പ്രയോഗിച്ചു? സര്‍പ്പങ്ങളെക്കൊണ്ട് കടിപ്പിച്ചപ്പോഴും, ദിഗ്ഗജങ്ങളെക്കൊണ്ട് ചവിട്ടിപ്പിച്ചപ്പോഴും, കയ്യും കാലും വരിഞ്ഞുകെട്ടി സമുദ്രത്തില്‍ തള്ളിയിട്ടപ്പോഴും വിഷംകുടിപ്പിച്ചപ്പോഴും, ഞാന്‍ ചെന്ന് രക്ഷപ്പെടുത്തിയത് ആ കുട്ടിക്ക് കാണാന്‍ കഴിഞ്ഞു. രക്ഷപ്പെടുമ്പോള്‍ ആ കുട്ടി ഉച്ചരിച്ചത് എന്റെ പേരായിരുന്നു, കൃഷ്ണാ? എന്നായിരുന്നു. ഞാന്‍ ഒരു യോഗിയെയും ഒരിക്കലും മറക്കുന്നില്ല; കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വരുവിന്‍! ഞാനുമായി ബന്ധം-യോഗം-തുടരൂ, സുദൃഢമാക്കൂ! ഭഗവാന്റെ തിരുവായ്‌മൊഴി നമുക്ക് അനുഷ്ഠിക്കാം.




No comments:

Post a Comment