ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 26, 2016

നാരായണ കഥ. - ശ്രീമദ്‌ ദേവീഭാഗവതം. 4. 5. - ദിവസം 72.



അഥ കിം  ബഹുനോക്തേന സംസാരേ f സ്മിന്‍ നൃപോത്തമ
ധര്‍മ്മാത്മാ fദ്രോഹബുദ്ധിസ്തു കശ്ചിദ്  ഭവതി കര്‍ഹിചിത്
രാഗദ്വെഷാവൃതം വിശ്വം  സര്‍വ്വം സ്ഥാവര ജംഗമം
ആദ്യേയുഗേ fപി രാജേന്ദ്ര കിമദ്ര കലിദൂഷിതേ


വ്യാസന്‍ പറഞ്ഞു: രാജാവേ, ഒരു പക്ഷെ ലോകത്ത് രാഗദ്വേഷങ്ങളുടെ പിടിയില്‍പ്പെടാതെ ധര്‍മ്മാത്മാവായുള്ള ആരെങ്കിലും ഉണ്ടായെന്നു വരാം. എങ്കിലും ഈ ലോകം മുഴുവന്‍ രാഗദ്വേഷങ്ങള്‍ നിറഞ്ഞിരിക്കുന്നു എന്നതാണ് സത്യം. യുഗാരംഭം മുതല്‍ തന്നെ ഇതാണ് സ്ഥിതി പിന്നെ കലിദൂഷിതമായ ഇക്കാലത്തിന്റെ കഥ എന്ത് പറയാന്‍!. ദേവന്മാര്‍ പോലും കാലുഷ്യത്തിന്റെയും വിദ്വേഷത്തിന്റെയും പിടിയില്‍ ഉഴറുമ്പോള്‍ മൃഗാദികളുടെയും മനുഷ്യന്റെയും കാര്യം പറയാനുണ്ടോ? തന്നെ ദ്രോഹിക്കുന്നവനോട് ദ്രോഹബുദ്ധിയുണ്ടാവുക സഹജമാണെങ്കിലും ശാന്തനെയും സദ്‌ജനങ്ങളെയും ദ്രോഹിക്കുന്നത് തികഞ്ഞ ദുഷ്ടത തന്നെയാണ്. തപജപാദികളില്‍ മുഴുകിക്കഴിയുന്ന ശാന്തതാപസനോട് ഇന്ദ്രന്‍ വിദ്വേഷം വെച്ച് പുലര്‍ത്തുകയും അദ്ദേഹത്തിന്‍റെ തപസ്സു മുടക്കാന്‍ ആവുന്നത് ചെയ്യുകയും പതിവത്രേ!


എല്ലാ യുഗങ്ങളിലും മൂന്നു കൂട്ടര്‍ ഉണ്ടാവും. സാത്വികരായ സാധുക്കള്‍, അസാധുക്കള്‍, പിന്നെ മദ്ധ്യമാര്‍ഗ്ഗികള്‍. സാധുക്കള്‍ക്ക് എല്ലാ യുഗങ്ങളും സത്യയുഗമാണ്. അസാധുക്കള്‍ക്ക് എല്ലാ യുഗങ്ങളും കലിയുഗവുമാണ്. ക്രിയായോഗം  വിധിച്ചിട്ടുള്ള  ത്രേതായുഗവും ദ്വാപരയുഗവും മദ്ധ്യമാര്‍ഗ്ഗികള്‍ക്കുള്ളതാണ്. സാധുക്കളും മദ്ധ്യമരും ക്രിയായോഗത്തെയാണ് ധര്‍മ്മത്തിനായി ആശ്രയിക്കുന്നത്. സത്യധര്‍മ്മാദികള്‍ ശരിയായി അനുഷ്ഠിക്കുന്ന ചുരുക്കം ആരെങ്കിലും കണ്ടെന്നുവരാം. ധര്‍മ്മാചരണം വാസനയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ശുദ്ധവാസന വളരെ വിരളമാണ്. വാസനകളില്‍ മാലിന്യമുണ്ടാവുമ്പോള്‍ ധര്‍മ്മത്തെയും അത് ബാധിക്കും. ഇത് സത്യത്തെയും ഇല്ലാതാക്കും. ബ്രഹ്മാവിന്റെ ഹൃദയത്തില്‍ നിന്നുമാണ് ‘ധര്‍മ്മന്‍’ ഉണ്ടായത് എന്ന് പറയുന്നു. വേദപാരംഗതനും ജ്ഞാനിയുമായ അദ്ദേഹം ദക്ഷന്റെ പത്തു പുത്രിമാരെയും വിവാഹം ചെയ്തു. വിധിയാംവണ്ണം ഗൃഹസ്ഥാശ്രമം കൈക്കൊണ്ട് അവരില്‍ പുത്രന്മാരെയും ജനിപ്പിച്ച് അദ്ദേഹം ധര്‍മ്മിഷ്ഠനായി കഴിഞ്ഞു. ഹരി, കൃഷ്ണന്‍, നരന്‍, നാരായണന്‍ എന്നിങ്ങിനെ പ്രശസ്തരായ നാല് പുത്രന്മാര്‍ അദ്ദേഹത്തിനുണ്ടായി. അവരില്‍ ഹരിയും കൃഷ്ണനും യോഗ നിപുണരായിത്തീര്‍ന്നു. നരനും നാരായണനും തപസ്സില്‍ മുഴുകി ബദരികാശ്രമത്തില്‍ കഴിഞ്ഞു. ഗായത്രി ഉപാസകരായ അവര്‍ ആയിരം കൊല്ലം നീണ്ട ഒരുഗ്ര തപസ്സില്‍ ഏര്‍പ്പെട്ടു. കഠിനമായ തപസ്സിന്റെ ചൂട് ചരാചരങ്ങളെ വലച്ചു. ഇന്ദ്രന്‍ കോപിഷ്ഠനായി. എങ്ങിനെയെങ്കിലും ധര്‍മ്മന്റെ പുത്രന്മാരായ ഇവരുടെ തപസ്സിനു വിഘ്നം വരുത്തിയില്ലെങ്കില്‍ തന്റെ പദവി തന്നെ പോകാനിടയുണ്ട്. എന്താണിനി ചെയ്യേണ്ടത് എന്നായി ഇന്ദ്രന്റെ ചിന്ത. ‘അവരില്‍ ഉടനേ തന്നെ കാമക്രോധാദി വികാരങ്ങള്‍ ഉണ്ടാക്കിയാലോ’?


ഇന്ദ്രന്‍ തന്റെ വാഹനമായ ഐരാവതത്തിലേറി ഗന്ധമാദനത്തിലെത്തി. അവിടെ തപസ്സിരിക്കുന്ന മുനിപുംഗവന്മാരെ കണ്ടു. ധര്‍മ്മന്റെ പുത്രന്മാരായ ഈ താപസന്മാരുടെ  തേജസ്സ് സൂര്യന്റെ ആദ്യകിരണങ്ങള്‍ പോലെയാണ്. ഇവര്‍ താപസികളോ? അല്ല,  അഗ്നിസ്ഫുലിംഗങ്ങള്‍ തന്നെയോ? ഇങ്ങിനെയെല്ലാം ചിന്തിച്ച ഇന്ദ്രന്‍ അവര്‍ തപസ്സു ചെയ്യുന്നിടത്ത് ചെന്ന് ചോദിച്ചു: 'എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? ആഗ്രഹിക്കുന്നതെന്തും വരമായി നല്‍കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്. വേണമെങ്കില്‍ സാധാരണഗതിയില്‍ തരാന്‍ പാടില്ലാത്തതുപോലും ഞാന്‍ നിങ്ങള്‍ക്കായി തരാം. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളുടെ തപസ്സില്‍ അതീവ സന്തുഷ്ടനാണ്'. ധ്യാനത്തില്‍ മുഴുകിയ മുനിമാര്‍ ഇന്ദ്രന്റെ സംഭാഷണം കേട്ടതേയില്ല. ഇന്ദ്രന് വാശിയായി. അവിടെ അദ്ദേഹം ഭീകരമായ കാറ്റും കോളും വിതച്ചു നോക്കി. സിംഹാദികളായ ഹിംസ്രജന്തുക്കളെ വിട്ടു ഭയപ്പെടുത്താന്‍ നോക്കി. യാതൊരു ഫലവും കണ്ടില്ല. വരദാനം, ഭീഷണി, ഇതുകൊണ്ടൊന്നും കുമാരന്മാര്‍ വഴങ്ങുന്നില്ലെന്ന് കണ്ട ഇന്ദ്രന്‍ തന്റെ ആലയത്തിലേയ്ക്ക് ദുഖിതനായി മടങ്ങി.


അവര്‍ ധ്യാനിച്ചിരുന്നത് ആദിശക്തിയും മഹാവിദ്യാസ്വരൂപിണിയുമായ ജഗദംബയെ ആയിരുന്നതിനാലാണ് യാതൊരു പ്രലോഭനങ്ങള്‍ക്കും അവരെ ബാധിക്കാന്‍ കഴിയാഞ്ഞത് . പരാപ്രകൃതിയും നിത്യയും സകലലോകങ്ങളുടെ ഈശ്വരിയുമായ അമ്മയെ ധ്യാനിക്കുന്നവര്‍ക്ക് മായയെ ഭയക്കേണ്ടതായിവരില്ല. നിഷ്പാപരായി ദേവിയുടെ വാഗ്ബീജവും  കാമബീജയും മായാബീജവും ധ്യാനിക്കുന്നവരെ യാതൊന്നും അലട്ടുകയില്ല.


മായാബീജം സദാ മനസ്സിലുള്ളവനെ ബാധിക്കാന്‍ മായയ്ക്കാകുമോ? എന്നിട്ടും മായാബന്ധിതനായ ഇന്ദ്രന്‍ കാമദേവനെയും വസന്തനെയും തപസ്സു മുടക്കാന്‍ ഏല്‍പ്പിച്ചു. “രതിയും മറ്റ് അപ്സരസ്സുകളുമായി നരനാരായണന്മാര്‍ ഉഗ്രതപസ്സു ചെയ്യുന്നിടത്ത്, ഗന്ധമാദനത്തില്‍ പോയി മന്മഥശരങ്ങളാല്‍ അവരെ വലയ്ക്കണം. കാമബാണം വര്‍ഷിച്ച് അവരെ ആ തപോഭൂമിയില്‍ നിന്നും ആട്ടിയകറ്റണം. രംഭ തിലോത്തമമാരൊക്കെ നിങ്ങള്‍ക്ക് സഹായത്തിനുണ്ട്.  വാസ്തവത്തില്‍ അപ്സരസ്സുകള്‍ക്ക് തനിയെ ചെയ്യാന്‍ സാധിക്കാവുന്ന കാര്യമാണിത്. എന്നാല്‍ ഞാന്‍ നല്‍കിയ യാതൊരു പ്രലോഭനങ്ങള്‍ക്കും മുനിമാര്‍  വഴങ്ങിയില്ല. ഭയപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല.”


അപ്പോള്‍ മന്മഥന്‍ പറഞ്ഞു: ‘ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ ആഗ്രഹം നിവൃത്തിക്കാന്‍ ശ്രമിക്കാം. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെയോ സൂര്യനേയോ ഉപാസിക്കുന്നവരാണെങ്കില്‍ അവരുടെ തപസ്സു മുടക്കാന്‍ എനിക്ക് എളുപ്പമാണ്. എന്നാല്‍ കാമാരാജമന്ത്രം ബീജമാക്കി ദേവീ ഉപാസന ചെയ്യുന്നവരെ അവരുടെ ശ്രദ്ധയില്‍ നിന്ന് വ്യതിചലിപ്പിക്കുക അസാദ്ധ്യമത്രേ.! അ മഹാദേവിയെ ഭജിക്കുന്നവരില്‍ എന്റെ കാമശരപീഡന പ്രവര്‍ത്തികള്‍ എല്‍ക്കുകയില്ല.’


എങ്കിലും ഇന്ദ്രന്‍ കാമനെ പറഞ്ഞു വിട്ടു. 'എല്ലാവരും തയ്യാറായിരിക്കുന്നു. എന്റെ കാര്യം അങ്ങ് സാധിപ്പിച്ചു തരിക.' അവര്‍ തപോവിഘ്നം ലക്ഷ്യമാക്കി ഗന്ധമാദനത്തില്‍ പ്രവേശിച്ചു.  



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment