ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 24, 2016

ഭക്തിയെങ്ങനെ?

ഈശ്വരനെ വിട്ടുപിരിയാനാകാത്തതരം പ്രേമഭാവമാണ് ഭക്തി. ഈശ്വരനെ പുറത്തേക്ക് വിടാതെ അന്തരാത്മാവില്‍ തളച്ചിടുന്നതും ഭക്തിയാണ.് അത് വെറും സ്‌നേഹമല്ല. ഭക്തി പിന്നെങ്ങനെയെന്ന് കാണുക.


മോക്ഷസാധനസാമഗ്ര്യാം
ഭക്തിരേവ ഗരീയസി

മോക്ഷസാധനയ്ക്കുള്ള അനേകം ഉപകരണങ്ങളില്‍ ഭക്തിയത്രെ സര്‍വ്വോത്തമതമായത്. ഭക്തനും ഈശ്വരനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതിന് ശങ്കരാചാര്യര്‍ ചില ഉപമകള്‍ പറയുന്നുണ്ട്.



1) അങ്കോലക്കുരു മരത്തിന്റെ ചുവട്ടിലേക്ക് സ്വയം ആകര്‍ഷിക്കപ്പെട്ട് വന്നുവീഴുന്നതുപോലെ.
2) കാന്തം ഇരുമ്പുസൂചിയെ ആകര്‍ഷിക്കുന്നതുപോലെ.
3) യുവതി ഭര്‍ത്താവിനെയോ കാമുകനെയോ തേടി ചെല്ലുന്നതുപോലെ.
4) വള്ളി തടിയില്‍ ചുറ്റുന്നതുപോലെ.
5) അരുവി വറ്റിയശേഷം വീണ്ടുമുണ്ടാകുന്ന വെള്ളം തിരിഞ്ഞുകറങ്ങി കടലില്‍ചെന്നു ചേരുന്നതുപോലെ.


തള്ളപ്പക്ഷി തീറ്റിയുമായിവരുന്നത് കാത്തിരിക്കുന്ന പക്ഷിക്കുഞ്ഞിനെപ്പോലെയുള്ള കാംക്ഷയാണ് ഭക്തിയെന്നും; കുറ്റിയില്‍ കെട്ടിയിടപ്പെട്ട പശുക്കുട്ടി എപ്പോഴാണോ തന്നെ അമ്മയുടെ അടുക്കലേക്ക് അഴിച്ചുവിടുന്നതെന്നു കാംക്ഷിക്കുന്നതുപോലെയാണ് ഭക്തിയെന്നും മറ്റുചില ആചാര്യന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഏതൊരുപ്രകാരമായാലും മനുഷ്യമനസ്സ് ഭഗവാന്റെ നേരേ തിരിഞ്ഞാല്‍ അത് ഭക്തിയും മുക്തിയും പ്രാപിക്കാനുതകുന്നത് എന്നകാര്യം മഹാഭാഗവതം വ്യക്തമാക്കിത്തരുന്നു.

കാമാദ്വേഷാദ്ഭയാത് സ്‌നേഹാദ്
യഥാ ഭക്തേശ്വരേ മനഃ
ആവേശ്യ തദഘം ഹിത്വാ
ബഹവസ്തദ്ഗതിം ഗതാഃ
കാമംകൊണ്ടോ ഭയംകൊണ്ടോ സ്‌നേഹംകൊണ്ടോ ഭക്തികൊണ്ടെന്നപോലെ ഈശ്വരനില്‍ മനസ്സുറച്ച് സര്‍വ്വപാപങ്ങളും നശിച്ച് അനേകംപേര്‍ സദ്ഗതി പ്രാപിച്ചിട്ടുണ്ട്.


ഗോപ്യ കാമാദ,് ഭയാത് കംസോ
ദ്വേഷാത്‌ചൈദ്യാദയോ നൃപാഃ
സംബന്ധാദ്വൃഷ്ണയഃ, സ്‌നേഹാദ്
യൂയം, ഭക്ത്യാ വയം, വിഭോ!


ശ്രീകൃഷ്ണനുനേരെയുള്ള കാമംകൊണ്ട് ഗോപസ്ത്രീകളും ഭയംകൊണ്ട് കംസനും വിദ്വേഷംനിമിത്തം ശിശുപാലാദി രാജാക്കന്മാരും സംബന്ധംകൊണ്ട് യാദവരും സ്‌നേഹംകൊണ്ട് നിങ്ങളും (പാണ്ഡവരും) ഭക്തികൊണ്ട് ഞങ്ങളും (ഋഷിമാരും) സദ്ഗതിപ്രാപിച്ചവരാണ് എന്നു നാരദന്‍ പറയുന്നതായി മഹാഭാഗവതം.


ഉപനിഷത്തുകളില്‍ പ്രതിപാദിക്കപ്പെട്ട ബ്രഹ്മംതന്നെയാണ് ഭാഗവതത്തിലെ കൃഷ്ണന്‍. രാസവിലോലരായിരുന്ന ഗോപസ്ത്രീകളില്‍നിന്ന് കാമോദ്ദീപ്തവികാരങ്ങളെ സാരോപദേശംകൊണ്ടകറ്റി അഖണ്ഡാകാരവൃത്തിരൂപമായ ബ്രഹ്മജ്ഞാനത്തില്‍ കൊണ്ടെത്തിക്കുകയായിരുന്ന രാസക്രീഡ, വൃന്ദാവനക്രീഡ എന്നിത്യാദി രംഗങ്ങളില്‍ക്കൂടി ഭഗവാന്‍ ചെയ്തതെന്ന് ഗ്രഹിക്കണം. രാസക്രീഡയെന്നാല്‍ രതിക്രീഡയല്ല. രാസം എന്നവാക്കിന് ബ്രഹ്മം എന്നര്‍ത്ഥം.


സദാ ഏകാഗ്രബുദ്ധിയോടെ കൃഷ്ണനില്‍ത്തന്നെ മനസ്സുറച്ചിരുന്ന ഗോപസ്ത്രീകള്‍ ആ ഭക്തികൊണ്ടുതന്നെ മുക്തരായിക്കഴിഞ്ഞിരുന്നു. ഒരുവേള ഭഗവാന്‍ അവരെ തന്നോടൊപ്പമുള്ള ആനന്ദനൃത്തത്തില്‍ക്കൂടി ബ്രഹാമാനന്ദക്രീഡയില്‍ ആഴ്ത്തി പരമമായ സച്ചിദാനന്ദനിര്‍വൃതി അനുഭവിക്കാന്‍ അവരെ അനുഗ്രഹിക്കുകയാണ് രാസക്രീഡവഴി നിര്‍വഹിച്ചത്.


കവനമന്ദിരം പങ്കജാക്ഷന്‍



No comments:

Post a Comment