ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 28, 2016

ഗീതാദർശനം - യോഗാരൂഢന്റെ ലക്ഷണം (6-4)

അഷ്ടാംഗ യോഗം ശീലിച്ച് പരിപൂര്‍ണതയിലെത്തിയ വ്യക്തിയെ ഏതു ലക്ഷണത്താല്‍ അറിയാന്‍ കഴിയും?


ചെവി, കണ്ണ് മുതലായ ഇന്ദ്രിയങ്ങള്‍കൊണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ശബ്ദം, രൂപം മുതലായ സുഖാനുഭവങ്ങളിലേക്ക് യോഗാരൂഢന്റെ മനസ്സ് ഓടിപ്പോവുകയേ ഇല്ല- ”നിസജ്ജതേ.” അതിനാല്‍ അവ ലഭിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നതും ഇല്ലേയില്ല.

സര്‍വ സങ്കല്‍പ സംന്യാസി അതുകാരണം, അന്തഃകരണത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനമായി സങ്കല്‍പിക്കുക എന്നത്- ഞാന്‍ ഈ കര്‍മം ചെയ്യും; ഈ കര്‍മത്തിന്റെ ഫലം എനിക്ക് അനുഭവിക്കണം; ഈ വിധത്തിലുള്ള ചിന്ത മുഴുവനും പണ്ടേ സംന്യസിച്ചിരിക്കുകയാണ്, ഉപേക്ഷിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ധ്യാനയോഗിയെ യോഗാരൂഢന്‍ എന്നുപറയുന്നു.
മനസ്സ് മനുഷ്യന്റെ ബന്ധുവും ശത്രുവും (6-5)


ഈ ശ്ലോകത്തിലെ ‘ആത്മാ’ എന്ന പദംകൊണ്ട്, ജീവാത്മാവ്, മനസ്സ് എന്നിങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച് സ്വീകരിക്കണം. നാം ശരീരമല്ല, ജീവാത്മാക്കളാണ്. രണ്ടാമധ്യായത്തില്‍ തന്നെ നാം ഈ സത്യം മനസ്സിലാക്കിയല്ലോ. ഈ ഭൗതിക പ്രപഞ്ചമാകുന്ന സമുദ്രത്തില്‍ വീണുപോയ ജീവാത്മാക്കളാണ് നമ്മള്‍. ഭാര്യ, പുത്രന്മാര്‍, ബന്ധുക്കള്‍, ധനം, ഗൃഹം തുടങ്ങിയ വന്‍ചുഴികളില്‍ വീണും, കാമം, ക്രോധം, ഭയം, അഹങ്കാരം, മദം മുതലായ വലിയ മുതലകളുടെ ആക്രമങ്ങളില്‍ ഉള്‍പ്പെട്ടും, മഹാവ്യാധികളാകുന്ന തിമിംഗലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടും വിലപിച്ചും സുഖംപോലെ തോന്നുന്നതും വാസ്തവത്തില്‍ ദുഃഖം തന്നെ അനുഭവിച്ചും വിഷമിക്കുകയാണ്.


ഈ സമുദ്രത്തില്‍നിന്ന് ആരാണ് നമ്മെ കരകയറ്റുക? ആനന്ദപൂര്‍ണമായ പരമപദത്തില്‍ എത്തിക്കുക? നിങ്ങള്‍ തന്നെയാണ് കരകയറേണ്ടത് എന്നാണ് ഭഗവാന്‍ പറയുന്നത്. അതിനുവേണ്ട ഉപകരണം നിങ്ങളില്‍ തന്നെയുള്ള ‘മനസ്സ്’ മനസ്സിന്റെ ഭൗതികസുഖത്തോടുള്ള ആസക്തി എന്ന സ്വഭാവം മാറ്റണം. ആ ആസക്തി, ഭഗവദീയമായ ബ്രഹ്മാനന്ദത്തിലേക്കു മാത്രമായി മാറണം. അതിനുള്ള അനുഷ്ഠാന ക്രമമാണ്, അഷ്ടാംഗയോഗ പദ്ധതി. ഈ പദ്ധതിയിലൂടെ നമ്മുടെ മനസ്സിനെ ബന്ധുവായി മാറ്റാം. ബന്ധുവായ ജീവാത്മാവിനെ ഈ സമുദ്രത്തില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്യും; ഭഗവാന്റെ സച്ചിദാനന്ദമയമായ രൂപം ധ്യാനിച്ചും തിരുനാമ കഥാശ്രവണ കീര്‍ത്തനങ്ങളിലൂടെയും ഭഗവദാനന്ദം അനുഭവിപ്പിക്കുകയും ചെയ്യാം.
ആത്മാനം ന അവസാദയേത്



ഇങ്ങനെ ചെയ്യാതെ, ജീവാത്മാവിനെ വീണ്ടും സംസാര സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് വീണ്ടും താണുപോകാന്‍ അനുവദിക്കരുത്. 80 ലക്ഷം തരം ശരീരങ്ങള്‍-വൃക്ഷ, പക്ഷി മൃഗാദികളുടെ ശരീരങ്ങള്‍ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തതിനു ശേഷമാണ് ജീവാത്മാവിന് മനുഷ്യദേഹം കിട്ടുന്നത്. പരമപദപ്രാപ്തിക്കു ഈ മനുഷ്യദേഹത്തിലൂടെ മാത്രമേ ജീവന് പ്രവര്‍ത്തിക്കുവാനും കഴിയുകയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ ഭക്ത കവി പൂന്താനം നമ്പൂതിരി പാടുന്നത് നമുക്ക് ശ്രദ്ധിക്കാം


കഷ്ടം കഷ്ടം നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം



എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്
മര്‍ത്യജന്മത്തിന്‍ മുന്‍പേ കഴിച്ചു നാം?
ആത്മ ഏവ ആത്മനഃ ബന്ധുഃ


മുന്‍പ് പറഞ്ഞതുപോലെ മനസ്സാണ്, നമ്മള്‍ തന്നെയാണ് സംസാര സമുദ്രത്തില്‍ നിന്ന് കരകരയറാന്‍ നമ്മെ സഹായിക്കുന്ന ബന്ധു. സദ്ഗുരുവിനെ സമാശ്രയിച്ച്, ഗീത ഭാഗവതാദികളുടെ അധ്യായനത്തിലൂടെ ഭഗവാനെപ്പറ്റി ജ്ഞാനം നേടി, ഭഗവാനില്‍ മാത്രം ആസക്തി വളര്‍ത്തിയെടുക്കാന്‍ മനസ്സിനെ നിര്‍ബന്ധിക്കണം എന്നുമാത്രം. എങ്കിലേ മനസ്സ് നമ്മുടെ ബന്ധുവായി പ്രവര്‍ത്തിക്കുകയുള്ളൂ.
ജീവാത്മാവ് നമ്മുടെ ശത്രുവായിട്ടാണ് പ്രവര്‍ത്തിക്കുക. സംസാര സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനസ്സാകുന്ന ശത്രു നമ്മെ വലിച്ചുതാഴ്ത്തുക തന്നെ ചെയ്യും.


ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment