കുര്‍വ്വം തീര്‍ത്ഥവിധിം തത്ര ഹിരണ്യ കശിപോ: സുത:
ന്യഗ്രോധം സുമഹച്ഛായമപശ്യത് പുരസ്തദാ
ദദര്‍ശ ബാണാനപരാന്നാനാജാതീയകാംസ്തദാ
ഗൃധ്രപക്ഷയുതാംസ്തീവ്രാന്‍ ശിലാധൌതാന്‍ മഹാബലാന്‍
വ്യാസന്‍ പറഞ്ഞു: തീര്‍ത്ഥസ്നാനങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച പ്രഹ്ലാദന്‍ അവിടെ ഒരാല്‍മരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതായി കണ്ടു. നല്ലപോലെ മൂര്‍ച്ച വരുത്തിയും അലങ്കരിച്ചും വച്ചിട്ടുള്ള ബാണങ്ങളെ അദ്ദേഹമവിടെ കാണുകയുണ്ടായി. ഈ മഹത്തായ ആശ്രമപരിസരത്ത് കാണുന്ന ശരങ്ങള്‍ ആരുടെതാവും എന്നദ്ദേഹം അത്ഭുതപ്പെട്ടു. അപ്പോള്‍ അവിടെ രണ്ടു ഋഷിമാരെ കണ്ടു. ജടാഭാരം നിറഞ്ഞ തലയും മാന്തോല്‍ ഉടുപ്പുമായി നിന്ന അവര്‍ ധര്‍മ്മന്റെ പുത്രന്മാരത്രേ. അവരുടെ മുന്നില്‍ ലക്ഷണം തികഞ്ഞ രണ്ടു വില്ലുകളും ഒഴിയാത്തൊരാവനാഴിയും കാണായി. അവര്‍ നരനാരായണന്‍മാരായിരുന്നു. ധ്യാനത്തില്‍ ആമഗ്നരായ അവരെ അവിടെക്കണ്ട രാജാവ് കോപിഷ്ഠനായി ഇങ്ങിനെ പറഞ്ഞു: ഇത് ധര്‍മ്മ ധ്വംസനമല്ലേ? ഒരേ സമയം തീവ്രതപസ്സു ചെയ്യുകയും ആയുധം ധരിക്കുകയും ചെയ്യുക! ഇത് ലോകത്തില്‍ കേട്ട് കേള്‍വിപോലുമില്ലാത്ത കാര്യമാണ്. കലിയുഗത്തില്‍ ഒരു പക്ഷെ ഇത് നടന്നേക്കാം. എന്നാലീ കൃതയുഗത്തില്‍ ബ്രാഹ്മണന് തപസ്സാണ് അനുയോജ്യം. വില്ല് പിടിക്കുന്നത് അയുക്തികമാണ്. ശിരസ്സില്‍ ജട. കയ്യില്‍ അമ്പും വില്ലും! ഇതുപേക്ഷിച്ചു നിങ്ങള്‍ ധര്‍മ്മം ആചരിക്കുക.
ഇത് കേട്ട് നരന്‍ പറഞ്ഞു: അങ്ങേയ്ക്ക് തപസ്സിന്റെ കാര്യത്തില്‍ എന്താണിത്ര ആവലാതി? ഞങ്ങളുടെ തപസ്സിനു ഫലമില്ല എന്നാണോ അങ്ങ് വിചാരിക്കുന്നത്? മിടുക്കുണ്ടെങ്കില്‍ ഏതു കാര്യവും ചെയ്യാം. ഞങ്ങളാണെങ്കില്‍ തപസ്സിലും ആയോധനത്തിലും ഒരുപോലെ സമര്‍ത്ഥരാണ്. ഇനി അധികം പറയാന്‍ നില്‍ക്കാതെ ഇവിടെ നിന്നും പൊയ്ക്കൊള്ളുക. ബ്രഹ്മതേജസ്സിനെപ്പറ്റി നിനക്കെന്തറിയാം? ശുഭകാംക്ഷികള്‍ മുനിമാരുടെ ചെയ്തികളെപ്പറ്റി ചര്‍ച്ച ചെയ്യുകയില്ല.
അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞു: ഞാന്‍ ധര്‍മ്മത്തെ സംരക്ഷിക്കുന്ന രാജാവാണ്. ബുദ്ധിഹീനരായ നിങ്ങള്‍ എന്താണീ പുലമ്പുന്നത്? നിങ്ങള്‍ക്ക് പോരിനു ശക്തിയുണ്ടെങ്കില്‍ അതാവാം. നിങ്ങളുടെ അഹങ്കാരം ഈ തീര്‍ത്ഥസ്ഥലത്ത് ഉചിതമല്ല. നരന്‍ ഉടനെ തന്നെ യുദ്ധത്തിനു തയ്യാറായി. ‘നിന്റെ തലയിപ്പോള്‍ത്തന്നെ തകര്‍ത്തേക്കാം. പിന്നെ നിനക്ക് യുദ്ധക്കൊതി ഉണ്ടാവുകയില്ല’ എന്നായി നരന്‍.
ഉടനെതന്നെ പ്രഹ്ലാദന്‍ ഒരുറച്ച തീരുമാനത്തിലെത്തി. ‘ഏതുപായം കൊണ്ടാണെങ്കിലും ഞാനീ ഇരുവരെയും ജയിച്ചിട്ടു തന്നെ കാര്യം.’ പ്രഹ്ലാദന്‍ വില്ല് കുഴിയെ കുലച്ചു ഞാണൊലി മുഴക്കി. നരനും വില്ലേന്തി. അദ്ദേഹം പ്രഹ്ലാദനുനേരെ ശരമാരി തന്നെ പ്രയോഗിച്ചു. തന്റെ നേരെ വന്ന ശരങ്ങളെ ദൈത്യരാജന്‍ തന്റെ തിളക്കമുള്ള കൈപ്പിടികളുള്ള ബാണങ്ങള്‍ കൊണ്ട് തടുത്തു. തന്റെ അമ്പുകള്‍ മുറിഞ്ഞത് കണ്ടു നരന്‍ കുപിതനായി. പിന്നെ പ്രഹ്ലാദനുമേല്‍ മറ്റു ശരങ്ങള്‍ വര്‍ഷിച്ചു. അപ്പോഴെയ്ക്ക് പ്രഹ്ലാദന്‍ മുനിയുടെ നേരെ അമ്പുകളെയ്തു. നരനും രാജാവിന്റെ നെഞ്ചിലേയ്ക്ക് അസ്ത്രപ്രയോഗം നടത്തി. ദേവാദികള്‍ ആകാശത്തു നിന്നും യുദ്ധം വീക്ഷിച്ചു. മുനിയുടെയും പ്രഹ്ലാദന്റെയും സാമര്‍ത്ഥ്യം അവര്‍ ആസ്വദിച്ചു. മേഘം മാറി പൊഴിക്കുന്നതുപോലെ രണ്ടു ഭാഗത്തു നിന്നും ശരമാരിയുണ്ടായി. രണ്ടാളും ഒന്നിനൊന്നു മിടുക്കരായിരുന്നു. ആകാശത്തു നിന്നും ദേവകള്‍ പൂ വര്‍ഷിച്ചു. പ്രഹ്ലാദന്‍ യുദ്ധത്തില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്ന നാരായണന് മേലും അസ്ത്രം പ്രയോഗിച്ചു. ശ്രീഹരിയും നിശിത ശരങ്ങളാല്‍ അസുരനെ എയ്തു. അങ്ങിനെ ആകാശം ശരങ്ങളാല്‍ മൂടപ്പെട്ടു. ദേവാസുരന്മാര്‍ ജയഘോഷം മുഴക്കി. ‘ഇത്ര ഘോരമായ യുദ്ധം എങ്ങും ഉണ്ടായിട്ടില്ല’ എന്നവര്‍ അത്ഭുതം കൂറി. ദേവര്‍ഷികള്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകള്‍, എല്ലാവരും അത്ഭുതചകിതരായി. നാരദനും പര്‍വ്വത മഹര്‍ഷിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
നാരദന്‍ പറഞ്ഞു: ‘ഇതിനു മുന്പ് താരകാസുരനും വ്രത്രാസുരനും മറ്റും ചെയ്തിട്ടുള്ള യുദ്ധങ്ങള്‍ ഈ സംഗരത്തിനു സമാനമാവുകയില്ല. എന്നാല്‍ മധുകൈടഭന്മാരും ശ്രീഹരിയും തമ്മില്‍ ഉണ്ടായ യുദ്ധം ഇതിനൊക്കും. നാരായണനോട് തുല്യം നിന്ന് പടവെട്ടാന്‍ ആരാണീ യുദ്ധവീരനായ ദൈത്യന്‍?'
പ്രഹ്ലാദനും മുനി വീരന്മാരുമായി രാവും പകലും യുദ്ധം തുടര്‍ന്നു. പ്രഹ്ലാദന്റെ വില്ല് ശ്രീഹരി ക്ഷണത്തില്‍ മുറിച്ചിട്ടപ്പോള്‍ അദ്ദേഹം മറ്റൊരു വില്ലെടുത്തു. നാരായണന്‍ മറ്റൊരമ്പെയ്തു. അതും പ്രഹ്ലാദന്‍ മുറിച്ചു. വീണ്ടും പുതിയ വില്ലുമായി പ്രഹ്ലാദന്‍ പോര് തുടര്‍ന്നു. എല്ലാ വില്ലുകളും മുറിഞ്ഞു തീര്‍ന്നപ്പോള്‍ പ്രഹ്ലാദന്‍ ഇരുമ്പുലക്ക എടുത്ത് ഭഗവാന് നേരെ എറിഞ്ഞു. നാരായണന്‍ തന്റെ നേര്‍ക്ക് വരുന്ന ഉലക്കയെ ഒന്‍പതമ്പുകള്‍ കൊണ്ട് തടുത്തിട്ട് അസുരന്റെ നേരെ മറ്റൊരു പത്ത് അമ്പുകള്‍ കൂടി തൊടുത്തു വിട്ടു. എന്നാല്‍ പ്രഹ്ലാദന്‍ ഇരുമ്പുഗദയാല്‍ ഭഗവാന്റെ കാല്‍മുട്ട് നോക്കി അടിച്ചു. അതിലും നാരായണന്‍ കുലുങ്ങിയില്ല. ഗദ ഛിന്നഭിന്നമായതേയുള്ളൂ. പിന്നെയും ഭഗവാന്‍ ശരമാരി വര്‍ഷിച്ചു. അപ്പോള്‍ പ്രഹ്ലാദന്‍ വേലെടുത്തു ഭഗവാന് നേരെ ചാട്ടി. ഒരൊറ്റ ബാണം കൊണ്ട് ഭഗവാന്‍ അതിനെ ഏഴായി പിളര്‍ത്തി.
ഇങ്ങിനെ ഏറെക്കാലം യുദ്ധം തുടര്‍ന്നു. ആര്‍ക്കും ജയമില്ല, അങ്ങിനെയാ യുദ്ധം നീണ്ടു പോകെ മഞ്ഞപ്പട്ടുടുത്ത ഭഗവാന്‍ നാല് തൃക്കൈകളോടെ പ്രഹ്ലാദനെ ആശ്രമത്തില്‍ ചെന്ന് കണ്ടു. ഭഗവാനെക്കണ്ട് ആ അസുരരാജാവ് ഭക്തി പൂര്‍വ്വം കൈകൂപ്പി. “ദേവ ദേവ, ജഗന്നാഥ, ഭക്തവത്സലാ, എനിക്കെന്തുകൊണ്ടാണ് ഈ മുനി വീരന്‍മാരെ യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ കഴിയാതിരുന്നത്? ഒരു നൂറു ദിവ്യ വര്‍ഷം ഞാന്‍ യുദ്ധം ചെയ്തിരിക്കുന്നു.”
‘എന്റെ അംശഭൂതന്മാരാണ് ഈ ഋഷിമാര്‍. നരനാരായണന്‍മാരായ ഇവരെ തോല്‍പ്പിക്കാന്‍ ആകാഞ്ഞതില്‍ എന്താണത്ഭുതം? നീയിനി വിതലത്തില്‍പ്പോയി ഭക്തിയോടെ വാണാലും. ഈ മുനിമാരോട് ഇനി വൈരമൊന്നും വേണ്ട.
ഇത് കേട്ട പ്രഹ്ലാദന്‍ മറ്റ് ദൈത്യരോടൊപ്പം വിതലത്തിലേയ്ക്ക് പോയി. നരനാരായണന്‍മാര്‍ വീണ്ടും തപസ്സില്‍ മുഴുകി.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment