കാളികയെന്നാല്‍ കറുത്തവള്‍ എന്നാണ് സാരം. കറുപ്പ് വര്‍ണശൂന്യതയാണ്. സപ്തവര്‍ണങ്ങളിലൊന്നിന്റെയും സാന്നിധ്യമില്ലായ്മയാണ് കറുപ്പ്. ആകാശത്തിന്റെ അന്തരാളങ്ങളിലും ബാഹ്യതലങ്ങളിലും കുടികൊള്ളുന്ന ശൂന്യതയിലേക്കുള്ള കവാടമായി കാളിയെന്ന കറുപ്പ് നില്‍ക്കുന്നു. എല്ലാ പ്രകാശങ്ങളെയും തന്നിലേക്കാകര്‍ഷിച്ചുകൊണ്ട്, ഒന്നിനെയും പുറത്തേക്കുവിടാതെ കാളി കുടികൊള്ളുന്നു. എല്ലാ പ്രഭാജാലങ്ങളും ക്രമേണ അന്ധകാരത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങി കാളികയില്‍ എത്തിക്കൊണ്ടിരിക്കുന്നു. സകലപ്രപഞ്ചത്തിലും കാളി വ്യപിച്ചുകിടക്കുന്നു.
ശ്യാമള എന്നാല്‍ കാളികാ അഥവാ കറുത്തവള്‍ എന്നു സാരം. വികസ്വരോന്മുഖമായ പ്രപഞ്ചത്തിന്റെ എഴുപതു ശതമാനം ഇരുണ്ട ഊര്‍ജ്ജവും ബാക്കി ഇരുപത്തഞ്ച് ശതമാനം ഇരുണ്ട ദ്രവ്യവുമാണെന്നാണ് ഇന്നത്തെ ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ശ്യാമോര്‍ജ്ജത്തിന്റെയും ശ്യാമപിണ്ഡത്തിന്റെയും പിന്നാലെയുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിനുവേണ്ടിയുള്ള അത്ഭുത സന്നാഹമാണ് ജനീവയിലെ സേണില്‍ ഭൗമാന്തരഗുഹയില്‍ ഈയിടെയൊരുക്കിയ ‘ലാര്‍ജ് ഹൈഡ്രജന്‍ കൊളൈഡര്‍’. പ്രപഞ്ചോല്‍പ്പത്തിക്കു നിദാനമായ ആദ്യ സന്ദര്‍ഭത്തെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടുള്ള പരീക്ഷണമാണ് നടക്കുന്നത്. ശ്യാമദ്രവ്യത്തിന്റെ കാരണഭൂതമായ കണികകള്‍ ഏതെന്ന കണ്ടെത്തലാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഗുരുത്വാകര്‍ഷണങ്ങളെ മറികടക്കുന്ന ദുര്‍ജ്ഞേയമായ ഊര്‍ജ്ജം പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവണം. അനുമാനങ്ങള്‍ക്കുമങ്ങേപ്പുറം അതിവേഗത്തില്‍ ഗാലക്‌സികളെ -താരാപഥങ്ങളെ- വലിച്ച് ദൂരേക്കെത്തിക്കുന്നതും എന്നാല്‍ പ്രവേഗത്താല്‍ തെറിച്ചുപോകാതെ അടുക്കി നിര്‍ത്തുന്നതും വികാസത്വരകവുമായ ഏതോ ഒരു ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നുണ്ടാകണം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് ഗാലക്‌സികള്‍ക്കു ചുറ്റും ശക്തിയേറിയ ഒരു ഗുരുത്വാകര്‍ഷണ സ്രോതസ്സായി ഉണ്ടായിരിക്കണം. അത് ആ ഇരുണ്ട ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണമാണെന്നാണ് കരുതപ്പെടുന്നത്.
കൂടാതെ ശ്യാമമായ ഊര്‍ജ്ജത്തെ പിന്തള്ളുന്ന ഒരു ശ്യാമമായ പിണ്ഡവും വര്‍ത്തിക്കുന്നുണ്ടാകണം. ഇവ രണ്ടിന്റെയും സ്രോതസ്സായാണ് നാം ശ്യാമളയെ കാണുന്നത്. അമേയ വൈഭവത്വത്തിലെ അവാച്യതയാണ് കാളിയുടെ സ്വഭാവം എന്നു മായാതത്ത്വവാദം. ലളിതാസഹസ്രനാമത്തില്‍ ശ്യാമാഭയായും കാളിദാസന്റെ ശ്യാമളാദണ്ഡകത്തില്‍ ശ്യാമളയായും ഈ കാളിയാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment