ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

ഗായത്രീമന്ത്ര ശക്തിയും സിദ്ധിയും

ഭാരതത്തിന്റെ ആത്മീയ നഭസ്സില്‍ ഉദിച്ചുയര്‍ന്ന ദിവ്യജ്യോതിസ്സാണ് മഹാമന്ത്രമായ ഗായത്രി. അനന്തവും അഗാധവും അര്‍ത്ഥസമ്പുഷ്ടവുമായ ഗായത്രി ലോകത്തിലെ നിത്യവിസ്മയങ്ങളിലൊന്നാണ്. പ്രപഞ്ചമെന്ന മഹാപ്രതിഭാസത്തെ കേവലം ഇരുപത്തിനാലാക്ഷരങ്ങള്‍ കൊണ്ടു തീര്‍ത്ത സിദ്ധിവൈഭവമാണ് ഗായത്രിയിലുള്ളത്.


ലോകത്തെ ഒരു രാജ്യത്തിനും ഒരു ജനതയ്ക്കും ഒരു ഭാഷയ്ക്കും ഇത്ര മഹോന്നതമായ മന്ത്രത്തെ ചൂണ്ടിക്കാണിക്കാനില്ല. സപ്തദ്വീപങ്ങളെയും സപ്തസാഗരങ്ങളെയും അനന്തവിഹായസ്സിനെയും അനന്തകോടി ജീവചൈതന്യത്തെയും ഇരുപത്തിനാലു വര്‍ണങ്ങളിലേക്കാവാഹിച്ച ഗായത്രിയുടെ ഗഹനത അമ്പരിപ്പിക്കുന്നതാണ്. സത്യത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമായ ഈ മഹാമന്ത്രം ഭാരതസംസ്‌കാരത്തിന്റെ പ്രതീകം തന്നെ.


മഹാരഥന്മാരായ ഋഷിമാരും പണ്ഡിതശ്രേഷ്ഠന്മാരും ഗായത്രി മന്ത്ര വ്യാഖ്യാതങ്ങളാണ്. സായണന്‍, ഉദ്ഗദന്‍, യാജ്ഞവല്‍ക്യന്‍ എന്നീ ആചാര്യന്മാര്‍ ഗായത്രിക്കു ഭാഷ്യം ചമച്ചു. ഭട്ടോജ, ദീക്ഷിതര്‍, ശങ്കരാചാര്യര്‍ എന്നിവരുടെ ഭാഷ്യങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. ഇന്നും എത്രയോ പണ്ഡിതന്മാര്‍ ഗായത്രീ പഠന വ്യാഖ്യാനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മഹാസാഗരത്തില്‍നിന്ന് കൈക്കുമ്പിളില്‍ കോരിയെടുത്ത ജലംപോലെയാണ് ഗായത്രീ മന്ത്രത്തിന്റെ ഓരോ വ്യാഖ്യാനവും. പഠന വ്യാഖ്യാനങ്ങള്‍ക്ക് അതീതമാണ് മഹത്തായ ഗായത്രീ മന്ത്രമെന്ന് ആചാര്യന്മാര്‍ വിളംബരം ചെയ്യുന്നു. മന്ത്രപ്രയോഗമഞ്ജരിയിലെ ധ്യാനശ്ലോകം ഗായത്രീ മന്ത്രത്തിന്റെ ഗരിമയും മഹിമയും വെളിവാക്കുന്നു.

”ഗായത്രീം വേദതത്ത്വാഗമ സകല-
പുരാണേതിഹാസൈകബീജാം
ജീവബ്രഹ്മൈക്യരൂപാം പ്രണവ-
ലിപിമയീം സര്‍വമന്ത്രാളിസേവ്യാം
വിഷ്ണുബ്രഹ്മേശ്വരാഖ്യാമഗുണ-
സഗുണഭേദേനഭാന്തീം സുഷുമ്‌നാ-
നാഡ്യന്തസ്ഥാം പരാം വ്യാഹൃതി-
പരിലസിതാം ഭാവയേ ലോക കര്‍്രതീം”

(ഗായത്രി ഗാനം ചെയ്യുന്നവനെ സകല പാപങ്ങളില്‍നിന്ന് രക്ഷിക്കുന്നു. സകല വേദങ്ങളുടെയും ബീജസ്വരൂപയും ജീവബ്രഹ്മൈക്യ രൂപിണിയും പ്രണവ ലിപിമയിയുമാണ്. എല്ലാ മന്ത്രങ്ങളാലും പരിസേവിക്കപ്പെടുന്നവളും ബ്രഹ്മാ വിഷ്ണു മഹേശ്വര സ്വരൂപിണിയുമാണ്. അഗുണസഗുണഭാവങ്ങളില്‍ പ്രതിഭാസിച്ച് ആരാധകരെ രക്ഷിക്കുന്നവളും യോഗവിദ്യാ സ്വരൂപിണിയും പരാവാക്കുമാണ് ഗായത്രി. വ്യാഹൃതികളാല്‍ പരിലസിക്കുന്നവളും ത്രിലോകജനനിയുമായ ഗായത്രീദേവിയെ ഞാന്‍ ഹൃദയത്തില്‍ ധ്യാനിക്കുന്നു).


മനുഷ്യന്റെ ശാരീരികവും മാനസികവും നൈതികവും ആത്മീയവുമായ പര്യടനങ്ങളുടെ സമഷ്ടി ഭാവമാണ് ഭാരതീയസംസ്‌കാരം. അതിപ്രാചീനവും ആദ്യന്തവ്യാപകവും വൈവിധ്യബഹുലവുമാണത്. നാനാത്വജന്യമായ ഏകത്വം ആണ് ആ സംസ്‌കാരത്തിന്റെ പ്രത്യേകത. ഭാരതീയരെ കൂട്ടിയിണക്കുന്ന സമാനവീക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ പ്രാണവായുവാണ്.


ആര്‍ഷജന്യമായ ആധ്യാത്മിക പാരമ്പര്യമാണ് അതിന്റെ സത്ത. ഈ സംസ്‌കാരം മൂല്യവത്തും പരിപാവനവും അഭിമാനകരവുമാണ്. പ്രശാന്തരമണീയങ്ങളായ തപോവനങ്ങളായിരുന്നു നമ്മുടെ സംസ്‌കാരത്തിന്റെ ആസ്ഥാനകേന്ദ്രം.


ത്രികാലജ്ഞരായ ഋഷിമാര്‍ പ്രകൃതിയുടെ പ്രാണസ്പദനം തൊട്ടറിഞ്ഞവരാണ്. വൃക്ഷച്ചുവടുകളിലാണ് അവര്‍ ധ്യാനപരായണരായിരുന്നത്. ആനന്ദമയമായ രഹസ്യത്തെ അവര്‍ ധ്യാനത്തിലൂടെ അനുഭവിച്ചറിഞ്ഞു. വാസനാകളങ്കങ്ങളെ തപസ്സുകൊണ്ട് അഗ്നിശുദ്ധി വരുത്തി അശ്രുജലത്താല്‍ പവിത്രീകരിച്ചു. അഖിലചരാചരങ്ങളെയും തങ്ങളുടെ ആത്മാവുമായി ഏകീഭവിപ്പിച്ചു. ഭാരതത്തിന്റെ സനാതന ചൈതന്യത്തിന്റെ തേജസ്ഫുരണമാണ് ഗായത്രി. അതിലന്തര്‍ഹിതമായ ചിന്താധാരകള്‍ ആണ് വേദങ്ങളായി പരിണമിച്ചത്. പ്രപഞ്ചത്തെ ഏകയോഗമായിക്കണ്ട ഉപനിഷത് പാരമ്പര്യവും ഗായത്രിയില്‍നിന്ന് പിറവിയെടുത്തതാണ്.


മനുഷ്യമനസ്സ് വിശ്വപ്രകൃതിയോട് സ്വാഭാവികമായി സമ്മേളിക്കുന്ന സ്ഥലങ്ങളെയെല്ലാം പവിത്ര സ്‌നാനഘട്ടങ്ങളായി ഭാരതം ഗണിച്ചു. കസ്തൂരിഗന്ധവും കിന്നരഗീതവും കൊണ്ട് ഹൃദയസമ്മോഹനമായ ഹിമവല്‍സാനുക്കളിലെ തപോവനങ്ങള്‍ ഭാരതമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സങ്കല്‍പങ്ങളാണ്. ധര്‍മസംരക്ഷണ കേന്ദ്രങ്ങളായിരുന്നു താപസാശ്രമങ്ങള്‍.


ഋഷിവര്യന്മാരുടെ ആന്തര നവീകരണത്തിനുള്ള അപാരമായ കഴിവിലാണ് നമ്മുടെ ആധ്യാത്മിക പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നത്. ജ്ഞാനവിജ്ഞാനങ്ങള്‍ക്കൊപ്പം മനഃസംസ്‌കരണവും അധ്യാത്മവിദ്യ പ്രദാനം ചെയ്യുന്നുണ്ട്. ദേവതാത്മാവായ ഹിമവല്‍പാദങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ടൊഴുകുന്ന പവിത്രമായ ഗംഗയും ശമദമാദികള്‍ ശീലിച്ച സിംഹവ്യാഘ്രാദി മൃഗങ്ങളും ഗാനലോലുപരായ ഗന്ധര്‍വന്മാരും കിന്നരഗീതികള്‍ പാടുന്ന യക്ഷോഗണങ്ങളും ഭാരതത്തിന് മാത്രം സ്വന്തം.


സൃഷ്ടിയുടെ ആരംഭത്തില്‍ ഋഷിമാരുടെ ഹൃദയപത്മങ്ങളില്‍ പ്രകാശിച്ച അറിവിന്റെ തേന്‍കണങ്ങള്‍ വേദങ്ങളായി രൂപാന്തരം പ്രാപിച്ചു. മനുഷ്യരാശിയുടെ ഏറ്റവും പ്രാചീനമായ വാങ്മയമാണ് ഋഗ്വേദം. ഭാരതത്തിന്റെ ധൈഷണികവും ആത്മീയവുമായ ജീവിതത്തെ ഏറെ സ്വാധീനിച്ച കൃതിയും ഈ പ്രഥമവേദം തന്നെ. സത്യശിവസൗന്ദര്യങ്ങളുടെ സമന്വയവേദിയാണ് വേദകാല കവിതകള്‍. ഭാരതീയ ജീവിതത്തിന്റെ മൂലധ്വനിയും മൃദുല മര്‍മരവും ഋഗ്വേദകവിതകളില്‍ വ്യക്തമായി കേള്‍ക്കാം. വിശ്വഹിതകാരിണിയായ ഗായത്രീമന്ത്രം അന്തര്‍രഹിതമായ പ്രഥമവേദ സംഹിത എന്ന നിലയിലാണ് ഋഗ്വേദം പ്രചുരപ്രചാരം നേടിയത്.


ആത്മചേതനയുടെ പ്രകാശ പ്രതിരൂപമായ അഗ്നിസ്തുതിയില്‍ ആരംഭിച്ച് മാനവധിഷണയെ കര്‍മസന്നദ്ധമാക്കുന്ന സവിതാവിന്റെ ആരാധനയിലൂടെ വികസിച്ച് ഐകമത്യത്തിന്റെ അനിവാര്യതയെ ഊട്ടിയുറപ്പിച്ചാണ് ഋഗ്വേദം അവസാനിക്കുന്നത്.



ഡോ. ഇന്ദിരാ ബാലചന്ദ്രന്‍

No comments:

Post a Comment