ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 30, 2016

ശുകന്‍ - രാവണദൂതൻ


രാമായണത്തിലെ അപ്രധാനമല്ലാത്ത ഒരു കഥാപാത്രമാണ് 'ശുകന്‍'. ഇത്തവണ ശുകന്‍റെ  കഥയാവട്ടെ.


ലങ്കാപ്രവേശത്തെ വിചിന്തനം ചെയ്ത്, പുഷ്കരിണീ തീരത്തിരിക്കുന്ന കപികുലജാലത്തിനുമുന്‍പില്‍ ശുകന്‍ എന്ന രാത്രിഞ്ചരന്‍ വന്നു ചേര്‍ന്നു.
രാവണദൂതനായെത്തിയ ശുകനെ  കപിജാതികള്‍  കടന്നുപിടിച്ച്, തലങ്ങും വിലങ്ങുമായി ആവോളം താഡിച്ചു. അശരണനായ ശുകന്‍ ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശുകന്‍ വെറുമൊരു ദൂതനാണെന്നറിയുന്ന ശ്രീരാമന്‍ അവന്‍റെ ജീവന്‍ വിട്ടുകൊടുക്കുവാന്‍ കല്പിക്കയാല്‍  സുഗ്രീവാദികള്‍ അവനെ സ്വതന്ത്രനാക്കി.


ശുകനെത്തന്നെ ശ്രീരാമചന്ദ്രന്‍ രാവണനെ വിവരങ്ങള്‍ അറിയിക്കുന്നതിനായി പറഞ്ഞുവിട്ടു. ശുകന്‍ രാവണസന്നിധിയില്‍ എത്തിവണങ്ങി. തിരിച്ചെത്താന്‍ ഏറെ വൈകിയ ശുകനോട് രാവണന്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി. സഹോദരന്മാരോടെന്നപോലെ അനുയായികളോടും ദൂതന്മാരോടും സേവകന്മാരോടും സ്‌നേഹസഹതാപങ്ങള്‍ കലര്‍ന്ന മനോഭാവത്തോടുകൂടിയാണ് രാവണന്‍ എപ്പോഴും പെരുമാറുക. അദ്ദേഹം ശുകനോടു ചോദിച്ചു. വാനരന്മാര്‍ നിന്നെ പിടിച്ച്‌ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്‌തോ നീ വല്ലാതെ ക്ഷീണിതനായിരിക്കുന്നല്ലൊ? 

രാവണന്റെ ചോദ്യങ്ങള്‍ക്കുത്തരമായി ശുകന്‍ നടന്ന സംഭവങ്ങള്‍ പറയാന്‍ തുടങ്ങി. സംഭവിച്ചവ യഥാക്രമം വിവരിച്ച ശേഷം തന്നെ വിട്ടയക്കുമ്ബോള്‍ രാമന്‍ അങ്ങയോട് ഉണര്‍ത്തിക്കാനായി ചില കാര്യങ്ങള്‍ പറഞ്ഞതായും ശുകന്‍ പറഞ്ഞു. ഒന്നുകില്‍ സീതയെ ഉടന്‍ നല്‍കുക. അല്ലാത്തപക്ഷം യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളാന്‍ പറയാനും. രണ്ടായാലും തനിക്ക് ഒരേപോലെയാണെന്നും അദ്ദേഹം പറയുകയുണ്ടായി. രണ്ടിനേയും ഒരേകണക്കിലായിരിക്കും നേരിടുക എന്നാണ് അദ്ദേഹം പറഞ്ഞത്. 

സീതയെ അപഹരിച്ചുകൊണ്ടുപോകുന്നതിന്നു കാണിച്ച ബലവും സാമര്‍ത്ഥ്യവും അദ്ദേഹത്തോട് യുദ്ധംചെയ്യുന്നതിലും കാട്ടണമെന്നും; അങ്ങിനെ കാണിച്ചാല്‍ തന്റെയുള്ളില്‍ തളംകെട്ടിക്കിടക്കുന്ന രോഷത്താല്‍രാവണനേയും രാക്ഷസവംശത്തേയും യുദ്ധത്തില്‍ തവിടുപൊടിയാക്കിക്കളയുമെന്നും സ്വയം ശക്തനെന്ന് അങ്ങ് അനുമാനിക്കുന്നുണ്ടെങ്കില്‍ അങ്ങേക്ക് ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ തയ്യാറായിക്കൊള്ളാനാണ് അദ്ദേഹം പറഞ്ഞത്. അങ്ങയുടെ സഹോദരനായ വിഭീഷണനോടും ലക്ഷ്മണന്‍ സുഗ്രീവന്‍ തുടങ്ങിയവരോടുമൊന്നിച്ച്‌ അങ്ങയെ യുദ്ധത്തില്‍ വധിക്കുന്നതാണെന്നാണ് രാമന്‍ പറഞ്ഞുവിട്ടത്. 

അതിനുശേഷം ശുകന്‍ വാനരസൈന്യങ്ങളെപ്പറ്റി വിവരിക്കാന്‍ തുടങ്ങി. പര്‍വതശരീരികളും ഭൂമി കുലുങ്ങുന്ന വിധത്തില്‍ ഗര്‍ജിച്ചുകൊണ്ട് നടക്കുന്നവരും നിര്‍ഭയരുമായ അസംഖ്യം വാനരവീരന്മാര്‍ സുഗ്രീവന്റെ കീഴില്‍ യുദ്ധ സന്നദ്ധരായി അണിനിരന്നിട്ടുണ്ട്. അവരുടെ എണ്ണം എത്രയുണ്ടെന്ന് പണ്ഡിതശ്രേഷ്ഠനായ സുബ്രഹ്മണ്യനുപോലും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത അളവില്‍ അത്രയധികമുണ്ട്. ഞാന്‍ അവരെ അങ്ങേക്ക് കാണിച്ചുതരാം. നൂറായിരം പടകളെ ഒരേസമയം തച്ച്‌പൊടിച്ചുകളയാനുള്ള തിടുക്കത്തോടെ ലങ്കയിലേക്കുതന്നെ സമയമായോ എന്ന് നോക്കി നോക്കി വാലുപൊക്കി കാലനെപ്പോലും പേടിപ്പെടുത്തുന്നവിധത്തില്‍ തയ്യാറെടുത്തുനില്‍ക്കുകയാണ് അഗ്നിയുടെ പുത്രനും വാനരസേനാധിപനുമായ നീലന്‍. യുവരാജാവും പ്രായംകൊണ്ട് ചെറുപ്പവുമായ പര്‍വതശരീരിയായ ബാലീപുത്രന്‍ അംഗദന്‍ വാല്‍കൊണ്ട് ഭൂമിയില്‍ അടിച്ചടിച്ച്‌ കാത്തുനില്‍ക്കുകയാണ്.


 അംഗദന്റെ അടുത്തുനില്‍ക്കുന്നത് അങ്ങയുടെ മകനായ അക്ഷകുമാരനെ കൊന്നവനും ശ്രീരാമചന്ദ്രനു പ്രിയനുമായ ഹനുമാനാണ്. സുഗ്രീവനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് വെള്ളിക്കുതുല്യം തിളങ്ങുന്നവനും അത്യുഗ്രനുമായ ശ്വേതനാണ്. അതിനടുത്തുനില്‍ക്കുന്നവന്‍ രംഭനും അവന്റെ മുമ്ബില്‍ നില്‍ക്കുന്നത് മഹാബലശാലിയായ ശരഭനുമാണ്. അശ്വിനീദേവ പുത്രന്മാരായ മൈന്ദനും അവന്റെ അനുജന്‍ വിവിദനുമാണ് അപ്പുറത്ത് നില്‍ക്കുന്നത്. അവരുടെ അങ്ങേഭാഗത്ത് നില്‍ക്കുന്നത് കടലില്‍ സേതുബന്ധനം നടത്തിയ വിശ്വകര്‍മ്മാവിന്റെ മകനായ നളനാണ്. താരന്‍, പനസന്‍ കുമുദന്‍, വിനതന്‍, വൃഷഭന്‍, വികടന്‍, വിശാലന്‍, ഹനുമാന്റെ പിതാവായ കേസരി പ്രമാഥി, ശതബലി, ജാംബവന്‍, ഗജന്‍, ഗവയന്‍, ഗവാക്ഷന്‍, ദധിമുഖന്‍, ജ്യോതിര്‍മുഖന്‍, ഗോമുഖന്‍ തുടങ്ങിയ വാനരനായകന്മാരെ താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും
ചെയ്തിട്ടുള്ള വാനരവീരന്മാരില്‍ പ്രധാനികളായിട്ടുള്ളവരെ രാവണന് ശുകന്‍ പരിചയപ്പെടുത്തി. മാത്രമല്ല ശ്രീരാമന്‍ ആദിനാരായണനും സീത യോഗമായാദേവിയായ ലക്ഷ്മിയാണെന്നും വാനരനായകന്മാര്‍ രാക്ഷസന്മാരെ നശിപ്പിക്കാനായി പിറന്നിട്ടുള്ള ദേവാംശ സംഭവന്മാരാണെന്നുകൂടി പറയാന്‍ ശുകന്‍ മടിച്ചില്ല.


 ഈ സമയത്ത് ശുകന് തന്റെ പഴയ കഥ ഓര്‍മ്മവന്നു. തനിക്ക് ശാപമോക്ഷത്തിന് സമയമായിരിക്കുന്നു എന്ന് ശുകന്‍ മനസ്സിലാക്കി. ഇരുളടഞ്ഞ തന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് ശുകന്‍ ഇറങ്ങിച്ചെന്നു. ബ്രാഹ്മണശ്രേഷ്ഠനായിരുന്ന ശുകന്‍ അഗസ്ത്യശാപംമൂലം രാക്ഷസനായിത്തീര്‍ന്നതായിരുന്നു. നൈഷ്ഠികമായ ബ്രാഹ്മണ്യം പരിപാലിച്ചുകൊണ്ട് വാനപ്രസ്ഥനായി ബ്രഹ്മധ്യാനത്തോടെ യാഗാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് വനത്തില്‍ വസിച്ചുവരികയായിരുന്നു. ദേവന്മാരുടെ അഭ്യുദയകാംക്ഷിയും രാക്ഷസവൈരിയുമായ ശുകനെ ദ്രോഹിക്കുന്നതിന്നായി വജ്രദംഷ്ട്രന്‍ എന്ന ഒരു രാക്ഷസന്‍ അവസരം നോക്കിയിരുന്നു. ശുകനെ ഉപദ്രവിക്കുന്നതിന് തക്കം പാര്‍ത്തിരുന്ന അവന് ഒരിക്കല്‍ ഒരവസരം ലഭിച്ചു. അഗസ്ത്യമഹര്‍ഷി ഒരു ദിവസം ശുകന്റെ ആശ്രമത്തില്‍ എത്തി. ഭക്ഷണത്തിനുമുന്‍പ് ജലപ്രക്ഷാളനത്തിനും പൂജാദികള്‍ക്കുമായി നദീതീരത്തേക്കുപോയ അഗസ്ത്യമുനിയുടെ രൂപത്തില്‍ വജ്രദംഷ്ട്രന്‍ ശുകന്‍റെ പര്‍ണ്ണശാലയിലെത്തി, ശുകനോട് മന്ദം പറഞ്ഞു:


“ബ്രാഹ്മണസത്തമനായ അങ്ങേയ്ക്ക്, വിരോധമില്ലെങ്കില്‍ ഇന്നെനിക്കല്‍പ്പം മൃഗമാംസം കൂട്ടി ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം സാധിച്ചു തരണം. അങ്ങയുടെ പത്നിക്ക് രുചികരമായി അതു പാകം ചെയ്യാനും അറിവുണ്ടല്ലോ.”
സന്തോഷത്തോടെ ശുകന്‍ അഗസ്ത്യമുനിയുടെ ആഗ്രഹം സ്വീകരിക്കുകയും, ശുകപത്നിയോട് അങ്ങിനെ ചെയ്യുവാന്‍ പറയുകയും ചെയ്തു. ആഹാരം വിളമ്പുന്ന വേളയില്‍ ദുഷ്ടനായ വജ്രദംഷ്ട്രാസുരന്‍ ശുകപത്നിയുടെ വേഷം പൂണ്ടു വന്ന് മര്‍ത്ത്യമാംസം ഇലയില്‍ വിളമ്പി. മര്‍ത്ത്യമാംസം കണ്ട അഗസ്ത്യമുനി ശുകനെ ഘോരമായി ശപിച്ചു.

“എനിക്കു മര്‍ത്ത്യമാംസം വിളമ്പിയ നീചാ, ഇനിയുള്ള കാലം മനുഷ്യമാംസം ഭുജിച്ച് ഒരു രാക്ഷസനായി നീ ജീവിതം കഴിക്കുക.”

ഉഗ്രശാപമേറ്റ വേദനയില്‍ ശുകന്‍ പറഞ്ഞു, "മൃഗമാംസം വിളമ്പുവാന്‍ കല്‍പ്പിച്ചത് അങ്ങു തന്നെ. ഞാന്‍ പാകം ചെയ്യുവാനേല്‍പ്പിച്ചതും മൃഗമാംസം തന്നെ. പക്ഷെ, ഇതെങ്ങിനെ സംഭവിച്ചുവെന്ന് നിസ്സാരനായ എനിക്ക് അറിയില്ല. എന്‍റെ തെറ്റു മനസ്സിലാക്കി, അങ്ങെനിക്ക് ശാപമോക്ഷം തരിക."
ഇതുകേട്ടമാത്രയില്‍ ത്രികാലജ്ഞാനിയായ അഗസ്ത്യന്‍ സംഭവത്തെ വിശകലനം ചെയ്യുകയും, ശുകനു പറ്റിയ അബദ്ധത്തെ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും അര്‍ദ്ധപ്രാണനായിത്തീര്‍ന്നു. തന്‍റെയും അപരാധത്തിന് ക്ഷമചോദിക്കുകയും ശുകന് ശാപമോക്ഷമേകുകയും ചെയ്തു.


“ത്രേതായുഗത്തില്‍ നാരായണന്‍റെ അവതാരമായ ശ്രീരാമന്‍ രാവണനാല്‍ അപഹരിക്കപ്പെട്ട തന്‍റെ പ്രേയസി സീതാദേവിയെ തിരികെ കൊണ്ടുപോകുവാനും രാവണനെ നിഗ്രഹിക്കുവാനും ലങ്കാനഗരിയിലെത്തും. അപ്പോള്‍ അങ്ങ് അദ്ദേഹത്തെ നേരിട്ടു ദര്‍ശിക്കുകയും അങ്ങയുടെ ഭക്തി പാരവശ്യത്തില്‍ സംപ്രീതനായി ശ്രീരാമന്‍ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നെ വൈകാതെ അങ്ങു തന്നെ രാമവൃത്താന്തം മുഴുവന്‍ രാവണസഭയില്‍ ഘോഷിക്കുകയും അതോടെ ശാപമുക്തനാവുകയും ചെയ്യും. രാവണന്‍റെ സേവയ്ക്കായി അവനെ പ്രാപിക്കുവാന്‍ അങ്ങേയ്ക്ക് യാതൊരു വൈഷമ്യവും ഉണ്ടാകില്ല. കാലമേതും കളയാതെ അതിനായി പുറപ്പെടുക. രാമനോട് രാവണന്‍റെ ദൂത് അറിയിക്കാനുള്ള സന്ദര്‍ഭം പ്രയാസലേശമെന്യേ അങ്ങേയ്ക്കു കൈവരികയും ചെയ്യും.”


രാവണസഭയില്‍ തന്‍റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് ശുകനറിഞ്ഞു. പൂര്‍വ്വജന്മത്തിലേക്ക് തിരികെ പോകുവാന്‍ സമയമായതും, സാധുസേവയുടെ ആവശ്യങ്ങളും ശുകനോര്‍മ്മിച്ചു. അഗസ്ത്യശാപത്തിന്‍റെ കാലാവധി പൂര്‍ത്തിയാക്കിയ ശുകന്‍ ഒരു ദ്വിജനായി, കാഷായാംബരധാരിയായി ശേഷിക്കുന്ന ദൌത്യങ്ങളിലേക്ക് നടകൊണ്ടു.

No comments:

Post a Comment