ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 20, 2016

ഗുരു-ശിഷ്യ ബന്ധം



അവധൂതനായിരുന്ന നാറാണത്തുഭ്രാന്തന്നെ ഒരിക്കല്‍ ഒരു സാധാരണക്കാരൻ സമീപിച്ചുകൊണ്ട് ഇങ്ങിനെ  പറഞ്ഞു .“അങ്ങയുടെ ശിഷ്യനായി എന്നെ സ്വീകരിക്കണം” എന്ന്. അപേക്ഷിക്കുക മാത്രമല്ല ചെയ്തത് . നാറാണത്തുഭ്രാന്തനെ പിന്തുടര്‍ന്നു നടക്കാനും തുടങ്ങി. പക്ഷേ, അവധൂതനും ആത്മജ്ഞാനിയുമായ നാറാണത്ത് ശിഷ്യനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എങ്കിലും തന്നെ പിന്തുടര്‍ന്നുകൊള്ളുവാന്‍ അദ്ദേഹം അയാളെ അനുവദിച്ചു. നാറാണത്തുഭ്രാന്തന്‍ വിശ്രമമില്ലാതെ നടന്നു. എപ്പോഴും നടത്തം മാത്രം. ഒരു ക്ഷീണവുമില്ല.


ദിവസങ്ങളോളം ആഹാരംപോലും കഴിക്കാതെ അലഞ്ഞുനടക്കും. പലപ്പോഴും ജലപാനംപോലുമില്ല. സംസാരിക്കാറില്ല, ഉറക്കവുമില്ല. ശിഷ്യനാകാന്‍ എത്തിയ ആള്‍ വിഷമത്തിലായി. നാറാണത്തുഭ്രാന്തന്റെ ഒപ്പം നടെന്നത്താന്‍കൂടി പലപ്പോഴും അയാള്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ അവശനായി അയാള്‍ പറഞ്ഞു: “ഇങ്ങനെ ആഹാരം കഴിക്കാതെയും ജലപാനം ഇല്ലാതെയും നടന്നാല്‍ ഞാന്‍ മരിച്ചുപോകും.” ഇതിന് നാറാണത്തുഭ്രാന്തന്‍ മറുപടിയൊന്നും പറഞ്ഞില്ല. അതിനിടയ്ക്ക് ഒരു പറയന്‍ നാറാണത്തുഭ്രാന്തനെ തന്റെ കുടിയിലേക്ക് ക്ഷണിച്ചു. അയാള്‍ നല്‍കിയ മദ്യം കഴിക്കുകയും ചെയ്തു. ഇതുകണ്ടിട്ട്, ശിഷ്യനാകാന്‍ എത്തിയ ആളും മദ്യം കുടിച്ചു.


കുറച്ചു കഴിഞ്ഞ് അവര്‍ ഒരു കൊല്ലന്റെ ആലയിലെത്തി. അവിടെ ലോഹം ഉരുക്കിവെച്ചിരിക്കുകയായിരുന്നു. അവിടേക്കു ചെന്ന നാറാണത്തുഭ്രാന്തന്‍ തിളച്ച ഈയം കൈയിലെടുത്തു കോരിക്കുടിക്കുവാന്‍ തുടങ്ങി. എന്നിട്ട് പിന്നാലെ വന്ന ആളിനെ നോക്കി പറഞ്ഞു: “സാധിക്കുമെങ്കില്‍ ഈ തിളച്ച ഈയവും കുടിച്ചുകൊള്ളൂ…” ഈ രംഗം കണ്ടുഭയന്ന അയാള്‍ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു. ഗുരു ചെയ്യുന്നതില്‍ തനിക്ക് സൗകര്യമുള്ളവ മാത്രം അനുകരിക്കുകയാണ് ഈ ശിഷ്യന്‍ ചെയ്തത്. തന്റെ പരിമിതികള്‍ മനസ്സിലായപ്പോള്‍ ഗുരുവിനെ വിട്ടുപോവുകയും ചെയ്തു.


ഗുരുവിനെ അനുകരിക്കുക എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഗുരുവിനെ അനുസരിക്കുകയും ഗുരുവില്‍നിന്ന് ത്യാഗം, ക്ഷമ, സ്‌നേഹം, ദയ, വിനയം തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഒരു യഥാര്‍ഥ ശിഷ്യന്‍ ചെയ്യേണ്ടത്.  ഗുരു- ശിഷ്യ ബന്ധം കേവലം ആധ്യാത്മിക തലത്തിലുള്ളതാണ്. ഗുരു മുമുക്ഷുവിന്  ആധ്യാത്മിക മാര്‍ഗനിര്‍ദേശം നല്‍കി അയാളെ ശിഷ്യന്‍ എന്ന നില വരെയും പിന്നീടു മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമാകുന്നു. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല .ശിഷ്യന്റെ സുരക്ഷിതത്വം, അതുമാത്രമാണ്‌ ഗുരുക്കന്മാരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴികാട്ടിയാണ്‌ ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോട്‌ നിറഞ്ഞ സ്നേഹം മാത്രമാണ്‌ ഗുരുവിനുള്ളത്‌. സ്വയം കഷ്ടപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നത്‌ കാണുവാനാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. ഉത്തമ ഗുരു യഥാര്‍ത്ഥ മാതാവ്‌ കൂടിയാണ് ........

അമ്മ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment