ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 19, 2016

അന്നപൂര്‍ണേശ്വരി



ശ്രീപാര്‍വതിയുടെ ഒരു മൂര്‍ത്തിഭേദം. സമൃദ്ധിയുടെ ഈശ്വരി. ഒരു കൈയില്‍ അന്നപാത്രവും മറ്റേ കൈയില്‍ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ദേവിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളില്‍ കാണുന്നുണ്ട്.


ദേവിയുടെ അന്നപൂര്‍ണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടനയോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന ശിവനെ സമീപിച്ച് ഒരിക്കല്‍ 'വര്‍ക്കത്തില്ലാത്ത ഭാര്യയാണ് ഈ ദുര്യോഗത്തിനു കാരണം' എന്ന് നാരദന്‍ അറിയിച്ചു. അതിനുശഷം അടുക്കളയ്ക്കകത്ത് കടന്നുചെന്ന് അവിടെ പട്ടിണികൊണ്ട് നിരുന്‍മേഷയായി ഇരുന്നിരുന്ന പാര്‍വതിയോട് 'ഈ ദുഃഖത്തിനു കാരണം ഭര്‍ത്താവിന്റെ കഴിവില്ലായ്മയാണ്' എന്നും ഏഷണി പറയുകയുണ്ടായി. മഹര്‍ഷിയുടെ വാക്കുകളില്‍ മനസ്സു പതിഞ്ഞ പാര്‍വതി, പിറ്റേന്നാള്‍ ശിവന്‍ ഭിക്ഷാടനത്തിനുപോയ സമയംനോക്കി കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യമറിഞ്ഞ നാരദന്‍ വഴിയില്‍വച്ച് ദേവിയെ ഭര്‍ത്താവിന്റെ മറ്റ് അസാമാന്യഗുണങ്ങള്‍ പറഞ്ഞു ധരിപ്പിച്ച് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കുതന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവന്‍ ഭിക്ഷയ്ക്കു ചെല്ലുന്ന ഗൃഹങ്ങളില്‍ കാലേകൂട്ടിച്ചെന്ന് സ്വയം ഭിക്ഷമേടിച്ചുകൊണ്ടു വരുവാനും മഹര്‍ഷി ദേവിയോട് ഉപദേശിച്ചു. ദേവി അതനുസരിച്ച് പ്രവര്‍ത്തിച്ചു. ശിവന്‍ പതിവുപോലെ ചെന്നപ്പോള്‍ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നുവലഞ്ഞ് മടങ്ങിവന്നു. കരുണാമയിയായ ദേവി നേരത്തേ സംഭരിച്ചുവച്ചിരുന്ന അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സന്തുഷ്ടനായ ദേവന്‍ ഉടനെ ദേവിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണര്‍ന്നു. അപ്പോള്‍ അവരുടെ ശരീരങ്ങള്‍ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവന്‍ അങ്ങനെയാണത്രേ അര്‍ധനാരീശ്വരനായത് (നോ: അര്‍ധനാരീശ്വരന്‍). ശിവന് അന്നം ഊട്ടുന്ന ദേവിയെ ആണ് 'അന്നപൂര്‍ണേശ്വരി' ആയി സങ്കല്പിച്ചിട്ടുള്ളത്.


ഒരു ധ്യാനശ്ളോകം താഴെ കൊടുക്കുന്നു:



'രക്താം വിചിത്രനയനാം നവചന്ദ്രചൂഡാ-

മന്നപ്രദാനനിരതാം സ്തനഭാരനമ്രാം

നൃത്യന്തമിന്ദുസകലാഭരണം വിലോക്യ

ഹൃഷ്ടാം ഭജേ ഭഗവതീം ഭവദുഃഖഹന്ത്രീം.'


ഭക്തന്‍മാര്‍ക്ക് അഭീഷ്ടവരങ്ങള്‍ നല്കുന്നതില്‍ സദാസന്നദ്ധയും ദയാപൂര്‍ണയും ആയ അന്നപൂര്‍ണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങളുണ്ടെങ്കിലും ആദിശങ്കരാചാര്യര്‍ എഴുതിയിട്ടുള്ളതാണ് ദേവ്യുപാസകര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധം.


'നിത്യാനന്ദകരീ, വരാഭയകരീ, സൌന്ദര്യരത്നാകരീ

നിര്‍ധൂതാഖിലഘോരപാവനകരീ, പ്രത്യക്ഷമാഹേശ്വരീ

പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ, മാതാന്നപൂര്‍ണേശ്വരീ.'

എന്നിങ്ങനെ അത് ആരംഭിക്കുകയും,

'അന്നപൂര്‍ണേ സദാപൂര്‍ണേ

ശങ്കരപ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യസിധ്യര്‍ഥം

ഭിക്ഷാം ദേഹി നമോസ്തുതേ.'


എന്നിങ്ങനെ അവസാനിക്കുകയും ചെയ്യുന്നു.


അന്നപൂര്‍ണാഷ്ടകമെന്നാണ് ഈ സ്തോത്രരത്നത്തിന്റെ പേര്. ഈ സ്തോത്രം വേദവ്യാസ രചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം). കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂര്‍ണേശ്വരീ പ്രതിഷ്ഠകളുണ്ട്. പരശുരാമന്‍ കാശിയില്‍ ചെന്ന് അന്നപൂര്‍ണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ചില ഐതിഹ്യങ്ങളില്‍ കാണുന്നു. ചൈത്രമാസം (മീനം) വെളുത്ത നവമിദിവസം അന്നപൂര്‍ണാദേവിയുടെ പൂജ സവിശേഷമായി ചിലയിടങ്ങളില്‍ (ഉദാ. ബംഗാള്‍) കൊണ്ടാടി വരുന്നുണ്ട്.


അന്നപൂര്‍ണാദേവിയുടെ ഉപാസനാക്രമം തന്ത്രസാരത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

No comments:

Post a Comment