കഥം രാമേണ തച്ചീര്‍ണ്ണം വ്രതം ദേവ്യാ: സുഖപ്രദം
രാജ്യഭ്രഷ്ട: കഥം സോ f ഥ കഥം സീതാ ഹൃതാ പുന:
രാജാ ദശരഥ: ശ്രീമാനയോദ്ധ്യാധിപതി: പുരാ
സൂര്യവംശധരശ്ചാസീദ്ദേവ ബ്രാഹ്മണ പൂജക:
ജനമേജയന്‍ ചോദിച്ചു: ശ്രീരാമന്‍ പോലും ഭഗവതിയുടെ നവരാത്രിവ്രതം അനുഷ്ഠിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്? ആ മഹാനുഭാവന്‍ എങ്ങിനെയാണ് രാജ്യഭ്രഷ്ടനായത്? അദ്ദേഹത്തിനു സീതാവിരഹദുഖം ഉണ്ടായതെങ്ങിനെ?
വ്യാസന്‍ പറഞ്ഞു: പണ്ട് അയോദ്ധ്യയില്‍ സൂര്യവംശത്തില്‍ ദശരഥന്‍ എന്നു പേരുള്ള മഹാനായ ഒരു രാജാവുണ്ടായിരുന്നു. ദേവപൂജയിലും വിപ്രപൂജയിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിനു മൂന്നു രാജ്ഞിമാരിലായി ലോകപ്രശസ്തരായ നാല് മക്കളുണ്ടായി. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നീ ബാലന്മാര്‍ സകല ഗുണങ്ങളും തികഞ്ഞവരായിരുന്നു. രാജ്ഞിമാരായ കൌസല്യയില്‍ ശ്രീരാമന്‍; കൈകേയിയില്‍ ഭരതന്‍. സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്നനും എന്നിങ്ങിനെയാണ് രാജാവിനു മക്കളുണ്ടായത്. ആ ഉത്തമകുമാരന്മാര്‍ രാജാവിന് അദമ്യമായ സൌഖ്യത്തെ പ്രദാനം ചെയ്തു. ഒരുദിവസം യാഗരക്ഷയ്ക്കായി വിശ്വാമിത്രമഹര്‍ഷി രാജാവിന്റെ സഹായം തേടി കൊട്ടാരത്തിലെത്തി. പതിനാറു വയസ്സുള്ള രാമനെയാണു മഹര്‍ഷി യാഗരക്ഷയ്ക്കായി വിളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചത്. എന്നാല്‍ രാജാവ് ലക്ഷ്മണനെക്കൂടെ രാമനൊപ്പം മഹര്‍ഷിയുടെ സഹായത്തിനു പറഞ്ഞയച്ചു. വഴിയില്‍വെച്ച് ഒരൊറ്റ അമ്പുകൊണ്ട് ഘോരരൂപിണിയായ താടകയെ ശ്രീരാമന്‍ വധിച്ചു. മുനിമാര്‍ക്ക് സദാ ശല്യം ചെയ്തിരുന്ന ആ രാക്ഷസിയെ മാത്രമല്ല, ദുഷ്ടനായ സുബാഹുവിനെയും രാമന്‍ വകവരുത്തി. യജ്ഞം മുടക്കാന്‍ അവിടെയെത്തിയ മാരീചനെ മൃതപ്രായനാക്കി ഓടിച്ചു. ഇങ്ങിനെ യജ്ഞരക്ഷ ചെയ്ത കുമാരന്മാരെക്കൂട്ടി മഹര്‍ഷി, മിഥിലയില്‍ ജനകന്റെ രാജധാനിയിലേയ്ക്ക് പോയി. പോകും വഴിയില്‍ ശിലയായി കിടന്നിരുന്ന അഹല്യക്ക് രാമന്‍ ശാപമോചനം നല്‍കി. വിദേഹന്റെ കൊട്ടാരത്തിലെത്തി അവിടെ നടന്ന മത്സരത്തില്‍ ശ്രീരാമന്‍ ശിവധനുഷ് ഭഞ്ജിച്ചു വിജയം നേടി. സീതാസ്വയംവരത്തിനായി എര്‍പ്പെടുത്തിയ പന്തയം ജയിച്ച രാമന്‍ സീതയെ പാണിഗ്രഹണം ചെയ്തു. ജനകന്‍ തന്റെ മകളായ ഊര്‍മ്മിളയെ ലക്ഷ്മണന് നല്‍കി. ഭരതശത്രുഘ്നന്‍മാര്‍ കുശധ്വജന്റെ പുത്രിമാരായ മാണ്ഡവിയെയും ശ്രുത്രകീര്‍ത്തിയെയും വിവാഹം കഴിച്ചു. അങ്ങിനെ നാല് കുമാരന്മാരുടെയും വിവാഹം മിഥിലയില്‍ത്തന്നെയായിരുന്നു.
യഥാകാലം ദശരഥന്‍ തന്റെ സീമന്തപുത്രനായ രാമനെ രാജാധികാരം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാമനെ രാജാവാക്കാനുള്ള ഒരുക്കം കണ്ട കൈകേയി പൂര്‍വ്വകല്‍പ്പിതമായ രണ്ടുവരങ്ങള്‍ രാജാവിനോട് ചോദിക്കാന്‍ തീരുമാനിച്ചു. ഭരതന് രാജ്യഭാരം നല്‍കണം, പിന്നെ രാമനെ പതിന്നാലുവര്‍ഷം കാട്ടിലേയ്ക്ക് പറഞ്ഞയക്കണം എന്നിവയായിരുന്നു അവള്‍ ചോദിച്ച വരങ്ങള്‍. രാമന്‍ അങ്ങിനെ ലക്ഷമണനും സീതയുമൊരുമിച്ചു കാനനവാസം തുടങ്ങി. ഘോരരാക്ഷസന്മാര്‍ വാഴുന്ന വനം അവരെ സംരക്ഷിച്ചു. പുത്രദുഖത്താല്‍ രാജാവ് മരണമടഞ്ഞു. ജ്യേഷ്ഠനു നിഷേധിച്ച രാജ്യം വാഴാന്‍ ഭരതന്‍ തയ്യാറായില്ല. അതിനാല്‍ രാമന്റെ പ്രതിപുരുഷനായാണ് സ്വയം ഒരു കുടിലില്‍ വാണുകൊണ്ട് അദ്ദേഹം രാജ്യഭാരം നിര്‍വ്വഹിച്ചത്. പഞ്ചവടിയില്‍ മൂവരും താമസിക്കുമ്പോള്‍ കാമാര്‍ത്തയായി വന്ന ശൂര്‍പ്പണഖയെ ലക്ഷ്മണന്‍ വികൃതയാക്കി വിട്ടു. ഈ കൃത്യത്തിനെതിരെ ഖരാദി രാക്ഷസന്മാര്‍ പ്രതികാരത്തിനു വന്നപ്പോള്‍ ഘോരയുദ്ധം ചെയ്ത് രാമന്‍ അവനെയും കൂട്ടരെയും കാലപുരിക്കയച്ചു. തപസ്സും യാഗവും മുടക്കിയിരുന്ന രാക്ഷസരില്‍ നിന്നും അങ്ങിനെ രാമന്‍ മുനിമാരെ രക്ഷിച്ചു വന്നു.
അംഗഭംഗം വന്ന ശൂര്‍പ്പണഖ തന്റെ സഹോദരനായ രാവണന്റെയടുക്കല്‍ പരാതിപറഞ്ഞു. ഖരദൂഷണന്മാര്‍ വധിക്കപ്പെട്ട വൃത്താന്തവും അറിയിച്ചു. ഇതുകേട്ട് കോപിഷ്ഠനായ ദശകണ്ഠന്‍ മാരീചന്റെ കുടിലില്‍ചെന്ന് അദ്ദേഹത്തിന്‍റെ സഹായം അഭ്യര്‍ഥിച്ചു. മായാവിയായ മാരീചന്‍ ഒരുപൊന്മാന്റെ രൂപഭാവത്തില്‍ ചെന്ന് സീതയെ മോഹിപ്പിക്കണം എന്നതായിരുന്നു രാവണന്റെ ആജ്ഞ. കമനീയമായ പുള്ളികളുള്ള ഒരു മാന്‍ തന്‍റെ കുടിലിനരികെ വിളയാടുന്നത് കണ്ടു സീതക്ക് അതിന്റെ സ്വര്‍ണ്ണവര്‍ണ്ണമുള്ള തോല് സ്വന്തമാക്കാന്‍ കലശലായ ആഗ്രഹം തോന്നി. അത് തന്റെ കാന്തനായ രാമനോട് ആവശ്യപ്പെടുകയും ചെയ്തു. അനുജനായ ലക്ഷ്മണനെ സീതയ്ക്ക് കാവലിരുത്തി രാമന്‍ മാനിനെ പിടിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ മായാവിയായ മാരീചന്‍ ‘കണ്ടു കണ്ടില്ല’ എന്ന മട്ടില്‍ അങ്ങുമിങ്ങും ഓടി രാമന് പിടി കൊടുക്കാതെ വനത്തിനുള്ളിലേയ്ക്ക് കയറിക്കയറിപ്പോയി. തനിക്ക് മൃഗത്തെ കിട്ടും എന്നുറപ്പായപ്പോള്‍ രാമന്‍ ഒരമ്പെയ്ത് അതിനെ വീഴ്ത്തി. അമ്പ് തറഞ്ഞപാടേ മാരീചന്‍ രാമന്റെ ശബ്ദത്തില്‍ “ഹാ ഹാ ലക്ഷ്മണാ ഞാന്‍ മരിച്ചേ” എന്ന് നിലവിളിച്ചു. ആ ശബ്ദം കേട്ട മൈഥിലി ലക്ഷ്മണനോട് രാമനെ ചെന്ന് സഹായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കര്‍ത്തവ്യം സീതയെ സംരക്ഷിക്കുകയാണെന്നും ആശ്രമം വിട്ടു പോകാന്‍ സാദ്ധ്യമല്ല എന്നും ലക്ഷ്മണന്‍ ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല രാമനെ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ ശബ്ദം മായാവികളുടെ വേലയാണ്, എന്നെല്ലാം ലക്ഷ്മണന്‍ പറഞ്ഞു നോക്കി. എന്നാല്‍ ആസമയം സ്വതവേ ക്രൂരസ്വഭാവമില്ലാത്ത സീത അതിക്രൂരമായി ലക്ഷ്മണനെ ഭര്‍സിച്ചു. തന്നില്‍ അനുരാഗമുള്ളത് കൊണ്ടാണ് 'ഭരതന്റെ പ്രേരണയാല്‍ നീ ഞങ്ങളുടെ കൂടെ വന്നത് 'എന്നും മറ്റുമുള്ള നീച വാക്കുകള്‍ സീതയില്‍ നിന്നുമുണ്ടായി. ‘രാമന്‍ മരിച്ചാല്‍ നിന്നെ ഞാന്‍ വരിക്കും എന്ന വ്യാമോഹമോന്നും വേണ്ട. അങ്ങിനെയുള്ള സ്വൈരിണിയല്ല ഞാന്‍. രാമനില്ലാതെ ഒരുനിമിഷം ഞാന്‍ ജീവിക്കുകയില്ല.’ സീതയുടെ ദുര്‍വചനം കേട്ട് ഖിന്നനായ ലക്ഷ്മണന്‍ പറഞ്ഞു: നിന്നില്‍ നിന്നും ഇത്തരം വാക്കുകള്‍ ഉണ്ടാവാന്‍ കാരണമെന്താണ്? എന്തോ ആപത്തു വരാന്‍ പോകുന്നു എന്നെനിക്കു തോന്നുന്നു.’ ലക്ഷ്മണന്‍ ജ്യേഷ്ഠനെത്തേടി കാട്ടിലേയ്ക്ക് പോയി.
ലക്ഷ്മണന്‍ പോയ തഞ്ചം നോക്കി കപട മുനിവേഷധാരിയായി അവിടെയെത്തിയ രാവണന്‍ സീതയോട് ഭിക്ഷ ചോദിച്ചു. ഫലമൂലങ്ങള്‍ ഭിക്ഷ നല്‍കിയ സീതയോട് അദ്ദേഹം വിനയത്തോടെ ചോദിച്ചു: ‘എന്താണ് ഭവതി ഇവിടെ കാട്ടില്‍ കഴിയുന്നത്? നിന്റെ അച്ഛനാരാണ്? നിനക്ക് ആങ്ങളമാര്‍ ഉണ്ടോ? ഭര്‍ത്താവോ? ഒറ്റയ്ക്കിവിടെ കഴിയാന്‍ തക്ക മൂഢയാണോ നീ? ദേവകന്യയെപ്പോലെയുള്ള നീയിവിടെ താപസിയെപ്പോലെ കഴിയുന്നു! കഷ്ടം!’
വലിയൊരു മുനിശ്രേഷ്ഠനായിരിക്കും ആഗതന്‍ എന്ന് കരുതിയ സീത വൃത്താന്തമെല്ലാം പറഞ്ഞു. ‘ദശരഥരാജാവിന്റെ നാല് മക്കളില്‍ മൂത്തവനായ രാമന്റെ ധര്‍മ്മപത്നിയാണ് ഞാന്‍. ജനകജയായ എന്നെ വീരനായ രാമന്‍ പാണിഗ്രഹണം ചെയ്തത് ശൈവചാപം കുലച്ചാണ്. അയോദ്ധ്യയില്‍ കൈകേയി അമ്മ പണ്ട് കിട്ടിയ വരം രാജാവില്‍ നിന്നും ഇപ്പോഴാണ് വാങ്ങിയത്. ആ വരദാനമനുസരിച്ചു രാമന് പതിന്നാലുവര്‍ഷം വനവാസമാണ് രാജാവ് വിധിച്ചിട്ടുള്ളത്. ലക്ഷ്മണനും ഞാനും രാമന്റെ കൂടെ വനവാസം ചെയ്യുന്നു. രാമന്റെ പ്രാഭവം കൊണ്ട് ഭീതിയില്ലാതെ ഞാനീ കാട്ടില്‍ കഴിയുന്നു. ഇപ്പോള്‍ സ്വര്‍ണ്ണമാനിനെ പിടിക്കാനായി എന്റെ കാന്തന്‍ പോയിരിക്കുകയാണ്. രാമന്റെ കരച്ചില്‍ ശബ്ദം കേട്ട് അദ്ദേഹത്തിന്‍റെ അനുജനും ഇപ്പോള്‍ അദ്ദേഹത്തെ തിരക്കി കാട്ടില്‍ പോയിരിക്കുന്നു. അവര്‍ തിരിച്ചു വന്നാല്‍ അങ്ങേയ്ക്കുള്ള അര്‍ഘ്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഭിക്ഷുവായ അവിടുത്തെ ഞാന്‍ വിഷ്ണുരൂപനായി കണക്കാക്കുന്നു. രാക്ഷസന്മാര്‍ വാഴുന്നയിടമാണല്ലോ ഇത്. സത്യം പറയൂ, അങ്ങാരാണ്?’
രാവണന്‍ പറഞ്ഞു: ഞാന്‍ ലങ്കേശനായ രാവണനാണ്. ഞാന്‍ മണ്ഡോദരിയുടെ കാന്തനുമാണ്. നിനക്ക് വേണ്ടി ഞാനീ മോഹനരൂപത്തില്‍ എത്തിയതാണ്. ഖരദൂഷണന്‍മാരെ രാമന്‍ വധിച്ച കാര്യം എന്റെ സഹോദരി ശൂര്‍പ്പണഖ പറഞ്ഞു ഞാന്‍ അറിഞ്ഞു. അവളാണ് നിന്നെപ്പറ്റി പറഞ്ഞത്. നീയാ കേവല മനുഷ്യനെ വിട്ടിട്ട് എന്നെ സ്വീകരിച്ചാലും. നിന്നെ മണ്ഡോദരിക്കും മേലെയുള്ള രാജ്ഞിയാക്കാം ഞാന്‍. നിന്റെ ദാസനാകാം ഞാന്‍. നീ തന്നെ യജമാനത്തി. ദിക്പാലരെ ജയിച്ചിട്ടുള്ള എനിക്ക് നിന്നില്‍ ആഗ്രഹം മുഴുത്തിരിക്കുന്നു. പണ്ട് നിന്റെ പിതാവിനോടു ഞാന്‍ നിന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കല്യാണപന്തയം ശൈവചാപ ഭഞ്ജനമാനെന്നു മനസ്സിലാക്കി ഞാന്‍ പിന്‍വാങ്ങിയതാണ്. ഇപ്പോള്‍ നീ കാട്ടില്‍ ഉണ്ടെന്നറിഞ്ഞ് പ്രണയപരവശനായി ഞാന്‍ വന്നിരിക്കുന്നു. എന്റെ വിരഹത്തീയണക്കാന്‍ നിനക്കേ കഴിയൂ. എന്റെ യത്നം നീ സഫലമാക്കിയാലും.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment