തദാകര്‍ണ്ണ്യ വചോ ദുഷ്ടം ജാനകീ ഭയവിഹ്വലാ
വേപമാനാ സ്ഥിരം കൃത്വാ മനോ വാചമുവാച ഹ
പൌലസ്ത്യ കിമസദ്വാക്യം ത്വമാത്ഥ സ്മരമോഹിത:
നാഹം വൈ സ്വൈരിണീ കിന്തു ജനകസ്യ കുലോദ് ഭവാ
വ്യാസന്‍ പറഞ്ഞു: രാവണന്റെ വാക്കുകള്‍ കേട്ട് ഭയത്തോടെയാണെങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് ജാനകി പറഞ്ഞു: 'പൌലസ്ത്യനായ അങ്ങ് വെറും കാമപീഡിതനായി ഇങ്ങിനെ സംസാരിക്കുന്നതെന്ത്? നിങ്ങളുടെ ഇംഗിതത്തിനു വഴങ്ങാന്‍ ഞാനൊരു വേശ്യയല്ല. വിദേഹപുത്രിയായ രാജ്ഞിയോടാണ് സംസാരിക്കുന്നതെന്ന് അറിഞ്ഞാലും. പെട്ടെന്ന് ലങ്കയിലേയ്ക്ക് മടങ്ങി പോയ്ക്കൊള്ളുക. രാമന്‍ വന്നാല്‍ നിന്നെ കൊല്ലും എന്ന് നിശ്ചയം. ഞാന്‍ മൂലമായിരിക്കും നിന്റെ അന്ത്യം.' ദാശാനനോടു പോകാന്‍ പറഞ്ഞുകൊണ്ട് സീത തന്റെ കുടിലില്‍ എരിയുന്ന അഗ്നിയുടെ സമീപത്തേയ്ക്ക് നടന്നു. എന്നാല്‍ രാവണന്‍ പെട്ടെന്ന് തന്റെ സ്വരൂപം ധരിച്ചുകൊണ്ട് പേടിച്ചരണ്ട സീതയെ വാരിയെടുത്ത് ആകാശരഥത്തില്‍ കയറ്റിയിരുത്തി. 'രാമാ, ലക്ഷ്മണാ' എന്നവള്‍ കരഞ്ഞുകൊണ്ട് ആ തേരില്‍ ഇരുന്നു പോകും വഴിയില്‍ ജഡായു എന്ന് പേരായ പക്ഷിരാജന്‍ ആ രഥത്തെ തടഞ്ഞുനിര്‍ത്തി രാവണനുമായി മല്ലിട്ടു. എന്നാല്‍ രാവണന്‍ ജഡായുവിന്‍റെ ചിറകുകള്‍ അരിഞ്ഞു കളഞ്ഞതിനാല്‍ പരാജിതനായി മണ്ണില്‍ വീണു. രാവണന്‍ സീതയേയും കൊണ്ട് ലങ്കയിലെത്തി. അവളെ അശോകവനത്തില്‍ കൊണ്ടുപോയി അനുനയിപ്പിച്ചു സ്വന്തമാക്കാന്‍ രാവണന്‍ പല രീതിയിലും ശ്രമിച്ചു. അതിനായി രാത്രിഞ്ചരിമാര്‍ അവന് ഒത്താശ ചെയ്തു.
അപ്പോഴേയ്ക്ക് രാമന്‍ മാനിനെ കൊന്ന് സീതയ്ക്ക് നല്‍കാനായി കുടിലിലേയ്ക്ക് വരുമ്പോള്‍ തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനെ കണ്ടു. ‘എന്തിനാണ് നീ എന്റെ പ്രിയതമയെ തനിച്ചാക്കി വന്നത്?’ എന്ന് ചോദിച്ചപ്പോള്‍ ‘അതെന്റെ കാലക്കേട്’ എന്നായി ലക്ഷ്മണന്‍. 'സീതയുടെ വാക്ശരം പൊറുക്കാഞ്ഞു ഞാന്‍ അങ്ങയെ തേടിയിറങ്ങിയതാണ്.'
രണ്ടാളും കൂടി പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ സീത അവിടെയില്ല. ദുഖത്തോടെ അവര്‍ സീതയെത്തേടി നടന്നു. അങ്ങിനെ നടക്കവേ, രാവണനോടു മല്ലിട്ട് മൃതപ്രായനായിക്കിടക്കുന്ന ജഡായുവിനെ അവര്‍ കണ്ടു. ‘പാപിയായ രാവണന്‍ ജനകജയെ കട്ടുകൊണ്ടുപോകുന്നത്' താന്‍ കണ്ടുവെന്ന വൃത്താന്തം ആ പക്ഷിപ്രവരന്‍ അവരെ അറിയിച്ചു. പ്രാണന്‍ വിടാറായ പക്ഷിയെ രാമന്‍ അനുഗ്രഹിച്ചു. വിവരമറിയിച്ചു പ്രാണന്‍ വെടിഞ്ഞ പക്ഷിക്ക് വേണ്ടി ശേഷക്രിയകള്‍ നടത്തി അവര്‍ യാത്ര തുടര്‍ന്നു. കാട്ടില്‍ കണ്ടുമുട്ടിയ ദുഷ്ടനായ കബന്ധനെ രാമന്‍ വധിച്ചു. അവനില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് സുഗ്രീവനുമായി രാമന്‍ സഖ്യത്തിലേര്‍പ്പെട്ടു. രാമന്‍ വീരനായ ബാലിയെക്കൊന്നു സുഗ്രീവനെ രാജാവാക്കി വാഴിച്ചു.
ക്രൂരനായ രാവണന്‍ തന്റെ പ്രിയതമയെ കട്ടുകൊണ്ടുപോയതില്‍ ദുഖിതനായ രാമന്‍ മഴക്കാലമായ നാലുമാസങ്ങള്‍ ഖിന്നമാനസനായി കഴിച്ചുകൂട്ടി. രാമന്‍ ലക്ഷമണനോടു പറഞ്ഞു: 'കൈകേയി അമ്മയുടെ മനോരാജ്യം എല്ലാം ഇപ്പോള്‍ സഫലമായി എന്ന് തോന്നുന്നു. സീതയെക്കൂടാതെ ഞാന്‍ മടങ്ങുന്നതിലും ഭേദം ആത്മഹത്യയാണ്. നാട് പോയി, അച്ഛന്‍ മരിച്ചു. ഇനി ഭാര്യയും ഇല്ലാതെ ഞാന്‍ എന്തിനു ജീവിക്കണം? എനിക്കെതിരെ ദുര്‍വിധിക്ക് ഇനിയും എന്ത് ചെയ്യാനാവും? രാജപുത്രന്മാരായ നാം ഇപ്പോള്‍ വനവാസികളായി നടക്കുന്നത് മുജ്ജന്മ കര്‍മ്മഫലം തന്നെയാണ്. നീയാണെങ്കില്‍ യാതൊരു കാരണവുമില്ലാതെ നിന്റെ സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെവന്നു ദുരിതം അനുഭവിക്കുന്നു! നമ്മുടെ കുലത്തില്‍ത്തന്നെ എന്‍റെയത്ര ഭാഗ്യഹീനനായി മറ്റാരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ഈ അഴല്‍ക്കടല്‍ ഞാനെങ്ങിനെ കടക്കും? എനിക്ക് ധനമില്ല, ബലവും കുറവാണ്. ഉള്ളത് വീരനായ നിന്റെ തുണയൊന്നുമാത്രമാണ്. ഞാന്‍ ആരെ പഴിക്കാനാണ്? എന്റെ കര്‍മ്മഫലം തന്നെ. ഇന്ദ്രലോകത്തിനു തുല്യമായ രാജ്യം കയ്യില്‍ വന്ന ഉടനെ നഷ്ടപ്പെട്ടു. കാട്ടില്‍ വസിക്കാനിടയും വന്നു. ദൈവകല്‍പ്പിതം എന്തെന്നാര്‍ക്കറിയാം? ചെറുപ്പത്തിന്റെ ചാഞ്ചല്യം മാറാത്തതുകൊണ്ട് എന്റെയൊപ്പം കാട്ടില്‍ കഴിയാന്‍ വന്നതാണ് ജനകജ. എന്നാല്‍ ആ പെണ്‍ കൊടിക്ക് വന്ന ദുര്യോഗം എത്ര കഠിനതരമാണ്. എന്റെ പ്രിയതമ ലങ്കേശന്റെ കൊട്ടാരത്തില്‍ അനുഭവിക്കുന്ന ദുഃഖം എത്ര കഠിനമായിരിക്കും! അവള്‍ രാവണന് കീഴടങ്ങാന്‍ പോകുന്നില്ല. അതിനായി നിര്‍ബ്ബന്ധിച്ചാല്‍ അവള്‍ അപ്പോള്‍ത്തന്നെ ദേഹം ത്യജിക്കും എന്ന് നിശ്ചയം. സീത ഇല്ലാതായാല്‍ ഞാനും പ്രാണന്‍ കളയും. ഒരുവന് സഹധര്‍മ്മചാരിണി കൂടെയില്ലാതുള്ള ജീവിതം എന്തിനാണ്?’ ഇങ്ങിനെപറഞ്ഞു കരയുന്ന രാമനെ ലക്ഷ്മണന്‍ ആശ്വസിപ്പിച്ചു.
‘ജ്യേഷ്ഠാ, ധൈര്യം വിടാതിരിക്കൂ. ദശമുഖനായ ആ ദൈത്യനെ കൊന്നു ഞാന്‍ സീതയെ തിരികെ കൊണ്ടുവരാം. ദു:ഖത്തിലും സന്തോഷത്തിലും ഒരുപോലെ വാഴുന്നവനല്ലേ ധീരന്‍? അതിലേതെങ്കിലും വന്നണഞ്ഞാ ല്‍ അതില്‍ത്തന്നെ മുങ്ങിപ്പോകുന്നത്. കേവലം ബുദ്ധികുറഞ്ഞവരാണ്. വേര്‍പാടും ചേര്‍ച്ചയും ദൈവാധീനങ്ങള്‍ മാത്രമാണ്. ദേഹത്തിനു മാത്രമാണ് ദുഃഖം. ആത്മാവിനെ യാതൊന്നും ബാധിക്കില്ല. ഇപ്പോള്‍ നാട് പോയി, വാസം കാട്ടിലായി, സീതയുമായി വേര്‍പെട്ടു ജീവിക്കുന്നു. എന്നാല്‍ കാലം അനുകൂലമാകുമ്പോള്‍ ഇതെല്ലാം തിരിഞ്ഞു മറിഞ്ഞു വരും. മനുഷ്യനായി ജനിച്ചുപോയാല്‍ സുഖവും ദുഖവും മാറിമാറി അനുഭവിക്കുകതന്നെ വേണം. ദേവിയെ എല്ലാടവും പോയി തിരയാന്‍ തയ്യാറായി അനേകം വാനരന്മാര്‍ നമ്മുടെ സ്വാധീനത്തിലുണ്ട്. ജാനകീ ദേവിയുടെ വാര്‍ത്ത അവര്‍ കൊണ്ടുവന്നു തരും. വിവരം കിട്ടിയാല്‍ അവിടെയെത്താനുള്ള വഴി കണ്ടുപിടിച്ച് ഞാന്‍ പോയി ദേവിയെ കൊണ്ട് വരാം. വേണമെങ്കില്‍ ഭരതനേയും ശത്രുഘ്നനെയും അവരുടെ സൈന്യങ്ങളെയും കൂടി വരുത്തി നമ്മുടെ ശത്രുവിനെ വെല്ലാമല്ലോ. എന്തിനാണ് ഖേദം? പണ്ട് നമ്മുടെ കുലത്തിലെ രഘു ഒറ്റത്തേരുകൊണ്ട് പോയി സകല ദിക്കുകളും ജയിച്ചില്ലേ! എന്നിട്ടും എന്തിനാണ് ഖേദം? ദേവാസുരന്മാരെയെല്ലാം ജയിക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് മതിയാകും. പിന്നെ സഹായിക്കാന്‍ ആളുകള്‍ കൂടിയുണ്ടെങ്കില്‍ പറയാനുണ്ടോ? ആ ദുഷ്ടനെ ജയിക്കുക നമുക്ക് നിഷ് പ്രയാസം സാധിക്കും. വേണ്ടിവന്നാല്‍ ജനകനെപ്പോലും നമുക്ക് സഹായത്തിനായി വരുത്താം. ദുരാചാരിയും ദേവാരിയുമായ ദശാനനനെ നമുക്ക് കാലപുരിക്കയക്കാം. തേരിന്റെ ചക്രങ്ങള്‍ കറങ്ങുന്നതുപോലെ സുഖദുഖങ്ങള്‍ ചാക്രികമായി ആവര്‍ത്തിച്ച് വരുന്നു. യാതൊന്നും സ്ഥിരമായി നില്‍ക്കില്ല. ഈ ദ്വന്ദങ്ങളില്‍ മാഴ്കുന്നവര്‍ക്ക് സുഖം ലഭിക്കുക അസാദ്ധ്യം. ഇന്ദ്രനും പണ്ട് ഇതുപോലെയുള്ള ദുരനുഭവം ഉണ്ടായി. ആ സമയത്ത് ദേവന്മാര്‍ നഹുഷനെ ഇന്ദ്രപദവിയില്‍ വാഴിക്കുകയും ചെയ്തു. ഇന്ദ്രന് അനേകസംവത്സരങ്ങള്‍ ഒരു താമരയ്ക്കുള്ളില്‍ അജ്ഞാതവാസത്തില്‍ കഴിയേണ്ടിവന്നു. നഹുഷന് പിന്നീട് ആ പദവി നഷ്ടമായിട്ട്, ശാപം മൂലം ഒരു പെരുമ്പാമ്പിന്റെ ജന്മമെടുക്കുക്കേണ്ടിവരികയും ചെയ്തു. ഇന്ദ്രാണിയെ കാമിക്കുകയും ബ്രാഹ്മണനിന്ദ ചെയ്യുകയും മൂലമാണ് അഗസ്ത്യമുനി ആ രാജാവിനെ ശപിച്ച് സര്‍പ്പമാക്കിയത്. വ്യസനമുണ്ടാവുമ്പോള്‍ ഖേദിച്ചിട്ട് കാര്യമില്ല. ബുദ്ധിമാന്മാര്‍ താന്താങ്ങളുടെ ഉദ്യമങ്ങളില്‍ ഉള്ളുറപ്പിച്ചു നില്‍ക്കുകയാണ് വേണ്ടത്. അങ്ങേയ്ക്ക് എല്ലാമറിയാം. പിന്നെ പ്രാകൃതന്മാരെപ്പോലെ എന്തിനാണിങ്ങിനെ ദുഖിതനായിരിക്കുന്നത്?’
ലക്ഷ്മണന്റെ വാക്കുകള്‍ കേട്ട് ബോധം വന്ന രാമന്‍ ശോകം വിട്ട് തനിക്ക് താല്ക്കാലികമായുണ്ടായ ഭീരുത്വം വെടിഞ്ഞ് കര്‍മ്മനിരതനായി.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment