ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

വ്രതം ഒരു ശുദ്ധീകരണപ്രക്രിയ


വ്രതങ്ങളും വ്രതനിഷ്ഠകളും എന്താണെന്നും അതുകൊണ്ടുള്ള ഫലങ്ങളും പുരാണങ്ങളിൽ വിവരിക്കുന്നുണ്ട്. നമ്മുടെ കൊച്ചുകേരളത്തിൽ സാധാരണയായി അനുഷ്ഠിച്ചുവരുന്ന വ്രതങ്ങളും ഭക്ഷണക്രമവുമാണ് ഇൗ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.


വ്രതങ്ങൾ

വ്രതം അനുഷ്ഠിക്കുകയെന്നാൽ ഭക്ഷണം ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ മാത്രമല്ല, വിശ്വാസത്തിൽ അധിഷ്ഠിതമായി ശാരീരികവും മാനസികവും ആത്മീയവുമായ ഒരു ശുദ്ധീകരണപ്രക്രിയയാണ്. ജപം, ഉപവാസം, ധ്യാനം എന്നിവയടങ്ങളിയതാണ് വ്രതം. അത് യഥാവിധി അനുഷ്ഠിക്കുകയും വേണം.
തിഥി, ആഴ്ച, നക്ഷത്രം, മാസം, ഋതു, വർഷം എന്നിങ്ങനെ പലകാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് വ്രതങ്ങള്‍ കണക്കാക്കുന്നത്. തിഥിവ്രതങ്ങൾക്കാണ്ഏറ്റവും പ്രാധാന്യം. ഏകാദശിവ്രതം, ഷഷ്ഠിവ്രതം, പ്രദോഷവ്രതം, പൗർണ്ണമിവ്രതം, അമാവാസിവ്രതം തുടങ്ങിവയെല്ലാം തിഥിവ്രതങ്ങളാണ്.

എല്ലാവരും വ്രതങ്ങൾ അനുഷ്ഠിക്കേണ്ടതില്ല. ആർത്തവസമയത്തും ഗർഭിണികളും പ്രസവിച്ചുകിടക്കുന്ന സ്ത്രീകളും വ്രതങ്ങൾ അനുഷ്ഠിക്കണമെന്ന് നിർബന്ധമില്ല.


നവരാത്രിവ്രതം

ദേവീപ്രീതിയിലൂടെ സർവ്വൈശ്വര്യമാണ് നവരാത്രിവ്രതത്തിന്റെ ഫലം. വ്രതം തുടങ്ങുന്നത് അമാവാസി നാളിലാണ്. അന്ന് ഒരിക്കലാണ്. ദിവസത്തിൽ ഒരിക്കൽമാത്രം ഭക്ഷണം കഴിക്കുക. സൂര്യാസ്തമയത്തിൽ അഷ്ടമി വരുന്ന ദിവസം പൂജ വെക്കുന്നു. അന്ന് പുസ്തകങ്ങളും ആയുധങ്ങളുമെല്ലാം പൂജവെക്കുന്നു. മധ്യാഹ്നത്തിൽ നവമി വരുന്ന ദിവസം മഹാനവമി. അന്ന് എഴുത്തും വായനയും പാടില്ല. സൂര്യോദയത്തിനുശേഷം ആറു നാഴികയ്ക്ക് ദശമി വരുന്ന ദിവസം വിജയദശമിയും . ആ ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.

വിദ്യാരംഭം കുറിക്കുന്ന കുട്ടി രാവിലെ കുളിച്ചു വൃത്തിയായി വരണം. സരസ്വതീദേവിയെ തൊഴുത് കിഴക്കോട്ട് അഭിമുഖമായി ഇരുന്നാണ് വിദ്യാരംഭം കുറിക്കുക. വിജയദശമിദിവസം വിദ്യാരംഭം നടത്തുകയാണെങ്കിൽ ശുഭമുഹൂർത്തം നോക്കേണ്ട കാര്യമില്ല.


അഷ്ടമിരോഹിണിവ്രതം

ശ്രീകൃഷണൻ ജനിച്ച ദിവസമാണ് അഷ്ടമിരോഹിണി. ശ്രീകൃഷണജയന്തി എന്നും ഇൗ ദിവസം അറിയപ്പെടുന്നു. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമി അർദ്ധരാത്രിക്കുവരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഇൗ ദിവസത്തിൽ വ്രതമെടുത്താൽ ഏഴു ജന്മത്തിൽ ചെയ്ത പാപങ്ങളിൽ മോചനം ലഭിക്കും അന്നേദിവസം ഉപവാസവ്രതമാണ് അനുഷ്ഠിക്കേണ്ടത്. ‌

 ശ്രീരാമനവമി
ചൈത്രമാസത്തിലെ വെളുത്തപക്ഷ നവമിയാണ് ശ്രീരാമനവമി. അഷ്ടമിരോഹിണിപോലെ അത്രയും പ്രാധാന്യം ഉള്ളതാണ് ശ്രീരാമ നവമിയും. അതിരാവിലെ കുളിച്ച് ശ്രീരാമക്ഷേത്രദർശനം നടത്തി രാമനാമജപം നടത്തുന്നത് െഎശ്യര്യദായകമാണ്. ഉച്ചവരെ ഉപവാസമെടുക്കുകയും വേണം.


അമാവാസിവ്രതം

പിതൃക്കൾക്ക് ശ്രാദ്ധമൂട്ടുകയും പിതൃതർപ്പണം ചെയ്യുകയും ചെയ്യുന്ന ദിവസമാണ് അമാവാസി. എല്ലാ മാസത്തെയും കറുത്തവാവുദിവസം അമാവാസിവ്രതം അനുഷ്ഠിക്കാമെങ്കിലും കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസിയാണ് പ്രധാനപ്പെട്ടത് . തലേന്നു രാത്രി ഭക്ഷണം ഒഴിവാക്കണം.

ആവണി അവിട്ടം ബ്രാഹ്മണര്‍ തങ്ങളുടെ പൂണൂൽ വർഷത്തിലാരിക്കൽ മാറി ധരിക്കുന്ന ദിവസമാണ് ആവണി അവിട്ടം. ചാന്ദ്രരീതിപ്രകാരമുള്ള ശ്രാവണമാസത്തിലെ പൗർണ്ണമിയും അവിട്ടം നക്ഷത്രവും ഒത്തുചേരുന്ന ദിവസമാണ് ആവണി അവിട്ടം. ഗായത്രീമന്ത്രജപവും കർമ്മങ്ങളും പ്രത്യേക വ്രതങ്ങളുമായാണ് ആവണി അവിട്ടം ആചരിക്കുന്നത്.


ചാതുർമാസ്യവ്രതം
തുടർച്ചയായി നാലുമാസം വ്രതമനുഷ്ഠിക്കുന്നതാണ് ചാതുർമാസ്യവ്രതം. ആഷാഢമാസത്തിലെ പൗർണ്ണമിമുതൽ കാർത്തികമാസത്തിലെ പൗർണ്ണമിവരെയുള്ള നാലുമാസമാണ് ചാതുർമാസ്യം അനുഷ്ഠിക്കേണ്ടത്. ദാനം, വ്രതം, ജപം, ഹോമം എന്നിവ ചെയ്താൽ അനന്തരമായ ഗുണങ്ങൾ കിട്ടും. ഗുരുവന്ദനത്തോടെയാണ് ഇത് ആരംഭിക്കേണ്ടത്.


വിനായകചതുർത്ഥി

ഗണപതിയുെട ജന്മദിനമാണ് വിനായകചതുര്‍ത്ഥി. വിനായകചതുര്‍ത്ഥിദിവസം രാത്രി ചന്ദ്രനെ കാണാൻ പാടില്ല എന്നാണ് വിശ്വാസം. ഇൗ ദിവസം ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് തടസ്സങ്ങൾ ഒഴിവാക്കാനും ജീവിതവിജയത്തിനും നല്ലതാണ്.


ദീപാവലി‍

തുലാമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങളുടെ ആഘോഷമായതുകൊണ്ട് രാവിലെയും വൈകുന്നേരവും വീട്ടിൽ വിളക്കുകൊളുത്തണം.


വാരവ്രതങ്ങൾ



 ഞായറാഴ്ചവ്രതം

സൂര്യദേവനെ ആരാധിച്ചുെകാണ്ടുള്ള വ്രതമാണ് രവിവാരവ്രതം അഥവാ ഞായറാഴ്ചവ്രതം. ഞായറാഴ്ച സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ച് ഗായത്രീമന്ത്രമോ സൂര്യസ്ത്രോത്രപാരായണമോ ചെയ്യണം. അന്ന് പകൽ ആഹാരം കഴിക്കാം. രാത്രി ഉപവാസമനുഷ്ഠിക്കണം. അതുവരെ ചെയ്ത എല്ലാ പാപങ്ങളും തീർക്കുന്നതാണ് ഞായറാഴ്ച വ്രതം എന്നാണ് വിശ്വാസം.


തിങ്കാളാഴ്ചവ്രതം

സോമവാരവ്രതം അഥവാ തിങ്കളാഴ്ചവ്രതം പാർവ്വതിയുടെയും പരമശിവന്റെയും പ്രീതി ഉദ്ദേശിച്ചുള്ളതാണ്. വിവാഹം കഴിയാത്ത പെൺകുട്ടികൾക്ക് വേഗത്തിൽ വിവാഹം നടക്കാനും വിവാഹിതരായ സ്ത്രീകൾക്ക് ഭര്‍ത്താവിൽനിന്നുള്ള ഗുണത്തിനും ഇൗ വ്രതം ഉപകരിക്കും. ‘നമശ്ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ച് ശിവക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തണം. പകൽ മുഴുവന്‍ ഉപവസിക്കണം. സന്ധ്യയ്ക്കു വീണ്ടും ശിവക്ഷേത്രദർശനം നടത്തി പ്രദക്ഷിണവും ഭജനയും നടത്തണം.


ചൊവ്വാഴ്ചവ്രതം

ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ദേവീപ്രീതിക്കായിട്ടാണ്. ദേവീക്ഷേത്രത്തിലോ ഹനുമാൻകോവിലിലോ ദർശനം നടത്തുന്നത് നല്ലതാണ്.


ബുധനാഴ്ചവ്രതം

ബുധനാഴ്ചവ്രതത്തിൽ നവഗ്രഹങ്ങളിലെ ബുധഗ്രഹത്തിനുതന്നെയാണ് പൂജ ചെയ്യേണ്ടത്. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി ബുധഗ്രഹത്തിനു പ്രത്യേക പ്രാർത്ഥന നടത്തണം.


വ്യാഴാഴ്ചവ്രതം

വ്യാഴാഴ്ചവ്രതമെടുത്ത് വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും.


വെള്ളിയാഴ്ചവ്രതം

വെള്ളിയാഴ്ചകളിൽ അന്നപൂർണ്ണശ്വരീരൂപത്തിലുള്ള ദേവിയെ ആരാധിക്കുന്നതാണ് കൂടുതൽ ഫലപ്രദം. വെള്ളിയാഴ്ചകളിൽ വ്രതമെടുത്താൽ ദേവീപ്രീതി ലഭിക്കും.


ശനിയാഴ്ചവ്രതം

നവഗ്രഹങ്ങളിലെ ശനിഗ്രഹത്തിന് ശനിയാഴ്ചവ്രതത്തിൽ പൂജ ചെയ്യണം. ശനിയാഴ്ചവ്രതം അനുഷ്ഠിച്ചാൽ എല്ലാവിധ ബാധോപദ്രവങ്ങളും മാറും എന്നാണ് വിശ്വാസം.


തിരുവാതിരവ്രതം

സ്ത്രീകളുടെ ആഘോഷമാണിത്. സുമംഗലികൾ ഭർത്താവ് ദീർഘായുഷ്മാനാവാനും അവിവാഹിതകൾ സദ്ഭർത്താവിനെ ലഭിക്കുന്നതിനും വേണ്ടി അനുഷ്ഠിക്കുന്ന വ്രതം. വിവാഹശേഷം ആദ്യം വരുന്ന തിരുവാതിരയെ പുത്തൻ തിരുവാതിര അല്ലെങ്കിൽ പൂത്തിരുവാതിര എന്നു പറയുന്നു.

വിവാഹം നടക്കാൻവേണ്ടി കേരളീയവനിതകൾ ആചരിക്കുന്ന ഒരു പ്രധാന വ്രതമാണിത്. ഇൗ വത്രത്തിന് അരിഭക്ഷണം പാടില്ല. ചാമച്ചോറ്, ഗോതമ്പുചോറ്, നേന്ത്രപ്പഴം, നേന്ത്രക്കാ ഉപ്പേരി, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ, കൂവനൂറ് തുടങ്ങിയവയേ കഴിക്കാവൂ.
തിരുവാതിരപ്പുഴുക്കാണ് ഇൗ വത്രത്തിന്റെ പ്രധാനഭക്ഷണം. പരമശിവനെ ഭര്‍ത്താവായിക്കിട്ടാൻ കഠിനതപസ്സ് ചെയ്ത പാർവ്വതിയുടെ മുന്നിൽ പരമശിവൻ പ്രത്യക്ഷപ്പെട്ട് വിവാഹം കഴിക്കാമെന്നു സമ്മതിച്ച ദിവസമാണ് തിരുവാതിര എന്നറിയപ്പെടുന്നത്. ധനുമാസത്തിലെ തിരുവാതിരനക്ഷത്രദിവസമാണ് തിരുവാതിരവ്രതം അനുഷ്ഠിക്കേണ്ടത്. ആ മാസത്തിൽ രണ്ടു തിരുവാതിര ഉണ്ടെങ്കിൽ രണ്ടാമത്തേതാണ് എടുക്കേണ്ടത്.


ശ്രാദ്ധം

പിതൃകർമ്മം, ആണ്ടുബലി എന്നെല്ലാം പറയും . ശ്രാദ്ധം പ്രധാനമായും മൂന്നുവിധം . അന്നശ്രാദ്ധം, ആമശ്രാദ്ധം, ഹിരണ്യശ്രാദ്ധം എന്നിങ്ങനെ. ചോറുണ്ടാക്കി പിണ്ഡമുരുട്ടി നടത്തുന്നതാണ് അന്നശ്രാദ്ധം .
ഉണക്കലരിയും എള്ളും വെള്ളവുമുപയോഗിച്ച് നടത്തുന്നതാണ് ആമശ്രാദ്ധം. ധനം യഥാവിധി പുരോഹിതനു നൽകി നടത്തുന്നത് ഹിരണ്യശ്രാദ്ധം. അസ്തമനത്തിന് ആറുനാഴിക പകലെങ്കിലും നക്ഷത്രം ഉള്ള ദിവസമാണ് ശ്രാദ്ധമൂട്ടേണ്ടത്.

ഒരു മാസത്തില്‍ രണ്ടു പ്രാവിശ്യം നക്ഷത്രം വന്നാൽ ശ്രാദ്ധമൂട്ടാൻ ആദ്യത്തേത് സ്വീകരിക്കണം. തലേദിവസം ഒരിക്കല്‍ ആചരിക്കണം. ചടങ്ങിനാലേ, ചാതിക്കാതെ, ചാതിച്ചിട്ട്, ദാനം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. അച്ഛന്മാരുടെ ശ്രാദ്ധം ചടങ്ങിനാലെ വേണം .അന്ന് അത്താഴമുണ്ണരുത്. പലഹാരം കഴിക്കാം. മറ്റു ശ്രാദ്ധങ്ങൾ ചാതിച്ചിട്ടും ചാതിക്കാതെയും ഉൗട്ടാം.


ഷഷ്ഠിവ്രതം

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സൽസന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങളും ലഭിക്കുന്നതിനും സകല കാര്യ സാധ്യത്തിനും അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ് ഷഷ്ഠിവ്രതം.
ഏതു മാസത്തിലായാലും കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠിദിവസമാണ് വ്രതമെടുക്കേണ്ടത്. ഒരിക്കൽ പാർവ്വതീദേവിയോടു പിണങ്ങി സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു.

ദുഃഖിതനായ ദേവി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ചുകൊണ്ടുവന്നു. താരകാസുരനിഗ്രഹത്തിനായി ദേവന്മാരും ഷഷ്ഠിവ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിച്ചു. പഞ്ചമിനാളിൽ ഒരുനേരം ഭക്ഷണം കഴിച്ച് ഷഷ്ഠിനാളിൽ പ്രഭാതത്തിൽ സുബ്രഹ്മണ്യക്ഷേത്രദർശനവും പൂജകളും നടത്തി നിരാഹാരനായി സന്ധ്യയിൽ പഴങ്ങൾ ഭക്ഷിച്ച് വ്രതം അവസാനിപ്പിക്കുന്നതാണ് കേരളീയാചാരം. വ്രതം അനുഷ്ഠിക്കേണ്ട വിധം പുരണങ്ങളില്‍ പറഞ്ഞിരിക്കുന്നത് അനുസരിക്കുകയുമാവാം.


ശിവരാത്രിവ്രതം


കുംഭമാസത്തിൽ ശിവപ്രീതിക്കായി ആഘോഷിക്കപ്പെടുന്നത്. ശിവൻ കാളകൂടവിഷം പാനം ചെയ്ത ദിവസമാണത്രേ ഇത്. അന്നു വ്രതമെടുക്കുന്നവർ രാത്രിമുഴുവൻ ഉറക്കമൊഴിക്കണം. പകൽ അരിഭക്ഷണം പാടില്ല.
ശിവക്ഷേത്രത്തിൽ പൂജയും ആരാധനയും നടത്തുക. കൂവളത്തിലകൊണ്ട് ശിവലിംഗത്തെ അർച്ചിക്കണം. ഒരു കുരുടൻ വില്വപത്ര (കൂവളത്തില)മെടുത്ത് എറിഞ്ഞത് ശിവലിംഗത്തിലായിരുന്നെന്നും അവൻ സ്വർഗ്ഗത്തിവല്‍ പോയി എന്നും െഎതിഹ്യം. ഒാം നമശ്ശിവായഃ എന്ന ജപവും മന്ത്രോച്ചരണവുമായി പകൽ കഴിച്ചുകൂട്ടണം. ചാണകം ഉരുളയാക്കി ഉണക്കി കത്തിച്ചു ഭസ്മമെടുക്കുന്ന ചടങ്ങുമുണ്ടന്ന് ഭാരതമൊട്ടുക്ക്ശിവരാത്രിവ്രതം കൊണ്ടാടപ്പെടുന്നു. ആയിരം ഏകാദശിവ്രതം എടുക്കുന്ന ഫലം ഒരു ശിവരാത്രിവ്രതം എടുത്താൽ കിട്ടുമെന്ന് പഴമക്കാർ പറയുന്നു.


ഏകാദശിവ്രതം

ഹൈന്ദവർ ആചരിച്ചുവരുന്ന ഒരു വ്രതം. കറുത്തപക്ഷത്തിലായാലും വെളുത്തപക്ഷത്തിലായാലും ഏകാദശിദിവസം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. മാസത്തിൽ രണ്ടു പ്രാവിശ്യം ഉണ്ടാകും .
ഏകാദശിവ്രതം നോൽക്കുന്നത് ഭക്തിയും മുക്തിയും ലഭിക്കുവാനുതകും. വിഷ്ണുവിനും ദേവിക്കും പ്രിയങ്കരമാണിത്. ദ്വാദശിയും ഏകാദശിയും ചേർന്നുള്ള ദിവസത്തിന് ‘ ഹരിവാസരം’ എന്നു പറയും. അന്നു വിഷ്ണുവിന്റെ സാന്നിദ്ധ്യമുണ്ടാകുമത്രേ.

അന്ന് വ്രതം നോൽക്കുന്നത് അതിവിശിഷ്ടമാണത്രേ. ദശമിയും ഏകാദശിയും ചേർന്ന ദിവസത്തില്‍ വ്രതം പാടില്ല. അന്നു വ്രതമനുഷ്ഠിച്ചാൽ നരകത്തില്‍ പോകുമെന്നാണ് വിശ്വാസം. ദശമിദിവസം ഒരു നേരമേ ഭക്ഷണം കഴിക്കാവൂ. മെത്തമേലുറങ്ങരുത്. വെറുംതറയിൽ കിടക്കണം. സഹശയനം ഒഴിവാക്കണം. ഏകാദശിദിവസം പുലർകാലത്തു കുളിച്ച് കായശുദ്ധി വരുത്തി വെള്ളവസ്ത്രം ധരിക്കണം.

വിഷ്ണുഭഗവാനെ ധ്യാനിച്ച് വിഷ്ണുക്ഷേത്രത്തിൽ പ്രദക്ഷിണംചെയ്ത് കഴിച്ചുകൂട്ടണം. ഉണ്ണുവാനോ ഉറങ്ങുവാനോ പാടില്ല. തൈലതാംബൂദികളും സ്ത്രീസേവയും കോപവും ത്യജിക്കണം. തുളസീതീർത്ഥംമാത്രം സേവിക്കുന്നത് ഉത്തമം. ജലംപോലും ഉപേക്ഷിക്കുന്നതാണ് അത്യുത്തമം എന്നു കരുതപ്പെടുന്നു.

ഇതു പ്രയാസമാണെങ്കിൽ ഫലമൂലാദികൾ ഭുജിക്കാം. മൗനം ആചരിക്കുന്നത് നന്ന്. വെറും നിലത്തേ ഇരിക്കാവൂ. ദ്വാദശി ദിനത്തിൽ കുളിച്ച് ദിനകൃത്യങ്ങളും കഴിച്ച് വിഷ്ണുപൂജ ചെയ്യണം. ബ്രാഹ്മണരെ വേദവിധി അനുസരിച്ച് പൂജിച്ച് ഭുജിപ്പിക്കണം. വസ്ത്രം ഭക്തിയോടെ ദാനം ചെയ്യണം. അതിനുശേഷമേ ഏകാദശിവ്രതം അവസാനിപ്പിക്കാവൂ.


ശബരിമലവ്രതം

കലിയുഗവരദനായ ശ്രീഅയ്യപ്പനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും മുഖ്യമായ ശബരിമല ഒരു തീർത്ഥാടനകേന്ദ്രമാണ്. വ്രതമനുഷ്ടിച്ച് ശബരിമലയിൽ പോയി അയ്യപ്പദർശനം നടത്തുക എന്നൊരു പുണ്യകർമ്മമായി കരുതപ്പെടുന്നു.

അയ്യപ്പദർശനത്തിനുവേണ്ടി വ്രതമെടുത്തവരെ അയ്യപ്പന്മാരെന്നാണ് വിളിക്കുക. ആറിനും അറുപതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കാറില്ല. കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നായിരുന്നു നിയമം. ഋതുമതികളായ സ്ത്രീകൾക്ക് 41 ദിവസം തുടർച്ചയ‌ായി ശുദ്ധമായിരുന്ന് വ്രതമനുഷ്ഠിക്കാൻ പറ്റില്ലല്ലോ.
ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ ഇതാണ് കാരണം എന്നു കരുതപ്പെടുന്നു. ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്നയാളെ ‘കന്നി അയ്യപ്പന്‍’ എന്നു വിളിക്കുന്നു. ശബരിമലയ്ക്കു പോകും മുമ്പ് ‘കെട്ടുനിറ ’ അഥവാ ‘കെട്ടുമുറുക്ക് ’ എന്ന കർമ്മം നടത്തണം.
വൃശ്ചികമാസം ഒന്നാം തീയതി-മണ്ഡലത്തിന്റെ തുടക്കത്തിൽ- ക്ഷേത്രസന്നിധിയിൽ വെച്ചു മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ദമായി കറുത്ത വസ്തരം ധരിച്ച് ശരണംവിളിയോടുകൂടി ക്ഷേത്രസന്നിധിയിൽ ചെന്ന് ആരാധിച്ചുകൊണ്ടാണ് മാലയിടുന്നത്. രുദ്രാക്ഷമാലയാണ് ധരിക്കേണ്ടത്. വൃശ്ചികം ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങ്ങൾ തെറ്റാതെ അനുഷ്ഠിക്കണം.

41 ദിവസവും മത്സ്യമാംസാദികൾ ഭക്ഷിക്കുവാൻ പാടില്ല. സഹശയനവും അരുത്. ഗണപതി, വാവർസ്വാമി, മാളികപ്പുറത്തമ്മ, കടുത്തസ്വാമി, കറുപ്പസ്വാമി, നാഗരാജാവും നാഗയക്ഷിയും തുടങ്ങിയവരെയെല്ലാം ദർശിച്ച് അവരവരുടെ വീടുകളിൽ തിരിച്ചുപോകുന്നു. അവിടെ പന്തലിൽ ചെന്ന് വസ്ത്രം മാറുമ്പോഴാണ് വ്രതം അവസാനിപ്പിക്കുന്നത്.



പ്രദോഷവ്രതം

ശിവപ്രീതികരമായ ഒരു വ്രതം .ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം . അസ്തമയസമയത്ത് ത്രയോദശിവരുന്ന ദിവസമാണ് പ്രദോഷവ്രതം എടുക്കേണ്ടത്. രാവിലെ കുളികഴിഞ്ഞ് ശിവക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കൽ, പകൽമുഴുവൻ ഉപവാസം,സന്ധ്യയ്ക്കു കുളികഴിഞ്ഞ് വീണ്ടും ക്ഷേത്രദർശനം , രാത്രി പാരണ കഴിഞ്ഞ് വ്രതസമാപനം എന്നിവയാണ് വ്രതാനുഷ്ഠാനത്തിനുവേണ്ടത്.
ശനിയാഴ്ചയും പ്രദോഷവും കൂടിവരുന്നത് (ശനിപ്രദോഷം) കൂടുതൽ മുഖ്യമായി കരുതപ്പെടുന്നു. കൂവളത്തിലകൊണ്ട് അന്ന് ശിവനെ അർച്ചിച്ചാൽ സായുജ്യം കൈവരുമെന്ന് വിശ്വാസം . പ്രദോഷവത്രമെടുത്താൽ സന്തതിക്കും യശസ്സിനും ധനത്തിനു അഭിവൃദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

No comments:

Post a Comment