ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും



അഗ്നിയെന്നാല്‍ എല്ലാറ്റിനും അഗ്രമായി അഥവാ ആദ്യമായി ജനിച്ചത് എന്നാണ്.

പ്രപഞ്ചോല്‍പത്തി സമയത്ത് അതീവതോതിലുള്ള ഊര്‍ജ്ജം ഉണ്ടായി എന്നാണ് ഋഷിമാരും ആധുനിക ശാസ്ത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ സ്വഭാവവും രൂപവുമനുസരിച്ച് ഓരോന്നിന്റെയും പേരും സവിശേഷതയും മനസ്സിലാക്കാം.


വഹ്നി:

ഹവിസ്സിനെ വഹിച്ചുകൊടുക്കുന്നവന്‍. യാഗഹോമാദിവേളകളില്‍ അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് ഹവിസ്സ്. ഹവിസ്സിനെ ദേവങ്കല്‍ എത്തിക്കുന്നത് അഗ്നിയാണ്. അതുകൊണ്ട് വഹ്നിയെന്നു പറയപ്പെടുന്നു.


വൈശ്വാനരന്‍:

വിശ്വാനരമുനിയുടെ പുത്രനായതുകൊണ്ട് ഈ പേരുവന്നു. വിശ്വത്തിലെ എല്ലാ നരന്മാര്‍ക്കും ഒന്നുപോലെ യോജിച്ചവന്‍ വൈശ്വാനരന്‍ എന്നും പറയപ്പെടുന്നു. എല്ലാ ജന്തുക്കളുടെയും ഉള്ളില്‍ നിന്നുകൊണ്ട് അന്നത്തെ ദഹിപ്പിക്കുന്ന ജഠരാഗ്നിയായതും ഇവന്‍തന്നെ. (ജഠരം=ഉദരം)


വീതിഹോത്രന്‍:

വീതി എന്നാല്‍ ഭക്ഷണം. ഹോമദ്രവ്യത്തെ ഭക്ഷിക്കുന്നവനായതുകൊണ്ട് വീതിഹോത്രന്‍ എന്നു വന്നു.

ധനഞ്ജയന്‍: ധനത്തെ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതുകൊണ്ട് ഈ പേരുവന്നു.


ദ്രവിണോദസ്സ്:
ധനഞ്ജയന്‍ തന്നെയാണ് ദ്രവിണോദസ്സ്. ദ്രവിണം എന്നാല്‍ ധനമെന്നും ശക്തിയെന്നും പറയാം. ഉദസനം എന്നാല്‍ വിക്ഷേപണം, വര്‍ദ്ധിപ്പിക്കല്‍ എന്നൊക്കെ സാരം.

കൃപീഡയോനി:
കൃപീഡം എന്നാല്‍ ഉദരം. കൃപീഡയോനി എന്നാല്‍ ഉദരത്തില്‍ പിറന്നവന്‍, ജഠരാഗ്നിയെന്നു സാരം.

ജ്വലനന്‍: കത്തുന്നവന്‍ എന്നര്‍ത്ഥം.

ജാതവേദസ്സ്: ജനിച്ചതിനെയെല്ലാം അറിയുന്നവന്‍ എന്നു സാരം.

തനൂനപാത്:
തനൂനപം എന്നാല്‍ വെണ്ണ. ജഠരാഗ്നിരൂപത്തില്‍ ജീവികളുടെ ഉള്ളിലിരുന്ന് ദേഹത്തെ നശിക്കാതെ സൂക്ഷിച്ച് രക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.


ബര്‍ഹി:
വര്‍ദ്ധിക്കുന്നവന്‍. ഒരു തീപ്പൊരിയില്‍ നിന്ന് ഖാണ്ഡവവനംവരെ ദഹിപ്പിച്ചുതീര്‍ക്കാന്‍ സാധിക്കുന്നവന്‍.

ശുഷ്മാവ്:
ശോഷിപ്പിക്കുന്നവന്‍. ബര്‍ഹിയുടെ നേര്‍ വിപരീതാവസ്ഥ. ഭക്ഷിക്കാന്‍ ഇന്ധനം കിട്ടിയില്ലെങ്കില്‍ ശോഷിച്ചുപോകുന്നവന്‍ എന്നു സാരം. വസ്തുക്കളെ ഉണക്കുന്നവനെന്നും പറയാം.


കൃഷ്ണവര്‍ത്മാവ്:
കറുത്തപുകയുള്ള വഴിയുള്ളവന്‍. കത്തുമ്പോളുണ്ടാകുന്ന കറുത്ത പുകയുടെ പിന്നാലെ പോകുന്നവന്‍ എന്നര്‍ത്ഥം.

ശോചിഷ്‌കേശന്‍:
ജ്വലിക്കുന്ന കേശമുള്ളവന്‍ എന്നു സാരം.

ഉഷര്‍ബുധന്‍:
ഉഷസ്സില്‍ ഉണരുന്നവന്‍ എന്നര്‍ത്ഥം.

ആശ്രയാശനന്‍:
അഗ്നിയെ ആശ്രയിക്കുന്നവരെ അഥവാ സമീപിക്കുന്നവരെ ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.


ബൃഹദ്ഭാനു: വലിയ ജ്വാലയുള്ളവന്‍ എന്നു സാരം.

കൃശാനു: കത്തുന്ന വസ്തുവിനെ ചെറുതാക്കുന്നവന്‍.

പാവകന്‍: കത്തുന്നതിനെ ശുദ്ധീകരിക്കുന്നവന്‍.

അനലന്‍: എത്രമാത്രം ഭക്ഷിച്ചാലും മതിവരാത്തവന്‍.

രോഹിതാശ്വന്‍: മുരിക്കിന്‍ പൂവിന്റെ നിറത്തിലുള്ള ചുവന്ന കതിരുകളുള്ളവന്‍.

വായുസഖന്‍: വായുവിന്റെ കൂട്ടുകാരന്‍. അഗ്നിയുടെ ഉല്‍പത്തി വായുവില്‍നിന്നാണെന്ന് ഋഗ്വേദം പറയുന്നു.


ശിഖാവാന്‍: ജ്വാലകളുള്ളവന്‍.

ആശുശുക്ഷിണി: പെട്ടെന്നു ശോഷിപ്പിക്കുന്നവന്‍
അഥവാ ഉണക്കുന്നവന്‍.

ഹിരണ്യരേതസ്സ്: അഗ്നിയുടെ സപ്തജിഹ്വകളിലൊന്ന് ഹിരണ്യം. അതിന് ബീജമായുള്ളത് എന്നു സാരം.

ഹുതഭുക്: അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഹവിസ്സുകളെ ഭക്ഷിക്കുന്നവന്‍.


ദഹനന്‍: തന്നോടടുക്കുന്നത് എന്തിനെയും ദഹിപ്പിക്കുന്നവന്‍.


ഹുതവഹന്‍: ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍.

ഹവ്യവാഹനന്‍: ഹുതവഹന്‍ തന്നെ.

സപ്താര്‍ച്ചിസ്സ്: ഏഴു ജ്വാലകളോടുകൂടിയവന്‍.

സപ്തജിഹ്വന്‍: ഏഴു ജ്വാലകളാകുന്ന
നാക്കോടുകൂടിയവന്‍.

ദമുനസ്സ്: ഉപശമിപ്പിക്കുന്നവന്‍.

ശുക്രന്‍: ദുഃഖിപ്പിക്കുന്നവന്‍.

ചിത്രഭാനു: പലനിറങ്ങളുള്ള കിരണങ്ങളോടുകൂടിയവന്‍.

അപാന്നപാത്: ജലത്തിനുള്ളിലെ അഗ്നി. ദാവാഗ്നിയായി കാട്ടിലും അഥവാ വൃക്ഷാദി സ്ഥാവരങ്ങളുടെ ഉള്ളിലും ചരങ്ങളായ ജീവികളില്‍ ജഠരാഗ്നി രൂപത്തിലും ഈ അഗ്നി വര്‍ത്തിക്കുന്നു.


അന്നപുത്രന്‍: ഭക്ഷിച്ച അന്നം ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് അന്നപുത്രനെന്ന് പറയപ്പെടുന്നു.


ഇവിടെ പ്രതിപാദിക്കപ്പെട്ട പേരുകളില്‍ ഏറിയപങ്കും
ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്.

No comments:

Post a Comment