ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്കു വച്ചാൽ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘ്രതം (ഒരു ആയുർവേദ മരുന്ന്) കഴിച്ചാൽ കുട്ടികൾക്കു പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാവുകയും പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ.
ജാതകത്തിൽ ബുധനു ബലക്കുറവുള്ളവർ ഇവിടെവന്നു പ്രാര്‍ഥിക്കാറുണ്ട്
സാക്ഷാൽ ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയായിരുന്നത്രെ.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹം, കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു പോയതിനാൽ അമ്മാത്തായിരുന്നു വളർന്നത്. പാരമ്പര്യ രീതിയിൽ നമ്പൂതിരി സമ്പ്രദായമനുസരിച്ച് മനയിൽവച്ചു പൂജകൾ നടത്തിയ ശേഷമുള്ള എഴുത്തിനിരുത്തു നടന്നില്ല.
പിന്നീട് കാലടിയിൽനിന്ന് ഇവിടെ കൂട്ടിക്കൊണ്ടുവന്നാണ് അമ്മ അദ്ദേഹത്തെ എഴുത്തിനിരുത്തിയത് എന്നാണ് ഐതിഹ്യം
ഇവിടത്തെ പ്രധാന വഴിപാട് വിദ്യാവാഗേശ്വരീ പൂജയും മഹാഭിഷേകവുമാണ്. വിദ്യാമന്ത്രം, സാരസ്വതം, ദ്വാദശാക്ഷരി പുഷ്പാഞ്ജലികളും നടത്തുന്നു.
ദേവിയുടെ ഇഷ്ടനിവേദ്യം ശർക്കരപ്പായസമാണ്.
തൃമധുരം (പഴം, കൽക്കണ്ടം, മുന്തിരി) നിത്യവും നേദിക്കുന്നു. നാവിന്റെ രൂപം, മണി, നാരായം എന്നിവ ക്ഷേത്രത്തിൽ പണമടച്ചു വാങ്ങി നടയ്ക്കു വയ്ക്കാം.
1200 വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പരശുരാമൻ കണ്ടെത്തിയ സ്വയംഭൂവായ ദേവിയാണ്
ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെ ദേവി. 108 ദുർഗാ ക്ഷേത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. മിഥുനമാസത്തിലെ പൂയ്യം നാളിലാണ് പരശുരാമൻ ഇവിടെ ദേവീചൈതന്യം കണ്ടെത്തിയതെന്നാണു വിശ്വാസം.
ആ ദിവസമാണ് പ്രതിഷ്ഠാ ദിവസമായി ആചരിക്കുന്നത്. യഥാർഥത്തിൽ പ്രതിഷ്ഠയില്ല.
ഒരു ശില മാത്രമാണുള്ളത്. ബാക്കി ഭാഗം ഭൂമിക്കടിയിലാണ്.
സാധാരണ ദിവസങ്ങളിൽ വെളളി ഗോളകയാണ് വയ്ക്കുന്നത്. വിശേഷദിവസങ്ങളില്‍ സ്വർണ ഗോളകയും. വൃശ്ചികത്തിലെ കാർത്തിക വിളക്കും കന്നിയിലെ നവരാത്രിയും ഇവിടെ വിശേഷമാണ്.
മീനമാസത്തിലാണു പൂരം. ഉത്രം നാളിൽ ആറാട്ടു വരുന്ന രീതിയിൽ പത്തു ദിവസം മുൻപ് കൊടിയേറും. മുൻപ് ഏഴു ക്ഷേത്രങ്ങളിൽ എഴുന്നള്ളി പൂരം ആഘോഷിച്ചിരുന്നു. വേങ്ങൂർ, മാണിക്യമംഗലം, ചെങ്ങൽ, എടാട്ട്, ആവണംകോട്, നായത്തോട്, എഴിപ്രം എന്നിവ ആറു സഹോദരിമാരും ഒരു സഹോദരനും ആണെന്നാണ് വിശ്വാസം. (നായത്തോട് ക്ഷേത്രത്തിലെ മൂർത്തി ശങ്കരനാരായണനാണ്)
കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടാണ് തന്ത്രി. ഇത് ഒരു ഊരാളക്ഷേത്രം ആണ്. നാരായണൻ ഭട്ടതിരിപ്പാടാണ് ട്രസ്റ്റി.
ആവണംകോട് ദേവി പടിഞ്ഞാറോട്ടു ദർശനമായാണ് ഇരിക്കുന്നത്.
ഗണപതി, സിംഹം (വാഹനം), ശിവൻ എന്നിവരാണ് ഉപദേവന്മാർ. ക്ഷേത്രത്തിനു പുറത്ത് ശാസ്താവും ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ഇരിക്കുന്ന മറ്റൊരു ക്ഷേത്രവും ഉണ്ട്.
രാവിലെ അഞ്ചുമണിക്കു നടതുറന്ന് നിർമാല്യ ദർശനം, 5.30 ന് ഉഷഃപൂജ, 7.45 നു പന്തീരടി പൂജ, 9.30 ന് ഉച്ചപൂജ, 10 നു നട അടയ്ക്കും. വൈകിട്ട് 5.30 നു നട തുറക്കും. 6.30 നു ദീപാരാധന, 7.30 ന് അത്താഴ പൂജ, 8 നു നട അടയ്ക്കും.
രാവിലെ ആദ്യം 5.30 നു നടക്കുന്ന പൂജ സരസ്വതീസങ്കൽപത്തിലും 7.45 ന് ഉള്ള പൂജ ദുർഗാസങ്കൽപത്തിലുമാണ്.
എറണാകുളം ജില്ലയിലെ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട് 11 കിലോമീറ്ററും അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒൻപതു കിലോമീറ്ററും അകലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കു വശത്ത് മതിലിനോട് ചേർന്നാണ് ക്ഷേത്രം. സുരേഷ് മൈലക്കോട്ടം ആണ് ഇപ്പോഴത്തെ മേൽശാന്തി. മൂത്തമന നാരായണൻ ഭട്ടതിരിപ്പാട് ആണ് അഡ്മിനിസ്ട്രേറ്റർ
#ഭാരതീയചിന്തകൾ
No comments:
Post a Comment