ഭര്‍ത്താ സാ fഭിഹിതാ ബാലം പുത്രീം കൃത്വാങ്കസംസ്ഥിതാം
ഉവാച വചനം ശ്ലക്ഷ്ണം സമാശ്വാസ ശുചിസ്മിതാം
കിം വ്യഥാ സുദതി ത്വം ഹി വിപ്രിയം മമ ഭാഷസേ
പിതാ തേ ദുഃഖമാപ്നോതി വാക്യേനാനേന സുവ്രതേ
വ്യാസന്‍ തുടര്‍ന്നു: ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് രാജ്ഞി പുത്രിയെ മടിയിലിരുത്തി ഗുണദോഷിച്ചു. 'നീയെന്താണിങ്ങിനെ അപ്രിയം പറയുന്നത്? അച്ഛനിതുകൊണ്ടെത്ര വിഷമമുണ്ടെന്നറിയാമോ. രാജ്യമോ സമ്പത്തോ ഇല്ലാത്ത ഒരുവനെയാണല്ലോ നീ ആഗ്രഹിച്ചത്! അവനെ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ചിരിക്കുന്നു. സൈന്യബലവും അവനില്ല. ആകെ നിര്‍ഭാഗ്യവാനാണ് സുദര്‍ശനന്‍. അല്ലെങ്കില്‍ അമ്മയെ കൂട്ടി കായ്കനികള്‍ തിന്നു വനത്തില്‍ കഴിയാന്‍ ഇടവരുമോ? ബുദ്ധിയും, സമ്പത്തും സിംഹാസനവും സ്വന്തമായുള്ള എത്രയെത്ര രാജകുമാരന്മാര്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു! ആ സുദര്‍ശനന്റെ സഹോദരന്‍ ശത്രുജിത്ത് ഇപ്പോള്‍ രാജാവാണ്. രാജലക്ഷണങ്ങള്‍ തികഞ്ഞവനും രണവീരനുമാണ് ആ കുമാരന്‍. സുദര്‍ശനനെ വധിക്കാന്‍ യുധാജിത്ത് സമയം പാര്‍ത്തിരിക്കുകയുമാണ്. യുധാജിത്താണല്ലോ യുദ്ധത്തില്‍ സുദര്‍ശനന്റെ പ്രപിതാവായ വീരസേനനെ വധിച്ചു രാജ്യം തന്റെ ദൌഹിത്രനെ ഏല്‍പ്പിച്ചത്. ശിശുവിനെയും മാതാവിനെയും വകവരുത്താന്‍ വന്ന യുധാജിത്തിനെ മുനിമാര്‍ തടഞ്ഞതിനാല്‍ മാത്രമാണ് സുദര്‍ശനന്‍ ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്.'
അപ്പോള്‍ ശശികല പറഞ്ഞു: 'അമ്മേ, വനവാസിയാണെങ്കിലും എനിക്ക് മനസ്സിനിണങ്ങിയ വരന്‍ സുദര്‍ശനന്‍ തന്നെയാണ്. സുകന്യയുടെ കഥ അറിയാമല്ലോ? സുകന്യ പ്രായവ്യത്യാസം പരിഗണിക്കാതെ ച്യവനനെ ഭര്‍ത്താവാക്കി ശുശ്രൂഷിച്ചു. അങ്ങിനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നത് നാരിമാര്‍ക്ക് മോക്ഷപ്രദമല്ലേ? നിര്‍വ്യാജമായി ഭര്‍ത്താവിനെ പരിചരിക്കുന്നതിലൂടെ ഒരുവള്‍ക്ക് മോക്ഷപദം ലഭ്യമത്രേ. മാത്രമല്ല, ദേവി ഭഗവതി സ്വപ്നത്തില്‍ വന്ന് എന്നോട് കല്‍പ്പിച്ചിരിക്കുന്നത് സുദര്‍ശനനെ വരിക്കാനാണ്. സാക്ഷാല്‍ ജഗദംബ എന്റെയുള്ളില്‍ കൊത്തിവച്ച ആ ഭര്‍തൃരൂപം എനിക്കെങ്ങിനെ മായ്ച്ചു കളയാന്‍ കഴിയും? അദ്ദേഹത്തെയൊഴികെ മറ്റാരെയും ഞാന്‍ വരിക്കുകയില്ല.'
ഇങ്ങിനെ ന്യായവാദങ്ങള്‍ നിരത്തി ശശികല അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി. രാജ്ഞി രാജാവിനോട് വൃത്താന്തം അറിയിച്ചു. വിവാഹത്തിനു മുന്‍പ് കൊട്ടാരത്തില്‍ നിന്നും ഒരു ബ്രാഹ്മണനെ ദൂതിനായി കുമാരി ഭരദ്വാജന്റെ ആശ്രമത്തില്‍ വസിക്കുന്ന സുദര്‍ശനന്റെ അടുത്തേക്ക് അയച്ചു. ‘അച്ഛന്‍ എനിക്കായി സ്വയംവരം നിശ്ചയിച്ചിരിക്കുന്ന കാര്യം അങ്ങ് മറ്റാരും അറിയാതെ അവിടെ അറിയിക്കുക. സ്വയംവരത്തിനായി അനേകം പ്രതാപശാലികളായ രാജാക്കന്മാര്‍ വരും. എന്നാല്‍ ഞാന്‍ മനസാ വരിച്ചിരിക്കുന്നത് ആ കുമാരനെയാണ്. മാത്രമല്ല, ജഗദംബയുടെ അനുജ്ഞയും അതാണ്. മാതാപിതാക്കള്‍ നിര്‍ബ്ബന്ധിച്ചാലും ഞാന്‍ മറ്റൊരാളെ വരിക്കുകയില്ല. ഇത് സാധിച്ചില്ലെങ്കില്‍ വിഷം കുടിച്ചോ തീയില്‍ച്ചാടിയോ മരിക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ. ഞാന്‍ അവിടുത്തെ ഭര്‍ത്താവായി സ്വീകരിച്ചു കഴിഞ്ഞു. ഈശ്വരനെ സര്‍വ്വാശ്രയമായിക്കരുതി അങ്ങിവിടെ വരിക. ദേവിയുടെ കൃപാകടാക്ഷത്താല്‍ നമുക്ക് മംഗളം ഭവിക്കും. ഈ ലോകമെല്ലാം ദേവിക്ക് അധീനമാണ്. അങ്ങിനെയുള്ള ദേവിയെ നമുക്ക് ധിക്കരിക്കാനാവില്ല. പരമശിവന്‍ പോലും ആ ദേവിയുടെ അഭീഷ്ടത്തിനൊത്താണ് വര്‍ത്തിക്കുന്നത്.’ കുമാരി വിപ്രന് ദക്ഷിണയും നല്‍കി ദൂത് പറഞ്ഞയച്ചു. പെട്ടെന്ന് തന്നെ ദൂതന്‍ കാര്യങ്ങള്‍ സുദര്‍ശനനെ അറിയിച്ചു. ശശികലയുടെ കൊട്ടാരത്തിലേയ്ക്ക് പോവാന്‍ കുമാരന്‍ തയ്യാറായി. മുനിമാരും അവനെ പ്രോത്സാഹിപ്പിച്ചു.
പുറപ്പെടാന്‍ തയ്യാറായ കുമാരനോടു മനോരമ ചോദിച്ചു: ‘നീ ഒറ്റയ്ക്ക് എങ്ങോട്ടാണ് പോവുന്നത്? നിന്നെ കൊല്ലാന്‍ തയ്യാറായി യുധാജിത്തും കൂട്ടരും വരും. നീ പോകരുത്. എനിക്ക് നീ ഒറ്റ മകനല്ലേയുള്ളൂ? നിന്റെ മുത്തശ്ശനെ കൊന്ന ദുഷ്ടന്‍ നിന്നെയും വകവരുത്താന്‍ ശ്രമിക്കും.’
‘അമ്മേ, വരേണ്ടത് വരിക തന്നെ ചെയ്യും. അതിനെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നതില്‍ കാര്യമില്ല. ജഗന്മാതാവ് കല്‍പ്പിച്ചതിന്‍ പ്രകാരം ഞാന്‍ അങ്ങോട്ട് പോവുകയാണ്. ദുഖിക്കാതിരിക്കൂ. ഞാന്‍ ക്ഷത്രിയനല്ലേ? ക്ഷത്രിയനാരിയായ അമ്മയ്ക്ക് ഭയമെന്തിന്? ഭഗവതിയുടെ പ്രസാദം നമുക്കുണ്ട്. ഭീതി വേണ്ട.'
ഇങ്ങിനെ അമ്മയെ സമാധാനിപ്പിച്ചു പുറപ്പെട്ട മകനെ അമ്മ ആശീര്‍വ്വദിച്ചു. ‘അംബികാദേവി നിന്റെ മുന്‍ഭാഗവും പാര്‍വ്വതീദേവി നിന്റെ പൃഷ്ഠഭാഗവും കാക്കട്ടെ. വശങ്ങള്‍ കാക്കുന്നത് ശിവയാവട്ടെ. വാരാഹി നിന്റെ വഴികളിലെ ദുര്‍ഘടങ്ങള്‍ നീക്കട്ടെ. ദുര്‍ഗ്ഗാദേവി നിന്നെ ദുര്‍ഗ്ഗങ്ങളിലും കാളീദേവി കലഹങ്ങളിലും സംരക്ഷിക്കട്ടെ. സ്വയംവര മണ്ഡപത്തില്‍ മാതംഗിയും, രാജസഭയില്‍ ഭവാനിയും, ഗിരികളില്‍ ഗിരിജയും, സമതലങ്ങളില്‍ ചാമുണ്ഡിയും, കാട്ടില്‍ കാമഗയും, വാഗ്വാദത്തില്‍ വൈഷ്ണവിയും, പോരില്‍ ഭൈരവിയും, നിന്നെ കാത്തു രക്ഷിക്കട്ടെ. സച്ചിദാനന്ദസ്വരൂപിണിയായ ഭുവനേശ്വരി, മഹാമായ, ജഗജ്ജനനി, നിന്നെ എങ്ങുമെങ്ങും പരിപാലിക്കട്ടെ.'
ഇങ്ങിനെ അനുഗ്രഹിച്ചുവെങ്കിലും ആ അമ്മയുടെ ഭയം നീങ്ങിയില്ല. 'ഞാനും നിന്റെ കൂടെ പോരുന്നുണ്ട്’ എന്ന് അവള്‍ മകനെ അനുഗമിച്ചു. 'നിന്നെക്കൂടാതെ അരനിമിഷം പോലും ഞാന്‍ കഴിയുകയില്ല.' മുനിമാരുടെ അനുഗ്രഹാശംസകളോടെ അവര്‍ പുറപ്പെട്ടു. അവര്‍ വാരാണസിയിലെത്തിയപ്പോള്‍ സുബാഹു അവര്‍ക്ക് സ്വീകരണം നല്‍കി. അവര്‍ക്കായി ഉചിതമായൊരു ഭവനവും ഭൃത്യന്മാരെയും നല്‍കി. നാനാ ഭാഗത്ത് നിന്നും രാജാക്കന്മാര്‍ എത്തിത്തുടങ്ങി. യുധാജിത്തും തന്റെ ദൌഹിത്രനായ ശത്രുജിത്തും അവിടെയെത്തിയിട്ടുണ്ട്. കുരുഷരാജ്യാധിപതി, മാദ്രരാജാവ്, സിന്ധുഭൂപാലന്‍, മാഹിഷ്മതിയിലെ രാജാവ്, പാഞ്ചാലന്‍, കാമരുദേശാധിപന്‍, പാര്‍വതീയന്‍, കാര്‍ണാടന്‍, ചോളരാജാവ്, വിദര്‍ഭരാജാവ് തുടങ്ങിയ പ്രമുഖര്‍ എല്ലാവരും അവിടെയെത്തി. അറുപത്തിമൂന്ന് അക്ഷൌഹിണികള്‍ നഗരത്തില്‍ അണിനിരന്നു. സ്വയംവരം ദര്‍ശിക്കാന്‍ വന്ന മറ്റനേകം പേരും ഗജവീരന്മാരുമായി അവിടെ നിരന്നു. ‘ധീരനായ സുദര്‍ശനന്‍ വന്നിട്ടുണ്ട്’ എന്ന് രാജകുമാരന്മാര്‍ തമ്മില്‍ പറഞ്ഞു. 'അമ്മയോടൊപ്പം തനിച്ചാണ് ആ കുമാരന്‍ വന്നിട്ടുള്ളത്! പടയും സമ്പത്തുമുള്ള നമ്മെ വേണ്ടെന്നു വച്ച് കുമാരി ആ വനവാസിയാണെങ്കിലും മാഹാബാഹുവായ ആ കുമാരനെ വരിക്കുമോ?'
സുദര്‍ശനന്‍ നഗരത്തില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ യുധാജിത്ത് പറഞ്ഞു: 'ഞാന്‍ അവന്റെ കഥകഴിക്കാന്‍ പോവുന്നു.!' എന്നാല്‍ ‘ഇച്ഛാസ്വയംവരമാണിപ്പോള്‍ നടക്കുന്നത്. ഇവിടെ യുദ്ധം നിഷിദ്ധമാണ്’ എന്ന് മന്ത്രിമാര്‍ രാജാവിനെ ഓര്‍മ്മിപ്പിച്ചു. 'ശൌര്യശൂല്‍ക്കത്തില്‍ മാത്രമേ അങ്ങിനെ പാടുള്ളൂ. ഇവിടെ കുമാരിയുടെ ഇംഗിതമാണ് പ്രധാനം. സുദര്‍ശനനെ അങ്ങ് അന്യായമായി സ്ഥാനഭ്രഷ്ടനാക്കിയതാണല്ലോ. സ്വന്തം മകളുടെ പുത്രനെ രാജാവാക്കാനാണ് അങ്ങിതു ചെയ്തത്. ഇപ്പോള്‍ നിരപരാധിയായ കുമാരനെ എന്തിനാണ് വധിക്കാന്‍ ശ്രമിക്കുന്നത്? അങ്ങേയ്ക്കുള്ള പ്രതിഫലം നല്‍ക്കാന്‍ കഴിവുള്ള ഒരു ജഗന്നിയന്താവ് തീര്‍ച്ചയായും ഉണ്ട്. സത്യത്തിനും ധര്‍മ്മത്തിനുമാണ് അന്തിമവിജയം. രാജാവേ, പാപബുദ്ധി ഉപേക്ഷിക്കൂ. നയവഞ്ചനയില്‍ നിന്നും പിന്മാറൂ. മാത്രമല്ല അങ്ങയുടെ ദൌഹിത്രനും യോഗ്യനായ രാജകുമാരനല്ലേ? കുമാരി അവനെ സ്വീകരിക്കാതിരിക്കാന്‍ കാരണമൊന്നുമില്ലല്ലോ! മറ്റു രാജകുമാരന്മാരും വന്നിട്ടുണ്ടല്ലോ! ഏതായാലും കന്യകയാണ് വരനെ കണ്ടെത്തേണ്ടത്. അപ്പോള്‍പ്പിന്നെ തര്‍ക്കത്തിന് കാര്യമില്ല. വൃഥാ വിരോധം വെച്ച് പുലര്‍ത്തുന്നത് ബുദ്ധിയല്ല രാജാവേ. ജ്ഞാനികള്‍ക്കത് ചേരില്ല.'
No comments:
Post a Comment