ദക്ഷിണേന്ത്യയിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണദര്‍ശനത്തിനായി ആയിരങ്ങളാണ് പ്രതിവര്‍ഷം ഇവിടെയെത്താറുള്ളത്. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം ഭക്തര്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. കനകദാസജാലകമെന്നും ഈ വാതിലിന് വിളിപ്പേരുണ്ട്. ഇതിലൂടെയാണ് താണജാതിക്കാരനായ കനകദാസന്‍ എന്ന തന്റെ ഭക്തന് ഭഗവാന്‍ ദര്‍ശനം നല്‍കിയതെന്നാണ് വിശ്വാസം.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉണ്ണികൃഷ്ണനാണ് ഇവിടുത്തേതെന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാദിവസവും കൃഷ്ണന്റെ രൂപം അണിയിച്ചൊരുക്കും ചിലദിവസങ്ങളില്‍ സ്വര്‍ണാഭരണങ്ങളും ചിലപ്പോള്‍ വജ്രമുള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ പതിച്ച ആഭരണങ്ങളുമാണ് വിഗ്രഹത്തില്‍ അണിയ്ക്കുന്നത്. ഗരുഡന്‍, ഹനുമാന്‍ എന്നിവരുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. 1500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം. രാമനവമി, ഉഗാധി എന്നിവ ബഹുകേമമായിട്ടാണ് ഇവിടെ കൊണ്ടാടുന്നത്.
ദൈ്വതദര്‍ശനത്തിന്റെ ആചാര്യനായ മാധ്വാചാര്യയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലേയ്ക്കുള്ള വാതിലിന് ഇടതുവശത്തായി മാധ്വാചാര്യരുടെ പ്രതിമ കാണാം. രണ്ട് അറകളാണ് ഗര്‍ഭഗൃഹത്തിനുള്ളത്. ചെറിതിലാണ് ബാലകൃഷ്ണ പ്രതിഷ്ഠയുള്ളത്. വലിയ മുറി അര്‍ച്ചകര്‍ക്കുള്ളതാണ്. ഉണ്ണിക്കണ്ണന്റെ കനത്തൊട്ടിലുള്ള രജതമണ്ഡപം ഇതിനകത്താണ്.
ഈ ക്ഷേത്രസമുച്ചയത്തിനുള്ളിലാണ് ലോകപ്രശസ്തമായ ഉഡുപ്പി രുചിയുടെ ഈറ്റില്ലം. കൃഷ്ണന് മടുക്കാതിരിക്കുകയും മതിവരാതിരിക്കുകയും ചെയ്യുന്ന നിവേദ്യങ്ങളുണ്ടാക്കാന്‍ തുടങ്ങിയ സ്ഥലമാണിത്. ശീവൊള്ളി ബ്രാഹ്മണരാണ് ഇത് തുടങ്ങിവച്ചത്. കാലക്രമത്തില്‍ ഈ രുചി ക്ഷേത്രമതില്‍ക്കെട്ട് കടന്ന് ഉഡുപ്പിയ്ക്ക് പെരുമ നല്‍കുന്ന തരത്തിലുള്ളതായി മാറി. ക്ഷേത്രത്തിന് വടക്കുഭാഗത്തായി പുറത്തേയ്ക്കുള്ള വഴിയില്‍ വലിയ ഊട്ടുപുര കാണാം. ഭക്തര്‍ക്ക് മതിവരുവോളം നിവേദ്യങ്ങള്‍ ലഭിയ്ക്കും ഇവിടെനിന്നും. മൃഷ്ടാന്ന പംക്തിയെന്നാണ് ഈ പ്രസാദഊട്ടിനെ പറയുന്നത്. പ്രസാദം കഴിയ്ക്കും മുമ്പും ശേഷവും ഗോവിന്ദാ എന്ന് പറഞ്ഞ് മനസാ സ്മരിച്ചിയ്ക്കണമത്രേ.
ഉഡുപ്പിയിലെ പ്രധാന ബസ് സ്റ്റാന്റില്‍ നിന്നും 1 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 3 കീലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേയ്ക്ക്. ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേയ്ക്ക് ഓട്ടോറിക്ഷകള്‍ ലഭിയ്ക്കും. കാലത്ത് അഞ്ചു മണിമുതല്‍ വൈകീട്ട് 9.30വരെയാണ് ക്ഷേത്രത്തിലെ സന്ദര്‍ശന സമയം.
No comments:
Post a Comment