ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 16, 2016

അക്ഷമാല

കവനമന്ദിരം പങ്കജാക്ഷന്‍

മഹാത്രിപുരസുന്ദരിയുടെ മഹാകാളീരൂപം ചിത്രങ്ങളില്‍ക്കൂടി ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല ഓര്‍മ്മവരും. അമ്പത് ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല്‍ ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ‘അക്ഷ’മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള അമ്പത് അക്ഷരങ്ങള്‍ കൂടാതെ ക്ഷ എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്‍പിക്കപ്പെട്ടിരിക്കുന്നു.

ഷഡാധാരചക്രങ്ങളെക്കുറിച്ച് മുമ്പ് നാം പഠിച്ചിട്ടുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ആ ആറ് ആധാരചക്രങ്ങള്‍. വിശുദ്ധി എന്ന ചക്രത്തിന് പതിനാറ് ദളങ്ങളുണ്ട്. ഓരോ ദളവും അ മുതല്‍ അഃ വരെയുള്ള പതിനാറ് സ്വരങ്ങളുടെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടള്ളുന്നവയാണ്. താഴെയുള്ള അനാഹതചക്രത്തിന് പന്ത്രണ്ട് ദളങ്ങളുള്ളതില്‍ ഓരോദളവും അനുക്രമമായി ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട് വ്യഞ്ജനങ്ങളുടെയും, മണിപൂരകം എന്ന ചക്രത്തിന് പത്ത് ദളങ്ങളുള്ളതില്‍ ഓരോ ദളവും ശേഷമുള്ള ഡ മുതല്‍ ഫ വരെയുള്ള പത്ത് വ്യഞ്ജനങ്ങളുടെയും, സ്വാധിഷ്ഠാനമെന്ന അടുത്ത ചക്രത്തിന് ആറ് ദളങ്ങളുള്ളതില്‍ ഓരോ ദളവും ബ മുതല്‍ ല വരെയുള്ള ആറ് വ്യഞ്ജനങ്ങളുടെയും, മൂലാധാരചക്രത്തില്‍ ആകെ നാല് ദളങ്ങളുള്ളതില്‍ വ,ശ,ഷ,സ എന്ന നാല് ഊഷ്മാക്കളുടെയും, പുരികമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിന് രണ്ട് ദളങ്ങളുള്ളതില്‍ വലതുവശത്തുള്ള ദളത്തില്‍ ഹ എന്നും ഇടതുവശത്തുള്ള ദളത്തില്‍ ക്ഷ എന്നുമുള്ള രണ്ട് അക്ഷരങ്ങളുടെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇപ്രകാരം ആകെ അമ്പത് അക്ഷരങ്ങളും അമ്പത് ദളങ്ങളിലായി സ്പന്ദനസ്വഭാവത്തോടെ വിരാജിക്കുന്നു എന്ന് യോഗതന്ത്രശ്ശാസ്ത്രങ്ങള്‍.
ഒരക്ഷരമുച്ചരിക്കുമ്പോള്‍ മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മം എന്ന ചക്രത്തില്‍ ആയിരം ദളങ്ങളുള്ളതില്‍ ഓരോ ദളത്തില്‍ ഓരോ അക്ഷരമെന്ന പ്രകാരം ഇരുപത് ആവൃത്തി സ്പന്ദനസംഘാതമുണ്ടാകുന്നു.

യോഗസാധനയില്‍ക്കൂടി സിദ്ധി കൈവന്ന യോഗി തന്റെ ഇച്ഛാശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്ന മന്ത്രത്തിലെ ഓരോ അക്ഷരവും അതത് ചക്രത്തിലെ അതത് ദളങ്ങളെ സ്പന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോള്‍ മൂര്‍ദ്ധാവില്‍ അതേ അവസരത്തില്‍ ഓരോ അക്ഷരവും ഇരുപതുവീതം ദളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അനേകതന്ത്രികളില്‍നിന്ന് ശ്രുതിലയമായുണ്ടാകുന്ന സ്വരധാരപോലെയുള്ള നാദത്തോടുകൂടി പ്രകമ്പിതമായിക്കൊണ്ടിരിക്കുന്ന ശരീരത്തിനുള്ളില്‍ കുണ്ഡലിനീശക്തി ഉണര്‍ന്നാടുന്നു. യോഗികള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ആ ശബ്ദത്തെ ഝങ്കാരം എന്നു യോഗശാസ്ത്രത്തില്‍ പേരിട്ടിരിക്കുന്നു. ‘ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളില്‍…’ എന്ന് ഹരിനാമകീര്‍ത്തനം.

ദളങ്ങള്‍ എന്നു പറയുമ്പോള്‍ അതിസൂക്ഷ്മമായ നാഡീകേന്ദ്രങ്ങളെന്നും അക്ഷരവിന്യാസം എന്നു പറയുമ്പോള്‍ ആ നാഡീകേന്ദ്രങ്ങളില്‍ ഓരോ അക്ഷരത്തിനുമുണ്ടാകുന്ന പരാദ്യവസ്ഥകളുമാണെന്ന് അറിയുക.

15 സ്വരങ്ങള്‍ 15 യോഗിനിമാരുടെ മൂലപ്രതീകങ്ങളായി തന്ത്രശാസ്ത്രം വിവരിക്കുന്നു. എട്ട് ദുര്‍ഗ്ഗാപരിചാരികമാരും സപ്തമാതൃക്കളുമടങ്ങിയതാണ് ഈ 15 യോഗിനിമാര്‍.
അഷ്ടപരിചാരിണിമാര്‍ ഇവരാണ്: മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായിക, ജയ. സപ്തമാതൃക്കള്‍:- ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, മാഹേന്ദ്രീ, വാരാഹീ, ചാമുണ്ഡീ. ഈ സപ്തമാതൃക്കളില്ലാത്ത ഒരു ക്ഷേത്രവും കാണുകയില്ല. ശ്രീകോവിലിന്റെ തെക്കുവശത്തായി, ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ ബലിതൂകുന്ന വഴിയില്‍ ഈ ശിലകള്‍ കാണാവുന്നതാണ് എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കുക.

No comments:

Post a Comment