ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 16, 2016

കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ മഹോത്സവം 2016 ഡിസംബർ 17 - 2017 ജനുവരി 14 വരെ നടക്കും

ഭഗവാൻ ശ്രീ മുത്തപ്പൻ്റെ ഐതീഹ്യപ്രകാരം അതീവ പ്രാധാന്യമുള്ളതും പുരാതനവുമായ പുണ്യ സങ്കേതമാണ് ശ്രീ കുന്നത്തൂർ പാടി. ദക്ഷിണ കേരളത്തിന് ശബരിമലയെന്ന പോലെയാണ് ഉത്തരകേരളത്തിന് കുന്നത്തൂര്‍പാടി. കണ്ണൂർ ജില്ലയിലെ പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂർ പാടി സ്ഥിതി ചെയ്യുന്നത്. ചുറ്റും നിബിഡവനമായ ഇവിടെ മനുഷ്യനിർമ്മിതമായ ക്ഷേത്രങ്ങളില്ല. ഈ നിബിഡവനമാണ് മുത്തപ്പന്‍ വിഹാരരംഗമായി തിരഞ്ഞെടുത്തത്. താത്കാലികമായി കെട്ടിയുണ്ടാക്കുന്ന മഠപ്പുരയിലാണ് മുത്തപ്പൻ്റെ സ്ഥാനം.

ഐതിഹ്യപ്രകാരം അയ്യങ്കര ഇല്ലം വിട്ടിറങ്ങിയ മുത്തപ്പൻ യാത്രാമദ്ധ്യേ കുന്നത്തൂരെത്തി. പനങ്കള്ളു കുടിക്കാൻ പനയിൽ കയറിയ മുത്തപ്പനെ ചന്ദൻ എന്നയാൾ അമ്പെയ്യാൻ ശ്രമിച്ചു. ബോധരഹിതനായ ചന്ദൻ കല്ലായി മാറിയത്രേ. ഭർത്താവിനെ തേടിയെത്തിയ ചന്ദൻ്റെ ഭാര്യ ഈ കാഴ്ച കണ്ട് നിലവിളിച്ചു. പനയുടെ മുകളിൽ കണ്ട ദിവ്യ രൂപത്തെ ആ സ്ത്രീ മുത്തപ്പാ എന്നു ഭകതി പുരസ്സരം വിളിച്ചു. സംപ്രീതനായ മുത്തപ്പൻ ചന്ദനെ പൂർവ്വരൂപത്തിലാക്കി അനുഗ്രഹിച്ചത്രേ. ചന്ദനും ഭാര്യയും കള്ളും ചുട്ട മീനും ധാന്യങ്ങളും തേങ്ങാപ്പൂളും മുത്തപ്പനു നിവേദ്യമായി അർപ്പിച്ചു. ഇതിൻ്റെ അനുസ്മരണമാണ് ഉത്സവം അരങ്ങേറുന്നത്. ചന്ദൻ്റെ അഭ്യർത്ഥന പ്രകാരം കുന്നത്തൂർ പാടിയിൽ മുത്തപ്പൻ സ്ഥാനം ചെയ്തു.

പ്രകൃതിദത്തമായ അന്തരീക്ഷമാണ് കുന്നത്തൂർ പാടിയിലേത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ അരുളപ്പാടുണ്ടത്രേ. താഴേ നിന്നും പടവുകൾ കയറിയെത്തുന്ന തുറസ്സായ സ്ഥലവും ഇതിനോടു ചേർന്നുള്ള ഗുഹയുമാണ്  ഇവിടെയുള്ളത്. ചുറ്റും നിബിഡ വനമല്ലാതെ യാതൊരു വിധ കെട്ടിടങ്ങളും ഇവിടെയില്ല. ഉൽസവകാലത്ത് ഗുഹയോടു ചേർന്ന് താത്കാലിക മഠപ്പുര കെട്ടിയുണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും മണ്ണുകൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്. കന്നി മാസത്തിൽ പുത്തരി വെള്ളാട്ടമാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിൽ നല്ല ദിവസം നോക്കിയിട്ടാണ് പുത്തരി വെള്ളാട്ടം. മലയാള മാസം ധനു രണ്ടിനാണ് കുന്നത്തുർ പാടിയിൽ ഉത്സവം തുടങ്ങുക.  മകരം രണ്ടു വരെയാണ് ഉത്സവം.

ഒട്ടനവധി ചടങ്ങുകളാണ് കുന്നത്തൂർ പാടിയിൽ ഉത്സവത്തിനുള്ളത്. തന്ത്രിമാർ‍ ശുദ്ധീകരണ കർമ്മങ്ങൾ നടത്തുന്നു. പശുദാനം, പുണ്യാഹം, ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കുന്നു. ഇവിടെ ഉത്സവത്തിന് പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത് എന്നതാണ് പ്രത്യേകത. മറ്റെല്ലാ മടപ്പുരകളിലും പടിയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്.  ഉത്സവത്തിന് വൈകീട്ട് മുത്തപ്പൻ വെള്ളാട്ടവും അർധരാത്രി തിരുവപ്പനയും അരങ്ങിലെത്തും. അഞ്ഞൂറ്റാൻമാരാണ് ഇവിടെ ദൈവത്തിൻ്റെ കോലം ധരിക്കുന്നത്.
കുന്നത്തൂർ പാടിയിൽ ഉത്സവത്തില്‍ വളരെയേറെ ആചാരങ്ങളുണ്ട്. പാടിയില്‍ പ്രവേശിക്കല്‍ മുതലുള്ള ഉത്സവം തുടങ്ങുന്നത് ധനു രണ്ടിനാണ്. ഈ ദിവസം  പാടിയിലെ ദേവസ്ഥാനത്ത് നാല് മുത്തപ്പൻമാരെ കെട്ടിയാടിക്കുന്നു. നാടുവാഴി മുത്തപ്പൻ, പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, പുരളിമല മുത്തപ്പൻ എന്നിങ്ങനെയാണ് നാല് മുത്തപ്പൻമാർ. പുരളിമല മുത്തപ്പൻ അഥവാ തിരുവപ്പനെയാണ് നിത്യേനയുള്ള മുത്തപ്പന്‍. വലിയ മുത്തപ്പന്‍ എന്നും അറിയപ്പെടുന്നു ഈ മുത്തപ്പൻ. ധനു രണ്ടിന് ഒരു കോലക്കാരന്‍ കോലത്തുമ്മേല്‍ കോലമായാണ് നാലു മുത്തപ്പൻമാരേയും കെട്ടിയാടുന്നത്. രാത്രി വൈകി തുടങ്ങിയാല്‍ പുലരും വരെ തുടങ്ങുന്ന ചടങ്ങുകളാണ് കുന്നത്തൂര്‍ പാടിയിലുള്ളത്. തിരുവപ്പനയും വെള്ളാട്ടവും (നമ്പല മുത്തപ്പനേയും പുരളിമല മുത്തപ്പനേയും) പാടിയിൽ ഒരുമിച്ച് കെട്ടിയാടിക്കാറില്ല. കൂടാതെ മുത്തപ്പനു തൻ്റെ അമ്മയെ കാണണമെന്നു ആവശ്യപ്പെടുന്ന ദിവസം മുത്തപ്പന്റെ മാതൃഭാവത്തിലുള്ള മൂലംപെറ്റ ഭഗവതിയേയും ഇവിടെ കെട്ടിയാടിക്കും.
എല്ലാ ഭക്തജനങ്ങളേയും ഭഗവാൻ ശ്രീ മുത്തപ്പൻ്റെ ഈ പുണ്യഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു. നിർഭരമായൊരു ഉത്സവകാലം ആശംസിക്കുന്നു.

No comments:

Post a Comment