കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്നമനടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം. മഹാശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം നാലടി ഉയരമുണ്ട്. അർജുനന് പാശുപതാസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്. കേരളത്തിൽ കാണപ്പെടുന്ന വാസ്തുശൈലികളിൽ ചതുരാകൃതി സ്വീകരിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്
പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് എന്ന് ഐതിഹ്യമുണ്ട്.
ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന പറയി പെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തു നിന്നു തന്നെ ദർശനം കിട്ടുവാൻ വേണ്ടി മഹാശിവൻ അനുഗ്രഹിച്ചതണെന്ന് ഐതിഹ്യം
കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടു.
ഈ അമ്പലം നിന്നിരുന്നത് അന്ന് കൊച്ചിയുടെ അതിരിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഈ അമ്പലത്തിന്റെ നടത്തിപ്പ് അവർ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇടപെട്ട് 1814-15 കാലഘട്ടത്തിൽ അടൂർ ഗ്രാമത്തിനും അന്നമനട അമ്പലത്തിനും കൈമാറി. പക്ഷേ, ചില അവകാശങ്ങൾ തിരുവിതാംകൂർ ഭരണത്തിനും നിലവിൽ നിന്നും പോന്നു. പക്ഷേ, മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു.
ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്
അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞിട്ടാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു. കിഴക്കും പടിഞ്ഞാറുമുള്ള കൊത്തു പണികളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വാതിലുകളിലൂടെ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മുഖമണ്ഡപത്തിലേക്ക് എത്തിച്ചേരാം. തെക്കുവശത്തുകൂടെ ഗണപതിപ്രതിഷ്ഠയിലേക്കും, പടിഞ്ഞാറുവശത്തുകൂടെ പാർവതിപ്രതിഷ്ഠയിലേക്കും എത്തിച്ചേരാം
.
മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണുള്ളത്.ഇത് ചെമ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ശ്രീകോവിലിന് ചുറ്റുമുള്ള നാലമ്പലത്തിന് രണ്ട് തിടപ്പിള്ളികളാണ് ഉള്ളത്. നാലമ്പലത്തിന്റെ വടക്കുഭാഗത്ത് മഹാവിഷ്ണു ആണ് പ്രതിഷ്ഠ. ഊട്ടുപുര നാലമ്പലത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ശാസ്താവ്, ഗോശാല കൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിംഹത്തിലേറിയ ദുർഗ, നരസിംഹം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ.
ഇവിടുത്തെ വലിയ ബലിക്കല്ല് ഒരു പറയപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ടതാണ്.
എല്ലാ മഹാക്ഷേത്രങ്ങളിലും ഉള്ളതു പോലെ നമസ്കാരമണ്ഡപം ഇവിടെ ഇല്ല.
അമ്പലത്തിൻറെ മുഖമണ്ഡപത്തിൽ ദ്വാരപാലകർ നിലകൊള്ളുന്നു.
അതിമനോഹരമരമായ കൊത്തുപണികളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിലും, മുഖമണ്ഡപവും. കൂത്ത്, കൂടിയാട്ടം എന്നിവയെ വളരെയധികം പ്രോത്സാഹിക്കപ്പെടുന്ന ഒരു അമ്പലമാണ് ഇത്.
കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമനടയിലാണ് താമസിച്ചിരുന്നത്.
പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരിഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർ കുടുംബത്തോടൊപ്പം ചേർന്നു.
ചെറിയ പരിഷ പരമേശ്വര ചാക്യാർ മന്ത്രകം കൂത്തിന്റെ സ്ഥാപകനാണ്
വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.
പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്.
ശിവക്ഷേത്രങ്ങൾ മൂന്ന് തരം വാസ്തുവിദ്യാപ്രകാരമാണ് കേരളത്തിൽ കാണപ്പെടുന്നതെന്ന് ഇന്ത്യയിലെ വാസ്തുവിദ്യയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുള്ള എച്ച്. സാർക്കർ ന്റെ അഭിപ്രായപ്പെടുന്നു. വൃത്തം, ചതുരം, അർദ്ധഗോളം എന്നിങ്ങനെ മൂന്ന് അടിസ്ഥാന വാസ്തുശില്പാകൃതിയിലുള്ളവയാണവ. അന്നമനടക്ഷേത്രം, പെരുവനം മഹാദേവക്ഷേത്രം, വടക്കുന്നാഥൻ ക്ഷേത്രം എന്നിങ്ങനെ ചതുരാകൃതിയിലുള്ളതും വൈക്കം മഹാദേവക്ഷേത്രം വ്യത്താകൃതിയിലുള്ളതിനുദാഹരണവുമാണ്.
അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന വഴി അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ്.
കിഴക്കേ നടയിലൂടെ അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് അഗ്രമണ്ഡപത്തിന്റെ മുമ്പിലായുള്ള വലിയബലിക്കല്ലാണ്.
ബലിക്കല്ലിനും അഗ്രമണ്ഡപത്തിനും ശേഷം അകത്തോട്ട് കയറിയാൽ അകത്തേ ബലിവട്ടത്തിലേക്കാണ് എത്തുക.
നാലമ്പലം ചതുരത്തിലാണ് സ്ഥിതിചെയ്യുന്നത്.
വേദിക വരെ ശ്രീകോവിലും, മുഖമണ്ടപവും ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ശ്രീകോവിലിന്റെ ബാക്കി ഭാഗം ചെങ്കൽ കൊണ്ട് പൊതിഞ്ഞ് നിർമ്മിച്ചിരിക്കുന്നു.
തെക്ക് ഗണപതിയും പടിഞ്ഞാറ് പാർവതിയും പ്രതിഷ്ഠയിരിക്കുന്നു.
ശ്രീകോവിലിന്റെ വടക്കുഭാഗത്തായി പ്രണാളം സ്ഥിതിചെയ്യുന്നു.
ശ്രീകോവിലിനകത്ത് നാലടിയോളം ഉയരമുള്ള ശിവലിംഗം സ്ഥിതിചെയ്യുന്നു.
പ്രധാന ചുറ്റമ്പലത്തിനു ചുറ്റുമായി രണ്ട് തിടപ്പിള്ളികൾ സ്ഥിതി ചെയ്യുന്നു.
നാലമ്പലത്തിന്റെ വടക്കേ വാതിലൂടെ പ്രണാളത്തിനു എതിരായി മഹാവിഷ്ണുവിന്റെ വട്ടത്തിലുള്ള ഏകദല ശ്രീകോവിൽ സ്ഥിതിചെയ്യുന്നു.
അടുത്തു തന്നെ പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയുമായി നമസ്കാരം മണ്ഡപം സ്ഥിതിചെയ്യുന്നു. രണ്ടും ഓടുകൾ കൊണ്ട് മേഞ്ഞ മേൽക്കൂരയാണ്.
കിഴക്കുവശത്ത് വലിയബലിക്കല്ലിനു മുമ്പിലായി ആനപ്പന്തൽ. ഓടുമേഞ്ഞ മേൽക്കൂരയാണ്. ഇതിനകത്തുതന്നെ കൊടിമരം സ്ഥിതിചെയ്യുന്നു.
ഇതിനു പുറമേയായി ബലിവട്ടം, പടിഞ്ഞാറോട്ട് മുഖം തിരിച്ച് ശാസ്തസന്നിധിയും സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറെ അരികിൽ ഗോശാലകൃഷ്ണൻ സ്ഥിതി ചെയ്യുന്നു.
വടക്കുകിഴക്ക് ഭാഗത്തായി ടാങ്കും ഊട്ടുപുരയും സ്ഥിതി ചെയ്യുന്നു.
പുറമുറ്റം വലിയ മതിലു കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നാലുഭാഗത്തു നിന്നും പ്രവേശനദ്വാരങ്ങളും. ഇതിൽ കിഴക്കും പടിഞ്ഞാറും നടകൾ ദ്വാരഗോപുരങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
കിഴക്കേ ദ്വാരഗോപുരത്തിനു പുറത്തായി തെക്ക് ഭാഗത്ത് മഹാകാളി സന്നിധി സ്ഥിതിചെയ്യുന്നു.
വടക്കുകിഴക്ക് ദിശയിൽ നാഗരാജാവ്, സിംഹത്തിലേറിയ ദുർഗ എന്നിവ സ്ഥിതിചെയ്യുന്നു.
അന്നമനടപ്പുഴ കിഴക്കു ഭാഗത്തുകൂടെ 500 മീ. ദുരത്തിലായി ഒഴുകുന്നു. ഇവിടെയാണ് ആറാട്ട് നടക്കുന്നത്.
പടിഞ്ഞാറേ നടയുടെ പുറത്തായി ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറ് ഭാഗത്തായി ചാലക്കുടി-മാള ബസ് റൂട്ടാണ്.
അന്നമനട മഹാദേവക്ഷേത്രം എല്ലാ അർത്ഥത്തിലും ഒരു മഹാക്ഷേത്രമാണ്. മഹാക്ഷേത്രങ്ങളിലെ എല്ലാ ആചാരങ്ങളും ഇവിടെ നടത്തിപ്പോരുന്നുണ്ട്. ദിവസപൂജയിൽ അഞ്ചു പൂജകളും, മൂന്ന് ശ്രീബലികളും ഇവിടെ നടത്തുന്നു.
ശിവരാത്രി
അഷ്ടമി രോഹിണി
ആർദ്രാദർശനം (ധനുമാസത്തിൽ)
പ്രധാന ഉത്സവം
എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്.
ഇംഗ്ലീഷ് മാസം ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ചതയം നാളിൽ കൊടിയേറ്റോടെ തുടങ്ങി തിരുവാതിര നാളിൽ ആറാട്ടോടെ അവസാനിക്കുന്നു.
ഏറ്റുമാനൂരിലും ഇവിടെയും ഒരേ സമയത്താണ് ഉത്സവം.
അമ്പലത്തിലെ താന്ത്രികർ കുട്ടനക്കാട്ട് ഇല്ലം, ആവണപറമ്പ് ഇല്ലം എന്നിവടങ്ങളിൽ നിന്നാണ്.
ചാലക്കുടിയിൽ നിന്നും 12 കി. മി ദൂരത്തിലും മാളയിൽ നിന്നും 8 കി.മി ദൂരത്തിലുമാണ് അമ്പലം സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത ബസ്സ് സ്റ്റേഷനുകൾ - മാള- 10 കി. മി, ചാലക്കുടി-16 കി. മി, തൃശ്ശൂർ-38 കി. മി, ആലുവ-15 കി. മി
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - അങ്കമാലി-12 കി. മി, തൃശ്ശൂർ-38 കി. മി, ചാലക്കുടി-16 കി. മി
ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 12 കി. മി
No comments:
Post a Comment